ഓണം വന്നു ...ഓണം പോയി ...

onam-1248
Photo Credit : Harish Thachody / Shutterstock.com
SHARE

ചില ഓണച്ചിന്തകൾ ! അങ്ങനെ ഒരോണം കൂടി വന്നു പോകുന്നു. ഓണത്തെപ്പറ്റി ഒരുപാട് ഓർമ്മകളുണ്ട് നമ്മൾ ഓരോരുത്തർക്കും. മലയാളിയുടെ ആത്മാവിൽ അലിഞ്ഞു ചേർന്ന ഒരാഘോഷമാണ് ഓണം. സംശയമൊന്നുമില്ല. ഓണത്തെപ്പോലെ ഓണം മാത്രം. മറ്റൊരാഘോഷവും അതിനടുത്തെങ്ങുമില്ല.

കേരളത്തിൽ മാത്രമല്ല., മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം ഓണവുമുണ്ട്. അതുപറയുമ്പോൾ  ഭൂമിയിൽ മലയാളികളില്ലാത്ത ഒരിടവുമില്ല എന്നു  കൂടി നമ്മൾ ഓർക്കേണ്ടതുണ്ട്. പണ്ടാരോ തമാശയ്ക്കു പറഞ്ഞിട്ടില്ലേ , 'ഹിമാലയത്തിൽ ചെന്നാലും മലയാളിയുണ്ടാവും, മരുഭൂമിയിലും കടലിൻ നടുവിലും നമ്മുടെ  നാട്ടുകാരനെ  കണ്ടെത്താനാവും' എന്ന്.

മറുനാടൻ മലയാളികൾ നാട്ടിലുള്ളവരേക്കാൾ കേമമായി ഇക്കാലത്ത് ഓണമാഘോഷിക്കാറുണ്ട്. ജാതിമതഭേദമന്യേ കൂടാൻ സാധിക്കുന്നവരെല്ലാം ഒത്തു കൂടി ഗംഭീരമായിത്തന്നെ.  പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമകളും നാടിനെയോർത്തുള്ള ഗൃഹാതുരത്വവും ആ ആഘോഷങ്ങളുടെ മധുരം കൂട്ടും. ഓണക്കോടി, പൂക്കളം, സദ്യ, ഓണപ്പാട്ടുകൾ, ഓണക്കളികൾ ഒക്കെയുണ്ടാവും. മലയാളികൾ എവിടെയായിരുന്നാലും ഏതു സാഹചര്യത്തിലും ഓണം ആഘോഷിക്കും.

കാലം മാറിയതോടെ നമ്മുടെ നാട്ടിലെ ഓണാഘോഷങ്ങളുടെ രീതിയും മാറി .പണ്ട് ഓണം അങ്ങനെയായിരുന്നു ,ഇങ്ങനെയായിരുന്നു എന്നൊക്കെ വയസ്സായവർ  അവരുടെ ചെറുപ്പകാലത്തെ ഓണത്തെക്കുറിച്ച് വീമ്പിളക്കും. അന്നത്തെ ഓണമായിരുന്നു ഓണം. അതായിരുന്നു ഓണപ്പാട്ട്! ഓണസദ്യയുടെ ഒരു സ്വാദ് ! ഓണക്കളികളുടെ ഒരു രസം!പുതിയ തലമുറയെ കൊതിപ്പിക്കാനാണ് മുതിർന്നവർ ഇങ്ങനെയൊക്ക പറയുന്നത്. അവരുണ്ടോ  കൊതിക്കുന്നു? ഇന്നത്തെ അടിപൊളികളിലാണ് അവർക്കു താത്പര്യം. പിന്നെ ഒരു പുരാണ കഥ കേൾക്കുന്നതു പോലെ ചിലപ്പോൾ പുതിയ തലമുറ കേട്ടിരുന്നേക്കും , പഴയ തലമുറയുടെ പഴമ്പുരാണം.

ഒരാഘോഷത്തിനും വലിയ പ്രാധാന്യം കല്പിക്കാത്തൊരാളാണ് ഞാൻ എന്ന് ഞാൻ പലപ്പോഴും എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. കുട്ടിക്കാലത്തെ ഓണാഘോഷങ്ങളുടെ സമൃദ്ധിയും ഉത്സാഹവും മറന്നിട്ടൊന്നുമില്ല. എന്നാലും എപ്പോഴോ എനിക്കതിലൊക്കെ താത്പര്യമില്ലാതായി. എന്ന് വച്ച് ആഘോഷങ്ങൾക്ക് ഞാൻ എതിരല്ല. ഞാനും മക്കളും മാത്രമായി കോട്ടയത്ത് താമസിക്കുമ്പോൾ എല്ലാ അവധിക്കാലത്തും ഞാൻ തിരുവനന്തപുരത്തെ എന്റെ വീട്ടിലേയ്ക്കു പോകുമായിരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും ആർഭാടമായി കൊണ്ടാടുന്ന ഒരു രീതിയായിരുന്നു എന്റെ അമ്മയുടേത്. ഉത്രാടം നാളിൽ പായസമുണ്ടാക്കി അയൽക്കാർക്കൊക്കെ കൊടുക്കും. തിരുവോണം നാളിൽ ഓണസദ്യകഴിക്കാൻ വിരുന്നുകാരുണ്ടാവും തീർച്ചയായും. അവർക്ക് സദ്യയുടെ എല്ലാ വിഭവങ്ങളും  രണ്ടു പായസവും ബോളിയും ഉൾപ്പെടെ വിളമ്പണമെന്നും  അമ്മയ്ക്ക് നിർബന്ധമായിരുന്നു. അനിയത്തിമാരും കുടുംബവും അനുജനും കുടുംബവും ഞാനും മക്കളും .അങ്ങനെ വീട് നിറച്ചാളുകൾ.അത് തന്നെയാണ് എന്റെ ഓണം. എല്ലാവരെയും കാണുക .അവരോടൊപ്പം ഒന്നോ രണ്ടോ ദിവസം കഴിയുക. അതിലും വലിയ സന്തോഷമെന്താണ്., ആഘോഷമെന്താണ് ?

അച്ഛനും അമ്മയും പോയതോടെ ആ ആഘോഷങ്ങളും നിലച്ചു പോയി. സഹോദരങ്ങൾ അവരവരുടെ വീട്ടിൽ. ഞാൻ ഇവിടെ. കൊച്ചു മക്കൾക്ക് വേണ്ടി എന്റെ മകൾ ഓണം ആഘോഷിക്കുമ്പോൾ ഞാനും സഹകരിക്കും .അവർക്കു വേണ്ടി. എന്റെ ദുഃഖങ്ങളും ദുരിതങ്ങളും എന്റെ പ്രിയപ്പെട്ടവരെ ബാധിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.

ഓണത്തോടനുബന്ധിച്ച് എനിക്ക് ലഭിക്കുന്ന സമ്മാനങ്ങൾ സന്തോഷത്തോടെയാണ് ഞാൻ സ്വീകരിക്കാറുള്ളത്. അത് സമ്മാനങ്ങളോടുള്ള ആർത്തികൊണ്ടല്ല. അവയ്ക്കു പിന്നിലുള്ള മനസ് .അതാണ് ഞാൻ കണക്കിലെടുക്കുന്നത്. എനിക്ക് കഴിയുന്നതു പോലുള്ള സമ്മാനങ്ങളും സഹായങ്ങളും ഞാനും മറ്റുള്ളവർക്ക് വേണ്ടി ചെയ്യാറുണ്ട്.അവർ നന്ദി പ്രകടിപ്പിച്ചില്ലെങ്കിലും എനിക്ക് വലിയ സന്തോഷം തോന്നും. ദാനശീലയായ എന്റെ അമ്മ പറയുമായിരുന്നു ,' കൊടുക്കുമ്പോൾ കിട്ടുന്ന സംതൃപ്തി വാങ്ങുമ്പോൾ കിട്ടുകയില്ല."

അതൊക്കെ അവിടെ നിൽക്കട്ടെ. ഒരു കുസൃതിക്കാരി എന്നോട് പറഞ്ഞു. " ഓണം അടിച്ചു പൊളിക്കുന്നതൊക്കെ കൊള്ളാം. ഒരു ഓണം കഴിയുമ്പോൾ ഓർക്കണം. ഒരു വർഷം  കൂടി ജീവിതത്തിൽ നിന്ന് കടന്നു പോയി എന്ന്. ഒരു വയസ്സു കൂടി എന്ന്. ഒരു വർഷം  ആയുസ്സിൽ നിന്ന് കുറഞ്ഞു എന്ന്."

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

"കാലത്തിന് കടന്നു പോയേ  പറ്റൂ. അതിനിടയിൽ ഓണവും വിഷുവും ക്രിസ്തുമസ്സുമൊക്കെ വന്നു പോകും. കിട്ടുന്ന അവസരങ്ങളിൽ സന്തോഷിക്കുകയല്ലാതെ മറ്റെന്താണ് നമുക്ക് ചെയ്യാനാവുക."

എന്റെ പ്രിയപ്പെട്ട വായനക്കാർക്കും, വേണ്ടപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും , ലോകമെമ്പാടുമുള്ള മലയാളികൾക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ !സുഖവും സന്തോഷവും സൗഭാഗ്യവും നിറഞ്ഞ ഒരുപാട് ഓണങ്ങൾ ഇനിയും അവരുടെ ജീവതത്തിൽ ഉണ്ടാവട്ടെ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}