ജീവിതത്തിന്റെ ഗതിവിഗതികൾ

prayer-photo-credit-MIA-Studio
Photo Credit : MIA Studio / Shutterstock.com
SHARE

ജീവിതത്തിന്റെ അനിശ്ചിതത്വത്തെക്കുറിച്ച് അറിയാത്തവരില്ല, പറയാത്തവരില്ല. നാളെയെന്നല്ല അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നുപോലും  നമുക്കറിയില്ല. പക്ഷേ  ആരും തന്നെ അങ്ങനെ ചിന്തിച്ചു കൊണ്ട് നിഷ്ക്രിയരായി ഇരിക്കാറില്ല. അദ്ധ്വാനിക്കും ,പണം സമ്പാദിക്കും, ഭാവിയെക്കുറിച്ച് പ്രതീക്ഷകൾ ,പദ്ധതികൾ,കരുതലുകൾ ഒക്കെ മനുഷ്യർ  സ്വരുക്കൂട്ടി  വയ്ക്കും. ഒരു നിമിഷം കൊണ്ട് ചിലപ്പോൾ അതെല്ലാം തട്ടി മറിയും. നിസ്സഹായരായി  നോക്കി നിൽക്കാനേ മനുഷ്യർക്ക് കഴിയൂ.          

എന്ത് കൊണ്ടാണിങ്ങനെ? അറിയില്ല. വിധി, യോഗം, ഈശ്വരനിശ്ചയം, തലയിലെഴുത്ത്, മുജ്ജന്മ കർമഫലം എന്നൊക്ക പറഞ്ഞ് നമ്മൾ സമാധാനിക്കും.

കിടപ്പിലായ എന്റെ മകനെ സന്ദർശിച്ച ഒരാൾ പറഞ്ഞു.

"ഇതെല്ലാം  നേരത്തെ നിശ്ചയിക്കപ്പെട്ടതാണ്. മാറ്റാൻ  ആർക്കും കഴിയില്ല.

ഞാൻ അമ്പരന്നു. ഇങ്ങനെയൊരു വിശ്വാസത്തെക്കുറിച്ച് നേരത്തേ തന്നെ  കേട്ടിട്ടുണ്ട്. എനിക്ക് വിശ്വസിക്കാനായില്ല. 

ഇത്രയും ദുരിതങ്ങളും ദുഃഖങ്ങളും ദുരന്തങ്ങളും നമുക്ക് വരണമെന്ന് നിശ്ചയിക്കുന്നതാരാണ് ? ദൈവമോ? ഞാൻ അത്ഭുതപ്പെടുന്നു. ഈ ഭൂമിയിലുള്ള കോടിക്കണക്കിനു മനുഷ്യരുടെ ജീവിതം നേരത്തെ നിശ്ചയിച്ചു വയ്ക്കാൻ ദൈവത്തിനാവുമോ? ദൈവത്തിന്  അസാദ്ധ്യമായി ഒന്നുമില്ല എന്ന് പറയുമ്പോഴും ദൈവത്തിനു പോലും അസാദ്ധ്യമായി  പലതുമുണ്ടെന്ന് അനുഭവം എന്നെ പഠിപ്പിച്ചിട്ടുണ്ട്.

എത്രയോ പെൺകുട്ടികൾ ക്രൂരമായി പീഡിപ്പിക്കപെട്ട് കൊലചെയ്യപ്പെടുന്നു. ഇത്രയും ഘോരമായ ഒരനുഭവം അവർക്കുണ്ടാകാൻ കാരണമെന്ത്? അതെല്ലാം നേരത്തെ തീരുമാനിക്കപെട്ടതാണോ?   

എത്രയോ പേര് തമ്മിൽത്തമ്മിൽ വെട്ടിയും കുത്തിയും ചാകുന്നു. അനേകം പേര് ചേർന്ന് ഒരാളെ വെട്ടി നുറുക്കി കൊല്ലുന്നു. ഇതെല്ലം അവരുടെ ജീവിതത്തിൽ സംഭവിക്കണമെന്നു നേരത്തെ റെക്കോർഡ് ചെയ്തു വച്ചിട്ടുണ്ടോ?

ട്രെയിൻ തട്ടിമരിക്കണമെന്നും, ലോറിയ്ക്കടിയിൽ പെട്ട് ചതഞ്ഞരയണമെന്നും, മാരകമായ രോഗങ്ങൾ പിടിപെട്ട്  വേദനയും യാതനയും സഹിച്ചു മരിക്കണമെന്നും, ആത്മഹത്യചെയ്യണമെന്നും  എല്ലാം ഓരോ  ജീവിതങ്ങളിൽ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ളതാണോ ?

എങ്കിൽ അങ്ങനെ വിധിച്ചത് എത്ര ക്രൂരമായ ഒരു മനസ്സിനുടമയാവണം -അത് ഈശ്വരനായാലും ചെകുത്താനായാലും. കരുണക്കടലായും ദീനദയാലുവായും, ആശ്രിതവത്സലനായും നമ്മൾ കരുതുന്ന ദൈവമായിരിക്കില്ല ഇതിന്റെ സംവിധായകൻ.  പിന്നെയാര്? ചെകുത്താനോ?   ചെകുത്താന്റെ ജോലി അല്ലെങ്കിൽ ഡ്യൂട്ടി മനുഷ്യജീവിതങ്ങളുടെ തിരക്കഥ രചിക്കലാണോ? ഇതിനൊന്നും ഉത്തരമില്ല.

ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം   നേരത്തെ എഴുതിവയ്ക്കപ്പെട്ടതാണെങ്കിൽ, അതിൽ യാതൊരു മാറ്റവും വരു ത്താനാവില്ലെന്നാണെങ്കിൽ നമ്മൾ എന്തിനാണ് പ്രാർത്ഥിക്കുന്നത്. പ്രാർത്ഥിച്ചാലും ഫലമില്ലല്ലോ. നേരത്തെ തലയിൽ വരച്ചു വച്ചതുപോലെയല്ലേ നടക്കൂ. ഇനി ദൈവത്തിന് അതിൽ മാറ്റം വരുത്താനാവുമോ? ദൈവമാണല്ലോ ഇതിന്റെയൊക്കെ ഡയറക്ടർ. ദൈവത്തിനു  കഴിയും എന്ന് മീനാക്ഷി പറയുന്നു. പ്രാർത്ഥിക്കുമ്പോൾ ദൈവം ഓപ്‌ഷൻസ് തരുമത്രേ. അതിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം മനുഷ്യനുണ്ട്. ആ തെരഞ്ഞെടുപ്പിനനുസരിച്ചാണ് പിന്നെ കാര്യങ്ങൾ. അതും ഉറപ്പുള്ള കാര്യമൊന്നുമല്ല.

അതേസമയം സുഖവും സന്തോഷവും സമ്പത്തും സൗഭാഗ്യവുമൊക്കെയായി ചിലരുടെ ജീവിതം സ്വർഗ്ഗതുല്യമാക്കുന്നു. എന്തു  കൊണ്ടാണ് ആ കഥകൾ ശുഭ പര്യവസായിയാക്കി തീർക്കുന്നത് ? ദൈവത്തിനു പക്ഷഭേദമുണ്ടോ? ഈ സംശയങ്ങൾക്കൊന്നും എനിക്ക് ഉത്തരം കിട്ടിയിട്ടില്ല.

"ജീവിതത്തിൽ ഓരോന്ന് സംഭവിക്കും. അതെല്ലാം യാദൃശ്ചികതയാണ്.(coincidence)  ആരും ഉത്തരവാദിയല്ല. " ഇത്തരം വിശ്വാസങ്ങൾ ഇല്ലാത്ത എന്റെ അമ്മ പറയുമായിരുന്നു.

"ദൈവം ഇടയ്ക്കും മുറയ്ക്കും തോന്നിയപാടെ (random) ചിലരെ തിരഞ്ഞെടുത്ത് അവരെ ദുരന്തകഥാപാത്രമാക്കി അവരുടെ ജീവിതം ട്രാജഡിയാക്കുന്നു ." എന്റെ കൂട്ടുകാരി ആശ പറയുന്നു. "ഈ random selection ൽ പെടാത്തവർ ഭാഗ്യമുള്ളവർ."

ഫോർത് ഡിമെൻഷൻ തീയറിയെപ്പറ്റി പലരും എന്നോട് പറഞ്ഞിട്ടുണ്ട്. നമ്മുടെ ജീവിതം മുഴുവൻ ചിത്രീകരിച്ചു കഴിഞ്ഞ ഒരു തിരക്കഥയാണ്. അടുത്തതായി  എന്താ സംഭവിക്കുന്നതെന്നറിയാതെ നമ്മൾ മുന്നോട്ടു നീങ്ങുന്നു. ഈ കഥയുടെ സംവിധായകനു മാത്രമേ അടുത്ത രംഗത്തെക്കുറിച്ചറിയൂ . ഇത് കേൾക്കുമ്പോഴൊക്കെ ഞാൻ അന്തം വിടും.എവിടെയാണ് ഈ തിരക്കഥകൾ അപ്‌ലോഡ് ചെയ്തു വച്ചിരിക്കുന്നത്? ദൈവത്തിന് അത്രയും വലിയ ഒരു കമ്പ്യൂട്ടർ ഉണ്ടോ?

അതെന്തുമാകട്ടെ. സംഭവിക്കുന്നതെല്ലാം അനുഭവിച്ചു തീർക്കുമ്പോൾ ഈ ജന്മം എനിക്കിങ്ങനെയാണ് എന്നു സമാധാനിക്കുകയല്ലാതെ നമുക്ക് വേറെ ഒരു ഐച്ഛികമില്ല .                                                 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}