അവരാരും അറിഞ്ഞില്ല;അവർക്ക് റാങ്കുണ്ടെന്ന്

HIGHLIGHTS
  • പഴയ റാങ്ക് ജേതാക്കൾ ഇപ്പോൾ എന്ത് ചെയ്യുന്നു എന്നും മനോരമ ഒരു അന്വേഷണം നടത്തിയിരുന്നു
thalakuri-column-sslc-toppers-on-how-it-shaped-their-future-dr-d-babu-paul
ഡോ. ഡി. ബാബുപോൾ
SHARE

എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഇപ്പോൾ റാങ്ക് ഇല്ല. എന്നാൽ എസ്എസ്എൽസിക്ക് റാങ്ക് പ്രഖ്യാപിക്കുകയും റാങ്കുകാരെ സെലിബ്രിറ്റികളായി കൊണ്ടാടുകയും ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അഞ്ചും ആറും ലക്ഷം കുട്ടികൾ പരീക്ഷ എഴുതുമ്പോൾ ഏറ്റവും മുന്നിൽ എത്തുക എന്നത് ഒരു ഗ്ലാമർ പദവിയാണ്. ഏറ്റവും മികച്ചവരെ തമ്മിൽ ഒരു മാർക്കിന്റെ വ്യത്യാസത്തിൽ റാങ്ക് നൽകി വേർതിരിക്കുന്നതിലെ അശാസ്ത്രീയത കണക്കിലെടുത്താണ് റാങ്ക് വേണ്ടെന്നുവച്ചത്. കൂടാതെ മാർക്ക് അടിസ്ഥാനത്തിൽ റാങ്ക് നൽകുമ്പോൾ കുട്ടികൾ തമ്മിൽ ഉണ്ടാകുന്ന അനാരോഗ്യകരമായ മത്സരം ഒഴിവാക്കാനും.

thalakuri-column-sslc-toppers-on-how-it-shaped-their-future-v-krishnamurthy-newspaper-cutting

എങ്കിലും പത്താംക്ലാസ് പരീക്ഷാ ഫലം വരുമ്പോൾ റാങ്കുകാരെക്കുറിച്ചും അവരുടെ അഭിരുചികളെ കുറിച്ചും അറിയാനുള്ള ജനങ്ങളുടെ ജിജ്ഞാസ എന്നുമുണ്ട്.. റങ്ക് ജേതാക്കളെ പിന്നീട് കാലങ്ങളോളം ആളുകൾ ഓർത്തു വയ്ക്കുകയും ചെയ്തിരുന്നു. ഒരു വീട്ടിൽ തന്നെ മൂന്നു സഹോദരിമാർ എസ് എസ് എൽസി റാങ്ക് നേടിയത് എത്രയോ കാലം കേരളം ചർച്ച ചെയ്തു.

.

thalakuri-column-sslc-toppers-on-how-it-shaped-their-future-dr-d-babu-paul-newspaper-cutting

റാങ്ക് ജേതാക്കളെ മാധ്യമങ്ങൾ ആഘോഷിക്കുന്നകാലത്ത് അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറി ഡോ. ബാബുപോൾ എന്നോട് ഒരു സങ്കടം പറഞ്ഞു. ‘‘ഞാനും ഒരു ഒരു റാങ്ക് ജേതാവായിരുന്നു. പറഞ്ഞിട്ടെന്ത് കാര്യം അന്ന് പത്രത്തിൽ പടം പോയിട്ട് പേരു പോലും വന്നില്ല.’’ കേരളപ്പിറവിക്ക് തൊട്ടും മുമ്പും പിമ്പുമുള്ള വർഷങ്ങളിലായിരുന്നു ഇങ്ങനെ റാങ്ക് നേടിയിട്ടും ആരും അറിയാതെ പോയ റാങ്ക് ജേതാക്കൾ പിറന്നത്. കേരള പിറവിക്കു മുമ്പ് അത് തിരു-കൊച്ചി സംസ്ഥാനത്തിന്റെ റാങ്കും 1957മുതൽ അത് കേരള സംസ്ഥാന റാങ്കുമായി എന്നു മാത്രം. 

thalakuri-column-sslc-toppers-on-how-it-shaped-their-future-v-krishnamurthy
വി. കൃഷ്ണമൂർത്തി

അറിയപ്പെടാത്ത റാങ്ക് കാരെ കണ്ടെത്താൻ ഞാൻ അന്നത്തെ പരീക്ഷാഭവൻ സെക്രട്ടറിയോട് അമ്പതുകളിലെ എസ്എസ്എൽസി റാങ്ക് രേഖപ്പെടുത്തിയ രജിസ്റ്റർ ചോദിച്ചു. അതൊക്കെ ചിതലെടുത്തു നശിച്ചു എന്നു പറഞ്ഞ് അദ്ദേഹം കൈയൊഴിഞ്ഞു. ഞാൻ ബാബുപോൾ സാറിനോട് കാര്യം പറഞ്ഞു. വിദ്യാഭ്യാസ സെക്രട്ടറിയുടെ ഒരു ഫോൺ കോൾ. മിനിറ്റുകൾക്കുള്ളിൽ നിറംമങ്ങി , പൊടിപിടിച്ച പഴയ റാങ്ക് രജിസ്റ്റർ എന്റെ മുന്നിൽ നിരന്നു. അതിൽനിന്ന് പഴയ റാങ്കുകാരെ ഒന്നൊന്നായി തപ്പിയെടുത്തു. പലരും അന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും പുറത്തും ഉന്നത പദവികളിൽ ഇരിക്കുന്നവർ.

thalakuri-column-sslc-toppers-on-how-it-shaped-their-future-sslc-results-registration-numbers

പിന്നീടു ചീഫ് സെക്രട്ടറിയായി വിരമിച്ച വി. കൃഷ്ണമൂർത്തി അന്നത്തെ ആസൂത്രണ സെക്രട്ടറി. ഐ എ എസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ എസ്. കൃഷ്ണകുമാർ കേന്ദ്ര മന്ത്രി. സി പി നായർ അന്ന് ആഭ്യന്തര സെക്രട്ടറി. അവരെക്കെ പഴയ റാങ്കുകാർ ആണെന്ന് അറിയുന്നത് അവർ മാത്രം.

പ്രശസ്ത കവി അന്തരിച്ച നാലാങ്കൽ കൃഷ്ണപിള്ളയുടെ മകൻ ശബരി നാഥൻ 1957 ൽകേരളപ്പിറവിക്കു ശേഷമുള്ള ആദ്യത്തെ ഒന്നാം റാങ്ക് ജേതാവ്. ശബരിനാഥൻ ഡോകറായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശിശുരോഗ വിദഗ്ധനായി വിരമിച്ചു.

1955 ഒന്നാം റാങ്ക് നേടിയ ചന്ദ്രചൂഡന് കിട്ടിയ മാർക്ക് 454 മാത്രം. ഇന്നത്തെ ലക്ഷോപലക്ഷം എപ്ലസ് കാർ ഇതു കേട്ട് മൂക്കിൽ വിരൽ വയ്ക്കും. വൈദ്യുതി ബോർഡിൽ എൻജിനീയറായിരുന്ന എറണാകുളം സ്വദേശി ജോർജ് ചെറിയാൻ, പത്രങ്ങളിൽ വായനക്കാരുടെ കത്തുകളുടെ പംക്തിയിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന കുന്നന്താനം പൗവ്വത്തിൽ വാസവൻപിള്ള, ചെറുവള്ളി എസ്റ്റേറ്റ് വടക്കേ ചെമ്പക തോപ്പിൽ കുരുവിള വർക്കി, തൃശൂർക്കാരൻ ജോർജ്ജ് ചെറിയാൻ, ശശികുമാര കുറുപ്പ്... അങ്ങനെ പോകുന്നു അന്നത്തെ അജ്ഞാത റാങ്ക് കാരുടെ പട്ടിക .

thalakuri-column-sslc-toppers-on-how-it-shaped-their-future-dr-c-p-nair
സി പി നായർ

പിൽക്കാലത്ത് റാങ്കിംഗ് കുത്തക പെൺകുട്ടികൾ കൈയടക്കിയെങ്കിലും അക്കാലത്ത് മഷിയിട്ടു നോക്കിയിട്ട് ഒരു വനിതയെയാണ് കിട്ടിയത്. 1957 ൽ കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ നിന്ന് മൂന്നാം റാങ്ക് കരസ്ഥമാക്കിയ തൈക്കാട് ഗിരിജാ ഭവനിൽ വിജയകുമാരി . നല്ലൊരു കായികതാരം കൂടിയായിരുന്നു. അവർ. പിന്നീടവർ എറണാകുളത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്തു.

s-krishna-kumar-ias
എസ്. കൃഷ്ണകുമാർ

റാങ്കുകൾ മികവിന്റെ ഒരു അളവുകോലാണ്. അതല്ലെങ്കിൽ റാങ്ക് കിട്ടിയവർ ഐഎഎസ് കാരും ഡോക്ടർമാരും എൻജിനീയർമാരും ആവില്ലല്ലോ?. അതേസമയം റാങ്ക് പ്രൊഫഷണൽ വിജയത്തിന്റേയോ ജീവിതവിജയത്തിന്റേയോ അളവുകോൽ അല്ല താനും. പഴയ റാങ്ക് ജേതാക്കൾ ഇപ്പോൾ എന്ത് ചെയ്യുന്നു എന്നും മനോരമ ഒരു അന്വേഷണം നടത്തിയിരുന്നു. വിജയത്തിന്റെ പടവുകൾ കയറിയവരോടൊപ്പം വഴിയിൽ കാലിടറി വീണവരെയും കണ്ടെത്തി. 258 മാർക്ക് വാങ്ങി പത്താംക്ലാസ് പാസായ കുട്ടി ഐഎഎസ് നേടി സിവിൽ സർവീസിൽ തിളങ്ങുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്തപ്പോൾ എസ്എസ്എൽസി മുതൽ സിവിൽ സർവീസിൽ വരെ എല്ലായിടത്തും ഒന്നാം റാങ്കിൽ പാസായയാൾ ജീവിതത്തിലും തൊഴിലിലും ദയനീയമായി പരാജയപ്പെട്ടു പോയതും കണ്ടു.

malayala-manorama-series-ranikte-puravartham-newspaper-cutting

Content Summary : Thalakuri column by John Mundakauam - SSLC toppers on how it shaper their future

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.