മാമാട്ടിക്കുട്ടിയമ്മയും അനുപമയും

thalakkui-column-anupama
1. അനുപമ എസ്. ചന്ദ്രൻ, 2. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിൽ നിന്ന് ഒരു രംഗം
SHARE

‘ട്രൂത്ത് ഈസ് സ്ട്രെയിഞ്ചർ ദാൻ ഫിക്‌ഷൻ’ എന്ന് ഇംഗ്ലിഷിൽ ഒരു ചൊല്ലുണ്ട്. സത്യം പലപ്പോഴും കഥകളെക്കാൾ വിചിത്രം എന്നു പരിഭാഷപ്പെടുത്താം. പല ജീവിതങ്ങളും കാണുമ്പോൾ നാം പറയും, സിനിമാക്കഥ പോലെയുണ്ട്. അതേസമയം പല സിനിമകളും കാണുമ്പോൾ പറയും, ഇതു ജീവിതമല്ല, ജീവിതത്തിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല എന്നൊക്കെ. എന്നാൽ പലപ്പോഴും കഥകളിലും സിനിമാക്കഥകളിലും കാണുന്നത് അതേപടി ജീവിതത്തിൽ സംഭവിക്കുന്നു എന്നതാണു സത്യം; ചിലപ്പോൾ ചില്ലറ ഏറ്റക്കുറച്ചിലുകളോടെ. അതുകണ്ട് നാം മൂക്കത്ത് വിരൽ വച്ചു പോകുന്നു.

അനുപമ എന്ന യുവതി താൻ നൊന്തുപെറ്റ കുഞ്ഞിനുവേണ്ടി നടത്തുന്ന അന്വേഷണവും പോരാട്ടവും വായിക്കുമ്പോൾ പലരും മൂന്നരപ്പതിറ്റാണ്ടു മുമ്പ് മലയാളത്തിലിറങ്ങിയ ഒരു ജനപ്രിയസിനിമയെ ഓർത്തുപോകും. ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ എന്നാണ് ആ സിനിമയുടെ പേര്. സംവിധായകൻ പ്രഗത്ഭനായ ഫാസിൽ. ഒരു ദമ്പതികളുടെ ഓമന മകൾ മുങ്ങിമരിക്കുന്നിടത്താണു സിനിമ തുടങ്ങുന്നത്. അതിന്റെ നൊമ്പരം പേറുന്ന കുടുംബം ഒടുവിൽ ഒരു കുഞ്ഞിനെ അനാഥാലയത്തിൽനിന്നു ദത്തെടുക്കുന്നു. കുഞ്ഞ് അവരുടെ ജീവിതത്തിലേക്കു വീണ്ടും പ്രകാശം കൊണ്ടു വരുന്നു. ആ കുഞ്ഞായി അഭിനയിച്ചുകൊണ്ടാണ് ബേബി ശാലിനി എന്ന നടി മലയാള സിനിമയിലേക്കു കാലൂന്നിയത്. ആ കുടുംബത്തിലെ സന്തോഷം അധികനാൾ നീണ്ടില്ല. ഇതിനിടയിൽ യഥാർഥ അമ്മ കുഞ്ഞിനെത്തേടി അനാഥാലയത്തിലെത്തുന്നു. അനുപമയുടെ കാര്യത്തിൽ എന്നതുപോലെ, വിവാഹ പൂർവ പ്രണയബന്ധത്തിൽ ജനിച്ച കുഞ്ഞിനെ അമ്മയുടെ അനുവാദമില്ലാതെ അനാഥാലയത്തിനു വിട്ടുനിൽക്കുകയായിരുന്നു. ഒടുവിൽ, സ്വന്തം മകളെപ്പോലെ വളർത്തിയ കുഞ്ഞിനെ പോറ്റമ്മ നുറുങ്ങുന്ന ഹൃദയത്തോടെ പെറ്റമ്മയ്ക്കു നൽകുന്നു. സിനിമയുടെ ക്ലൈമാക്സ് ഇങ്ങനെയാണെങ്കിൽ അനുപമയുടെ കഥയുടെ ക്ലൈമാക്സ് കാണാൻ പോകുന്നതേയുള്ളൂ.

അതിനു പിന്നാലെ ഇറങ്ങിയ മറ്റൊരു സിനിമയാണ് വി.കെ. പവിത്രന്റെ ‘ഉത്തരം’. ഈ സിനിമയിൽ, അന്യസംസ്ഥാനത്ത് കോൺവെന്റ് സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ ലഹരിമരുന്നു നൽകി ഏതാനും നേപ്പാളി യുവാക്കൾ ബലാത്സംഗം ചെയ്യുന്നു. പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ സ്കൂൾ അധികൃതർ പുരോഹിതൻ കൂടിയായ അച്ഛനെ വിളിച്ചുവരുത്തി മകളെ സ്കൂളിൽനിന്ന് ടി സി നൽകി പറഞ്ഞു വിടുന്നു. അച്ഛൻ മകളെ ഒരു രഹസ്യ കേന്ദ്രത്തിൽ താമസിപ്പിക്കുന്നു. അവിടെ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിക്കുന്നു. പ്രസവത്തിനുശേഷം കുഞ്ഞിനെ മാമോദിസ മുക്കി ഇമ്മാനുവൽ എന്ന് പേരുനൽകി ഒരു അനാഥാലയത്തിൽ ഏൽപിക്കുന്നു. പുരോഹിതനായ അച്ഛൻ തന്റെ മതപരമായ ഉത്തരവാദിത്തം നിർവഹിക്കുകയായിരുന്നു. തനിക്ക് എന്താണു സംഭവിച്ചതെന്നു വ്യക്തമായ ധാരണയില്ലാത്ത പെൺകുട്ടി, കുഞ്ഞിനെ അനാഥാലയത്തിൽ ഏൽപിച്ചെന്നും ഇമ്മാനുവൽ എന്നാണ് പേരെന്നും പിന്നീട് മനസ്സിലാക്കുന്നുണ്ട്. കാലങ്ങൾക്കു ശേഷം അവൾ വിവാഹിതയായി ഒരു കുടുംബജീവിതം നയിക്കുന്നു. ഒരു ദിവസം വീട്ടുമുറ്റത്തെ ആക്രിസാധനങ്ങൾ പെറുക്കാൻ ഒരു നേപ്പാളി ആൺകുട്ടി എത്തുന്നു. വാൽസല്യത്തോടെ അവർ അവനു ഭക്ഷണം നൽകുന്നു. അവന്റെ നാടും വീടും ചോദിച്ചറിയുന്നു. പെട്ടെന്ന് അവരുടെ മനസ്സിലേക്ക് അസുഖകരമായ ചിന്തകൾ വരുന്നു. പോകുംമുമ്പ് അവർ അവനോടു പേര് ചോദിക്കുന്നു. ഇമ്മാനുവൽ എന്ന് അലസമായി മറുപടി പറഞ്ഞുകൊണ്ട് ആക്രിസാധനങ്ങൾ അടങ്ങിയ ചാക്ക് തോളിൽ തൂക്കി ആ ബാലൻ നടന്നകലുന്നു. ഞെട്ടിത്തരിച്ച അമ്മ വീടിനുള്ളിൽ കടന്ന് ഭർത്താവിന്റെ തോക്കെടുത്ത് സ്വയം വെടിവയ്ക്കുന്നു. സന്തോഷകരമായ കുടുംബജീവിതം നയിച്ചിരുന്ന വീട്ടമ്മ ഒരു കാരണവുമില്ലാതെ ആത്മഹത്യ ചെയ്തതിന്റെ പൊരുൾ തേടിപ്പോയ ഭർത്താവിന്റെ സുഹൃത്തായ പത്രപ്രവർത്തകനാണ് കഥയുടെ ചുരുളഴിക്കുന്നത്. ആ ആത്മഹത്യ വിശദീകരിക്കാനാവാത്ത ഒത്തിരി സങ്കടങ്ങൾ നമ്മളോട് പറയുന്നുണ്ട്. താൻ കണ്ടെത്തിയ സത്യം സുഹൃത്ത് ഒരിക്കലും ഭർത്താവിനെ അറിയിക്കുന്നില്ല എന്ന സൂചനയോടെ സിനിമ അവസാനിക്കുന്നു.

സിനിമയിലെ, നടക്കില്ലെന്നു കരുതിയ സംഭവങ്ങളുടെ കൂടിച്ചേരലുകൾ ജീവിതത്തിൽ നടക്കുന്നു. സിനിമയിലായാലും പുസ്തകത്തിൽ ആയാലും അവതരിപ്പിക്കുന്ന സംഭവങ്ങൾ ചിലപ്പോൾ എവിടെയൊക്കയോ നടന്നതാവാം. എവിടെയെങ്കിലുമൊക്കെ നടക്കാൻ ഇടയുള്ളതുമാകാം. അനുപമ വിഷയം കേരളം മുഴുവൻ ചർച്ച ചെയ്യുന്നുണ്ട്. സദാചാരത്തിന്റെയും ധാർമികതയുടെയും മനുഷ്യാവകാശത്തിന്റെയും പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടുന്നു. അതെന്തായാലും ഒരു യാഥാർഥ്യം അവശേഷിക്കുന്നു. ഒരു പെറ്റമ്മയ്ക്ക് തന്റെ കുഞ്ഞിനു മേലുള്ള അവകാശം പോലെ മറ്റൊന്നും ലോകത്തിൽ ഇല്ല. മാനവികതയുടെ നീതിപീഠത്തിനു മുന്നിൽ മറ്റൊരു നീതിശാസ്ത്രവും ഇതിനുമേൽ നിഴൽ വീഴ്ത്തിക്കൂടാ..

അനുപമയുടെ കുഞ്ഞിനെ തേടിയുള്ള യാത്രയുടെ പര്യവസാനത്തിനായി കേരളം മുഴുവൻ കാത്തിരിക്കുന്നു. ഏതു തീരുമാനവും ഒരാൾക്ക് ദുഃഖകരം ആവുമെന്ന് അറിയാം. എങ്കിലും ശുഭപര്യവസായിയായിത്തീരട്ടെ എന്ന് പ്രാർഥിക്കുന്നു.

ഞാൻ ഈ കുറിപ്പ് അവസാനിപ്പിക്കും മുമ്പ് സംവിധായകൻ ഫാസിലിനെ ഫോണിൽ വിളിച്ചു. ഫാസിലിന്റെ സിനിമ ‘ജീവിതമായതിനെ’ക്കുറിച്ച് അദ്ദേഹം എന്തുപറയുന്നു എന്നറിയാനാണ് വിളിച്ചത്. ഒരു സർഗസൃഷ്ടിയെക്കുറിച്ച് സംവിധായകന് ആത്മസംതൃപ്തി തോന്നേണ്ട നിമിഷങ്ങളാണ്. പക്ഷേ അദ്ദേഹം ഇതൊന്നും ശ്രദ്ധിച്ചിട്ടില്ല എന്നറിഞ്ഞ് നിരാശ തോന്നി. കോവിഡ് കാലം സമകാലീന വാർത്തകളിൽനിന്നു തന്നെ വളരെ അകലെയാക്കി എന്നു ഫാസിൽ. അതുകൊണ്ട് പ്രതികരിക്കാനില്ല. എങ്കിലും സിനിമയുടെ കഥ വന്ന വഴിയും മാമാട്ടിക്കുട്ടിയമ്മ എന്നു പേരിട്ട സാഹചര്യവുമെല്ലാം അദ്ദേഹം അനുസ്മരിച്ചു. പ്രതിഭാധനനായ സംവിധായകൻ ഫാസിൽ കൈവിട്ടു പോയ ട്രാക്കിലേക്ക് എത്രയും വേഗം തിരിച്ചു വരട്ടെ എന്നാശംസിക്കുന്നു.

Content Summary: Thalakkuri column on Anupama's child adoption case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS