കോടികൾ മറിയുന്ന കടുവാകളി

HIGHLIGHTS
  • 36 വർഷം മുമ്പ് പെരിയാർ ടൈഗർ സങ്കേതം വികസനത്തിന്റെ പേരിൽ അരങ്ങേറിയ അഴിമതി
periyar-tiger-reserve
പെരിയാർ ടൈഗർ സങ്കേതം. ചിത്രം . മനോരമ
SHARE

കേരളത്തിൽ കടുവകളുടെ എണ്ണം ഓരോ വർഷവും കൂടുന്നുവെന്ന് ഔദ്യോഗിക കണക്ക്. തേക്കടിയിൽ മുല്ലപ്പെരിയാർ അണക്കെട്ടു സ്ഥിതി ചെയ്യുന്നത് പെരിയാർ കടുവാ സങ്കേതത്തിലാണ്. സങ്കേതത്തിനു പുറത്ത് കടുവയെ പിടിക്കുന്ന കടുവകളും. ടൈഗർ പ്രോജക്ടിന്റെ മറവിൽ കേരളത്തിനകത്തും പുറത്തും വിവാദത്തിന്റെ കനം കൂടുന്നു. ഏറ്റവും ഒടുവിലത്തെ വാർത്ത മുല്ലപ്പെരിയാർ അണക്കെട്ടിനു വേണ്ടി ടൈഗർ പ്രോജക്ടിലെ മരം മുറിക്കുന്നതിനെ ചൊല്ലിയാണ്. അതിന്റെ പേരിൽ ഒരു ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സസ്പെൻഷനിലുമായി. വനത്തിലെയും റിസർവ് വനത്തിലെയും മരംമുറി എന്നും റവന്യൂ, വനം ഉദ്യോഗസ്ഥർക്ക് ഹരമാണ്; അപൂർവമായി അത് സർക്കാരിനു പ്രഹരമാകുമെങ്കിലും 

ഇതേ സ്ഥലത്ത് 36 വർഷം മുമ്പ് പെരിയാർ ടൈഗർ സങ്കേതം വികസനത്തിന്റെ പേരിൽ അരങ്ങേറിയ അഴിമതിനാടകം ഓർമയിൽ വരുന്നു. ‘കടുവാകളി’ എന്ന പേരിൽ അന്ന് വനംവകുപ്പിലെ ഉദ്യോഗസ്ഥർക്കിടയിൽ അടക്കം പറഞ്ഞിരുന്ന അഴിമതിക്കഥ പുറത്തുകൊണ്ടുവന്നതു മനോരമ. 1985 ൽ മനോരമയുടെ ഒന്നാം പേജിലാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ഞാനന്ന് മനോരമ ഇടുക്കി ലേഖകനാണ്. രണ്ടുവർഷത്തെ പരിശീലനത്തിനുശേഷം ആദ്യമായി സ്വതന്ത്ര ചുമതലയുള്ള റിപ്പോർട്ടറായി നിയമിക്കപ്പെട്ടതിന്റെ ആവേശം. അക്കാലത്ത് ഇടുക്കിയിലെ ഒരു രാഷ്ട്രീയ നേതാവിന്റെ ചെറിയൊരു പ്രസ്താവന പത്രത്തിൽ വന്നു. തേക്കടിയിലെ ടൈഗർ പ്രൊജക്ടിനു വേണ്ടി വനംവകുപ്പ് ഭൂമി ഏറ്റെടുക്കുന്നതിൽ ക്രമക്കേട് എന്നതായിരുന്നു പ്രസ്താവനയുടെ ഉള്ളടക്കം. വനംവകുപ്പിലെ ഒന്നുരണ്ട് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ വാർത്തയിൽ കഴമ്പുള്ളതായി തോന്നി. പക്ഷേ അന്വേഷണം വിഷമകരം. ഇടുക്കി ലേഖകനാണെങ്കിലും എന്റെ ഓഫിസ് മൂവാറ്റുപുഴയിൽ, ടൈഗർ പ്രോജക്ട് തേക്കടിയിലും. ഒരു അന്വേഷണാത്മക പത്രപ്രവർത്തനത്തിന് ആവശ്യമായ ബന്ധങ്ങൾ ഉണ്ടായിട്ടില്ല. എന്തായാലും ക്രമക്കേട് എന്താണെന്നു കണ്ടെത്താനായി ഇറങ്ങിപ്പുറപ്പെട്ടു. സോഴ്സ് ഇല്ലാതെ, സഹായികൾ ഇല്ലാതെ ഒരു സാഹസിക യാത്രയായിരുന്നു. പ്രസ്താവന ഇറക്കിയ നേതാവിനെ കണ്ടെങ്കിലും അദ്ദേഹത്തിന്റെ കയ്യിലും കൂടുതൽ വിവരങ്ങളില്ല. അങ്ങനെ തേക്കടിക്ക് വച്ചുപിടിച്ചു.

kaduvakali-news-thalakkuri

സംസ്ഥാനത്ത് രണ്ട് കടുവസങ്കേതങ്ങളാണുള്ളത്. ഒന്ന് പെരിയാർ കടുവ സങ്കേതം. രണ്ടാമത്തേത് പറമ്പിക്കുളം കടുവാ സങ്കേതം. 1973 ആരംഭിച്ച പെരിയാർ കടുവ സങ്കേതത്തിന് ഇന്ന് 350 ച. കി.മീറ്റർ വിസ്തീർണ്ണം. ഏകദേശം 40 കടുവകൾ. വിസ്തീർണ്ണം 210 ച. കിലോമീറ്റർ ആയിരുന്ന കാലത്ത് സമീപത്തുള്ള 3 ഏലത്തോട്ടങ്ങളുടെ 136 ച.കിലോമീറ്റർ സ്ഥലം ഏറ്റെടുക്കാൻ വനം വകുപ്പ് തീരുമാനിക്കുന്നു. കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള ഈ വികസനത്തിന്റെ മറവിലാണ് അഴിമതിക്ക് അരങ്ങൊരുങ്ങിയത്.

കുമളിയിലെ ഒരു ലോഡ്ജിൽ താമസിച്ചുകൊണ്ട് അന്വേഷണമാരംഭിച്ചു. കുമളി ഡിഎഫ്ഒ ഓഫിസിൽ പോയെങ്കിലും വൈൽഡ് ലൈഫിന്റെ കീഴിലാണ് ഭൂമിയേറ്റെടുക്കൽ നടക്കുന്നത് എന്നുപറഞ്ഞ് അവർ കയ്യൊഴിഞ്ഞു. ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ കോട്ടയത്തും. ഇന്നത്തെപ്പോലെ വാർത്താവിനിമയ ബന്ധമില്ലാത്തതു കൊണ്ട് നേരേ കോട്ടയത്തിനു പോയി. അവിടെ ചെന്നപ്പോൾ ഉത്തരേന്ത്യക്കാരനായ ഡിഎഫ്ഒ അവധിയിൽ. ഭൂമി അക്വയർ ചെയ്യുന്നതിന്റെ ചുമതല തഹസിൽദാർക്ക് ആയതുകൊണ്ട് തഹസിൽദാരെ കാണാനായിരുന്നു നിർദ്ദേശം. തഹസിൽദാരുടെ അടുത്തെത്തിയെങ്കിലും വിശദാംശങ്ങൾ നൽകാൻ അയാൾ തയാറായില്ല. അറ്റകൈ എന്ന നിലയിൽ ടൈഗർ പ്രോജക്ട് ഉൾപ്പെടുന്ന ഭൂമിയുടെ ചുമതലയുള്ള വില്ലേജ് ഓഫിസറുടെ മുന്നിലെത്തി. ഭാഗ്യത്തിന് അദ്ദേഹം സത്യസന്ധനും ‘കടുവാകളി’യിൽ അമർഷം ഉള്ള ആളുമായിരുന്നു. തലപ്പത്തിരിക്കുന്നവർ അഴിമതിക്കു കൂട്ടു നിൽക്കുമ്പോൾ താഴെത്തട്ടിലെ ചില ഉദ്യോഗസ്ഥർ സത്യസന്ധരായി പ്രവർത്തിക്കുന്നത് നമ്മെ അദ്ഭുതപ്പെടുത്തും. ഒരു പത്രലേഖകന്റെ അന്വേഷണത്തെ എളുപ്പമാക്കുന്നതും ഇവരാണ്. സർക്കാർ സർവീസിൽ ഇങ്ങനെ കുറേ സത്യസന്ധർ എവിടെയെങ്കിലുമൊക്കെ ഉള്ളതുകൊണ്ടാണ് ഈ സംവിധാനം എങ്ങനെയെങ്കിലുമൊക്കെ നടന്നു പോകുന്നത് എന്നു തോന്നിയിട്ടുണ്ട്.

periyar-national-park-map

ടൈഗർ പ്രോജക്ടിനു വേണ്ടി അവിഹിത ഇടപാടിലൂടെ നടക്കുന്ന അക്വിസിഷനിൽ താനും പങ്കാളിയാകുന്നതിന്റെ വിഷമത്തിലായിരുന്നു ഉദ്യോഗസ്ഥൻ. ഭൂമി ഏറ്റെടുക്കാൻ തയാറാക്കിയ ഉടമകളുടെ പട്ടികയിൽ ഒരു ഡസനിലേറെ പേരുണ്ട്. ഇവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏലത്തോട്ടങ്ങൾ. ഉടമകളെല്ലാം തമിഴ്നാട്ടിൽ നിന്നുള്ള വമ്പന്മാർ. റിട്ട. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ വരെയുണ്ട്. തേക്കടിയിൽനിന്ന് 20 കിലോമീറ്റർ അകലെ താന്നിക്കുടിയിൽ അന്തർഭാഗത്ത് സ്ഥിതിചെയ്യുന്ന ഏലത്തോട്ടം ഏലംകൃഷിക്കായി വർഷങ്ങൾക്കുമുമ്പ് കുത്തകപ്പാട്ട വ്യവസ്ഥയിൽ രാജാവ് പതിച്ചുനൽകിയ ഭൂമിയാണ്. ഇതാണ് ഇവർ വിറ്റ് കാശാക്കാൻ പോകുന്നത്. അതും മാർക്കറ്റ് വിലയെക്കാൾ പല ഇരട്ടി മൂല്യത്തിൽ. ആരുടെയും ഭൂമിയിൽ കാര്യമായി ഏലക്കൃഷിയില്ല. എന്നാൽ ഭൂമിക്കും ഏലക്കൃഷിക്കും ഭൂമിയുടെ വികസനത്തിനും എല്ലാം പ്രത്യേകം കണക്കു ചേർത്താണ് മൂല്യം വർധിപ്പിച്ചത്. കടുവാ സങ്കേതം വികസന പദ്ധതിക്കു പിന്നിൽത്തന്നെ ഈ മൂന്നു കമ്പനികൾ ആണെന്ന് സൂചന കിട്ടി. കാരണം സ്ഥലത്തിന്റെ പാട്ടക്കുടിശ്ശിക തീർക്കാൻ പോലും കഴിയാതെ നഷ്ടത്തിലായിരുന്നു ഈ കമ്പനികൾ.

periyar-tiger-reserve-thekkadi

തേക്കടിയിൽനിന്ന് രണ്ടര മണിക്കൂർ ബോട്ടിൽ യാത്ര ചെയ്താൽ താന്നിക്കുടിയിൽ എത്താം. അവിടെനിന്ന് 15 കിലോമീറ്റർ കൊടുംകാട്ടിലൂടെ നടന്നു വേണം ഏലത്തോട്ടങ്ങളിൽ എത്താൻ. ഭൂമി ഏറ്റെടുത്ത റവന്യൂ ഉദ്യോഗസ്ഥർ ഭൂമി നേരിട്ടു പോയി കണ്ടിട്ടില്ല. കാണാൻ ആരും പറഞ്ഞുമില്ല. ലക്ഷങ്ങൾ വനം, റവന്യൂ മേധാവികൾക്ക് കോഴയായി എത്തിയെന്ന് വ്യക്തം.

thalakuri-kaduvakkali-news

എന്തായാലും മനോരമ വാർത്തയെ തുടർന്ന് ഇടപാടിനെക്കുറിച്ച് അന്നത്തെ വനംമന്ത്രി കെ പി നൂറുദ്ദീൻ അന്വേഷണത്തിന് ഉത്തരവിട്ടു. അക്വിസിഷൻ നടപടികൾ സ്റ്റേ ചെയ്യുകയും ചെയ്തു. അധികം വൈകാതെ ഞാൻ അവിടെനിന്ന് സ്ഥലം മാറി. പിന്നീട് ഇതേ ഭൂമി മൂന്നിലൊന്നു വില കുറച്ച് സർക്കാർ ഏറ്റെടുത്തുവെന്നറിഞ്ഞു. മനോരമ വാർത്ത മൂലം സർക്കാർ ഖജനാവിന് ലാഭം ഒന്നരക്കോടി രൂപ. 36 വർഷം മുമ്പത്തെ ഒന്നരക്കോടി ആണെന്നോർക്കണം. .ഈ അഴിമതി പുറത്തുകൊണ്ടുവരാൻ അന്ന് എന്നോടൊപ്പം നിന്ന സത്യസന്ധനായ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനെ നന്ദിയോടെ സ്മരിക്കുന്നു; പിന്നീട് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും വൈദ്യുതി ബോർഡ് ചെയർമാനുമൊക്കെയായ ടി.എം. മനോഹരൻ. 

Content Summary: Thalakkuri column on 36 year old alleged graft case in Periyar Tiger Reserve

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS