നീണ്ട യുദ്ധത്തിന്‍റെ അന്ത്യം

  • ട്രംപിന് ആഹ്ലാദിക്കാന്‍ അവസരം
  • അഫ്ഗാന്‍ നേതൃത്വത്തില്‍ ഭിന്നത
u-s-army-001
18 വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാനും അഫ്ഗാനിസ്ഥാനില്‍നിന്നു മടങ്ങാനും യുഎസ് സൈന്യത്തിനു വഴിയൊരുങ്ങുന്നു. അഫ്ഗാനിസ്ഥാന്‍റെ ഭാവിയെക്കുറിച്ചുളള ആശങ്കകള്‍ അവശേഷിക്കുകയും ചെയ്യുന്നു
SHARE

അഫ്ഗാനിസ്ഥാനില്‍നിന്നു സോവിയറ്റ് സൈന്യത്തിലെ അവസാനത്തെ ഭടന്മാര്‍ തിരിച്ചുപോയതു 31 വര്‍ഷംമുന്‍പ് ഈ മാസമായിരുന്നു. ഇപ്പോള്‍ അവിടെനിന്നു  അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്മാറ്റത്തിനും  വഴിയൊരുങ്ങുകയാണ്. തടസ്സമൊന്നും സംഭവിക്കുന്നില്ലെങ്കില്‍ അതു സംബന്ധിച്ച കരാര്‍ ഈ മാസാവസാന ത്തോടെ നിലവില്‍വരും. 

സോവിയറ്റ് സൈന്യത്തിന്‍റെ അഫ്ഗാന്‍ അധിനിവേശം പത്തുവര്‍ഷ മാണ് നീണ്ടുനിന്നത്. യുഎസ് സൈന്യം മടങ്ങാന്‍ കാത്തിരിക്കു ന്നത് അവിടത്തെ  താലിബാന്‍ സൈനികരുമായുളള 18 വര്‍ഷത്തെ യുദ്ധത്തിനു ശേഷം.ലോകത്തിന്‍റെ പല ഭാഗങ്ങളിലും അമേരിക്ക യുദ്ധം ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും നീണ്ടയുദ്ധം മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല.

ഇതിന്‍റെ അവസാനം യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം ആഹ്ലാദിക്കാനും ആഘോഷിക്കാനു മുള്ള അവസരമാകുന്നു. ഇംപീച്ചമെന്‍റ് വിചാരണയെ അദ്ദേഹം അതീജീവിച്ചതിന്‍റെ  തൊട്ടുപിന്നാലെയാണിത്. എട്ടു മാസത്തിനുശേഷം നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കുമ്പോള്‍ ഇതെല്ലാം തനിക്കു വോട്ടുകള്‍ നേടിത്തരുമെന്നു ട്രംപ് പ്രതീക്ഷിക്കുന്നതും സ്വാഭാവികം. 2016 നവംബറില്‍ ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അദ്ദേഹം ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനമായിരുന്നു അഫ്ഗാനിസ്ഥാനില്‍നിന്നു യുഎസ് പട്ടാളക്കാരെ തിരിച്ചുകൊണ്ടുവരുമെന്നത്.

trump-002

ഗള്‍ഫ് രാജ്യമായ ഖത്തറിലെ ദോഹയില്‍ അതിനുവേണ്ടി അമേരിക്കയുടെയും താലിബാന്‍റെയും  പ്രതിനിധികള്‍ തമ്മില്‍ ഒന്നര വര്‍ഷമായി ചര്‍ച്ച നടന്നുവരികയായിരുന്നു. സുപ്രധാനമായ കാര്യങ്ങളില്‍ യോജിപ്പിലെത്തിയതായി  അറിയിപ്പുണ്ടായത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് (ഫെബ്രുവരി 14).

അതനുസരിച്ച് അമേരിക്കയും താലിബാനും ഈ മാസം 22 മുതല്‍  ഒരാഴ്ചത്തേക്കു വെടിനിര്‍ത്തുമത്രേ.  അതിനുശേഷമായിരിക്കും കരാറില്‍ ഒപ്പിടല്‍. മാര്‍ച്ച് പത്തുമുതല്‍ താലിബാനും അഫ്ഗാന്‍ ഗവണ്‍മെന്‍റും തമ്മില്‍ സമാധാന ചര്‍ച്ചതുടങ്ങും. 

തുടര്‍ന്നു യുഎസ് സൈനിക പിന്‍മാറ്റത്തിന്‍റെ ആരംഭം. അത് ഒന്നരവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നാണ്  സൂചനകളെ ങ്കിലും വ്യക്തമായ വിവരം ഇനിയും പുറത്തുവന്നിട്ടില്ല. 

യുദ്ധത്തിന്‍റെ പാരമ്യത്തില്‍ ഒരു ലക്ഷത്തില്‍പ്പരം യുഎസ്-നാറ്റോ ഭടന്മാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍  അവശേഷിക്കുന്നത് ഏതാണ്ടു 13,000 പേരാണ്. നേരിട്ടു പോരാടാതെ, അഫ്ഗാന്‍ സൈന്യത്തിനു പരിശീല നവും ഉപദേശവും നല്‍കുകയാണ് അവരുടെ ജോലി. അവരെ മുഴുവന്‍ പിന്‍വലിക്കുമോ, അതല്ല കുറേപ്പേ രെയെങ്കിലും നിലനിര്‍ത്തുമോ എന്നീ കാര്യങ്ങളിലും വ്യക്തമായ വിവരങ്ങള്‍ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ.  

രാജ്യത്തിനു പുറത്തുനിന്നുള്ള തീവ്രവാദികളെയും ഭീകര സംഘടകനകളെയും അഫ്ഗാനിസ്ഥാനില്‍  പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു താലിബാന്‍ അമേരിക്കയ്ക്ക് ഉറപ്പുനല്‍കിയിട്ടുണ്ടത്രേ.  അവര്‍ തമ്മിലുളള ഒത്തുതീര്‍പ്പിലെ ഒരു സുപ്രധാന വ്യവസ്ഥയായി ഇത് എണ്ണപ്പെടുന്നു. കാരണം, ഈ പ്രശ്നമായിരുന്നു 2001ല്‍ അമേരിക്കയും താലിബാനും തമ്മില്‍ ഏറ്റുമുട്ടാന്‍ ഇടയാക്കിയതുതന്നെ. 

ആ വര്‍ഷം സെപ്റ്റംബറില്‍ അല്‍ഖായിദ ഭീകരര്‍ അമേരിക്ക യില്‍ നടത്തിയ ഭീകരാക്രമണമായിരുന്നു അതിന്‍റെ പശ്ചാത്തലം. 1996 മുതല്‍ താലിബാന്‍റെ ഭരണത്തിലായിരുന്ന അഫ്ഗാനിസ്ഥാന്‍  കേന്ദ്രമാക്കി യാണ് അല്‍ഖായിദയും അതിന്‍റെ തലവന്‍ ഉസാമ ബിന്‍ ലാദനും പ്രവര്‍ത്തിച്ചിരുന്നത്.

terrorist-0022

അവരെ വിട്ടുകിട്ടണമെന്ന അമേരിക്കയുടെ ആവശ്യം താലിബാന്‍ തിരസ്ക്കരിച്ചു. ഒക്ടോബറില്‍ അമേരിക്ക  അഫ്ഗാനിസ്ഥാനെ ആക്രമിക്കുകയും രണ്ടു മാസത്തിനകം കാബൂളിലെ അധികാരത്തില്‍നിന്നു താലിബാനെ പുറത്താക്കുകയും ചെയ്തു.

അന്നു മുതല്‍ക്കേ ഭരണത്തില്‍ തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലാണ് താലിബാന്‍. അതിനുവേണ്ടി അഫ്ഗാന്‍ ഗവണ്‍മെന്‍റ് സേനയുമായും അവരെ സഹായിക്കുന്ന യുഎസ്-നാറ്റോ സൈന്യവുമായും നിരന്തരമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു. 

രണ്ടായിരത്തിനാനൂറോളം അമേരിക്കന്‍ ഭടന്മാരും അര ലക്ഷത്തിലേറെ അഫ്ഗാന്‍ പട്ടാളക്കാരും പൊലീസു കാരും കൊല്ലപ്പെട്ടു. താലിബാന്‍റെയും മറ്റും ഭാഗത്തുണ്ടായ ആള്‍നാശം ഏതാണ്ട് 42,000. അത്രതന്നെ സാധാരണക്കാരും മൃതിയടഞ്ഞു.  യുദ്ധത്തിനുവേണ്ടി അമേരിക്കയ്ക്ക് രണ്ടു ലക്ഷം കോടി  ഡോളര്‍ ചെലവായതായും കണക്കാക്കപ്പെടുന്നു. 

എന്നിട്ടും രാജ്യത്തിന്‍റെ പകുതിയോളം ഭാഗം വീണ്ടും താലിബാന്‍റെ അധീനത്തിലായി. യുഎസ് സൈന്യത്തെ പിന്‍വലിക്കാനാവണമെങ്കില്‍ അവരുമായി ഒത്തുതീര്‍പ്പുണ്ടാക്കണമെന്നത് അമേരിക്കയുടെ  ആവശ്യമായി ത്തീര്‍ന്നു. രണ്ടാം തവണയും പ്രസിഡന്‍റാകാന്‍ മല്‍സരിക്കുന്നതിനുമുന്‍പ്തന്നെ അതു നടന്നുകാണാന്‍ ട്രംപിനു ധൃതിയാവുകയും ചെയ്തു. 

ഒന്നര വര്‍ഷംമുന്‍പ് അങ്ങനെ തുടങ്ങിയതാണ് താലിബാനുമായുള്ള യുഎസ് ചര്‍ച്ച. അഫ്ഗാന്‍  വംശജനായ മുതിര്‍ന്ന യുഎസ് നയതന്ത്രജ്ഞന്‍ സല്‍മായ് ഖലീല്‍സാദിനെയാണ് അതിനുവേണ്ടി ട്രംപ് നിയോഗിച്ചത്. 68 വര്‍ഷംമുന്‍പ് അഫ്ഗാനിസ്ഥാനിലെ മസാറെ ഷരീഫില്‍ ജനിച്ച ഇദ്ദേഹം കാബൂളിലും ബഗ്ദാദിലും (ഇറാഖ്) യുഎസ് അമ്പാസ്സഡറായിരുന്നു. അഫ്ഗാന്‍ ഭാഷകളായ പഷ്തോ, ദാരി എന്നിവയ്ക്കു പുറമെ അറബിക്കും ഉര്‍ദുവും നന്നായി അറിയാം. 

ദോഹയില്‍ ഖലീല്‍സാദിന്‍റെ നേതൃത്വത്തിലുള്ള യുഎസ് സംഘവും താലിബാന്‍ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ച ഒത്തുതീര്‍പ്പിന്‍റെ വക്കോളമെത്തിയതായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍തന്നെ സൂചനകളു ണ്ടായിരുന്നു. പക്ഷേ, അതിനിടയില്‍ കാബൂളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെട്ടു.

ashraf-ghani-002

പ്രസിഡന്‍റ് ട്രംപ് ക്ഷുഭിതനാവുകയും ചര്‍ച്ച നിര്‍ത്താന്‍  ഉത്തരവിടുകയും ചെയ്തു. അതു പുനരാരംഭിച്ചത്  ഡിസംബ റിലാണ്. നേരത്തെ ഇരുകൂട്ടരും തമ്മില്‍ പല കാര്യങ്ങളിലും ഉണ്ടായ യോജിപ്പിന്‍റെ അടിസ്ഥാ നത്തിലുള്ളതാണത്രേ പുതിയ ഒത്തുതീര്‍പ്പിലെയും വ്യവസഥകള്‍.

ഈ ഒത്തുതീര്‍പ്പ്  അമേരിക്കയും താലിബാനും മാത്രം തമ്മിലുള്ളതാണെന്നത് അതിന്‍റെ ഏറ്റവും വലിയ ന്യൂനതയായി അവശേഷിക്കുന്നു. പ്രസിഡന്‍റ് അഷ്റഫ് ഗനിയുടെ അഫ്ഗാന്‍ ഗവണ്‍മെന്‍റിന് അതില്‍ ഒരു പങ്കുമില്ല. അമേരിക്കയുടെ പാവയെന്നു പറഞ്ഞു ഈ ഗവണ്‍മെന്‍റിനെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന താലിബാന്‍ അതിന്‍റെ പ്രതിനിധികളുമായി സംസാരിക്കാനും വിസമ്മതിച്ചു. അമേരിക്കയുടെ മുന്‍നിലപാടുകള്‍ക്കു വിരുദ്ധമായി ഖലീല്‍സാദ് അതിനു വഴങ്ങുകയും ചെയ്തു. 

എങ്കിലും, ഇപ്പോഴുണ്ടായ ഒത്തുതീര്‍പ്പനുസരിച്ച് ഗവണ്‍മെന്‍റു മായും ചര്‍ച്ചനടത്താന്‍ താലിബാന്‍  സമ്മതിച്ചിരി ക്കുകയാണ്. ചര്‍ച്ചയ്ക്കു വേദിയാകാന്‍ ജര്‍മനിയും നോര്‍വെയും പോലുള്ള യൂറോപ്യന്‍  രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്.  

നാലു പതിറ്റാണ്ടുകളായി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ യുദ്ധം നടനമാടുകയാണ്  അഫ്ഗാനിസ്ഥാനില്‍. അതവസാനിപ്പിക്കാനുള്ള സുപ്രധാന കാല്‍വയ്പെന്ന നിലയിലാണ് അഫ്ഗാന്‍ ഗവണ്‍മെന്‍റും താലിബാനും തമ്മിലുള്ള ചര്‍ച്ചയെ പലരും ഉറ്റുനോക്കുന്നത്. അതേസമയം, ഈ ചര്‍ച്ചഫലപ്രദമാകുമോ എന്നു സംശയിക്കുന്നവരും ധാരാളമുണ്ട്.  

യുഎസ് സൈനിക പിന്മാറ്റത്തിനുശേഷം എന്തു സംഭവിക്കുമെന്നതും അഫ്ഗാനിസ്ഥാനിലെ ജനങ്ങളില്‍ വലിയൊരു വിഭാഗത്തെ അലട്ടുന്നുണ്ടത്രേ. ഇപ്പോള്‍തന്നെ അഫ്ഗാനിസ്ഥാന്‍റെ പകുതിയിലേറെ  തിരിച്ചുപിടിച്ചു കഴിഞ്ഞിട്ടുളള താലിബാന്‍ കാബൂളില്‍ വീണ്ടും അധികാര ത്തിലെത്തുമോയെന്ന ഭയം അവരെ നടുക്കുന്നു. 1996 മുതല്‍ക്കുള്ള അഞ്ചു വര്‍ഷത്തെ അവരുടെ ഭരണം ആ വിധത്തിലുള്ളതായിരുന്നു.  

കാബൂളിലെ നിലവിലുള്ള ഭരണകൂടത്തിലെ ഭിന്നതയും ചേരിതിരിവുമാണ് ദൗര്‍ഭാഗ്യകരമായ മറ്റൊരു വസ്തുത. പ്രസിഡന്‍റ് ഗനിയും പ്രധാനമന്ത്രിക്കു തുല്യമായ പദവി വഹിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് ഡോ. അബ്ദുല്ല അബ്ദുല്ലയും തമ്മില്‍ യോജിപ്പില്ല. പരസ്പരം അവിശ്വസിക്കുന്ന രണ്ടു വ്യത്യസ്ത  ജനവിഭാഗത്തില്‍ പ്പെട്ടവരാണ് ഇവരെന്നത് ഇവര്‍ തമ്മിലുള്ള അനൈക്യത്തിനു തീവ്രതകൂട്ടുന്നു. 

ഗനി 2014ല്‍ പ്രസിഡന്‍റായി  തിരഞ്ഞെടുക്കപ്പെട്ടത് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന അബ്ദുല്ല  അംഗീകരി ച്ചിരുന്നില്ല. അമേരിക്ക ഇടപെടേണ്ടിവന്നു. അങ്ങനെ അബ്ദുല്ലയ്ക്കുവേണ്ടി ചീഫ് എക്സിക്യൂട്ടീവ് പദവി പ്രത്യേകമായി ഉണ്ടാക്കുകയായിരുന്നു. 

കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന തിരഞ്ഞെടുപ്പും അവസാനിച്ചതു തര്‍ക്കത്തിലാണ്. ഗനി ജയിച്ചതായി ഫലപ്രഖ്യാപനമുണ്ടായത് അഞ്ചു മാസത്തിനുശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഫെബ്രുവരി 18). ഇതും അംഗീകരിക്കാന്‍ അബ്ദുല്ല വിസമ്മതിക്കുന്നു. 

ഈ സാഹചര്യത്തിലുമാണ് താലിബാനുമായുള്ള നിര്‍ണായക ചര്‍ച്ചയക്ക് ഗനിയുടെ ഗവണ്‍മെന്‍റും അഫ്ഗാനിസ്ഥാനില്‍നിന്നുള്ള സൈനിക പിന്മാറ്റത്തിന് അമേരിക്കയും ഒരുങ്ങുന്നത്. 

                   

English Summary : Will the U.S.-Taliban Deal End the War?  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ