മുജീബിനുവേണ്ടി, വീറോടെ മകള്‍

HIGHLIGHTS
  • ആറുപേരുടെ വധശിക്ഷ നടപ്പാക്കി
  • അഞ്ചുപേരെ ഇനിയും പിടികിട്ടാനുണ്ട്
Sheikh Hasina
ഷെയ്ക്ക് ഹസീനയും അവാമിലീഗും ബംഗ്ളദേശില്‍ അധികാരത്തില്‍ എത്തിയിരുന്നില്ലെങ്കില്‍ മുജീബിനെയും മറ്റും കൂട്ടക്കൊല ചെയ്തവര്‍ ഇന്നും സസുഖം വിഹരിക്കുന്നുണ്ടാകുമായിരുന്നു
SHARE

‘ മുജീബ് ബൊര്‍ഷോ’ അഥവാ മുജീബ് വര്‍ഷമാണ് ഇപ്പോള്‍ ബംഗ്ളദേശില്‍. രാഷ്ട്രസ്ഥാപകനായ ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍റെ ജന്മശതാബ്ദി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ആഘോഷിച്ചുവരുന്നു. 

മാര്‍ച്ച് 17നു ജനങ്ങള്‍ കൂട്ടമായി പങ്കെടുക്കുന്ന ഒരു മഹാസമ്മേളന ത്തോടെ ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു പല വിദേശരാഷ്ട്ര നേതാക്കളും എത്തുമെന്നു പ്രതീക്ഷിക്കുകയായിരുന്നു. മാസങ്ങളായി ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. 

പക്ഷേ, കൊറോണ വൈറസ് കാരണം ഉദ്ദേശിച്ച വിധത്തില്‍ പരിപാടി നടത്താനായില്ല.  മുജീബിന്‍റെ പുത്രിയും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ക്ക് ഹസീനയ്ക്ക് സ്വാഭാവികമായും അതില്‍ ദുഃഖം തോന്നിയിട്ടുണ്ടാവാം.   

   

എങ്കിലും, മൂന്നാഴ്ചയായപ്പോഴേക്കും, ആ ദുഃഖം മറക്കാനും  പിതാവിന്‍റെ പേരില്‍തന്നെ ആഹ്ലാദിക്കാനും അവര്‍ക്ക് അപ്രതീക്ഷിതമായ അവസരം കൈവന്നു. 44 വര്‍ഷംമുന്‍പ് മുജീബിനെയും  അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 21 പേരെയും കൂട്ടക്കൊല ചെയ്തവരില്‍ ഒരു പ്രധാനിയെ പിടികൂടാനായി. ‘‘മുജീബ് ജന്മശതാബ്ദി വര്‍ഷത്തില്‍ രാജ്യത്തിനു ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം’’ എന്നാണ് ഹസീനയുടെ ആഭ്യന്തര മന്ത്രി അബ്ദുസ്സമാന്‍ ഖാന്‍ ഇതിനെ വിശേഷിപ്പിച്ചത്. 

മറ്റു 11 പ്രതികളോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന ഇയാള്‍-മുന്‍ ആര്‍മി ക്യാപ്റ്റന്‍ അബ്ദുല്‍ മജീദ്-23 വര്‍ഷം ഒളിവി   ലായിരുന്നു. കഴിഞ്ഞമാസം കൊല്‍ക്കൊത്തയില്‍ നിന്നാണത്രേ തിരിച്ചെത്തിയശേഷം ഏപ്രില്‍ ഏഴിനാണ് അറസ്റ്റിലായത്. ദയാഹര്‍ജി പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് തള്ളിയതിനെ തുടര്‍ന്ന് അഞ്ചാം ദിവസം (ഏപ്രില്‍ 12, ഞായറാഴ്ച) ധാക്ക സെന്‍ട്രല്‍ ജയിലില്‍ തൂക്കിക്കൊന്നു. 

പിതാവിനെയും മറ്റും കൊലചെയ്ത എല്ലാവര്‍ക്കും തക്ക ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏതാണ്ടു കാല്‍നൂറ്റാണ്ടു മുന്‍പ് ഹസീന തുടങ്ങിവച്ച യജ്ഞത്തിലെ ഒരു സുപ്രധാന ഘട്ടത്തെയാണ് ഇത് അടയാള പ്പെടുത്തുന്നത്. ഹസീനയും അവരുടെ അവാമി ലീഗും അധികാരത്തില്‍ എത്തിയിരുന്നില്ലെങ്കില്‍ എല്ലാ കൊലയാളികളും ഇന്നും സസുഖം വിഹരിക്കുന്നുണ്ടാകുമായിരുന്നു.

ബംഗ്ളദേശ് പാക്കിസ്ഥാനില്‍നിന്നു മോചനം നേടി വെറും നാലുവര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു സമീപകാല ചരിത്രത്തില്‍ സമാനതകളില്ലാത്ത ആ കൂട്ടക്കൊല. 1975 ഓഗസ്റ്റ് 15നു 28ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തില്‍ ഇന്ത്യക്കാര്‍ ഉണര്‍ന്നത് ഞെട്ടിക്കുന്ന ആ വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. ബംഗ്ളദേശ്  സൈന്യത്തിലെ പാക്ക് അനുകൂലികളായ ഒരു കൂട്ടം ജൂനിയര്‍ ഓഫീസര്‍മാര്‍ മുജീബിന്‍റെ തന്നെ ചില ‘വിശ്വസ്തരു’ടെ പിന്തുണയോടെ നടത്തിയ അട്ടിമറിയുടെ ഭാഗമായിരുന്നു അത്. 

Sheikh Mujibur Rahman, Abdul Majed
ഷെയ്ക്ക് മുജീബുര്‍ റഹ്മാൻ, അബ്ദുല്‍ മജീദ്

രാത്രിയിലെ ഇരുട്ടില്‍ ധാക്കയില്‍ ധന്‍മോണ്ടിയിലെ ബംഗഭവനി ല്‍ എത്തിയ അക്രമികള്‍ പ്രസിഡന്‍റ്  മുജീബിനോ ടൊപ്പം ഭാര്യ ഫസീലത്തുന്നിസ, ആണ്‍മക്കളായ കമാല്‍, ജമാല്‍, റസല്‍ (10 വയസ്സ്), പുത്രഭാര്യമാരായ സുല്‍ത്താന കമാല്‍, പര്‍വീന്‍ ജമാല്‍, മുജീബിന്‍റെ സഹോദരന്‍ നാസര്‍, അനന്തരവന്‍ അബ്ദുല്‍ഹഖ് മോനി, ഭാര്യ ആര്‍ജു മോനി, അളിയന്‍ അബ്ദുര്‍ റബ് സെര്‍നിയാബത്, അദ്ദേഹത്തിന്‍റെ മകന്‍ ആരിഫ്, മകള്‍ ബേബി (13), പൗത്രന്‍  സുകന്ത് ബാബു എന്നിവരെയും മൂന്ന് അതിഥികള്‍, നാലു വീട്ടുജോലിക്കാര്‍, മുജീബിന്‍റെ സെക്യൂരിറ്റി തലവന്‍ കേണല്‍ ജമീലുദ്ദീന്‍ അഹമദ് എന്നിവരെയും വെടിവച്ചുകൊന്നു. 

ഹസീനയും മുജീബിന്‍റെ ഇളയ പുത്രിയായ രഹാനയും സ്ഥലത്തില്ലാതിരുന്നതുകൊണ്ടുമാത്രം രക്ഷപ്പെടുകയായിരുന്നു. ശാസ്ത്രജ്ഞനായിരുന്ന ഭര്‍ത്താവ് വാജിദ് മിയാനോടൊപ്പം ചേരാന്‍ സഹോദരിയുടെ കൂടെ ജര്‍മനിയിലേക്കു പോയിരിക്കുകയായിരുന്നു ഹസീന. 

മുജീബിന്‍റെ ഉറ്റസഹപ്രവര്‍ത്തകരും മന്ത്രിമാരുമായ താജൂദ്ദീന്‍ അഹമദ്, മന്‍സൂര്‍ അലി, സയ്യിദ് നസ്റുല്‍ ഇസ്ലാം, എ. എച്ച്. എം. കമറുസ്സമാന്‍ എന്നിവരെ കലാപകാരികള്‍ അറസ്റ്റ് ചെയ്തു ജയിലിലാക്കി. രണ്ടര മാസത്തിനുശേഷം ജയിലില്‍വച്ച്തന്നെ അവരെയും കൂട്ടക്കൊല ചെയ്തു.  

നീണ്ട 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് അക്രമികള്‍ നിയമത്തിന്‍റെ പിടിയില്‍ അകപ്പെടാന്‍ തുടങ്ങിയത്. അതായത്,  1996ല്‍ ഹസീന ആദ്യമായി പ്രധാനമന്ത്രിയായതിനെ തുടര്‍ന്ന്. മുജീബിന്‍റെ വധത്തിനുശേഷം അതുവരെ ബംഗ്ളദേശ് ഭരിച്ച ഗവണ്‍മെന്‍റു കളെല്ലാം കൊലയാളികളെ സംരക്ഷിക്കുകയായിരുന്നു. 

മുജീബിനു പകരം അവര്‍ പ്രസിഡന്‍റാക്കിയ ഖണ്ടാക്കര്‍ മുഷ്ത്താഖ് അഹ്മദ്‌ അവരെ കുറ്റവിമുക്തരാക്കുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. പിന്നീട് അധികാരത്തില്‍ എത്തിയ പട്ടാളത്തലവന്‍ ജനറല്‍ സിയാവുര്‍ റഹ്മാന്‍റെ ഭരണത്തില്‍ അതു ഭരണഘടനയുടെ ഭാഗമായി. 

സിയയും വധിക്കപ്പെടുകയായിരുന്നു. മറ്റൊരു പട്ടാള വിപ്ളവത്തി ലൂടെ ഭരണം പിടിച്ചടക്കിയ ജനറല്‍ എച്ച്. എം. ഇര്‍ഷാദ്, സിയയുടെ വിധവ ഖാലിദ എന്നിവരില്‍നിന്നും മുജീബിന്‍റെ  ഘാതകര്‍ക്കു നിര്‍ലോപമായ സഹായവുംസംരക്ഷണവുമാണ് ലഭിച്ചത്.  

ചിലര്‍ക്കു സൈന്യത്തില്‍തന്നെ ഉദ്യോഗക്കയറ്റം കിട്ടുകയും മറ്റു ചിലര്‍ വിദേശ രാജ്യങ്ങളിലെ ബംഗ്ളദേശ് നയതന്ത്ര കാര്യാലയങ്ങളില്‍ മെച്ചപ്പെട്ട തസ്തികകളില്‍ നിയമിക്കപ്പെടു കയും ചെയ്തു. ഈയിടെ തൂക്കിലേറ്റപ്പെട്ട മുന്‍ ക്യാപ്റ്റന്‍ അബ്ദുല്‍ മജീദ് സൈന്യത്തില്‍നിന്നു വിരമിച്ചശേഷം പല സിവിലിയന്‍ ഉദ്യോഗങ്ങളും വഹിച്ചു. ഒടുവില്‍ ദേശീയ സമ്പാദ്യ വകുപ്പില്‍ ഡയരക്ടറായി. 

മുജീബിന്‍റെ പാര്‍ട്ടി, അവാമി ലീഗ് ഹസീനയുടെ നേതൃത്വത്തില്‍ 1996ല്‍ ഭരണത്തില്‍ തിരിച്ചെത്തിയതോടെ യാണ് എഫ്ഐആര്‍പോലും ഫയല്‍ ചെയ്യപ്പെട്ടത്. കൊലയാളികളെ കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള നിയമം പാര്‍ലമെന്‍റ് റദ്ദാക്കി. 

പിടിയിലായവരും അല്ലാത്തവരുമായ 20 പ്രതികളില്‍ 15 പേര്‍ക്ക് 1998ല്‍ ധാക്ക സെഷന്‍സ് കോടതി വധശിക്ഷ വിധിക്കുകയും  2001ല്‍ ഹൈക്കോടതി 12 പേരുടെ ശിക്ഷ  ശരിവയ്ക്കുകയും ചെയ്തു. പക്ഷേ, കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ വീണ്ടും തടസ്സങ്ങളുണ്ടായി. 

Sheikh Hasina
ഷെയ്ക്ക് ഹസീന

കാരണം, അതിനിടയില്‍ ഹസീനയുടെ ഭരണം അവസാനിക്കു കയും ഖാലിദ സിയ വീണ്ടും അധികാരത്തില്‍ എത്തുകയും ചെയ്തിരുന്നു. 2008ല്‍ ഹസീന രണ്ടാമതും പ്രധാനമന്ത്രി യായതോടെയാണ് തടസ്സങ്ങള്‍ നീങ്ങിയത്. 

ലെഫ്റ്റനന്‍റ്  കേണല്‍മാരായിരുന്ന സയ്യിദ് ഫാറൂഖ് റഹ്മാന്‍, സുല്‍ത്താന്‍ ഷഹരിയാര്‍ റഷീദ് ഖാന്‍, മുഹിയുദ്ദീന്‍ അഹമദ്, എ. കെ. എം.-മുഹിയുദ്ദീന്‍ അഹ്മദ്, മേജര്‍ ജനറലായിരുന്ന ബസ്ലുല്‍ ഹുദ എന്നിവര്‍ നല്‍കിയ അപ്പീല്‍ 2009ല്‍ സുപ്രീം കോടതി തള്ളി. ഇവരെ 2010 ജനുവരിയില്‍ തൂക്കിക്കൊന്നു. 

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരില്‍ മുന്‍ കേണല്‍ ഖണ്ടാക്കര്‍ അബ്ദുല്‍ റഷീദ്, മുന്‍ ലെഫ്. കേണല്‍ഷരീഫുല്‍ ഹഖ് ദാലിം, മുന്‍ മേജര്‍മാരായ നൂര്‍ ചൗധരി, എഎം. റഷീദ് ചൗധരി, മുന്‍ റിസാല്‍ദാര്‍ മുസ്ലിഹുദ്ദീന്‍ എന്നീ അഞ്ചുപേരെയാണ് ഇനിയും പടികിട്ടാനുള്ളത്. മറ്റൊരാള്‍, മുന്‍ ലെഫ്. കേണല്‍ അബ്ദുല്‍ അസീസ് പാഷ 2002ല്‍ ആഫ്രിക്കയിലെ സിംബാബ്വെയില്‍ സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചു. 

മുജീബിനെ വെടിവച്ച നൂര്‍ ചൗധരി കാനഡയിലും റഷീദ് ചൗധരി അമേരിക്കയിലുമാണുള്ളത്. അവരെ വിട്ടുകിട്ടാനുള്ള ശ്രമം ഊര്‍ജിതമായി നടന്നുവരുന്നു. മറ്റു മൂന്നു പേരെപ്പറ്റി ഇപ്പോഴും വ്യക്തമായ വിവരമില്ല. എങ്കിലും,  മുജീബ് ജന്മശതാബ്ദി അവസാനിക്കുന്നതിനു മുന്‍പ്തന്നെ അവരെയും പിടികൂടി ശിക്ഷയ്ക്കു വിധയമാക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രധാനമന്ത്രി ഹസീനയും അവരുടെ ഗവണ്‍മെന്‍റും.

English Summary : How Mujib killer’s hanging secures Hasina’s position in Bangladesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA