വിധിയെഴുതി യുഎസ് ഇലക്ടര്‍മാരും

HIGHLIGHTS
  • സുപ്രീംകോടതി നിരാശപ്പെടുത്തിയെന്ന് ട്രംപ്
  • ഇലക്ടറല്‍ രീതിക്കെതിരേ ജനവികാരം
vidhesharangom-us-president-joe-biden-profile-image
Joe Biden. Photo Credit : Chandan Khanna / AFP Photo
SHARE

ഒരു തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകാന്‍ എന്തെല്ലാം കടമ്പകള്‍. എന്തെല്ലാം ചട്ടവട്ടങ്ങള്‍. എത്ര നാളുകളിലെ കാത്തിരിപ്പ്. ഹാവൂ, നവംബര്‍ മൂന്നിനു നടന്ന യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ഫലം ഒടുവില്‍, ആറ് ആഴ്ചകള്‍ക്കുശേഷം ഔപചാരികമായി സ്ഥിരീകരിക്കപ്പെട്ടു. 

time-magazine-person-of-the-year-joe-biden-and-kamala-harris
TIME Person of the Year shows the cover of Time magazine announcing the 2020 Person of the Year with a painting of US President-elect Joe Biden and Vice President-elect Kamala Harris. Photo Credit : Jason Seiler / TIME / AFP

ഇതനുസരിച്ച് അമേരിക്കയുടെ 46ാമത്തെ പ്രസിഡന്‍റ് ജോ ബൈഡനും വൈസ്പ്രസിഡന്‍റ് കമല ഹാരിസും തന്നെ. ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഡിസംബര്‍ 14) ഇലക്ടറല്‍ കോളജ് അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും അവര്‍ക്ക് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഇതു സ്ഥിരീകരിക്കപ്പെട്ടത്. 

ഇനി ഒരു നടപടികൂടി ബാക്കിയുണ്ട്. ജനുവരി ആറിനു കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തില്‍ ആ വോട്ടുകള്‍ എണ്ണിനോക്കും. എല്ലാം ശരിയാണെങ്കില്‍ സെനറ്റ് അധ്യക്ഷന്‍ (വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്) വിജയികളെ പ്രഖ്യാപിക്കും. 

പക്ഷേ, പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇനിയും  തോല്‍വി സമ്മതിച്ചിട്ടില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്വന്തം വിജയത്തിനു വേണ്ടിയുള്ള യുദ്ധം തീര്‍ന്നിട്ടുമില്ല.  

അമേരിക്കയിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ സങ്കീര്‍ണതയാണ് ഇതിന്‍റെയെല്ലാം പശ്ചാത്തലം. പ്രസിഡന്‍റിനെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുകയല്ല.  ജനങ്ങള്‍ ഇലക്ടര്‍മാരെ തിരഞ്ഞെടുക്കുകയും ഇലക്ടര്‍മാര്‍ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുകയുമാണ്. വിജയം നിര്‍ണയിക്കപ്പെടുന്നതു സ്ഥാനാര്‍ഥികള്‍ക്കു കിട്ടുന്ന ഇലക്ടറല്‍ വോട്ടുകളുടെ അടിസ്ഥാനത്തില്‍. 

videsharangom-nancy-pelosi-donald-trump-mike-pence-group-photo
US President Donald Trump arrives to deliver the State of the Union address, alongside Speaker of the House Nancy Pelosi and Vice President Mike Pence,at the US Capitol in Washington, DC, on February 5, 2019. Photo Credit : Doug Mills / AFP

ഇത്തവണ ട്രംപ് ഏഴു കോടി 42 ലക്ഷം ജനകീയ വോട്ടുകളും 232 ഇലക്ടറല്‍ വോട്ടുകളും നേടിയപ്പോള്‍ ബൈഡന്‍ നേടിയത് എട്ടു കോടി 12 ലക്ഷം ജനകീയ വോട്ടുകളും 306 ഇലക്ടറല്‍ വോട്ടുകളുമാണ്. വ്യത്യാസം ഒരു കോടി 90 ലക്ഷം ജനകീയ വോട്ടുകളും 74 ഇലക്ടറല്‍ വോട്ടുകളും. 

ഇലക്ടര്‍മാരെ മൊത്തത്തില്‍ ഇലക്ടറല്‍ കോളജ് എന്നു വിളിക്കുന്നു. അവര്‍ സമ്മേളിക്കുന്നതും വോട്ടു ചെയ്യുന്നതും മുന്‍പ് കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതൊരു ഭരണഘടനാപരമായ ചടങ്ങു മാത്രമായിരുന്നു. പക്ഷേ, ഇത്തവണ ഒരു മഹാസംഭവമായി.  

ഓരോ സ്ഥാനാര്‍ഥിക്കും വിവിധ സംസ്ഥാനങ്ങളില്‍ കിട്ടുന്ന ജനകീയ വോട്ടുകളോടൊപ്പംതന്നെ അവര്‍ക്കുള്ള ഇലക്ടറല്‍ വോട്ടുകളും എത്രയാണെന്നു പോളിങ്ങിന്‍റെ പിറ്റേന്നുതന്നെ അറിയാനാകും. അതുകൊണ്ടാണ് ഇലക്ടറല്‍ കോളജ് സമ്മേളിക്കുന്നത് അധികമൊന്നും ശ്രദ്ധിക്കപ്പെടാതിരുന്നത്. 

1789ല്‍ നടന്ന ആദ്യത്തെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് മുതല്‍ നിലവിലുള്ളതാണ് ഇലക്ടറല്‍ സമ്പ്രദായം. ഓരോ സംസ്ഥാനത്തിനും രാജ്യതലസ്ഥാനമായ വാഷിങ്ടണ്‍ ഉള്‍പ്പെടുന്ന ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയ്ക്കും അവിടങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണത്തിനു തുല്യമായത്ര ഇലക്ടര്‍മാരെ നിശ്ചയിച്ചിട്ടുണ്ട്. മൊത്തം 538. അവരില്‍  270 പേരുടെ പിന്തുണ കിട്ടുന്നള്ളയാള്‍ ജയിക്കുന്നു. 

ഓരോ പാര്‍ട്ടിയും അത്രയും പേരെ ഇലക്ടര്‍മാരായി നിയമിക്കുകയാണ്. ഇത്തവണ ന്യൂയോര്‍ക്ക് സംസ്ഥാനത്തിലെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഇലക്ടര്‍മാരില്‍ മുന്‍ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റനും അദ്ദേഹത്തിന്‍റെ ഭാര്യ ഹിലരിയുമുണ്ടായിരുന്നു. കഴിഞ്ഞ (2016) പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ട്രംപിനോടു തോറ്റയാളാണ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി കൂടിയായ ഹിലരി. 

ഒരു സംസ്ഥാനത്തു ജനകീയ വോട്ടുകള്‍ അധികം നേടുന്ന സ്ഥാനാര്‍ഥിക്ക് അവിടത്തെ മുഴുവന്‍ ഇലക്ടറല്‍ വോട്ടുകളും കിട്ടുന്നു. നാടൊട്ടുക്കുമായി ജനകീയ വോട്ടുകളില്‍ ഭൂരിപക്ഷം നേടിയ ആള്‍ക്ക് മൊത്തം ഇലക്ടറല്‍ വോട്ടുകള്‍ വേണ്ടത്ര കിട്ടാതെയും വരാം. 2016ല്‍ ട്രംപിനേക്കാല്‍ 30 ലക്ഷം ജനകീയ വോട്ടുകള്‍ കൂടുതല്‍ കിട്ടിയിട്ടും ഹിലരി തോറ്റത് അങ്ങനെയാണ്.  

videsharangom-donald-trump-and-mike-pence-article-image
US President Donald Trump and Vice President Mike Pence. Photo Credit : Carlos Barria / Reuters

പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നാലുവര്‍ഷത്തില്‍ ഒരിക്കല്‍ നവംബറിലെ ആദ്യത്തെ തിങ്കളാഴ്ച കഴിഞ്ഞുവരുന്ന ചൊവ്വാഴ്ച നടത്തണമെന്നു നിശ്ചയിച്ചതുപോലെ ഇലക്ടറല്‍ വോട്ടെടുപ്പിനും  പ്രത്യേക തീയതി നിശചയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനു ശേഷമുള്ള ഡിസംബറിലെ രണ്ടാം ബുധനാഴ്ചയക്കുശേഷം വരുന്ന തിങ്കളാഴ്ച (ഇത്തവണ ഡിസംബര്‍ 14). ട്രംപും അദ്ദേഹത്തിന്‍റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും ആറാഴ്ചകളായി നടത്തിവന്ന നിയമയുദ്ധങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ബൈഡന് അനുകൂലമായി നാടൊട്ടുക്കും കള്ളവോട്ടുകള്‍ ചെയ്യപ്പെട്ടുവെന്ന ആരോപണമായിരുന്നു കേസുകളുടെ അടിസ്ഥാനം. പക്ഷേ, അതു കോടതികളില്‍ തെളിയിക്കാനായില്ല. 

ഏറ്റവുമൊടുവില്‍, സുപ്രീം കോടതിയെയും സമീപിച്ചു. പെന്‍സില്‍വേനിയ, മിഷിഗന്‍, ജോര്‍ജിയ, വിസ്കോന്‍സിന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബൈഡന്‍ നേടിയ ജനകീയ വോട്ടുകളില്‍ അധികവും കള്ളവോട്ടുകളാണെന്നായിരുന്നു വാദം. അതിന്‍റെ നിജസ്ഥിതിയിലേക്കു കടക്കാതെതന്നെ ഹര്‍ജി സുപ്രീംകോടതി തള്ളി. ട്രംപ് അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. 

കാരണം, സുപ്രീം കോടതിയിലെ ഒന്‍പതു ജഡ്ജിമാരില്‍ ആറു പേരും റിപ്പബ്ളിക്കന്‍ ഭരണകാലത്തു നിയമിക്കപ്പെട്ടവരാണ്. അവരില്‍ മൂന്നുപേര്‍ ട്രംപ്തന്നെ നിയമിച്ചവരും. ഏറ്റവും ഒടുവില്‍, തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുണ്ടായ ഒഴിവില്‍ തനിക്ക് ഇഷ്ടമുള്ള ഒരു ജഡ്ജിയെ നിയമിക്കാന്‍ ട്രംപ് തിടുക്കംകൂട്ടിയതു വിവാദമാവുകയും ചെയ്തിരുന്നു.  

"സുപ്രീം കോടതി ശരിക്കം ഞങ്ങളെ നിരാശപ്പെടുത്തി. ബുദ്ധിയില്ല. ധൈര്യമില്ല". ഇങ്ങനെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. 

videsharangom-column-joe-biden-us-president-campaign
Joe Biden.Photo Credit : AP Photo/Carolyn Kaster

ഇനി ജനുവരി ആറിന് എന്തു സംഭവിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇലക്ടര്‍മാര്‍ അവരവരുടെ സംസ്ഥാനങ്ങളിലിരുന്നു വോട്ട് ചെയ്തതിന്‍റെ രേഖകള്‍ ്വാഷിങ്ടണിലേക്ക് അയച്ചിരിക്കുകയാണ്. ജനുവരി ആറിനു കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തില്‍ അവ പരിശോധിക്കുകയും കൂട്ടിനോക്കുകയും ചെയ്യും.  

സെനറ്റ് ചെയര്‍മാന്‍ കൂടിയായ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സായിരിക്കും അധ്യക്ഷന്‍.  പ്രശ്നമൊന്നുമില്ലെങ്കില്‍ അദ്ദേഹം വിജയിയെ പ്രാഖ്യാപിക്കും. കഴിഞ്ഞ തവണ ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചത് അന്നത്തെ സെനറ്റ് അധ്യക്ഷനും വൈസ്പ്രസിഡന്‍റും ഇപ്പോഴത്തെ നിയുക്ത പ്രസിഡന്‍റുമായ ജോ ബൈഡനായിരുന്നു. .

മുന്‍പ്,  ഇതുമൊരു ചടങ്ങുമാത്രമായിരുന്നു. എന്നാല്‍, ഇത്തവണ മറ്റൊരു മഹാസംഭവമായേക്കാം. ഇത്രയെല്ലാം നൂലാമാലുകള്‍ക്കു കാരണമായിത്തീര്‍ന്ന ഇലക്ടറല്‍ സമ്പ്രദായം ഇനിയും നിലനിര്‍ത്തേണ്ട ആവശ്യമുണ്ടോ എന്ന ചിന്തയും അമേരിക്കക്കാര്‍ക്കിടയില്‍ വളരാന്‍ തുടങ്ങിയിട്ടുണ്ട്.  

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Videsharangom - Joe Biden ffficially wins The US Electoral College Votes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA