കണ്ഠകൗപീനവും മുഖകൗപീനവും

business-boom-airport
SHARE

വിമാനത്താവളമെന്നു കേട്ടാലൊരു ദീ....ർർർഘ നിശ്വാസം വരുന്ന സ്ഥിതിയാണു ലോകമെങ്ങും. എങ്ങനെ മിന്നിത്തിളങ്ങിയിരുന്നതാ എന്നാരും തലയിൽ കൈവച്ചു പോകും. കൊച്ചിയിൽ ലോക്ഡൗണിനു മുൻപ് ദിവസം ഇന്ത്യനും വിദേശിയും ചേർത്ത് ശരാശരി 242 ഫ്ലൈറ്റുകളെങ്കിൽ ഇപ്പോൾ ദിവസം 30–35 മാത്രം. ദിവസം 30000 യാത്രക്കാരെ കൈകാര്യം ചെയ്തിരുന്നിടത്ത് കഷ്ടിച്ച് 4000 പേർ.

ലണ്ടൻ ഹീത്രോ എയർപോർട്ട് കണ്ട സായിപ്പിന്റെ ചങ്കിൽ ഇടിവെട്ടിയ കഥയുണ്ട്. ലോകമാകെ നിന്നു ഫ്ലൈറ്റുകൾ മിനിറ്റ് വച്ച് ലാൻഡ് ചെയ്യുന്നു. അതൊക്കെ ആ നഗരത്തിന്റെ പൊങ്ങച്ചമായിരുന്നേ... ഇപ്പൊ നോക്കുമ്പോൾ അതിവിശാല ചെക് ഇൻ ഹാൾ വിജനം. ഡിപ്പാർച്ചർ ബോർഡിൽ നോക്കിയപ്പോൾ അന്ന് പോകാനുള്ളത് ആകെ 6 ഫ്ലൈറ്റ് മാത്രം. ലൈറ്റുകൾ പോലും ഓഫ്. കണ്ഠകൗപീനം (ടൈ) കെട്ടിയ ഒരു ജീവനക്കാരൻ മുഖകൗപീനം (മാസ്ക്) വിതരണം ചെയ്യാൻ നിൽക്കുന്നു!

ഹീത്രോ 2019 ഏപ്രിലിൽ കൈകാര്യം ചെയ്തത് 68 ലക്ഷം യാത്രക്കാർ. 2020 ഏപ്രിലിൽ ആകെ 2 ലക്ഷം. കഴിഞ്ഞ വർഷം ഏപ്രിലിലെ ഒരു ദിവസത്തെ ശരാശരി യാത്രക്കാർ ഇക്കുറി ഏപ്രിലിലാകെ. യൂറോപ്പിലാകെ 85% ഫ്ലൈറ്റുകളും പറക്കുന്നില്ല. അമേരിക്കയിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ 7 കോടി യാത്രക്കാരെ സുരക്ഷാ പരിശോധന നടത്തിയെങ്കിൽ ഇക്കൊല്ലം ഏപ്രിലിൽ വെറും 32 ലക്ഷം പേരെ മാത്രം.

ബിസിനസിനോ വിനോദത്തിനോ 2018ൽ 140 കോടി വിദേശ യാത്രകളാണുണ്ടായതത്രെ. ഹോളിഡേ എന്നു സായിപ്പ് വിളിക്കുന്ന വിനോദയാത്ര എന്ന സങ്കൽപം തന്നെ നമുക്ക് ഇല്ലായിരുന്നു. കഴിഞ്ഞ 2 പതിറ്റാണ്ടിലാണ് കൊച്ചു കേരളത്തിൽ നിന്നു പോലും സാധാരണ ജനം വിദേശ ടൂറുകൾ നടത്തി തുടങ്ങിയത്. വയോധിക ഗ്രൂപ്പുകൾ ഫോറിൻ ട്രിപ്പ് നടത്തുന്നത് ആദ്യം അത്ഭുതമായിരുന്നു. 

ഇനിയെന്ന് അതൊക്കെ തിരിച്ചു വരും? വാക്സിൻ കണ്ടുപിടിക്കും വരെ തട്ടിമുട്ടി പോകേണ്ടി വരും. വിദേശികൾ വിമാനത്തിൽ വന്നിറങ്ങണമെന്നില്ല, നാട്ടുകാർ യാത്ര നടത്തിയെങ്കിലും കാപ്പാത്തണമെന്നാണ് യൂറോപ്പിലും പറയുന്നത്.

ഒടുവിലാൻ∙ ആദ്യമായി ബ്രിട്ടിഷ് എയർവെയ്സും സ്വിസ് എയറും കേരളം തൊട്ടു. എന്തിനാ? അവരുടെ നാട്ടുകാരെ കൊണ്ടു പോകാൻ. ഇന്നുവരെ ഒരു വിമാനവും വന്നിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്നൊക്കെ ഇപ്പോൾ ഫ്ലൈറ്റ് വരുന്നുണ്ട്. ഇത്യോപ്യ, ടാൻസാനിയ, നൈജീരിയ, സ്വിറ്റ്സർലൻഡ്, അർമീനിയ, കസഖ്സ്ഥാൻ, യുക്രെയിൻ, വിയറ്റ്നാം... അഭിമാനം കൊണ്ടു വീർക്കേണ്ട, മലയാളികൾ ചാർട്ടർ ചെയ്തു വരുന്നതാണ്.

English Summary: Deserted airports in the time of pandemic

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.