ഒറ്റയ്ക്കല്ലല്ലോ നീ; ഞാനും...

HIGHLIGHTS
  • പതിവായി കാണാറുണ്ടെങ്കിലും ഒരു പുഞ്ചിരിക്കപ്പുറത്തേക്ക് ആ പരിചയം വളർന്നിട്ടില്ല ഇതുവരെ
  • അല്ലെങ്കിലും പരിചയങ്ങൾ വളരാതിരിക്കാനല്ലേ ഇക്കാലത്ത് എല്ലാവരും ശ്രദ്ധിക്കുക. അവൾ പ്രത്യേകിച്ചും
couple walking together
Representative Image. Photo By: Studio Romantic/Shutterstock
SHARE

സമയം എട്ടുമണിയാകുന്നു. വെയിലിന് തീപിടിച്ചുതുടങ്ങുന്നപോലെ. വല്ലാത്ത കിതപ്പ്..മതി.. ഇന്നിനി നടക്കാൻ വയ്യ. അവൾ സ്മാർട് വാച്ചിലേക്കു നോക്കി. എണ്ണായിരം സ്റ്റെപ് നടന്നിരിക്കുന്നു. ബേൺ ചെയ്ത കാലറിയുടെയും ഹൃദയമിടിപ്പിന്റെയും വിവരങ്ങൾ സ്മാർട് വാച്ചിൽ തെളിഞ്ഞുകിടന്നു. ഇന്നത്തേക്ക് ഇതുതന്നെ ധാരാളം.. അവൾ തിരിച്ചുനടക്കാൻ തുടങ്ങി. കുരിശുപള്ളിയുടെ വളവു തിരിഞ്ഞാൽ നാലാമതാണ് വീട്. ഒരു മണിക്കൂർ നീണ്ട ഓട്ടവും ചാട്ടവും കഴിഞ്ഞ് വീട്ടിലേക്കുള്ള തിരിച്ചുനടത്തം കുരിശുപള്ളിയെത്തുമ്പോഴേക്കും കാൽമുട്ടൊക്കെ വേദനിച്ചുതുടങ്ങാറുണ്ട്. പക്ഷേ അതൊന്നും സാരമാക്കാതെ ദിവസവും ഓടാൻ പോകണമെന്നാണ് മാത്തൻ ഡോക്ടർ പറഞ്ഞത്. ആ വളവിലെത്തുമ്പോഴാണ് അവൾ സ്ഥിരമായി ആ രണ്ടുപേരെ കാണാറുള്ളത്. അവരും നടത്തം കഴിഞ്ഞു മടങ്ങുന്നവരാണ്. ഭാര്യയും ഭർത്താവുമാണെന്ന് ഒറ്റനോട്ടത്തിലറിയാം. കുരിശുപള്ളിയുടെ ഒത്ത മുന്നിൽവച്ചാണ് എതിർദിശയിൽനിന്നു നടന്നുവരുന്ന അവരെ അവൾ മുഖാമുഖം കാണുക. തലയാട്ടിക്കൊണ്ട് ഒരു ചെറുപുഞ്ചിരി പതിവായി കാണാറുണ്ടെങ്കിലും അതിനപ്പുറത്തേക്ക് ആ പരിചയം വളർന്നിട്ടില്ല ഇതുവരെ അല്ലെങ്കിലും പരിചയങ്ങൾ വളരാതിരിക്കാനല്ലേ ഇക്കാലത്ത് എല്ലാവരും ശ്രദ്ധിക്കുക. അവൾ പ്രത്യേകിച്ചും... 

നഗരത്തിലെ പുതിയ വീട് വാങ്ങി താമസം തുടങ്ങിയിട്ട് മൂന്നുവർഷമായെങ്കിലും അവിടെയുള്ള ആരുമായും അവൾക്ക് പ്രത്യേകിച്ച് ഒരു അടുപ്പവുമില്ല. പക്ഷേ, ഇവർ രണ്ടുപേരെ കാണുമ്പോഴൊക്കെ ഒന്നു പരിചയപ്പെടണമെന്ന് അവൾ വെറുതെ ആഗ്രഹിക്കാറുണ്ട്. അതിതുവരെ നടന്നിട്ടുമില്ല. എന്നും അവർ രണ്ടുപേരും ഒരുമിച്ചാണ് വരിക. രണ്ടുപേർക്കും അറുപതിനോടടുത്തുണ്ട് പ്രായം. തലയിൽ അവിടെയിവിടെയൊക്കെ വെള്ളിവരകൾ കാണാം. പതുക്കെയാണ് നടത്തം. അങ്കിളിന് നല്ല ഉയരവും തലയെടുപ്പുമുണ്ട്. നരച്ച താടി ഇടയ്ക്കിടെ തടവുന്നതുകാണാം. മിക്കപ്പോഴും കറുപ്പോ കടുംനീലനിറത്തിലോ ഉള്ള സ്പോർട്സ് ടിഷർട്ടായിരിക്കും വേഷം. പ്രായത്തിന്റെ ചുക്കിച്ചുളിവുകൾ മാറ്റിനിൽത്തിയാൽ ആളിപ്പോഴും സുന്ദരൻ. ചുള്ളൻ. ആന്റിക്ക് അങ്കിളിന്റെ നേർ പകുതി ഉയരമേ കാണൂ. അത്ര മെലിഞ്ഞിട്ടല്ല. ഈ പ്രായത്തിലും അവരുടെ ആകാരവടിവുകൾ നഷ്ടമായിട്ടില്ല. നീണ്ട മുടി. ആന്റിയും ഒരു ടി ഷർട്ടും ‍ട്രാക്ക് പാന്റുമായിരിക്കും വേഷം. അവർക്ക് നല്ല കസവുമുണ്ടാണ് ചേരുകയെന്ന് ഓരോ കാഴ്ചയിലും അവൾക്കു തോന്നിയിട്ടുണ്ട്. അവർ മറികടന്നുപോകുമ്പോൾ നല്ല ചെമ്പകത്തിന്റെ വാസന തോന്നാറുണ്ട്. ഒന്നുരണ്ടുവട്ടം അവരെ പിന്തിരിഞ്ഞുനോക്കിയപ്പോഴാണ് ആന്റിയുടെ നീണ്ട മുടിക്കെട്ടിനുള്ളിലെ ചെമ്പകപ്പൂവിതളുകൾ കണ്ടത്. 

നടക്കുമ്പോഴൊക്കെ പതിഞ്ഞ ശബ്ദത്തിൽ അവർ രണ്ടുപേരും എന്തൊക്കെയോ മിണ്ടിപ്പറയുന്നത് അവൾ ശ്രദ്ധിക്കാറുണ്ട്. ആരുംകേൾക്കാമെല്ലെയുള്ള അവരുടെ കിന്നാരംപറച്ചിലും കൈകോർത്തുപിടിച്ചുള്ള നടത്തവും ചിരിയുമൊക്കെ കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്. അവരൊരുമിച്ചുള്ള ആ മനോഹരകാഴ്ചയോടെയാണ് അവളുടെ പ്രഭാതനടത്തങ്ങൾ അവസാനിക്കുക. അവൾക്ക് ആ ഒരു ദിവസത്തേക്ക് അതുമതി. വെറുതെ സന്തോഷിക്കാൻ... ആശ്വസിക്കാൻ... ഓരോ ദിവസവും പുലരുന്നത് അവരെ കാണാൻകൂടി വേണ്ടിയാണെന്ന് ചിലപ്പോഴെങ്കിലും അവൾക്കു തോന്നുന്നതും അതുകൊണ്ടാണ്. 

ഞായറാഴ്ചയൊഴികെ ഒരുദിവസവും അവൾ നടത്തം മുടക്കാറില്ല. അവരും. കഴിഞ്ഞദിവസം പക്ഷേ അങ്കിൾ തനിച്ചായിരുന്നു. അദ്ദേഹത്തിന്റെ വലതുകയ്യിൽ കൈകോർത്തുപിടിച്ചുനടക്കാറുള്ള ചെമ്പകപ്പൂവിനെ കണ്ടില്ലല്ലോ എന്ന് അവൾ മനസ്സിലോർക്കുകയും ചെയ്തു. പിറ്റേന്നും കുരിശുപള്ളിയെത്തിയപ്പോൾ അറിയാതെ അവളുടെ നടത്തത്തിന്റെ വേഗം കുറഞ്ഞു. അങ്കിളും ആന്റിയും നടന്നെത്തുന്നതു കണ്ടിട്ട് വീട്ടിലേക്കു കയറാമെന്നു കരുതി. അന്നും പക്ഷേ അങ്കിൾ തനിച്ചായിരുന്നു. അദ്ദേഹത്തിന്റെ കറുത്ത ടിഷർട്ടിലും മുഖത്തും കൂടുതൽ ചുളിവുകൾ വീണിരുന്നതുപോലെ തോന്നി. ആന്റിയെവിടെ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മുഖത്തെ നിസ്സഹായമായ അപരിചിതത്വം കണ്ടപ്പോൾ അവളതുവേണ്ടെന്നുവച്ചു. ആന്റിയെവിടെയെന്നറിയാനുള്ള ആകാംക്ഷ ആ ദിവസം മുഴുവൻ അവളെ ശ്വാസംമുട്ടിക്കുന്നുണ്ടായിരുന്നു. 

അതിന്റെ പിറ്റേന്നും ആന്റി കൂടെയില്ലാതെ ഒറ്റയ്ക്കാണ്  അങ്കിളിനെ കണ്ടത്. മുഖത്ത് വളരെ പ്രയാസപ്പെട്ട് ഒരു ചിരിഭാവംവരുത്തി അങ്കിൾ കടന്നുപോയി. അദ്ദേഹം നടന്നുപോകുന്നത് അവൾ കുറച്ചുനേരം നോക്കിനിന്നു. പിന്നെ രണ്ടുംകൽപിച്ച് അവളും അദ്ദേഹത്തിന്റെ പിന്നാലെ നടക്കാൻ തുടങ്ങി. തൊട്ടുപിറകെയല്ലെങ്കിലും അങ്കിൾ പോകുന്ന വഴിയേ അവളും പിന്തുടർന്നു. അദ്ദേഹം അന്നു കൂടുതൽ ക്ഷീണിതനായതുപോലെ. നടത്തത്തിനു പതിവു വേഗമോ ഉഷാറോ ഇല്ലായിരുന്നു. ഇടയ്ക്കിടെ ഒന്നു നിന്ന്, ചുറ്റിലും ആരെയോ തിരയുന്നപോലെ കണ്ണോടിച്ച് വളരെ സാവധാനമായിരുന്നു നടത്തം. പിന്നാലെ അദ്ദേഹമറിയാതെ പിന്തുടർന്നപ്പോൾ അവൾ വെറുതെ മനസ്സിൽ സങ്കൽപിച്ചു; ഇത്തവണ അവരുടെ വീട് കണ്ടുപിടിക്കണം. ചിലപ്പോൾ അദ്ദേഹം നടന്നെത്തുന്നതുംകാത്ത് വീട്ടുപടിക്കൽ ആന്റി കാത്തുനിൽക്കുന്നുണ്ടാകണം. തിരികെയെത്തുന്നത് കാത്തുനിൽക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ എന്ന് അവൾ എത്രവട്ടം ആഗ്രഹിച്ചിട്ടുണ്ട്. ആന്റി ചിലപ്പോൾ അങ്കിളിനുള്ള ഒരു കപ്പ് കാപ്പിയും തയാറാക്കി ഉമ്മറത്തിരിക്കുകയായിരിക്കുമോ? ‘‘ആകെ വിയർത്തല്ലോ; പോയി കുളിച്ചുവരൂ, ബ്രേക്ഫാസ്റ്റ് റെഡിയാണ്’’ എന്നും പറഞ്ഞ് ഒരു ബാത്‌ ടവൽ എടുത്തുനീട്ടുമായിരിക്കും. അങ്കിൾ കുളിക്കാനോ മറ്റോ അകത്തേക്കുപോകുന്ന തക്കംനോക്കി ആന്റിയുടെ അടുത്ത് ചെല്ലണം.  ഇന്നെന്തായാലും രണ്ടുവാക്ക് മിണ്ടണം.. പേര് ചോദിക്കണം. എന്നും മുടിയിൽചൂടുന്ന ആ ചെമ്പകപ്പൂക്കൾ എവിടെനിന്നെന്നു തിരക്കണം. ചിലപ്പോൾ അവളോട് മിണ്ടാൻ ആന്റിയും അത്രനാൾ മടിച്ചുനിന്നതായിരിക്കണം... അങ്ങനെയോരോന്നു ചിന്തിച്ചു നടക്കുമ്പോഴാണ് അങ്കിൾ ടാറിട്ട റോഡുവിട്ട് ഒരു ഇടവഴിയിലേക്കു തിരിയുന്നതു കണ്ടത്. അവളും അതുവഴിയേ തിരിഞ്ഞു. 

ആ ഇടവഴി ചെന്നുനിന്നത് വലിയോരു ഗേറ്റിനു മുന്നിലാണ്. മലർക്കെ തുറന്നുവച്ച ആ ഗേറ്റിനകത്തും പുറത്തുമായി കുറച്ചുപേർ കൂടിനിൽപുണ്ട്. അവർ ഫോണിലും അല്ലാതെയും ഉച്ചത്തിലെന്തൊക്കെയോ സംസാരിക്കുന്നു. വലിയ പെട്ടികളുമായി രണ്ടുമൂന്നുപേർ ടാക്സികളിലേക്കു കയറുന്നതും കാറുകൾ പൊടി പറത്തി പോകുന്നതും കണ്ട് അവൾ മുറ്റത്തിന്റെ ഓരത്തേക്കു ചേർന്നുനിന്നു. പന്തൽ അഴിക്കുന്നതിന്റെ തിരക്കിലാണ് മറ്റു ചിലർ. വലിച്ചുകെട്ടിയ ഷാമിയാന ചുരുട്ടിമടക്കി ഒരു പെട്ടിവണ്ടിയിലേക്കു കയറ്റുകയാണ് കുറച്ചുപേർ. അടക്കംപറച്ചിലുകൾക്കും നെടുവീർപ്പുകൾക്കും പിന്നാമ്പുറത്തുനിന്നുയരുന്ന അപ്പത്തിന്റെയും സ്റ്റ്യൂവിന്റെയും മണത്തിനുമിടയിൽ ഒരു പാവം മരണം അവിടെ ശ്വാസംമുട്ടിനിന്നു. ആന്റിയെ പരിചയപ്പെടാൻവേണ്ടിയുള്ള ആദ്യവരവ് ഏറെ വൈകിപ്പോയെന്ന കുറ്റബോധത്തോടെ അവൾ തിരിച്ചുനടന്നു. കൂടുതൽനേരം അവിടെ നിൽക്കാനോ ആരോടെങ്കിലും എന്തെങ്കിലും ചോദിക്കാനോ തോന്നിയില്ല. 

ചരൽക്കല്ലുകൾ പാകിയ നടവഴിയിലൂടെ തിരികെ നടന്നപ്പോൾ അവൾ വെറുതെ അങ്കിളിനെ തിരയുന്നുണ്ടായിരുന്നു. എന്തെങ്കിലും ഒരുവാക്ക് പറഞ്ഞ് അദ്ദേഹത്തെ ഒന്നാശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എങ്ങും കണ്ടില്ല. അടക്കവും ചടങ്ങുകളും കഴിഞ്ഞ് എല്ലാവരും മടങ്ങിപ്പോകുന്നതിന്റെ തിരക്കിലാണെന്നു തോന്നുന്നു. ആന്റിയുടെ മക്കളെന്നു തോന്നിക്കുന്ന രണ്ടു ചെറുപ്പക്കാർ വീടുപൂട്ടി സന്ദർശകരുടെ കയ്യിൽപിടിച്ച് യാത്രപറഞ്ഞ് കാറിലേക്കു കയറുന്നതുകണ്ടു. അപ്പോഴും അക്കൂട്ടത്തിലൊന്നും അങ്കിളിനെ കാണാതെ വന്നപ്പോൾ അവൾക്കു പരിഭ്രമം തോന്നി. അദ്ദേഹം മക്കളുടെകൂടെ പോകുകയായിരിക്കണം. അല്ലെങ്കിലും ആന്റിയില്ലാതെ ഒറ്റയ്ക്ക് ഈ വീട്ടിൽ അദ്ദേഹം എങ്ങനെ കഴിഞ്ഞുകൂടാൻ... ഒറ്റയ്ക്കാവുന്നതിനേക്കാൾ വേദനിപ്പിക്കുന്നില്ലല്ലോ ഒരു മരണവും എന്നു സങ്കടത്തോടെ ഓർമിച്ചുകൊണ്ട് അവൾ പേരറിയാത്ത, ആരെയുമറിയാത്ത ആ വീട്ടിൽനിന്ന് തിരിച്ചിറങ്ങി.

ഗേറ്റുവരെ നീളുന്ന വഴിയുടെ ഇരുവശവും ബോഗൻവില്ലകൾ വെട്ടിനിർത്തിയിരുന്നു. അവൾ ആ പച്ചപ്പിനിടയിലും തിരഞ്ഞതു ചെമ്പകമരമായിരുന്നു. എന്നും പൂക്കുന്ന ചെമ്പകമരം.. ആന്റിയെക്കുറിച്ചുള്ള അവളുടെ ഓർമകളെ വാസനിപ്പിച്ച ചെമ്പകമരം. അതുമാത്രം ആ തൊടിയിലെങ്ങും കാണാത്തതിൽ അവൾക്ക് അദ്ഭുതം തോന്നി. ഗേറ്റിനടുത്തെത്തിയപ്പോൾ മതിലിൽ ചാരിവച്ചിരുന്ന ഒരു ഫ്ലെക്സ് ബോർഡ് താഴേക്കു മറിഞ്ഞുകിടക്കുന്നത് അവൾ കണ്ടു. അതിൽ കുറെ കടുംചുവന്ന റോസാപ്പൂക്കളുടെ ഇടയിൽ ആന്റിയുടെ മുഖചിത്രം. എന്തൊരഴകോടെയാണ് ആന്റി ആ ഫോട്ടോയിൽ ചിരിച്ചുകൊണ്ടുനിൽക്കുന്നത്. അതിന്റെ താഴെ ആന്റിയുടെ പേരും മറ്റുവിവരങ്ങളും എഴുതിയിരുന്നു. 

ട്രീസ മരിയ

ജനനം: 1960 ജൂൺ 15

മരണം: 2020 ജനുവരി 10

ഭർത്താവ്: പരേതനായ മാത്യു കാനാപ്പള്ളി

മക്കൾ: ജോബി മാത്യു, റോബി മാത്യു.

കാൽവിരൽത്തുമ്പത്തുനിന്നൊരു തരിപ്പ് മേലാകെ പടരുന്നതുപോലെ അവൾക്കുതോന്നി. അവൾ ഗേറ്റ് കടന്ന് ഇടവഴിയിലൂടെ, ടാറിട്ട റോഡ് ലക്ഷ്യമാക്കി വേഗം നടന്നു. ആളൊഴിഞ്ഞ തൊടിപ്പടർപ്പിൽനിന്ന് അപ്പോൾ ചെമ്പകം വാസനിക്കുന്നുണ്ടായിരുന്നു... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS