സ്നേഹമേ പരംസൗഖ്യം

Love
Photo Credit : Alexey Laputin / Shutterstock.com
SHARE

മനുഷ്യജീവിതത്തിൽ സ്നേഹത്തിനുള്ള സ്ഥാനം അതുല്യമാണ്. സ്നേഹത്തിന്റെ ചൂടേറ്റ് ജീവിതസൂനം മനോജ്ഞമായി വിടരുന്നു. ഓസ്കർ വൈൽഡ് കുട്ടികൾക്കുവേണ്ടി എഴുതിയ കഥയാണ് ‘സ്വാർഥനായ രാക്ഷസൻ.’ ദുഷ്ടനായ രാക്ഷസനു മനോഹരമായ ഒരു പൂന്തോട്ടമുണ്ടായിരുന്നു. ഒരിക്കൽ സമീപ പ്രദേശങ്ങളിലെ കുട്ടികൾ അതു കണ്ടെത്തുകയും അതിനുള്ളിൽ കടക്കുകയും ചെയ്തു. ചിരിയും കളിയുമായി അവർ കഴിഞ്ഞു. അതുവരെ ഒരിക്കലും വസന്തം വിരിഞ്ഞിട്ടില്ലാത്ത ഉദ്യാനത്തിൽ അതോടെ പൂക്കൾ സമൃദ്ധിയായി വിടർന്നു.

കുട്ടികൾ തോട്ടത്തിൽ കളിക്കുന്നത് ഒരുദിവസം രാക്ഷസൻ കണ്ടു. അലറിപ്പാഞ്ഞ് അയാൾ കുട്ടികളുടെ അടുക്കലെത്തി. ‘‘ഇതെന്റെ തോട്ടമാണ്. ആർക്കും ഇവിടെ പ്രവേശനമില്ല. പോകുവിൻ!’’ അയാൾ കുട്ടികളെ വിരട്ടി. കുട്ടികൾ നാലുപാടും ചിതറിപ്പാഞ്ഞു. രാക്ഷസൻ തോട്ടത്തിനു ചുറ്റും കനത്ത മതിലുകൾ തീർത്തു. വഴികളെല്ലാം അടച്ചു. ‘‘അതിക്രമിച്ചു കയറുന്നവരെ ശിക്ഷിക്കും’’ എന്നൊരു ബോർഡും വച്ചു. കുട്ടികൾക്കു കളിസ്ഥലം ഇല്ലാതായി. പൊടിമണ്ണുള്ള റോഡിലും കൂർത്തുമൂർത്ത കല്ലുകളുള്ള വെളിസ്ഥലങ്ങളിലും ക്ലേശിച്ച് അവർ കളി തുടർന്നു. മതിൽക്കെട്ടിനു വെളിയിൽ അവർ അലഞ്ഞു നടക്കും. അപ്പോൾ നെടുവീർപ്പെട്ടുകൊണ്ട് അവർ പറയും, ‘‘അവിടെ നമുക്കെന്തു സന്തോഷമായിരുന്നു!’’

പൂക്കാലം വീണ്ടും വന്നു. നാടെങ്ങും പൂക്കൾ നിറഞ്ഞു. രാക്ഷസന്റെ ഉദ്യാനത്തിൽ പൂക്കൾ വിരിഞ്ഞില്ല. കുഞ്ഞാറ്റക്കിളി പാടിയില്ല. ഒരിക്കൽ ഒരു കൊച്ചുപുഷ്പം കണ്ണുതുറന്നു നോക്കി. രാക്ഷസൻ വച്ചിരുന്ന ബോർഡ് കണ്ട് ആ പൂവും കണ്ണടച്ചു നിദ്രപൂണ്ടു. മരവിപ്പിക്കുന്ന മഞ്ഞ്, പഴുത്ത ഇലകളുടെ പുതപ്പു ചൂടിയ ശൈത്യകാലത്തിന്റെ തോഴിയായി വന്നു. രാക്ഷസന്റെ മതിൽക്കെട്ടിനുള്ളിൽ മാത്രം ശൈത്യകാലം. മതിൽക്കെട്ടിനു വെളിയിൽ പൂത്തുലയും വസന്തം!

വടക്കൻകാറ്റ് രാക്ഷസന്റെ ഉദ്യാനത്തിൽ അലറിപ്പാഞ്ഞു നടന്നു. ആലിപ്പഴങ്ങൾ, കരിങ്കൽച്ചീളുകൾ പോലെ വീണ് അയാളുടെ വീടിന്റെ മേൽക്കൂര തകർത്തു. വസന്തകാലം താമസിക്കുന്നതെന്തെന്നു ചിന്തിച്ച് രാക്ഷസൻ വീട്ടിനുള്ളിൽ പതുങ്ങിക്കൂടിയിരുന്നു. ഒരുദിവസം ഒരു കൊച്ചുപക്ഷിയുടെ മനോഹരമായ കൂജനം കേട്ടു രാക്ഷസൻ ഉണർന്നു. ഉദ്യാനത്തിലെത്തിയപ്പോൾ വടക്കൻകാറ്റിന്റെ അലർച്ച നിന്നിരുന്നു. മഞ്ഞുവീഴുന്നില്ല. പുഷ്പഗന്ധം എങ്ങും പരന്നിട്ടുണ്ട്. വസന്തം സമാഗതമായല്ലോ എന്നു കരുതി രാക്ഷസൻ തോട്ടത്തിലേക്ക് ഓടി.

അദ്ഭുതകരമായ കാഴ്ച! പണ്ട് ഓടിച്ചുവിട്ടിരുന്ന കുട്ടികൾ മതിലിനു മുകളിലൂടെ വലിഞ്ഞുകയറി തോട്ടത്തിലെത്തിയിരിക്കുന്നു. ഓരോ വൃക്ഷശിഖരത്തിലും ഒരു കൊച്ചുകുട്ടി. കുട്ടികളിരുന്ന വൃക്ഷങ്ങൾ മാത്രം പൂക്കളും മധുരക്കനികളും അണിഞ്ഞു രോമാഞ്ചം പൂണ്ടു നിൽക്കുന്നു. ആ വൃക്ഷങ്ങളിൽ കുട്ടികൾ ഇരുന്നു പാടുന്നു. തോട്ടത്തിന്റെ ഒരു കോണിൽ മഞ്ഞിൽപൊതിഞ്ഞ ഒരുമരം. അതിന്റെ കീഴിൽ ഒരു കൊച്ചുകുട്ടി. പൊക്കം കുറഞ്ഞ അവനു മുകളിൽ കയറുവാൻ സാധ്യമല്ല. വൃക്ഷം തന്റെ ശിഖരങ്ങൾ ചായിച്ചുകൊണ്ട് ആ കുട്ടിയോടു പറയുന്നു: ‘‘കയറിക്കോളൂ, കയറിക്കോളൂ’’ എന്ന്.

രാക്ഷസന്റെ കാലൊച്ച കേട്ടതോടെ വൃക്ഷങ്ങളുടെ മുകളിൽ ഇരുന്ന കുട്ടികൾ ഇറങ്ങി, മതിൽചാടി ഓടി. തൽക്ഷണം വൃക്ഷങ്ങളിലെ പൂക്കൾ പോയ്മറഞ്ഞു. എല്ലാം മഞ്ഞിൽപുതഞ്ഞു മരവിച്ചു നിന്നു. പൊക്കമില്ലാത്ത കുട്ടി മാത്രം മഞ്ഞുചൂടിയ വൃക്ഷത്തിന്റെ ചുവട്ടിൽ നിലകൊണ്ടു. രാക്ഷസൻ ആ കുട്ടിയെ എടുത്തു വൃക്ഷത്തിന്റെ മുകളിൽ വച്ചു. വൃക്ഷം പൊടുന്നനെ അടിമുടി പൂത്തു പുഞ്ചിരിതൂകി. രാക്ഷസൻ ചിന്തിച്ചു: ‘‘ഞാൻ സ്വാർഥമതിയായതുകൊണ്ടാണ് വസന്തം എന്റെ ഉദ്യാനത്തിൽ നിന്ന് ഓടിമറഞ്ഞത്. എന്റെ സ്വാർഥത ഞാൻ ഇല്ലാതാക്കും. ഉദ്യാനത്തിന്റെ മതിലുകൾ ഇടിച്ചുനിരത്തും. നിരോധന ബോർഡ് മാറ്റിക്കളയും.’’ പിറ്റേ ദിവസം കുട്ടികൾ വന്നപ്പോൾ രാക്ഷസൻ പറഞ്ഞു: ‘‘കുട്ടികളേ, ഇനി മുതൽ ഇതു നിങ്ങളുടെ തോട്ടമാണ്. നിങ്ങൾ ഇഷ്ടംപോലെ ഇവിടെ വിഹരിച്ചുകൊള്ളുക.’’ പിന്നീട് എല്ലാ ദിവസവും കുട്ടികൾ ആ തോട്ടത്തിൽ ഒരുമിച്ചു കളിച്ചുല്ലസിച്ചു. വസന്തം അവരുടെ കളിത്തോഴിയായി ഉദ്യാനത്തിൽ നിറഞ്ഞു നിന്നു.

രാക്ഷസൻ എടുത്ത് വൃക്ഷക്കൊമ്പിൽ ഇരുത്തിയ കുട്ടിയെ മാത്രം പിന്നീടു കണ്ടില്ല. വർഷങ്ങൾ കഴിഞ്ഞു. ഒരു ദിവസം വെള്ളപ്പൂക്കൾ നിറഞ്ഞു നിൽക്കുന്ന വൃക്ഷച്ചുവട്ടിൽ മുൻപൊരിക്കൽ രാക്ഷസൻ വൃക്ഷക്കൊമ്പിൽ എടുത്തുവച്ച കൊച്ചുകൂട്ടുകാരൻ നിൽക്കുന്നതു കണ്ടു. അവന്റെ അടുക്കൽ രാക്ഷസൻ ഓടിയെത്തി. ആ കുട്ടിയുടെ കൈകളിലും കാലുകളിലും ആണി തറച്ച മുറിവുകൾ ഉണ്ടായിരുന്നു. രാക്ഷസൻ ചോദിച്ചു: ‘‘കുഞ്ഞേ, നിന്റെ കയ്യിലും കാലിലും ആണി തറച്ചതാരാണ്? എന്റെ വലിയ വാളെടുത്ത് അവനെ ഞാൻ അരിഞ്ഞു വീഴ്ത്തും.’’ ‘‘വേണ്ടാ.’’ ‘‘എന്തുകൊണ്ട്?’’ ‘‘ഇവ സ്നേഹത്തിന്റെ മുറിവുകളാണ്.’’ ‘‘അങ്ങ് ആരാണ്?’’ സംഭ്രമത്തോടെ രാക്ഷസൻ ആ ബാലന്റെ മുന്നിൽ മുട്ടുകുത്തി. പുഞ്ചിരി തൂകിക്കൊണ്ടു ബാലൻ പറഞ്ഞു: ‘‘നിന്റെ തോട്ടത്തിൽ കളിക്കാൻ നീ എന്നെ ഒരിക്കൽ അനുവദിച്ചു. ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും.’’അന്നു വൈകിട്ട് ആ കുട്ടികൾ കളിക്കാൻ വന്നപ്പോൾ ആ മരത്തിന്റെ കീഴിൽ രാക്ഷസൻ മരിച്ചുകിടക്കുന്നതും ശരീരത്തിൽ വെള്ളപ്പൂക്കൾ ചൂടിയിരിക്കുന്നതും കണ്ടു.

സാമാന്യം ദീർഘമായ ഈ കഥ മൗലികമായ പല സന്ദേശങ്ങളും നൽകുന്നുണ്ട്. സ്വാർഥത നമ്മുടെ ഹൃദയത്തെ കൂരിരുളിലാഴ്ത്തുന്നു. അതു നമുക്കും നമ്മോട് ഇടപെടുന്ന എല്ലാവർക്കും ദുഃഖമേ ഉളവാക്കുകയുള്ളൂ. നാം പരസ്പരം സ്നേഹിക്കുമ്പോൾ നമ്മിൽ ദൈവകൃപ വ്യാപരിക്കുന്നു. ലോകരാഷ്ട്രങ്ങൾ ആയുധം സംഭരിച്ചുകൊണ്ടു ഭീതിയുടെയും നാശത്തിന്റെയും നിഴലിൽ ലോകത്തെ നിർത്തുന്നു. അതു മനുഷ്യമനസ്സിൽ മുറ്റിനിൽക്കുന്ന സ്വാർഥതയുടെ ഫലമായിട്ടു വേണം ചിന്തിക്കുവാൻ. സ്വാർഥത വെടിയുക; പരസ്പരം സ്നേഹിക്കുവാനും വിശ്വസിക്കാനും തയാറാവുക. അപ്പോൾ ഭൂമിയെ സ്വർഗമാക്കിത്തീർക്കുവാൻ നമുക്കു കഴിയും.

English Summary: Innathe Chintha Vishayam about Love

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS