വൈരുധ്യങ്ങൾ

HIGHLIGHTS
  • ഏറെയുണ്ട് ജീവിതത്തിൽ വൈരുധ്യങ്ങൾ
Kadhakkoottu1200-APRIL24
SHARE

പശ്ചിമഘട്ട പർവതനിരകൾ കാണാൻ കിഴക്കോട്ടു നോക്കുന്നവരാണ്, നമ്മൾ കേരളീയർ. അതുകൊണ്ടാണോ ഇത്രയേറെ വൈരുധ്യങ്ങൾ നമ്മുടെ കൺമുന്നിൽ വരുന്നതെന്നു പലപ്പോഴും തോന്നാറുണ്ട്.

ലോകത്തെങ്ങുമുള്ള ഒരു വൈരുധ്യത്തെപ്പറ്റി കവി കുഞ്ഞുണ്ണി പാടിയിട്ടുണ്ട്.

‘‘പിന്നോട്ടുമാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ

മുന്നോട്ടു പായുന്നിതാളുകൾ’’

കേരളത്തിൽ താമസിച്ചു പ്രവർത്തിച്ച ജർമൻ മിഷനറി വോൾബ്രിച്ച് നാഗേൽ ‘സമയമാം രഥത്തിൽ’ എന്ന പാട്ടെഴുതിയത് ഒരു പ്രത്യാശാ ഗാനമായിട്ടാണ്. പക്ഷേ, ഇന്നു ക്രിസ്ത്യാനികൾ അതു പാടുന്നത് മരണാവസരങ്ങളിൽ മാത്രമാണ്. കെ.എസ്. സേതുമാധവൻ ‘അരനാഴികനേരം’ എന്ന ചലച്ചിത്രത്തിൽ ഇതൊരു ചരമഗീതമായി ഉൾപ്പെടുത്തിയതിനുശേഷം വിശേഷിച്ചും.

പണ്ഡിറ്റ് കറുപ്പന്റെ കറുപ്പ് പേരിലേയുള്ളൂ. ആള് നല്ല വെളുപ്പനായിരുന്നു.

ചെറുപ്പം മുതൽ വിളപ്പിച്ചെടുത്തതു കവിതയുടെ വിത്തുകളായിരുന്നെങ്കിലും ആകാശവാണിയിൽ അക്കിത്തത്തിന്റെ നിയോഗം കൃഷിരീതിയും കീടനാശിനിപ്രയോഗവും കൃഷിക്കാരെ പഠിപ്പിക്കുന്ന ‘വയലും വീടും’ പരിപാടിയുടെ എഡിറ്ററായിട്ടായിരുന്നു.

പണ്ടേയുള്ള പത്രങ്ങളെ അവയുടെ സ്ഥാപക പത്രാധിപന്മാരുടെ പേരുകളിലാണ് നാം ഓർക്കാറ്. മനോരമയുടെ കണ്ടത്തിൽ വർഗീസ് മാപ്പിള, മാതൃഭൂമിയുടെ കെ.പി. കേശവമേനോൻ, കേരള കൗമുദിയുടെ സി.വി. കുഞ്ഞിരാമൻ എന്നിങ്ങനെ. എന്നാൽ, വക്കം മൗലവിക്കു വേണ്ടി സ്വദേശാഭിമാനി പത്രം തുടങ്ങിയ പത്രാധിപരെയല്ല, അതു പൂട്ടിച്ച പത്രാധിപരെയാണു നാം ഓർമിക്കുന്നത്–സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ. അതിന്റെ ആദ്യ പത്രാധിപരായിരുന്ന സി.പി. ഗോവിന്ദപ്പിള്ളയെ ഇന്ന് ഓർക്കുന്നവരുണ്ടോ?

വൈക്കം ക്ഷേത്ര പരിസരത്തുള്ള റോഡിലൂടെ അവർണർക്കും നടക്കാനുള്ള അവകാശത്തിനുവേണ്ടി വൈക്കം സത്യഗ്രഹം നടക്കുമ്പോൾ 1925 ഫെബ്രുവരി ഏഴിനു തിരുവിതാംകൂർ ശ്രീമൂലം അസംബ്ലിയിൽ ഈ വിഷയം ചർച്ചയ്ക്കു വന്നു. വഴിനടപ്പവകാശം നൽകണമെന്ന പ്രമേയം ഒരൊറ്റ വോട്ടിനാണ് (22–21) പരാജയപ്പെട്ടത്. സവർണ ഹിന്ദുക്കൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ നിർണായകമായിത്തീർന്ന ആ ഒരു വോട്ട് ഈഴവരുടെയും കേരളീയരുടെയാകെയും സമാദരണീയ നേതാവായിരുന്ന ഡോ. പൽപ്പുവിന്റെ സഹോദരൻ പരമേശ്വരന്റേതായിരുന്നു.

കൊല്ലത്തിനടുത്ത് ഒരു സർക്കാർ സ്കൂളിൽ ഈഴവ കുട്ടികളെ ചേർത്തപ്പോൾ സവർണ ഹിന്ദു കുട്ടികൾ ടിസി വാങ്ങി സ്ഥലംവിട്ടു. അപ്പോൾ അയ്യങ്കാളി കുറെ പുലയ കുട്ടികളെ അവിടെ കൊണ്ടുപോയി ചേർത്തു. ഉടനെ ഈഴവ കുട്ടികൾ ടിസി വാങ്ങി പോയി. ഫലം: സ്കൂൾ പൂട്ടി.

ആ കാലത്തെ ഒരു ചരിത്രസംഭവമായിരുന്നു സഹോദരൻ അയ്യപ്പൻ സംഘടിപ്പിച്ച മിശ്രഭോജനം. അതിനു മുന്നോടിയായി ഇരുപത്തൊന്നു പേർ യോഗം ചേർന്നു തങ്ങൾ അവർണരുടെ കൂടെയിരുന്നു ഭക്ഷണം കഴിക്കുമെന്നു സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ ഭക്ഷണം കഴിക്കേണ്ട ഘട്ടം വന്നപ്പോൾ യോഗത്തിലെ അധ്യക്ഷനടക്കം കുറെപ്പേർ ഒഴിഞ്ഞുമാറി.

കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട സി. കേശവൻ ജയിൽമോചിതനായപ്പോൾ ആലപ്പുഴയിൽ കെ.സി. മാമ്മൻ മാപ്പിളയുടെ അധ്യക്ഷതയിൽ ഗംഭീര സ്വീകരണമായിരുന്നു ഒരുക്കിയത്. തിരുവിതാംകൂറിലെ 51 ലക്ഷം ജനങ്ങളുടെ പേരിൽ അന്നവിടെ കേശവന് ആദരം അർപ്പിച്ച ടി.എം. വർഗീസിനെ ശ്രീമൂലം അസംബ്ലിയുടെ ഡപ്യൂട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റാൻ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ ഭക്തന്മാർ പ്രമേയം അവതരിപ്പിച്ചു. രാജ്യദ്രോഹിക്കു സ്വാഗതമരുളിയ വർഗീസ് കുറ്റക്കാരനാണെന്ന് അന്ന് അസംബ്ലിയിൽ നിലപാടെടുത്ത പട്ടം താണുപിള്ളയെ പിന്നീടു നമ്മൾ കാണുന്നത് സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറിന്റെ പ്രധാനമന്ത്രിയായാണ്. വർഗീസിനെ അദ്ദേഹം മന്ത്രിസഭയിലെടുക്കുകയും ചെയ്തു.

തിരുവിതാംകൂറിൽ പല പത്രങ്ങളുടെയും നട്ടെല്ലൊടിക്കുകയും മനോരമ ഒൻപതു വർഷം പൂട്ടിയിടീക്കുകയും ചെയ്ത സി.പി. രാമസ്വാമി അയ്യരെ സ്വാതന്ത്ര്യാനന്തരം നമ്മൾ കാണുന്നത് പത്രസ്വാതന്ത്ര്യം ഉറപ്പു വരുത്താൻ നെഹ്റു ഗവൺമെന്റ് നിയമിച്ച പ്രസ് കമ്മിഷനിലെ ദേശീയ അംഗമായാണ്.

കേരളം കണ്ട ഏറ്റവും വലിയ സംഗീതജ്ഞരിലൊരാളായ ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഒരിക്കലും തിരുവനന്തപുരം നവരാത്രി മണ്ഡപത്തിൽ പാടിയിട്ടില്ല. അദ്ദേഹത്തിന് അവിടെനിന്നു ക്ഷണം കിട്ടിയിട്ടില്ല. എന്നിട്ടും ചെമ്പൈ നവരാത്രി മണ്ഡപത്തിൽ പാടിയതായി ചലച്ചിത്രഗാനമെഴുതുകയും അദ്ദേഹത്തിന്റെ ശിഷ്യർ തന്നെ സംഗീതം നൽകി പാടുകയും ചെയ്തുവെന്നതു വേറെ കാര്യം.

ഈശോ സഭയുടെ സുപ്പീരിയർ ഫാ. എടമരം, ഫാ. എസ്. കാപ്പനെ ഡോക്ടറേറ്റ് എടുക്കാൻ റോമിലേക്കയച്ചത് കേരളത്തിൽ കമ്യൂണിസത്തെ പ്രതിരോധിക്കുന്നതിനുള്ള ആയോധനത്തിനാണ്. റോമിൽ വച്ച് മാർക്സിസം ശാസ്ത്രീയമായി പഠിച്ച ഫാ. കാപ്പൻ മാർക്സിസത്തിന്റെ ഒരു ആരാധകനായാണു മടങ്ങിവന്നത്. ഇന്ത്യയിൽ വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവായി ഉയരുകയും ചെയ്തു.

ചേരിചേരാ രാഷ്ട്രങ്ങളിലെ മന്ത്രിതല സമ്മേളനം കൊളംബോയിൽ നടന്നപ്പോൾ ഇന്ത്യൻ സംഘത്തലവനായ വിദേശകാര്യമന്ത്രി എ.ബി. വാജ്പേയി ഇന്ത്യൻ പത്രപ്രതിനിധികളെ ഒരു ദിവസം ഉച്ചഭക്ഷണത്തിനു ക്ഷണിച്ചു. 

പഞ്ചനക്ഷത്ര ഹോട്ടലിൽ തീൻമേശയിലെ ഒരു വിഭവം വാജ്പേയി സ്വന്തം പ്ലേറ്റിലിട്ടപ്പോൾ തൊട്ടടുത്തിരുന്ന പത്രപ്രവർത്തകൻ ബി.ആർ.പി. ഭാസ്കർ പറഞ്ഞു: ‘‘പണ്ഡിറ്റ്ജീ, അതു ബീഫ് ആണ്.’’

‘‘ഇത് ഇന്ത്യൻ പശു അല്ല’’ എന്നാണ് വാജ്പേയ് ചിരിച്ചുകൊണ്ടു പറഞ്ഞതെന്നു ബിആർപി എഴുതുന്നു.

English Summary: ‘Kadhakoottu’ Column written by Thomas Jacob on Contradiction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.