ADVERTISEMENT

തിരുവനന്തപുരം കഴക്കൂട്ടത്ത് ടെക്നോപാർക്കിനടുത്ത് കടലോളം രുചിയൊളിപ്പിച്ചൊരു കപ്പലുണ്ട്– ചായക്കപ്പലെന്നു പേരിട്ട ആർട്ട് കഫേ. ഫുഡും പെയിന്റിങ്ങും ലൈവ് മ്യൂസിക്കും പുസ്തകങ്ങളുമൊക്കെ ചേരുന്നൊരു അപാര ആംബിയൻസ്.

അൽപം ഫ്ലാഷ് ബാക്ക്

തൃശൂർക്കാരി നികിത പ്ലസ്ടു കഴിഞ്ഞപ്പോൾ വീട്ടുകാരുടെ നിർബന്ധം കൊണ്ട് എൻജിനീയറിങ്ങിനു ചേർന്നു. രക്തത്തിൽ അലിഞ്ഞ രുചികളും കലയുമുള്ളൊരു പെൺകുട്ടിക്ക് പറ്റിയ പണിയല്ലെന്നുറപ്പുള്ളതു കൊണ്ട് നികിത അതു വേണ്ടെന്നുവച്ചു. വിവാഹശേഷം സി–ഡിറ്റിൽ സ്ക്രിപ്റ്റ് റൈറ്ററായി. പിന്നീട് ഇറാം ഇൻഫോടെക്കിൽ പുസ്തകക്കട ഓൺലൈൻ.കോമിനൊപ്പം ജോലിചെയ്തു. അതും മടുത്തപ്പോൾ രാജിവച്ചു. വരുമാനത്തിനൊരു വഴി എന്ന ആലോചനയാണ് രുചികളുടെ വിശാലസുന്ദര ലോകത്തേക്കെത്തിച്ചത്. തൃശൂരിൽ അമ്മയുടെ വീട്ടിൽ എല്ലാവരും പുപ്പുലി പാചകക്കാർ. ചെറുപ്പം മുതൽ പാചകം നികിതയ്ക്കും ക്രേസ് ആയിരുന്നു. പിന്നൊന്നും നോക്കിയില്ല അച്ചാറിലായിരുന്നു ആദ്യം കൈവച്ചത്. ഓൺലൈനിൽ അച്ചാർ വിൽപന പച്ചപിടിച്ചു, പിന്നെ പൊടിപൊടിച്ചു. ഇതിനിടെ ആർട്ട് കഫേ എന്നൊരു ആശയം തലയിൽ കയറിയെങ്കിലും കാശ് അറേഞ്ച് ചെയ്യേണ്ടതു കൊണ്ട് അച്ചാർ വിൽപനയുമായി മുന്നോട്ട് പോയി. അന്നും ഇന്നും ഒപ്പമുള്ളത് തൽഹത്ത് എൻഎസ് എന്ന ചങ്ക്.

ചായക്കപ്പലോട്ടം തുടങ്ങുന്നു

മനസിലിട്ട് പാകപ്പെടുത്തിയെടുത്ത ആർട്ട് കഫേ എന്ന സ്വപ്നം ഒരുക്കാനുള്ള ഓട്ടമായിരുന്നു പിന്നീട്. നികിതയുടെ വാക്കുകളിൽ ‘എനിക്ക് ഞാനായി ഇരിക്കാൻ പറ്റുന്ന ഒരിടം. സൗഹൃദം പങ്കിടാൻ ഒരിടം’ ഇതൊക്കെ ആയിരുന്നു മനസിൽ. സാധാരണ ആർട്ട് കഫേ എന്നൊക്കെ കേൾക്കുമ്പോൾ തന്നെ പൈസ പൊട്ടിക്കാനൊരിടം എന്നാണ് ആളുകളുടെ ധാരണ. ആ ധാരണ മാറ്റിയെഴുതും ചായക്കപ്പൽ. 15 രൂപ മുതൽ പുട്ട്, 24 രൂപയ്ക്ക് ദോശ... എന്നിങ്ങനെ ആർക്കും സ്വാഗതമോതുന്ന വിലപ്പട്ടിക.  വായിക്കാൻ ഇഷ്ടം പോലെ പുസ്തകങ്ങൾ , സംഗീതമൊഴുകുന്ന, ശാന്തമായ അകം... ഇന്റീരിയർ ഏതാണ്ട് ഒറ്റയ്ക്കാണ് ഡിസൈൻ ചെയ്തത്. പഴയ കുപ്പികളിലൊക്കെ ഇന്റീയർ പ്ലാന്റ്സ് വച്ചു പിടിപ്പിച്ചു. പണത്തിന്റെ കുറവു കൊണ്ടായിരുന്നു തീരുമാനമെങ്കിലും സംഭവം കിടു ആയി.  ഉദ്ഘാടനവും ലളിതം. സാധാരണക്കാരായ ആളുകൾക്ക് പറ്റുന്ന ഭക്ഷണം–  അതും ഒട്ടും കൃത്രിമമല്ലാത്ത സ്വന്തമായി തയാറാക്കുന്ന കറിക്കൂട്ടുകൾ ഉപയോഗിച്ച് തയാറാക്കുന്ന– ഭക്ഷണം തന്നെയാണ് ഈ കഫേയുടെ ഹൈലൈറ്റ്. സൗഹൃദം പങ്കിടാനും പുസ്തകം വായിക്കാനും അലസമായി സമയം ചെലവഴിക്കാനും ഒക്കെ ഇവിടെയെത്താം. ഇടയ്ക്കിടെ ലൈവ് മ്യൂസിക്കൽ പ്രോഗ്രാമുകളും ഉണ്ടാകും.

  തൃശൂർക്കാരി ആയതുകൊണ്ടുതന്നെ മലബാർ ഫ്ലേവർ ഭക്ഷണമാണ് ഇവിടെ അധികവും. ഗോതമ്പ് ഉപ്പുമാവ്, ഗോതമ്പ് ദോശ, കഞ്ഞി, പല വൈറൈറ്റി കപ്പ, പല തരം കട്ടൻചായ, പുട്ട്, ഓംലെറ്റ് മുതലായവയുടെ വെറൈറ്റീസ് എന്നിങ്ങനെ മെനുവിൽ വായിൽ കപ്പലോടിക്കും വിഭവങ്ങളേറെ. കോഴി– പിടി, വട്ടയപ്പം– ബീഫ് തുടങ്ങിയ എത്‌നിക് ഐറ്റംസും ഇവിടെ കിട്ടും. ഉച്ചയ്ക്ക് ചോറിനൊപ്പം വിളമ്പുന്നതും തനിനാടൻ കറികളാണ്. അധികം വിഭവങ്ങൾ കാണില്ലെങ്കിലും ഉള്ളത് ഗംഭീരമാക്കാൻ ശ്രദ്ധിക്കാറുണ്ടെന്ന് നികിത. താളും പരിപ്പും, വെള്ളരിക്ക– മാങ്ങ തുടങ്ങി കറികൾ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും. ഡിസംബർ അവസാന വാരം തുടങ്ങിയ കഫേയിൽ 3 മാസം കൊണ്ട് ഏറെ സ്ഥിരം കസ്റ്റമേഴ്സ് ആയിക്കഴിഞ്ഞു. ഉച്ചയ്ക്ക് 12ന് തുറന്ന് 2.30ന് അടയ്ക്കും. പിന്നീട് വൈകുന്നേരം 6 മുതൽ രാത്രി 11 വരെ കഫേ ലൈവ് ആകും. 

 20 പേർക്ക് ഇരിക്കാവുന്ന ഇടമേ ഇപ്പോഴുള്ളൂ. 3 ജോലിക്കാരും നികിതയുൾപ്പെടെ 4 സുഹൃത്തുക്കളുമാണ് ചായക്കപ്പലിലെ അമരക്കാർ. ടേബിൾ ക്ലീനിങ് തൊട്ട് പാത്രം കഴുകൽ വരെ എന്തു ജോലിയും ഈ ഏഴു പേരും പങ്കിട്ട് ചെയ്യും. ഒപ്പം പാട്ടെഴുത്തും പാചകവും പുസ്തക ചർച്ചകളും.   പുതിയതായി മ്യൂസിക് തുടങ്ങുന്നവർക്ക് ലൈവ് പെർഫോർമൻസിനും ചായക്കപ്പൽ വേദിയൊരുക്കുന്നുണ്ട്. കപ്പ ബിരിയാണിയും ഇറച്ചിപ്പുട്ടുമാണ് ചായക്കപ്പലിന്റെ സൂപ്പർഹിറ്റ് ചാർട്ടിലിപ്പോൾ മുന്നിൽ.

എളുപ്പത്തിൽ മിനിറ്റുകൾക്കുള്ളിൽ തയാറാക്കാവുന്ന ചായക്കപ്പൽ സ്പെഷൽ പാൽകുറുമ പരിചയപ്പെടുത്താം. 

പാൽകുറുമ 

പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് 1 ഗ്രാമ്പൂ, ഏലക്ക, പട്ട, തക്കോലം ഇവ ചേർത്ത് മസാല മൂത്ത മണം വരും വരെ ചൂടാക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ കാരറ്റ്, മട്ടർ, നൈസ് ആയി അരിഞ്ഞ ബീൻസ് ഇവ ചേർത്തു വഴറ്റുക. കുറച്ചാകുമ്പോൾ മഞ്ഞൾപ്പൊടി, പച്ചമുളക് ഇവയും ചേർത്ത് ഫ്രൈ ചെയ്യുക. കുക്കറിൽ ഒരു ഉരുളക്കിഴങ്ങ് അൽപം മഞ്ഞൾപ്പൊടി ഉപ്പ് ഇവ ചേർത്ത് വേവിച്ച് ഉടച്ച് വയ്ക്കുക. എല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു പാക്കറ്റ് പാലും ചേർത്ത് തിളച്ച് കുറുകുമ്പോൾ മല്ലിയില വിതറി അടയ്ക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com