ADVERTISEMENT

എന്നെ കാണുന്നവരെല്ലാം വിചാരിക്കും ഞാൻ വളരെയധികം ഭക്ഷണം കഴിക്കുന്നയാളാണെന്ന്. ഞാൻ കഴിക്കുന്നതു കണ്ടാൽ ഈ പ്രതീക്ഷയുമായി വരുന്നവർ ഞെട്ടിപ്പോകും, വളരെ കുറച്ചേ കഴിക്കാറുള്ളു. അമിതമായി ഭക്ഷണം കഴിക്കാറേയില്ല. ഭക്ഷണം കിട്ടിയാൽ കഴിക്കും. കിട്ടിയില്ലേൽ വിശന്നു ചാവും എന്നൊന്നും പറയാറില്ല. സുഹൃത്തുക്കൾക്ക് എന്നോടു ദേഷ്യമുള്ളത് ഈ കാര്യത്തിൽ മാത്രം. ഒരുമിച്ചുള്ള യാത്രകളിൽ അവരിൽ പലരും വിശന്നു തലകറങ്ങി വീണിട്ടുണ്ട്. എനിക്ക് സമയത്ത് ഭക്ഷണം കഴിക്കണം എന്നൊന്നുമില്ല. ഇന്നത് വേണം എന്നും ഇല്ല. ശരീരത്തിന് വണ്ണം പണ്ടേ ഉള്ളതാണ്, ഭക്ഷണം കഴിച്ചിട്ടുള്ള വണ്ണമല്ല ഇത്. 

വണ്ണത്തിന്റെ പേരിൽ ഇതുവരെ ആരും കളിയാക്കിയിട്ടില്ല, സ്കിറ്റിൽ ഇതിന്റെ പേരിൽ തമാശകൾ പറയും. പക്ഷേ ഞാൻ കേൾക്കെ ആരും കളിയാക്കിയിട്ടില്ല, അങ്ങനെ കളിയാക്കിയാൽ ഞാൻ വിടുകയുമില്ല. ഒരു സംഭവമുണ്ട്, ഞങ്ങൾ ഒരു സ്റ്റേജ് ഷോയ്ക്ക് പോയപ്പോൾ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ കയറി. ഞാനും നെൽസണും ഒരുമിച്ചിരിക്കുന്നു. എല്ലാവരും നാലു പൊറോട്ട കഴിക്കുമ്പോൾ ഞാൻ രണ്ട് എണ്ണമേ കഴിക്കാറുള്ളു. കൂടെയുള്ളവർക്കും അറിയാം അധികം കഴിക്കില്ലായെന്ന്. ഹോട്ടലിലെ സപ്ലയർ എന്നെ കണ്ട് ചോദിച്ചു ‘ബാക്കിയുള്ളവർക്ക് തികയുമോ...’ എന്ന്. ഞാൻ പ്രതികരിച്ചാൽ പ്രശ്നമാകുമെന്ന് പറഞ്ഞ് കൂട്ടുകാരൻ നെൽസൺ ശൂരനാട് പുള്ളിയെ അത്യാവശ്യം നല്ല രീതിയിൽ ‘ഡീൽ’ ചെയ്തു.

ഭക്ഷണം ഇഷ്ടമാണ്, പക്ഷേ അമിത ഭക്ഷണം ഇല്ല. രാവിലെ രണ്ട് ചപ്പാത്തി, ഉച്ചയ്ക്ക് രണ്ട് ചപ്പാത്തി വൈകിട്ട് ചപ്പാത്തി അല്ലെങ്കിൽ ഇത്രയും ഭക്ഷണം മതി ഒരു ദിവസം എനിക്ക്. വ്യത്യസ്തമായ ഭക്ഷണം കഴിക്കാൻ കൂട്ടുകാരുടെ കൂടെ ഇഷ്ടം പോലെ യാത്ര ചെയ്യാറുണ്ട്. സുധി കോപ്പ ഇക്കാര്യത്തിൽ നല്ലൊരു വഴികാട്ടിയാണ്. നല്ല ഭക്ഷണങ്ങളുടെ ലിസ്റ്റ് പുള്ളിയുടെ കൈയിൽ ഉണ്ട്. സിനിമയിലും സ്റ്റേജ് പരിപാടികളിലും കിട്ടുന്ന അവസരങ്ങളും ഭക്ഷണപ്രിയമുള്ള ക്യാരക്ടറാണ്, ചെയ്യാൻ പറ്റില്ല എന്നൊന്നും പറയില്ല, ഇഷ്ടപ്പെട്ടു തന്നെ ചെയ്യും. 

ഇത്തിരി ചമ്മന്തി കിട്ടാൻ എന്തെങ്കിലും വകുപ്പുണ്ടോ?

പാചകം ചെയ്യാറുണ്ടോ എന്ന് ചോദിച്ചാൽ ഈയടുത്ത് ചാനൽ ഷോയിൽ ചമ്മന്തി അരച്ച് വൈറൽ ആയിപ്പോയി. അതിനുശേഷം കാണുന്നവരെല്ലാം ചോദിക്കും ഇത്തിരി ചമ്മന്തി കിട്ടാൻ എന്തെങ്കിലും വകുപ്പുണ്ടോ? ചമ്മന്തിക്കുള്ള പുളി, കറിവേപ്പില ഇതൊന്നും ചേർക്കാതെയാണ് തയാറാക്കിയത്. ആകെ മധുരമുള്ളൊരു ചമ്മന്തി. അല്ലാതെ പരിപാടിക്ക് വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ എല്ലാവരും കൂടി പാചകം ചെയ്യാറുണ്ട്. യാത്രകളിൽ അൽപം കുരുമുളകും ഉപ്പും ബാഗിൽ കരുതും. പ്രത്യേകിച്ച് ഫ്ലൈറ്റിലെ ഫുഡ് കഴിക്കാൻ, തൊണ്ടയ്ക്ക് പ്രശ്നം ഉള്ളതു കൊണ്ടാണ് ഇത് രണ്ടും കരുതുന്നത്, കിട്ടുന്ന ഭക്ഷണത്തിലും അൽപം ചേർക്കും!

പാൽപ്പൊടി ഇപ്പോഴും പേടിപ്പിക്കുന്ന ഓർമ

വീടിനടുത്താണ് സ്കൂൾ, നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ദിവസം സ്കൂൾ വിട്ട് വരുമ്പോൾ അമ്മ പാത്രം കഴുകുന്നു. അടുക്കളയിലെ ടിന്നിൽ പാൽപ്പൊടി ഇരിപ്പുണ്ട്. അമ്മ വരുന്നതിന് മുൻപ്  തുറന്ന് കൈയിട്ട് ഒരു പിടി പാൽപ്പൊടി വാരി വായിൽ ഇട്ടു, ഇത് വായിൽക്കിടന്ന് പെട്ടെന്ന് സെറ്റാകുമെന്നുള്ള കാര്യം എനിക്കറിയില്ലായിരുന്നു. ആകെപ്പാടെ ശ്വാസം കിട്ടാതെ ചാകാൻ തുടങ്ങി. വാതിലിൽ തട്ടിവിളിച്ച് ബഹളം ഉണ്ടാക്കി അമ്മച്ചി ഓടി വന്ന് സ്പൂൺ എടുത്ത് കുത്തിയിളക്കി രക്ഷപെടുത്തി. അടഞ്ഞിരിക്കുന്ന പൈപ്പൊക്കെ ശരിയാക്കുന്ന പോലെ ശരിയാക്കി. പിന്നെ പാൽപ്പൊടി കാണുമ്പോഴേ പേടിയാണ്. 

ഉണക്കമീനും പുളിശ്ശേരിയും ഉണ്ടെങ്കിൽ പിന്നെ നോക്കാനില്ല!

യാത്രകളിൽ ഒരുപാടു ഭക്ഷണം മുന്നിൽ വന്നാലും അതിൽനിന്ന് അൽപം എരിവുള്ള രണ്ടോ മൂന്നോ വിഭവം മാത്രം കഴിക്കും അത്രമാത്രം. എന്തൊക്കെയുണ്ടെങ്കിലും ഉള്ളിയും മുളകും ചുട്ടിട്ട് എണ്ണചാലിച്ച് അരയ്ക്കുന്ന ചമ്മന്തിയും പുളിശ്ശേരിയും കൂട്ടിയുള്ള ചോറ് വളരെ ഇഷ്ടമാണ്. ഇതിന്റെ കൂടെ മിൻകറി വേണമെന്ന് യാതൊരു നിർബന്ധവുമില്ല, കിട്ടിയാൽ കഴിക്കും, അത്ര മാത്രം. പക്ഷേ ഉണക്കമീനും പുളിശ്ശേരിയും ഉണ്ടെങ്കിൽ പിന്നെ നോക്കാനില്ല! അത് വളരെ പ്രിയപ്പെട്ടതാണ്. ചക്ക എരിശ്ശേരിയൊക്കെ ഉണ്ടെങ്കിൽ ചോറ് കഴിക്കും. അല്ലെങ്കിൽ ചപ്പാത്തിയോ ഗോതമ്പ് പുട്ടോ മതി. അങ്ങനെ പെട്ടെന്നു വിശക്കാറില്ല, ഭക്ഷണം വെപ്രാളപ്പെട്ട് കഴിക്കാൻ പറ്റില്ല. സമാധാനമായിട്ടു കഴിക്കണം. ഉച്ചയ്ക്ക് വിശന്നിരിക്കുമ്പോൾ രണ്ട് ബിസ്ക്കറ്റ് കിട്ടിയാലും മതി. വളരെ പതിയെ ചവച്ച് അരച്ച് കഴിക്കുന്നതാണ് ശീലം. ഇപ്പോൾ വണ്ണം കൂടാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഇടയ്ക്ക് ഡയറ്റ് ചെയ്ത് 10 കിലോയൊക്കെ കുറയ്ക്കും, എന്തു ചെയ്യാനാണ്, വെള്ളം കുടിച്ചാലും വണ്ണം കൂടും.

എല്ലാം മാറ്റിമറിച്ച സമയം!

രണ്ടു പ്രളയം, അതിനു ശേഷം ഈ കൊറോണവൈറസ്, ഇത് കൊണ്ട് ആകെ പെട്ടിരിക്കുന്നവരാണ് കലാകാരൻമാർ. സ്റ്റേജ് കൊണ്ട് ജീവിക്കുന്ന ധാരാളം ആളുകളുണ്ട്, അങ്ങനെയുള്ളവർക്ക് ഇത് നഷ്ടത്തിന്റെ കാലമാണ്. ഒഴിഞ്ഞ ഉത്സവപറമ്പുകളും അതിനെ ആശ്രയിച്ച് ജീവിതം പച്ച പിടിപ്പിച്ചിരുന്ന സഹപ്രവർത്തകരും ധാരാളം. മരിച്ചു പോയ സുഹൃത്ത് അരുണിന്റെ പേരിലുള്ള ‘അരുൺ സൗഹൃദ വേദി’ എന്ന കൂട്ടായ്മയിലൂടെ, കുറേ കലാകാരന്മാർക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ എത്തിച്ചു.

ഈ ലോക്ഡൗൺ സമയത്ത് വിദേശരാജ്യങ്ങളിലടക്കം നിരവധി പരിപാടികൾ ബുക്ക് ചെയ്തിരുന്നു. അതെല്ലാം ക്യാൻസലായി. ആ പരിപാടികൾക്കു പോകണമെന്നതിനാൽ കിട്ടിയ ചില സിനിമകളും വേണ്ടെന്നു വച്ചു. ഇപ്പോൾ അതുമില്ല ഇതുമില്ല എന്ന അവസ്ഥയാണ്. ഒരു കുഞ്ഞു വൈറസ് കാരണം വെളിയിൽ പോകാൻ പോലും പറ്റില്ല. ഒരു കണക്കിന്, വിദേശത്തു പോയി അവിടെ കുടുങ്ങിക്കിടക്കാത്തതും ഭാഗ്യം. ലോക്ഡൗൺ സമയത്ത് നാട്ടിൽ വീടിന് അടുത്തുള്ള സുഹൃത്തുക്കളുമായി ചേർന്ന് വെബ് സീരീസുകളിൽ സജീവമാണ്. ലോക്ഡൗണുമായി ബന്ധപ്പെട്ട വിഷയങ്ങളും നാട്ടിൻപുറത്തെ കാഴ്ചകളും ദ് പ്രീമിയർ പത്മിനി എന്ന യൂട്യൂബ് ചാനലിലൂടെ ടെലികാസ്റ്റ് ചെയ്യുന്നു. 

English Summary: Simplify your food by minimal intake, says Noby Marcose 

തയാറാക്കിയത് : അൽഫോൻസാ ജിമ്മി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com