ADVERTISEMENT

ശരീരഭാരം കുറച്ച് ആരോഗ്യകരമായി മെലിയണം എന്നതാണ് മിക്കവരുടെയും ആഗ്രഹം. ഭക്ഷണം ഒഴിവാക്കി ഒരിക്കലും ഡയറ്റ് നോക്കരുത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകണം. എന്നാലേ ആരോഗ്യകരമായി തടികുറയ്ക്കാൻ പറ്റൂ. മറ്റൊന്ന്, ധാരാളം വെള്ളം കുടിക്കണം; തിളപ്പിച്ചാറിയതു തന്നെ. ചൂടുകാലമെങ്കിൽ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണം കഴിക്കാതിരുന്നാൽ വയറ്റിൽ ഗ്യാസിന്റെ പ്രശ്നം ഉണ്ടാകും. തടി കുറയ്ക്കാനായി ശരിയായ രീതിയില്‍ ഡയറ്റ് എടുക്കണം. പ്രാതലിന് സ്മൂത്തികൾ തയാറാക്കുന്നവരുണ്ടെങ്കിൽ ചിയ സീഡ്സ് അതിനൊപ്പം ചേർക്കാം. ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ കുഞ്ഞൻ വിത്തുകൾ. ദിവസവും കഴിച്ചാൽ ദഹനം മെച്ചപ്പെടുമെന്ന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും അത്യുത്തമമാണ്. നൂറു ഗ്രാം ചോറുണ്ണുമ്പോൾ കിട്ടുന്ന ഊർജം 15–20 ഗ്രാം ചിയയിൽനിന്നു കിട്ടുമത്രേ. നാൽപതിരട്ടി ജലം ആഗിരണം ചെയ്യുന്ന ചിയ മണികൾ അമിത വിശപ്പ് ഇല്ലാതാക്കും. വണ്ണം കുറയ്ക്കാൻ സഹായിക്കും. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും സൂപ്പറാണ്.

കാൽസ്യം, നാരുകൾ, സിങ്ക്, ഇരുമ്പ്  എന്നിവയാൽ സമ്പന്നമാണ് ചിയ സീഡ്സ്. കൂടാതെ വലിയ അളവിൽ ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. നാരുകൾ ദഹനപ്രക്രിയ സുഗമമാക്കുന്നു. മറ്റുള്ള പോഷകങ്ങൾ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ദിവസത്തെ ആദ്യ ഭക്ഷണത്തിൽ ചിയ സീഡുകൾ ഉൾപ്പെടുത്തുകവഴി അധിക ഊർജം ശരീരത്തിലെത്തുന്നു. ദിവസം മുഴുവൻ ഊർജസ്വലരായിരിക്കാൻ ഇത് സഹായിക്കുന്നു. ദിവസവും രണ്ടു സ്പൂൺ വരെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റുകൾ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയാൽ സമ്പന്നമാണ് ചിയ സീഡ്സ്. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. ദിവസവും ശീലമാക്കുന്നത് ഹൃദയാരോഗ്യത്തിനു മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും. 

Image Credit: Makistock/Shutterstock
Image Credit: Makistock/Shutterstock

രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചിയ വിത്തുകൾക്ക് കഴിയും. കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നതു കൊണ്ടുതന്ന എല്ലുകളുടെ ആരോഗ്യത്തിനും ഇവ ഗുണകരമാണ്. ശരീരഭാരം നിയന്ത്രിക്കണമെന്നുള്ളവർക്ക് രാവിലെ വെറും വയറ്റിൽ ചിയ സീഡ്സിട്ട വെള്ളം കുടിക്കാം. വിശപ്പ് കുറയ്ക്കാൻ കഴിയും. ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ടു ടേബിൾ സ്പൂൺ വിത്തും ഒരല്പം നാരങ്ങാനീരും ചേർക്കാം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഇത് ഉത്തമമാണ്.

chia-seed-drink

ക്ഷീണം മാറാനും ഷുഗർ, കൊളസ്ട്രോള്‍, അമിതവണ്ണം എന്നിവ നിയന്ത്രിക്കാനും ഇതാ ചിയ സീഡ്സ്, ബദാം, ഈന്തപ്പഴം എന്നിവ ചേർത്ത ഒരു ഡ്രിങ്ക്.

ചേരുവകൾ

•റാഗി - 2 ടേബിൾ സ്പൂൺ
•കറുവപ്പട്ട പൊടി - 1/2 ടീസ്പൂൺ
•വെള്ളം - 1 കപ്പ്
•പാല് - 1 കപ്പ് 
•ഈന്തപ്പഴം - 8
ചണവിത്ത് – 1 ടീസ്പൂൺ
•കാരറ്റ് - ഒരു ചെറിയ കഷ്ണം 
•ബദാം - 15 എണ്ണം
•ചിയ സീഡ് - 2 ടീസ്പൂൺ

തയറാക്കുന്ന വിധം

ബദാം കുറച്ച് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. മറ്റൊരു പാത്രത്തിൽ ചിയ സീഡും കുറച്ചു വെള്ളത്തിൽ കുതിർത്തു വയ്ക്കുക. പാല് തിളപ്പിച്ചതിനുശേഷം ചൂടാറാനായി മാറ്റിവയ്ക്കാം. മറ്റൊരു പാത്രത്തിൽ റാഗി പൊടിയും കറുവപ്പട്ട പൊടിയും വെള്ളവും കട്ടയില്ലാതെ കലക്കിയതിനുശേഷം നന്നായി കുറുക്കി എടുക്കുക. ഇതും ചൂടാറാനായി വയ്ക്കാം. മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് കുതിർത്തുവച്ച ബദാമും ചൂടാറിയ റാഗിയും കുരു കളഞ്ഞ ഈന്തപ്പഴവും കാരറ്റും ചണവിത്തും ചേർത്ത് നന്നായി അരച്ചെടുക്കുക. 

ശേഷം പാലും കൂടി ചേർത്ത് വീണ്ടും അടിച്ചെടുക്കുക ഇത് ഗ്ലാസ്സിലേക്ക് ഒഴിച്ചതിനു ശേഷം കുതിർന്നുവന്ന ചിയ സീഡ്സ് കുറച്ച് എടുത്ത് ഇതിലിട്ട് കലക്കിയെടുക്കുക. ശേഷം മുകളിൽ കുറച്ചു നട്സ് വിതറിയ ശേഷം വിളമ്പാം.

English Summary:

Enticing Health Benefits of Chia Seeds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com