അധികം വന്ന തേങ്ങ ഇനി കേടായിപ്പോവില്ല, ഇങ്ങനെ ചെയ്താല്‍ മതി
Mail This Article
തേങ്ങയില്ലാത്ത കറികള്‍ പൊതുവേ കുറവാണ് കേരളത്തില്‍. നിത്യവും ഉപയോഗിക്കുന്ന അടുക്കളസാധനമാണെങ്കിലും തേങ്ങ ചിലപ്പോള്‍ അധികമായിപ്പോവാറുണ്ട്. പുറത്ത് യാത്ര പോകേണ്ട സാഹചര്യം വരുമ്പോള്‍, പൊട്ടിച്ച തേങ്ങ സൂക്ഷിച്ചു വയ്ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടോ? എങ്കില്‍ ഇതാ ചില പൊടിക്കൈകള്‍.
തേങ്ങ അരച്ചത് ഫ്രീസ് ചെയ്യാം
ഫ്രഷ് തേങ്ങ നന്നായി ചിരവി എടുക്കുക. ഇതില്‍ മസാല വല്ലതും ചേര്‍ക്കണമെങ്കില്‍ ചേര്‍ക്കാം. ഈ അരപ്പ് ഒരു ഐസ് ട്രേയില്‍ നിറച്ച് ഫ്രീസ് ചെയ്യുക. നന്നായി ഫ്രീസായാല്‍ ട്രേയില്‍ നിന്നും നീക്കം ചെയ്ത ശേഷം ഓരോ കഷണങ്ങളായി ഒരു സിപ്പ് ലോക്ക് കവറിലാക്കി ഫ്രീസറിൽ സൂക്ഷിക്കുക. ആവശ്യാനുസരണം ഇത് കറികളില്‍ ഉപയോഗിക്കാം.
തേങ്ങ കഷ്ണങ്ങളാക്കി സൂക്ഷിക്കാന്‍
തേങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് ഒരു സിപ്പ് ലോക്ക് കവറിലാക്കി ഫ്രീസറില്‍ സൂക്ഷിക്കുക. ഈ കഷ്ണങ്ങള്‍ പിന്നീട് ഗ്രേറ്റ് ചെയ്യാം, പേസ്റ്റ് ഉണ്ടാക്കാം അല്ലെങ്കിൽ വിവിധ വിഭവങ്ങളില്‍ ചെറിയ കഷണങ്ങളായി ഉപയോഗിക്കാം.
തേങ്ങാപ്പാലാക്കി സംഭരിക്കാം
പുതുമയും ഗുണനിലവാരവും നിലനിർത്തിക്കൊണ്ട് തേങ്ങാപ്പാല്‍ സൂക്ഷിച്ചുവയ്ക്കുക എന്നത് അല്‍പ്പം ശ്രമകരമായ ജോലിയാണ്. എന്നിരുന്നാലും, അധികം വന്ന തേങ്ങ കളയാതെ, പാല്‍ പിഴിഞ്ഞെടുത്ത് സൂക്ഷിക്കാം. ഇതിനായി തേങ്ങ ചെറുതായി ചിരവി, മിക്സിയില്‍ ഇട്ട് നന്നായി അടിക്കുക. വൃത്തിയുള്ളതും ഉണങ്ങിയതുമായ ഒരു പാത്രത്തിലേക്ക് ഇത് അരിച്ച് ഒഴിച്ച് അടച്ച് ഫ്രിഡ്ജിൽ വയ്ക്കുക. തേങ്ങാപ്പാല്‍ എടുത്ത് പെട്ടെന്ന് തന്നെ ഫ്രിഡ്ജില്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ശീതീകരിച്ച തേങ്ങാപ്പാൽ സാധാരണയായി 4 മുതൽ 7 ദിവസം വരെ കേടാകാതെ നിൽക്കും. ഇതല്ലെങ്കില്‍ തേങ്ങാപ്പാല്‍ ഐസ് ട്രേയില്‍ ഒഴിച്ച് ഫ്രീസ് ചെയ്യാം. ഈ തേങ്ങാപ്പാൽ കട്ടകള്‍ 3 മാസം വരെ കേടാകാതെ നിലനിൽക്കും.
തേങ്ങ ഉണക്കി സൂക്ഷിക്കാം
നല്ല മൂപ്പെത്തിയ തേങ്ങ ചിരവിയെടുത്ത് ഉണക്കുക. വെയിലത്തോ അല്ലെങ്കില്‍ ഓവനിലോ വെച്ച് ഉണക്കാവുന്നതാണ്. ഓവൻ ഏകദേശം 200°F (93°C) വരെ ചൂടാക്കുക. ഒരു ബേക്കിംഗ് ഷീറ്റില്‍ തേങ്ങ നിരത്തിയ ശേഷം ഉണക്കി എടുക്കാം. വെയിലത്ത് വച്ച് പൂര്‍ണമായും ഉണക്കി എടുക്കാന്‍ 1 മുതൽ 3 ദിവസം വരെ എടുത്തേക്കാം. ഇങ്ങനെ ഉണക്കി എടുത്ത തേങ്ങ തണുത്തുകഴിഞ്ഞാൽ, വായു കടക്കാത്ത പാത്രങ്ങളിലേക്കോ വീണ്ടും സീൽ ചെയ്യാവുന്ന ബാഗുകളിലേക്കോ മാറ്റുക. ഇത് നേരിട്ട് സൂര്യപ്രകാശത്തിൽ നിന്നും ഈർപ്പത്തിൽ നിന്നും മാറ്റി, തണുത്ത വരണ്ട സ്ഥലത്ത് സൂക്ഷിക്കുക. ശരിയായി ഉണക്കി സൂക്ഷിക്കുന്ന തേങ്ങ മാസങ്ങൾ മുതൽ ഒരു വർഷം വരെ നീണ്ടുനിൽക്കും. മധുരപലഹാരങ്ങൾ, കറികൾ, സലാഡുകൾ, ലഘുഭക്ഷണങ്ങൾ എന്നിവയില്‍ ഇത് ഉപയോഗിക്കാം.