ADVERTISEMENT

എന്തൊക്കെ കറിയുണ്ടെന്ന് പറഞ്ഞാലും ചോറിനൊപ്പം നമുക്ക് കുറച്ച് അച്ചാറുവേണമെന്നത് ചിലരുടെയെങ്കിലും നിർബന്ധമാണ്. ഊണിനൊപ്പവും ബിരിയാണിയ്ക്കൊപ്പവുമെല്ലാം പല തരം അച്ചാറുകൾ തൊട്ടുകൂട്ടാറുണ്ട്. വീട്ടിലുണ്ടാക്കുന്ന അച്ചാറുകൾക്ക് ഒരു പ്രത്യേക രുചിയാണ്. പ്രിസർവേറ്റീവുകളോ മറ്റോ ഒന്നും ചേർക്കാത്തതുകൊണ്ട് പലപ്പോഴും ഇങ്ങനെ വീട്ടിലുണ്ടാക്കുന്ന അച്ചാർ പെട്ടെന്ന് കേടുവരാറുണ്ട്. എങ്കിൽ കേടുവരാതെ കുറെനാൾ അച്ചാർ സൂക്ഷിക്കാൻ ചില വിദ്യകളുണ്ട്. അതിനായി നമുക്ക് നെല്ലിക്ക അച്ചാർ തയ്യാറാക്കാം. നാരങ്ങയും മാങ്ങയുമൊക്കെ ഇങ്ങനെ വയ്ക്കാവുന്നതാണ്.

ആവശ്യമായ ചേരുവകൾ 

നെല്ലിക്ക 1 കിലോ
വെളുത്തുള്ളി തൊണ്ട് കളഞ്ഞത് 150 ഗ്രാം
മുളക് പൊടി എരിവിന് ആവശ്യത്തിന്
മഞ്ഞൾ പൊടി 1 ടിസ്പൂൺ
കായപ്പൊടി 1 ടിസ്പൂൺ
ഉലുവ പൊടി 1/2 ടി സ്പൂൺ
കടുക് 1 ടി സ്പൂൺ
ജീരകം 1/2 ടി സ്പൂൺ
നല്ലെണ്ണ ആവശ്യത്തിന്
വിനാഗിരി 1 / 2 കപ്പ്
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന് 
പാകം ചെയ്യുന്ന വിധം

നെല്ലിക്ക നന്നായി കഴുകി തുടച്ച് കുറച്ച് സമയം വെയിലത്ത് വച്ച ശേഷം വേണം ഉപയോഗിക്കാൻ. നെല്ലിക്കയിലെ ഈർപ്പം പൂർണമായും പോയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇനി ഒരു ചീനചട്ടിയിൽ കുറച്ച് നല്ലെണ്ണ ഒഴിച്ച് നെല്ലിക്ക ഇതിലേക്കിട്ട് വഴറ്റുക. 5 മിനിറ്റ് കഴിയുമ്പോൾ നെല്ലിക്കയുടെ നിറം മാറി സോഫ്റ്റ് ആയി തുടങ്ങും. അപ്പോൾ തന്നെ നെല്ലിക്ക ഒരു ഉണങ്ങിയ പാത്രത്തിലേക്ക് കോരി മാറ്റണം. ഇനി അച്ചാറിന് ആവശ്യമായ നല്ലെണ്ണ ചീനച്ചട്ടിയിലേയ്ക്ക് ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ജീരകം എന്നിവ  പൊട്ടിക്കുക. ഇതിലേക്ക് വെളുത്തുള്ളി, കറിവേപ്പില ചേർത്ത് വഴറ്റുക. ഇത് വഴന്നു വരുമ്പോൾ പൊടികൾ ചേർത്ത് പച്ച മണം മാറുമ്പോൾ ആവശ്യത്തിന് ഉപ്പിട്ടിളക്കിയ ശേഷം നെല്ലിക്ക ഇട്ട് മിക്സ് ചെയ്യുക. 2 മിനിറ്റ് ചെറു തീയിൽ നെല്ലിക്ക ഉടഞ്ഞ് പോകാതെ മിക്സ് ചെയ്യണം. സാധാരണ വീടുകളിൽ ഉണ്ടാക്കുന്ന അച്ചാറുകളിൽ വിനാഗിരി ചേർക്കുന്ന പതിവില്ല. എന്നാൽ അച്ചാർ ഏറെനാൾ കേടുകൂടാതെ ഇരിക്കാൻ വിനാഗിരി ചേർക്കുന്നത് നല്ലതാണ്.

English Summary:

Follow These Tips To Store Pickles For Long

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com