മാതാപിതാക്കള് നിക്ഷേപിച്ചു മറന്ന ഓഹരികൾ നിങ്ങൾക്കു തിരിച്ചുപിടിക്കാം

Mail This Article
ഓഹരിവിപണിയിൽ സജീവമായി നിക്ഷേപിക്കാറില്ലെങ്കിലും ഒന്നോ രണ്ടോ കമ്പനികളുടെ ഓഹരികളിൽ പലപ്പോഴായി നിക്ഷേപിച്ചിട്ടുള്ള സാധാരണ നിക്ഷേപകർ കേരളത്തിൽ ധാരാളമായുണ്ട്. ജോലിയുള്ളവരും ബിസിനസുകാരുമൊക്കെ സ്ഥിരമായല്ലെങ്കിലും വല്ലപ്പോഴുമൊക്കെ പ്രാരംഭ ഓഹരി വിൽപനയിലൂടെയും (ഐപിഒ) മറ്റും ഓഹരികൾക്ക് അപേക്ഷിക്കാറുണ്ട്, അനുവദിച്ചുകിട്ടാറുമുണ്ട്. ഇത്തരത്തിൽ വാങ്ങുന്ന ഓഹരികൾ ഭദ്രമായിവയ്ക്കുമെങ്കിലും പിന്നീട് പലപ്പോഴും മറന്നുപോകും. ഇത്തരത്തിൽ നിക്ഷേപിച്ചിട്ടുള്ള അല്ലറചില്ലറ ഓഹരികളെക്കുറിച്ചു നിക്ഷേപകന്റെ മരണശേഷമായിരിക്കും മക്കൾക്കും മറ്റും അറിവുകിട്ടുക. നിലവിലെ വിപണിവിലയിൽ ആകർഷകമായ തുക ലഭിക്കാവുന്ന, ഇത്തരത്തിൽ നിക്ഷേപശേഷം മറന്നുപോയ ഓഹരികളുടെ മുതലും ഡിവിഡന്റ് അടക്കമുള്ള തുകയും എങ്ങനെ തിരികെ ലഭിക്കുമെന്ന സംശയം സ്വാഭാവികമായും ഉയരും.
ആവശ്യപ്പെടാത്ത ഓഹരികൾ
നിക്ഷേപം നടത്തി പിന്നീടു ശ്രദ്ധിക്കാതെകിടക്കുന്ന ഓഹരികളിൽ, കമ്പനികൾ അയച്ചുതന്നിരുന്ന ചെറിയ ഡിവിഡന്റ് തുകകൾ പലപ്പോഴും ബാങ്കിൽ നിക്ഷേപിക്കാറില്ലാത്തതും, സ്ഥലംമാറ്റംമൂലമൊക്കെ മേൽവിലാസത്തിൽവന്ന മാറ്റങ്ങൾ കമ്പനിയെ അറിയിക്കാത്തതുമെല്ലാം കമ്പനിയുമായുള്ള ആശയവിനിമയം ഇല്ലാതാക്കും.

ഇത്തരത്തിൽ പലവിധ കാരണങ്ങളാൽ ഓഹരിയുടമകൾക്കു വിതരണം ചെയ്തിട്ടില്ലാത്ത ഡിവിഡന്റ്, കമ്പനി നിയമത്തിലെ 124-ാം വകുപ്പു പ്രകാരം പ്രത്യേക അക്കൗണ്ടുകളിൽ കമ്പനികൾ തന്നെ സൂക്ഷിക്കും. ഇത്തരത്തിൽ 7 വർഷം വരെ ഓഹരിയുടമകൾക്കു കൊടുത്തുതീർക്കാൻ സാധിച്ചിട്ടില്ലാത്ത ഡിവിഡന്റ് തുകകൾ കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻവെസ്റ്റർ എഡ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്‌ഷൻ ഫണ്ട് (ഐഇപി) എന്ന പ്രത്യേക നിധിയിലേക്കു മാറ്റും. ഡിവിഡന്റ് വിതരണം ചെയ്യാൻ സാധിക്കാത്ത ഓഹരിതുകകളും ഇതേ നിധിയിലേക്കു മാറ്റപ്പെടുന്നു.
ഓഹരികൾ തിരികെലഭിക്കാൻ
ഐഇപി നിധിയിലേക്കു മാറ്റപ്പെട്ട നിക്ഷേപവും ഡിവിഡന്റ് തുകയും ഓഹരിയുടമയ്ക്ക് ആവശ്യപ്പെട്ടാൽ തിരികെലഭിക്കും. ഈ നിധിയുടെ നിയമത്തിന്റെ 7-ാം വകുപ്പുപ്രകാരം ഇത്തരത്തിൽ തുക തിരികെ ആവശ്യപ്പെടാൻ ഓഹരിയുടമയ്ക്ക് അവകാശമുണ്ട്. നിധിയുടെ വെബ്സൈറ്റ് (iepf.gov.in) വഴി അതു ചെയ്യാം.
ആദ്യം വെബ്സൈറ്റിലെത്തി ഓഹരിയുടെ ഫോളിയോ നമ്പറോ ക്ലൈന്റ് ഐഡിയോ അക്കൗണ്ട് നമ്പരോ ഉപയോഗിച്ചു പരതിനോക്കുക. ഓഹരിനിധിയിലേക്കു മാറ്റിയിട്ടുണ്ടെങ്കിൽ വിവരങ്ങൾ ലഭിക്കും. അത്തരത്തിൽ ഓഹരികളുണ്ടെങ്കിൽ നിധിയുടെ വെബ്സൈറ്റിൽ ഓൺലൈനായിത്തന്നെ ലഭ്യമായ ഫോം-5 അപേക്ഷിക്കാം. മതിയായ രേഖകൾ സമർപ്പിച്ചാൽ നിക്ഷേപവും ഡിവിഡന്റ് തുകകളും തിരികെലഭിക്കും. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും നിക്ഷേപം നടത്തിയ കമ്പനിയുടെ നോഡൽ ഓഫിസർക്ക് അയച്ചുകൊടുക്കണം. അന്വേഷണങ്ങൾക്കും പരിശോധനകൾക്കും വിധേയമായിട്ടായിരിക്കും നിക്ഷേപം തിരികെ അനുവദിക്കുക. തിരികെ അനുവദിച്ച ഓഹരികൾ ഓഹരിയുടമയുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്കു മാത്രമേ പുനസ്ഥാപിച്ചു കിട്ടുകയുള്ളൂ.

ഓഹരികളിലും നോമിനേഷൻ
ബാങ്ക് അക്കൗണ്ടുകളിലും മറ്റുമുള്ള പോലെ ഓഹരികളിലും നോമിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. 2023 ഡിസംബർ മാസത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധിപ്രകാരം നോമിനേഷൻ നടത്തിയിട്ടുണ്ടെങ്കിലും ഉടമയുടെ മരണശേഷം യഥാർഥ അനന്തരാവകാശികൾക്കോ വിൽപത്രത്തിൽ ആവശ്യപ്പെട്ടിരിക്കുന്ന വ്യക്തികൾക്കോ മാത്രമേ ഓഹരികൾ ലഭിക്കാൻ അവകാശമുള്ളൂ.
അതായതു തികച്ചും താൽക്കാലികമായ കസ്റ്റോഡിയൻ എന്ന അവകാശം മാത്രമേ നോമിനിക്ക് ഓഹരികളിൽ ലഭിക്കൂ. യഥാർഥ അനന്തരാവകാശികൾക്കോ വിൽപത്രത്തിൽ അധികാരപ്പെടുത്തിയിരിക്കുന്നവർക്കോ ഉള്ള അവകാശങ്ങളെക്കാൾ താഴെ മാത്രമേ ഓഹരികളുടെ കാര്യത്തിൽ നോമിനിക്കുള്ളൂ.
വിൽപത്രം നിർബന്ധം
മറ്റു വസ്തുവകകൾക്കൊപ്പം സാമ്പത്തിക ആസ്തികളിൽ നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ വിവരങ്ങൾകൂടി ഉൾപ്പെടുത്തി നിർബന്ധമായും വിൽപത്രങ്ങൾ തയാറാക്കേണ്ടതുണ്ട്. നിക്ഷേപങ്ങളുടെ പ്രയോജനം കാലശേഷം അനന്തരാവകാശികൾക്കു ലഭിക്കുന്നതിനുള്ള കടമ്പകളും സമയനഷ്ടവും ഒഴിവാക്കാൻ വിൽപത്രങ്ങൾ ഉപകരിക്കും.

ഐഇപി നിധിയിലേക്കു മാറ്റപ്പെട്ടുപോയ ഓഹരികൾ തിരികെലഭിക്കുന്നതിന് അനന്തരാവകാശികൾക്ക് അപേക്ഷ നൽകാൻ വിൽപത്രങ്ങളുടെ ആധികാരിക രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഇല്ലാത്തപക്ഷം ഓഹരികളുടെ അനന്തരാവകാശം സംബന്ധിച്ച് തർക്കങ്ങളെല്ലാം പരിഹരിച്ച് ആർക്ക്, എന്ത് ലഭിക്കണമെന്നു വ്യക്തമാക്കിയ കോടതി ഉത്തരവുകൾ സമർപ്പിച്ചാൽ മാത്രമേ നിധി അപേക്ഷ സ്വീകരിക്കുകയുള്ളൂ.
(പ്രമുഖ കോളമിസ്റ്റും വേർഡ് ബാങ്ക് കൺസൾട്ടന്റുമാണ് ലേഖകൻ. മനോരമ സമ്പാദ്യം ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)