ഇനി മുടിയിഴകള് പൊട്ടിപ്പോകില്ല, ആരോഗ്യത്തോടെ മുടി വളരും; ഹെയർ സ്പാ ചെയ്യാം വീട്ടിൽ തന്നെ
Mail This Article
ദിവസേനയുള്ള കനത്ത വെയിലും പൊടിയും മാലിന്യവും, പിന്നെ സ്റ്റൈലിങ്ങിന്റെ ഭാഗമായുള്ള കെമിക്കൽ ട്രീറ്റ്‌മെന്റുകൾ– ഇതെല്ലാം കഴിഞ്ഞ് വരണ്ടു തളർന്ന മുടിയിഴകൾക്ക് അൽപം ആശ്വാസം നൽകണ്ടേ. മുടിയുടെ ആരോഗ്യത്തിന് മാസത്തിൽ ഒരിക്കലെങ്കിലും നൽകാവുന്ന മികച്ച പരിചരണമാണ് സ്പാ ട്രീറ്റ്‌മെന്റുകൾ. മുടിയുടെ ടെക്സ്‌ചറും ആവശ്യങ്ങളും അനുസരിച്ച് വ്യത്യസ്തമായ ട്രീറ്റ്‌മെന്റുകൾ ലഭ്യമാണ്.
മുടി പൊട്ടിപ്പോകുന്നതും വരണ്ടതാകുന്നതുമെല്ലാം പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. മുടിയുടെ ആരോഗ്യത്തിനായി എന്തെല്ലാം ചെയ്താലും അത് നടക്കാത്ത അവസ്ഥ പലരെയും വട്ടുപിടിപ്പിക്കും. മുടിയുടെ വരൾച്ച തടയാനും മുടി വളരാനും ഹെയർ സ്പാ ഒരു പരിധി വരെ സഹായിക്കും. എന്നാൽ എപ്പോഴും പണം ചെലവഴിച്ച് ബ്യൂട്ടിപാർലറിൽ പോകുന്നത് എല്ലാവർക്കും പറ്റിയെന്ന് വരില്ല. എന്നാൽ വീട്ടില‍്‍ നിന്ന് ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് ഹെയർ സ്പാ ചെയ്താലോ? ഗംഭീരമായിരിക്കുമല്ലേ? വീട്ടിൽ നിന്ന് എങ്ങനെ ഹെയര്ഡ സ്പാ ചെയ്യാമെന്ന് നോക്കാം.
ആദ്യം തന്നെ മുടി വൃത്തിയായി ചീകിയൊതുക്കണം. അതിനായി പല്ലുകൾ വിട്ടു വിട്ടുള്ള ചീർപ്പ് ഉപയോഗിക്കാം. മുടിയിലെ ജഡ കളഞ്ഞ് വിടർത്തിയെടുക്കണം.
അതിനുശേഷം മുടി നന്നായി ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യാം. മസാജ് ചെയ്യാനായി കോക്കനട്ട് ഓയിൽ ഒലിവ് ഓയിൽ ബദാം ഓയിൽ എന്നിവയിലവ്‍ ഏതെങ്കിലുമൊന്ന് ഉപയോഗിക്കാം. മുടിയിൽ മുഴുവനായി എണ്ണ പിടിക്കുന്നതു വരെ മസാജ് ചെയ്യണം. മുടിയിഴകൾ ഓരോ ഭാഗങ്ങളാക്കി വേർതിരിച്ച് വേണം മസാജ് ചെയ്യാൻ. മുടിയുടെ അഗ്രഭാഗത്തും നന്നായി ഓയിൽ മസാജ് ചെയ്യണം. കുറഞ്ഞത് 30 മിനിറ്റെങ്കിലും തലയിൽ എണ്ണ പിടിപ്പിക്കുക.
അടുത്തതായി ഏതെങ്കിലും ഹെയർ മാസ്ക് ഉപയോഗിക്കാം. മാസ്ക് തലയിൽ തേച്ച് പിടിപ്പിച്ച് എല്ലാ ഭാഗങ്ങളിലും ആയെന്ന് ഉറപ്പു വരുത്തണം. തലയിൽ മാസിക്കിട്ടതിന് ശേഷം ചീർപ്പ് ഉപയോഗിച്ച് മുടി ചീകുന്നത് മാസ്ക് എല്ലാ ഭാഗങ്ങളിലേക്കും എത്താൻ സഹായിക്കും.
അടുത്തതായി മുടിയിൽ ചൂട് പിടിപ്പിക്കുക എന്നതാണ് ചെയ്യേണ്ടത്. ഇതിനായി സ്റ്റീമർ ഉപയോഗിക്കാം. അല്ലെങ്കിൽ വെള്ളം ചൂടാക്കിയതിന് ശേഷം അതിൽ ടവൽ മുക്കി അത് തലയിൽ പൊതിഞ്ഞു വെക്കാം. 10–20 മിനിറ്റിന് ശേഷം മുടി കഴുകാം. തലയിലെ മാസ്കും എണ്ണയും മുഴുവനായി മാറി എന്ന് ഉറപ്പു വരുത്തും വരെ മുടി കഴുകാം.
മുടി കഴുകാനായി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാം. കണ്ടീഷനർ ഉപയോഗിക്കാൻ മറക്കരുത്. കഴുകിയതിന് ശേഷം വൃത്തിയായി മുടി ഉണക്കാം. മുടി ഉണക്കാനായി എയർ ഡ്രൈ അല്ലെങ്കിൽ ബ്ലോ ഡ്രൈ എന്നിവ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഉപയോഗിക്കുകയാണെങ്കിൽ അത് കുറഞ്ഞ ചൂടിലാണെന്ന് ഉറപ്പു വരുത്തണം. ശേഷം ഏതെങ്കിലും ഹെയർ സെറം ഉപയോഗിക്കുന്നതും നല്ലതാണ്.