ADVERTISEMENT

കൗതുകത്തിൽനിന്ന് ഉടലെടുത്ത ആശയമാണ് അഖില ദേവിയെന്ന വീട്ടമ്മയുടെ ബിസിനസ്. കുഞ്ഞുനാളിൽ മനസ്സിൽ കയറിക്കൂടിയ ഒരു കൗതുകത്തെ ഈ വീട്ടമ്മ ജീവിതോപാധിയാക്കിയപ്പോൾ പിറവിയെടുത്തത് സ്ത്രീകൾ അധികം കൈവയ്ക്കാത്ത ഒരു മേഖലയിലെ സംരംഭംമായിരുന്നു. സ്ത്രീകൾ സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനെങ്കിലും സ്വയം പര്യാപ്തരാകണമെന്നും ചെറിയ വരുമാനമാർഗ്ഗം കണ്ടെത്തണമെന്നുമാണ് അഖിലയുടെ അഭിപ്രായം. ഹോബിയെ വരുമാനമാർഗമാക്കുമ്പോൾ തന്റെ  ലക്ഷ്യവും അതു തന്നെയായിരുന്നെന്ന് ഈ വീട്ടമ്മ പറയുന്നു. 2017 ൽ ആരംഭിച്ച ആ കുഞ്ഞു സംരംഭം ഇന്ന് ദുബായ് വരെ എത്തിനിൽക്കുന്നു. ലോകത്തു പലയിടത്തുള്ള മലയാളിവീടുകളിൽ അഖിലയുണ്ടാക്കിയ വിസ്മയങ്ങൾ ഇന്ന് തെളിഞ്ഞുനിൽക്കുന്നു. 

ആനച്ചന്തം പോലെ മനോഹരമായൊരു ഹോബി
തൃപ്പൂണിത്തുറക്കാർക്ക് ഉത്സവങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. അഖില ദേവിയുടെ കാര്യവും വ്യത്യസ്തമല്ല. വിവാഹിതയായി തൃപ്പൂണിത്തുറയിലേക്ക് എത്തിയപ്പോൾ നെറ്റിപ്പട്ടങ്ങളുടെ ഒരു മായാലോകം തുറന്നു കിട്ടിയ സന്തോഷത്തിലായിരുന്നു അഖില ദേവി. ഓരോ ഉത്സവം കൂടുമ്പോഴും ഗജവീരന്മാരുടെ ശിരസ്സിലെ നെറ്റിപ്പട്ടത്തിൽ കണ്ണെടുക്കാതെ നോക്കിനിന്നു. നെറ്റിപ്പട്ടം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് പഠിച്ചെടുക്കലായിരുന്നു ആദ്യത്തെ പടി. ഒരു നെറ്റിപ്പട്ടം ഉണ്ടാക്കി വീട്ടിൽ വയ്ക്കണമെന്ന് ഏറെനാളായി അഖില ആഗ്രഹിച്ചുനടന്നതാണ്. അങ്ങനെ പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ പോയി നെറ്റിപ്പട്ടമുണ്ടാക്കുന്നതിന്റെ കണക്കുകളും മറ്റും പഠിച്ചു. തിരിച്ചെത്തിയ അഖില തന്റെ കാലങ്ങളായുള്ള ആഗ്രഹത്തിന്റെ പണിപ്പുരയിലേക്കു കടന്നു. 

akhila-devi2
അഖില ദേവി നിർമിച്ച നെറ്റിപ്പട്ടങ്ങള്‍

വീട്ടിൽ വയ്ക്കാനായിരുന്നു അത് ഉണ്ടാക്കിയതെങ്കിലും അടുത്ത ദിവസംതന്നെ അതിന് ആവശ്യക്കാരെത്തിയതോടെ കഥ മാറി. “ഒത്തിരിനാളായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തതുകൊണ്ടാണ് എനിക്ക് എന്റെ സ്വപ്നത്തെ വിജയിപ്പിക്കാനായത്. നെറ്റിപ്പട്ടം ഉണ്ടാക്കുന്ന ധാരാളം പേരുണ്ട്. എന്നാൽ എനിക്കു കിട്ടിയ അവസരം വല്ലാത്തൊരു സന്തോഷമാണ് നൽകിയത്. ആദ്യത്തെ നെറ്റിപ്പട്ടം വീട്ടിൽ വയ്ക്കാനാണ് ഉണ്ടാക്കിയത്. എന്നാൽ അത് അടുത്ത ദിവസം തന്നെ വിറ്റുപോയി. അതിൽനിന്നും ലഭിച്ച പണം കൊണ്ടാണ് അടുത്ത നെറ്റിപ്പട്ടം ഉണ്ടാക്കാനുള്ള മെറ്റിരീയൽ വാങ്ങിയത്. അതങ്ങനെ തുടർന്നപ്പോൾ ഇത് ഞാൻ പോലും അറിയാതെ ഒരു സംരംഭം ആയി മാറി.” 

ടീച്ചറിൽനിന്ന് വീട്ടമ്മയിലേക്ക്, അവിടെനിന്ന് സംരംഭക
വിവാഹത്തിനു മുമ്പ് പ്രീപ്രൈമറി ടീച്ചേഴ്സ് ട്യൂടറായി വർക്ക് ചെയ്യുകയായിരുന്നു അഖില ദേവി. വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയതോടെ ജോലി ഉപേക്ഷിച്ചു. പിന്നീട് കുറച്ചുകാലം ഗൃഹഭരണവും കുട്ടികളുടെ കാര്യങ്ങളും നോക്കൽ. അപ്പോഴെല്ലാം, എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന തോന്നൽ ഉണ്ടായിരുന്നു. ചെറുപ്പം മുതൽ കലയോട് ഇഷ്ടം കൂടുന്ന അഖില ദേവി അങ്ങനെയാണ് നെറ്റിപ്പട്ട നിർമാണം എന്ന തന്റെ ഇഷ്ടം പൊടി തട്ടിയെടുക്കാം എന്ന് തീരുമാനിക്കുന്നത്. നെറ്റിപ്പട്ടം ഉണ്ടാക്കുന്നതിന്റെ കണക്കുകൾ എല്ലാം കൃത്യമായി പഠിച്ചതിനുശേഷമാണ് അഖില ഇത് ആരംഭിച്ചത്.  വീട്ടിൽ വെറുതെയിരിക്കുന്ന സ്ത്രീകൾ സ്വന്തം കാര്യങ്ങൾക്ക് ഭർത്താവിന്റെ മുമ്പിൽ കൈനീട്ടുന്നതിന് പകരം തങ്ങൾക്ക് അറിയാവുന്ന ചെറിയ കഴിവുകൾ പോലും വരുമാനമാർഗ്ഗമാക്കി മാറ്റാൻ ശ്രമിക്കണമെന്നാണ് അഖില പറയുന്നത്. ‘‘നമുക്ക് പറ്റുന്ന ഒരുപാട് മേഖലകളുണ്ട്. അതിൽനിന്നു നമ്മുടെ കഴിവുകൾക്ക് അനുസരിച്ചുള്ളത് തിരഞ്ഞെടുക്കുക. അതിൽ വിജയം കൈവരിക്കാൻ നമുക്ക് സാധിക്കും.’’ അഖില ഇത് പറയുന്നത് സ്വന്തം അനുഭവത്തിൽനിന്നാണ്. തൃപ്പൂണിത്തുറയിലാണ് അഖില നെറ്റിപ്പട്ടങ്ങൾ നിർമ്മിക്കുന്നത്. ആവശ്യക്കാർക്ക് കൊറിയർ വഴി എത്തിച്ചു നൽകും. 

ഒരടി മുതൽ അഞ്ചടി വരെയുള്ള നെറ്റിപ്പട്ടങ്ങൾ ഇപ്പോൾ അഖില നിർമിക്കുന്നുണ്ട്. അഞ്ചടി നെറ്റിപ്പട്ടത്തിന്റെ ആകെ നീളം കുഞ്ചലവും കൂടി ആറടി വരും. കണക്കുകൾ എല്ലാം കൃത്യമായി പാലിച്ചാണ് നിർമാണം. ഉത്സവത്തിന് ഗജവീരൻമാർക്കു ചാർത്തുന്ന ഒറിജിനൽ നെറ്റിപ്പട്ടങ്ങളിൽ സ്വീകരിക്കുന്ന അതേ കണക്കുകൾ തന്നെയാണ് അഞ്ചടിയുടെ ദേവീസ് നെറ്റിപ്പട്ടത്തിലും. മൂന്നടി വരെയുള്ള നെറ്റിപ്പട്ടമുണ്ടാക്കാൻ 2-3 ദിവസം മതിയാകും. എന്നാൽ 4 അടിക്കു മുകളിലുള്ളതാണെങ്കിൽ 8 മുതൽ 12 ദിവസം വരെ വേണ്ടിവരും.

ദുബായ് പൂരത്തിന് മാറ്റു കൂട്ടിയ നെറ്റിപ്പട്ടം 
അഖിലയുണ്ടാക്കുന്ന നെറ്റിപ്പട്ടങ്ങൾക്ക് ആവശ്യക്കാരേറെയും കേരളത്തിന് പുറത്തുനിന്നാണ്. അതിൽ തന്നെ കൂടുതലും വിദേശരാജ്യങ്ങളിലേക്കാണു പോകുന്നത്. എന്നാൽ സംരംഭം ആരംഭിച്ചതിനുശേഷം ഈ വീട്ടമ്മയെ തേടിയെത്തിയ ഏറ്റവും വലിയ അംഗീകാരം ദൂബായിൽ നിന്നുമായിരുന്നു. കുറച്ചു വർഷങ്ങളായി അവിടെയും തൃശ്ശൂർ പൂരം നടത്തുന്നുണ്ട്. 2023 ലെ പൂരത്തിന്റെ  സ്പോൺസർമാർക്ക്  ഉപഹാരമായി നൽകാൻ സംഘാടകർ തെരഞ്ഞെടുത്തത് അഖില ദേവിയുടെ ദേവീസ് നെറ്റിപ്പട്ടമായിരുന്നു. 39 നെറ്റിപ്പട്ട കോലങ്ങളാണ് അവർ നൽകിയ ഓർഡർ. ആവശ്യാനുസരണം മാത്രം നെറ്റിപ്പട്ടം നിർമിച്ചുനൽകിയിരുന്ന അഖിലയുടെ മുന്നിൽ വലിയൊരു വെല്ലുവിളിയും അതുപോലെ തന്നെ വലിയൊരു അംഗീകാരവും ഒരുമിച്ച് തെളിഞ്ഞുവരികയായിരുന്നു.

akhila-devi1
അഖില ദേവി

‘‘പെട്ടെന്നായിരുന്നു ഓർഡർ വന്നത്. വെറും പത്തുദിവസം കൊണ്ട് 39 കോലങ്ങൾ ഉണ്ടാക്കുക എന്നത് അത്യാവശ്യം കടുപ്പമേറിയ ജോലി തന്നെയായിരുന്നു. ഡിസംബർ 2 നായിരുന്നു ദൂബായിലെ തൃശ്ശൂർ പൂരം. ചില സമയത്ത് നമ്മൾ വിചാരിച്ച സ്ഥലത്തെത്താൻ കല്ലും മുള്ളും ഒക്കെ ചവിട്ടി മുന്നേറേണ്ടിവരും. ഒരു പാട് വേദനകൾ സഹിക്കേണ്ടിവരും. അവസാനം ലക്ഷ്യത്തിലെത്തി കഴിയുമ്പോൾ ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അതുപോലെ ആയിരുന്നു ആ 10 ദിവസങ്ങൾ എനിക്ക് .10 ദിവസം കൊണ്ട് 39 കോലങ്ങൾ ചെയ്യുക എന്നത് വല്ലാത്തൊരു ടാസ്ക് ആയിരുന്നു. ഞാനുണ്ടാക്കുന്ന നെറ്റിപ്പട്ട കോലങ്ങൾ കലാകാരൻമാർക്കും വിശിഷ്ടാതിഥികൾക്കും സമ്മാനിക്കുന്നത് കാണാനായതാണ് ഒത്തിരി സന്തോഷം. പൂരത്തിന് ശേഷം കുറേപ്പേർ വിളിച്ച് അഭിനന്ദനം അറിയിക്കുകയും പലർക്കും നെറ്റിപ്പട്ടം ഉണ്ടാക്കിനൽകണമെന്ന് പറയുകയും ചെയ്തു.’’ 

അഞ്ചുവർഷമായി തുടരുന്ന  ഈ സംരംഭം ലാഭകരമാണെന്നും ഇന്നുവരെ ഇതിൽനിന്നു പിൻമാറണമെന്ന് ചിന്തിച്ചിട്ടില്ലെന്നും അഖില പറയുന്നു. മനസ്സിൽ അടക്കിവച്ചിരിക്കുന്ന ഇഷ്ടങ്ങളുടെ കൂട് ആത്മവിശ്വാസത്തിന്റെ താക്കോലിട്ട് തുറന്നാൽ ആർക്കും മികച്ച സംരംഭകയാകാം എന്ന് ഈ വീട്ടമ്മ തന്റെ ജീവിതം കൊണ്ട് കാണിച്ചുതരികയാണ്.

English Summary:

Akhila Devi's Journey from Teacher to Entrepreneur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com