ADVERTISEMENT

അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കുന്ന ആണവായുധം വഹിക്കാന്‍ ശേഷിയുള്ള കെ 15 സാഗരിക മിസൈല്‍ പരീക്ഷിച്ച് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം. ഡോ. അബ്ദുള്‍കലാം ദ്വീപില്‍ നിന്നായിരുന്നു ഹ്രസ്വദൂര മിസൈലായ കെ15 ഡി.ആര്‍.ഡി.ഒ പരീക്ഷിച്ചത്. ഇന്ത്യയുടെ ആണവായുധ ശേഷിയില്‍ നിര്‍ണായകമായ മിസൈലായ കെ 15 സാഗരിക ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനികളില്‍ ഘടിപ്പിച്ചിട്ടുണ്ട്. 

പരമാവധി 750 കിലോമീറ്ററാണ് കെ 15 സാഗരികയുടെ ദൂര പരിധി. 2018 ഓഗസ്റ്റ് മുതല്‍ കെ 15 സാഗരിക ഇന്ത്യന്‍ സേനയുടെ ഭാഗമാണ്. 1990ല്‍ ഡി.ആര്‍.ഡി.ഒ ആരംഭിച്ച പദ്ധതിയുടെ ആദ്യ പരീക്ഷണം 2012 മാര്‍ച്ച് അഞ്ചിനാണ് നടക്കുന്നത്. ആദ്യ പരീക്ഷണം വിജയകരമായിരുന്നു. ഈ മിസൈലിന്റെ വരവോടെയാണ് അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ക്കു ശേഷം വെള്ളത്തിനടിയില്‍ നിന്നും ആണവായുധ മിസൈല്‍ തൊടുക്കാന്‍ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറിയത്. 

രണ്ടു ഘട്ടങ്ങളായി പ്രവര്‍ത്തിക്കുന്ന ഹ്രസ്വദൂര മിസൈലാണ് കെ 15. ആദ്യഘട്ടത്തില്‍ വെള്ളത്തിന് ഉള്ളില്‍ നിന്നും പുറത്തേക്കെത്താന്‍ ഗ്യാസ് ബൂസ്റ്റര്‍ ഉപയോഗിക്കുന്നു. പിന്നീട് സോളിഡ് റോക്കറ്റ് മോട്ടോറിന്റെ സഹായത്തില്‍ ലക്ഷ്യത്തിലേക്കു കുതിക്കുന്നു. ആണവാക്രമണമുണ്ടായാല്‍ ഇന്ത്യയുടെ തിരിച്ചടിക്കാനുള്ള ശേഷിയില്‍ നിര്‍ണായകമാണ് ഈ മിസൈല്‍. 

അന്തര്‍വാഹിനികള്‍ കടലില്‍ ഉള്ളപ്പോഴെല്ലാം കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററുകളുമായി ആശയവിനിമയം പുലര്‍ത്തേണ്ടതുണ്ട്. ഐ.എന്‍.എസ് അരിഹന്ത് പോലുള്ള ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനികളില്‍ കെ 15 മിസൈലുകള്‍ ഘടിപ്പിക്കാനാവും. ഈ മിസൈല്‍ സേനയുടെ ഭാഗമായതോടെയാണ് ഇന്ത്യക്ക് കരയില്‍ നിന്നും വായുവില്‍ നിന്നും സമുദ്രത്തില്‍ നിന്നും ആണവ മിസൈല്‍ തൊടുക്കാനുള്ള ശേഷി കൈവന്നത്. 

Also Read: 33 മണിക്കൂര്‍ നിര്‍ത്താതെ, 40,000 അടി വരെ ഉയരത്തില്‍ പറക്കും; സമുദ്രം ഭരിക്കാൻ പ്രിഡേറ്റർ ഡ്രോണുകൾ...

ആദ്യം ആണവായുധം പ്രയോഗിക്കുകയില്ലെന്ന നയം പിന്തുടരുന്ന രാജ്യമായതുകൊണ്ടുതന്നെ ഇന്ത്യയുടെ സ്വയം പ്രതിരോധത്തിന് കെ 15 പോലുള്ള മിസൈലുകള്‍ നിര്‍ണായകമാണ്. കരയിലേയും വായുവിലേയും നീക്കങ്ങള്‍ കണ്ടെത്തുന്നതിന് ശത്രുക്കള്‍ക്ക് താരതമ്യേന എളുപ്പമാണ്. എന്നാല്‍ അന്തര്‍ വാഹിനികളില്‍ നിന്നും തൊടുക്കുന്ന മിസൈലുകള്‍ കണ്ടെത്തുക അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ രാജ്യം ഒരു ആണവാക്രമണം നേരിടേണ്ടി വന്നാല്‍ തിരിച്ചടിക്കാന്‍ ഏറ്റവും അനുയോജ്യമായ ആയുധമായാണ് കെ 15 സാഗരിക മിസൈലിനെ കണക്കാക്കുന്നത്.

 

English Summary: Missiles can be fitted with a tactical nuclear warhead or a conventional payload. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT