സോളർ കേസ്
Solar Case

സൗരോർജ പ്ലാന്റുകളും തമിഴ്‌നാട്ടിൽ വിൻഡ്‌മിൽ ഫാമുകളും വാഗ്ദാനം ചെയ്‌ത് സംസ്‌ഥാനത്തുടനീളം ഒട്ടേറെ പേരിൽനിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവമാണ് സോളാർ കേസ്. പ്രധാന പ്രതിയായ സരിത എസ്. നായർ 2013 ജൂണിൽ അറസ്റ്റിലായി.  ഭർത്താവ് ബിജു രാധാകൃഷ്ണനും അറസ്റ്റിലായി. പെരുമ്പാവൂർ മുടിക്കൽ കുറ്റപ്പാലിൽ സജ്‌ജാതിൽനിന്ന് 40 ലക്ഷം രൂപ തട്ടിയ കേസിലായിരുന്നു അറസ്‌റ്റ്. ലക്ഷ്‌മി നായർ എന്ന പേരിലാണ് സരിത അറിയപ്പെട്ടിരുന്നത്. എറണാകുളം ചിറ്റൂർ റോഡിൽ ടീം സോളാർ റിന്യൂവബിൾ എനർജി സൊല്യൂഷൻസ് എന്ന സ്‌ഥാപനം നടത്തിയാണ് തട്ടിപ്പ് ആരംഭിച്ചത്.

വ്യക്‌തികൾക്കും സ്‌ഥാപനങ്ങൾക്കും സൗരോർജ പ്ലാന്റുകളും ഗാർഹിക ഉപയോഗത്തിനുള്ള വൈദ്യുതി പ്ലാന്റുകളും തമിഴ്‌നാട്ടിൽ വിൻഡ്‌മിൽ ഫാമുകളും വാഗ്‌ദാനം ചെയ്‌താണ് കബളിപ്പിച്ചത്. ഉടമ്പടിയുണ്ടാക്കാനും റജിസ്‌റ്റർ ചെയ്യാനുമെന്നും പറഞ്ഞു പല ഘട്ടങ്ങളിലായാണ് ആളുകളിൽനിന്ന് പണം വാങ്ങിയത്. ഇവ സ്‌ഥാപിച്ചാൽ കിട്ടുന്ന ലാഭവും ബോധ്യപ്പെടുത്തി. ഇതിനെല്ലാം രസീത് നൽകി വിശ്വാസം നേടുകയും ചെയ്‌തു. 2011ലാണ് ചിറ്റൂർ റോഡിൽ ആർ.ബി. നായർ, ലക്ഷ്‌മി നായർ എന്നീ പേരുകളിൽ ബിജു രാധാകൃഷ്ണനും സരിതയും ചേർന്ന് കമ്പനി തുടങ്ങിയത്. യുഡിഎഫ് സർക്കാരിലെ ഉന്നതരുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നത് വൻ രാഷ്ട്രീയ ബഹളങ്ങൾക്ക് വഴിതുറന്നു. അതേസമയം, മുതിർന്ന നേതാക്കൾക്കെതിരെ സരിത ലൈംഗിക പീഡന ആരോപണം ഉന്നയിച്ചു. സരിതയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു യുഡിഎഫിന്റെ മറുപടി.