ADVERTISEMENT

പുറമെ കിംഗ് സ്ട്രീറ്റിന്റെ പഴമ നിലനിർത്തുന്നുണ്ടെങ്കിലും  ഹോട്ടൽ ഹയാത് സെന്ററിലെ മുറികൾ ആധുനികം. രാവിലെ മുതൽ ആരംഭിച്ച നടത്തം ക്ഷീണമായി അവശേഷിക്കയാണ്. പതുപതുത്ത മെത്തയുടെ പ്രലോഭനം. എന്നിട്ടും കിടന്നില്ല. ഇന്ത്യയിൽ നല്ല ഉറക്കം പിടിക്കുന്ന വെളുപ്പാൻകാലമാണ് ഇവിടെ ഉച്ച തിരിഞ്ഞുള്ള നേരം. കിടന്നാൽ മതിമറന്നങ്ങുറങ്ങിപ്പോകും. ഉണരുമ്പോഴേക്കും നേരം ഇരുട്ടിയേക്കാം. അലക്സൻഡ്രിയയിലെ ഈ അവസാനദിനം ഉറങ്ങിക്കളയാനുള്ളതല്ല. കാഴ്ചകൾ ബാക്കി നിൽക്കുന്നു. കസേരയിലിരുന്നൊന്നു മയങ്ങി. ഒരു മണിക്കൂർ തികയും മുമ്പ്  ഞെട്ടിയുണർന്നു. വീണ്ടും പുറത്തേക്ക്.

മണിനാദം മുഴക്കി ബസ്

കിംഗ് സ്ട്രീറ്റിലെ തൊട്ടടുത്ത ബസ് സ്റ്റാൻഡിലെത്തി. കാത്തിരിപ്പു വേണ്ടി വന്നില്ല. നൂറ്റാണ്ടു പഴക്കമുള്ള  രൂപത്തിൽ ചുവന്ന ബസ് എത്തി. പുറം മോടിയിലേ പഴമയുള്ളു. പുതുപുത്തൻ ബസാണ്. പഴമ നിലനിർത്താനായി തടിയിൽ തീർത്ത സീറ്റുകൾ. ഡ്രൈവറുടെ അടുത്തു തന്നെയുള്ള സീറ്റു കിട്ടി.

Alexandria
കിംഗ് സ്ട്രീറ്റ്

വണ്ടി വിട്ടു തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത്. ഡ്രൈവറുടെ തൊട്ടടുത്ത് ഒരു കയർ തൂങ്ങി നിൽക്കുന്നു. അതിൽ പിടിച്ചു വലിച്ചാൽ ബസിന് പുറത്ത് മുകളിലായി ഉറപ്പിച്ചിട്ടുള്ള മണിയടിക്കും. അതാണ് ഹോൺ. യാത്രക്കാരോടു വിശേഷങ്ങൾ പറ‍ഞ്ഞു കൊണ്ടിരുന്ന ഡ്രൈവർ ഇടവിടാതെ മണിയടിച്ചു രസിക്കുന്നുമുണ്ട്. കിംഗ് സ്ട്രീറ്റിന്റെ അറ്റം വരെ പോകുന്ന ബസ് പിന്നെ തിരിച്ചോടും. ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ മാത്രമല്ല വഴിയിൽ നിന്നു കൈനീട്ടിയാലും നിർത്തും. സൗജന്യയാത്രയാണ്. ഇഷ്ടമുള്ളയിടത്തു നിന്നു കയറാം, തോന്നുന്നയിടത്ത് ഇറങ്ങാം. ബസ് നിരത്തിന്റെ അങ്ങേയറ്റത്തെത്തി. പുറത്തേക്കിറങ്ങുന്നത് മാർക്കറ്റ് സ്ക്വയറിലേക്കാണ്.

ഈ ചന്തയിൽ വാഷിങ്ടണിന്റെ കോടതി

അലക്സാൻഡ്രിയയിൽ സുദീർഘ ചരിത്രമില്ലാത്തതായി ഒന്നുമില്ല. മാർക്കറ്റ് സ്ക്വയറിനുമുണ്ട് ചരിത്രം. സിറ്റിഹാൾ എന്നു കൂടി അറിയപ്പെടുന്ന ഇപ്പോഴത്തെ കെട്ടിടം 1871 ൽ പണി തീർത്തതാണ്. എന്നാൽ 1749 മുതൽ തന്നെ ഈ പ്രദേശം പച്ചക്കറി ചന്തയായിരുന്നു. പ്രാദേശിക പച്ചക്കറി കൃഷിക്കാർക്ക് ആഴ്ചയിലൊരിക്കൽ ചന്ത ദിവസം, വർഷത്തിലൊരിക്കൽ വിപുലമായ വാർഷികാഘോഷം. ഇതായിരുന്നു രീതി. ഇന്നും ഇതൊക്കെ പതിവ്. ചന്തയ്ക്കു സമീപമായി ഇവിടൊരു ചെറിയ കോടതി കെട്ടിടമുണ്ടായിരുന്നു. ഈ കോടതി മുറിയിലെ ഏറ്റവും പ്രശസ്തനായിത്തീർന്ന ജഡ്ജി ജോർജ് വാഷിങ്ടണാണ്. അലക്സാൻഡ്രിയ ഉൾപ്പെടുന്ന ഫെയർഫാക്സ് കൗണ്ടി ജഡ്ജിയായിരുന്ന അദ്ദേഹം പിന്നീട് അമേരിക്കയുടെ പ്രഥമ പ്രസിഡൻറായി.

ഓൾഡ് ടൗൺ അലക്സാൻഡ്രിയ
ഓൾഡ് ടൗൺ അലക്സാൻഡ്രിയ

1817 ൽ പുതുക്കിപ്പണിത ഇഷ്ടികക്കെടിടത്തിൽ അഗ്നിശമനസേന, പൊലീസ്, കോടതി മുറികൾ എന്നിവയും താഴത്തെ നിലയിൽ ചന്തയും തുടർന്നു. ഈ കെട്ടിടത്തിന് മനോഹരമായ ക്ലോക്ക് ടവറുമുണ്ടായിരുന്നു. കെട്ടിടത്തിനു മുന്നിലെ മൈതാനത്തിൽ നിന്ന് റോഡിലേക്കിറങ്ങുന്ന നീണ്ട കൽപ്പടവുകളും അന്നുണ്ടാക്കിയതാണ്. 1871 ലുണ്ടായ വൻ അഗ്നിബാധയിൽ ഈ കെട്ടിടം ചാരമായി.

ജർമൻ ‘കണക്ഷൻ’

ഇന്നു കാണുന്ന പ്രധാന കെട്ടിടം അക്കൊല്ലം തന്നെ പുനർനിർമിച്ചു. ജർമൻ വംശജനായ അഡോൾഫ് ക്ലസ്സ് ആയിരുന്നു ശിൽപി. വാഷിങ്ടണിലെ അക്കാലത്തെ ഏറ്റവും പ്രഗത്ഭനായ ആർക്കിടെക്ടായിരുന്നു ക്ലസ്. ഓറഞ്ച് ആൻഡ് അലക്സാൻഡ്രിയ റെയിൽ റോഡിന്റെ 2000 ഓഹരികൾ മറ്റൊരു കൗണ്ടിയുടെ തീവണ്ടി കമ്പനിയായ ബാൾട്ടിമോർ ആൻഡ് ഓഹായോ റെയിൽ റോഡിനു വിറ്റുകിട്ടിയ പണവും പഴയ കെട്ടിടത്തിന്റെ ഇൻഷുറൻസ് തുകയും ഉപയോഗിച്ചായിരുന്നു നിർമാണം. 

അഡോൾഫ് ക്ലസ്സ്
അഡോൾഫ് ക്ലസ്സ്. Image Credit : wikipedia.org

വാഷിങ് ടൺ സെൻട്രൽ മാർക്കറ്റ് അടക്കം ഗംഭീരമായ അനേകം കെട്ടിടങ്ങളുടെ ശിൽപിയായ ക്ലസ്സ് പുതിയ കെട്ടിടത്തിൽ മുൻതൂക്കം നൽകിയത് സുരക്ഷയ്ക്കാണ്. കാസ്റ്റ് അയൺ കോളങ്ങളും ഇഷ്ടികയും ഇരുമ്പ് ട്രസ് വർക്കും ലോഹ ഓടുകളും ഉപയോഗിച്ചു നിർമിച്ച കെട്ടിടം തീ കൊളുത്തിയാലും തീ പിടിക്കില്ല. കെട്ടിടം തലയയുർത്തി ഇന്നും നിൽക്കുന്നത് ക്ലസ്സിന്റെ ‘ജർമൻ’ ബുദ്ധിയിലാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനകാലത്ത് ലിഫ്റ്റുകൾ പോലെയുള്ള ചെറിയ ചില പരിഷ്കാരങ്ങൾ വരുത്തിയതൊഴിച്ചാൽ എല്ലാം പഴയ പടി. ക്ലോക് ടവറിനു മുന്നിലെ മുറ്റത്ത് നില കൊള്ളുന്ന ഫൗണ്ടനും പരിഷ്കാരത്തിനൊപ്പം വന്നതാണ്. 

ഉള്ളിലെ പ്രാചീനത

family-trick-web

വലിയ ഹാളിനുള്ളിലേക്കു കടന്നാൽ പത്തൊൻപതാം നൂറ്റാണ്ടിലേക്ക് കാലെടുത്തു വച്ചതു പോലെയുണ്ട്. കേടായ കാസ്റ്റ് അയൺ കോളങ്ങളും ഇഷ്ടികയുമൊക്കെ അറ്റകുറ്റപ്പണിക്കാലങ്ങളിൽ മാറിയെങ്കിലും എല്ലാം പഴയ പ്രൗഢിയിൽ നില നിൽക്കുന്നു. പണിത കാലത്തെ പ്ലാസ്റ്ററിങ്ങും പെയിൻറിങ്ങും വാൾ പേപ്പറുമൊക്കെ അതേ പടി. 50 കൊല്ലം മുമ്പ് പുതിയ കെട്ടിടത്തിലേക്കു മാറും വരെ കോടതിയും അനുബന്ധ ഓഫിസുകളും ഇവിടെ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കെട്ടിടം മുഖ്യമായും സിറ്റി ഹാളാണ്. പുറത്തിറങ്ങി മൈതാനം പോലെ പരക്കുന്ന മുറ്റത്തെ ഫൗണ്ടനും പിന്നിട്ട് കിംഗ് സ്ട്രീറ്റിലേക്കിറങ്ങുന്ന പടിക്കെട്ടിലെ മരത്തണലിരുന്നു  അടുത്ത പരിപാടിയെന്തെന്ന് ആലോചിക്കവെയാണ് ‘ഗോസ്റ്റ് ടൂർ’ എന്ന ആശയം ഉദിച്ചത്. വെയിലാറിത്തുടങ്ങി, ഇരുൾ വീഴാനൊരുങ്ങുന്നു. പെട്ടെന്നു തന്നെ ടിക്കറ്റ് സംഘടിപ്പിക്കണം, സമയമില്ല.

പ്രേതത്തെ തേടി, രാത്രിയിൽ...

Alexandria-Ghost-tour-lamp

അലക്സാൻഡ്രിയ ഒരു പൗരാണിക നഗരമാണ്. പഴയ കെട്ടിടങ്ങളിൽ പലതിനും പല കഥകളുമുണ്ടാവും. അവയിൽ ചിലത് തലമുറകളിൽ നിന്നു തലമുറകളിലേക്ക് വായ് മൊഴിയായി പകർന്നു കിട്ടിയ ഗതി കിട്ടാത്ത ആത്മാക്കളുടെ കഥകളാണ്. ഒരു ‘ഗോസ്റ്റ് ടൂറെ’ടുത്തില്ലെങ്കിൽ ഈ സന്ദർശനം പൂർത്തിയാകില്ല. മൊബൈലിൽ ഗുഗിൾ ചെയ്തപ്പൊഴേ ധാരാളം ‘ഓപ്ഷനുകൾ’ വന്നു തുടങ്ങി. 7.30 നാണ് ടൂറുകൾ പൊതുവെ ആരംഭിക്കുക. ആറരയായി, ഇനി ഒരു മണിക്കൂർ തികച്ചില്ല. തിരച്ചിൽ തുടർന്നു.  വീക്ക് ഡേയായിട്ടും മിക്ക ടൂറുകൾക്കും ടിക്കറ്റില്ല. തിരച്ചിലിനൊടുവിൽ ‘അലസ്കാൻഡ്രിയ കൊളോണിയൽ ടൂർസിൽ 7.30 ന് ഒരു ഒഴിവ് കണ്ടെത്തി. 15 ഡോളർ. ഓൺലൈനായി വാങ്ങാം. ഈ നിരത്തിൽത്തന്നെ അവരുടെ ടിക്കറ്റ് കൗണ്ടറുണ്ട്. അവിടെയും കിട്ടും. ഓൺലൈനായിത്തന്നെ വാങ്ങി. ശനിയും ഞായറും 7.30 നും 8.30 നും രണ്ടു ടൂറുകളാണിവർക്ക്. അല്ലാത്ത ദിവസങ്ങളിലും ശൈത്യകാലത്തും 7.30 നു മാത്രം. ഗ്രൂപ്പ് ബുക്കിങ്ങിനും ഇഷ്ടമുള്ള രീതിയിൽ പാക്കേജ് ക്രമീകരിക്കാനുമൊക്കെ സൗകര്യമുണ്ട്.  ടിക്കറ്റിൽ പറഞ്ഞിട്ടുള്ള, ടൂർ ആരംഭിക്കുന്ന സ്ഥലത്തേക്ക് പതിയെ നടന്നു.

പ്രേത ഭവനങ്ങളിൽ

Alexandria Ghost Tour
Alexandria Ghost Tour, Representative Image.

ഇഷ്ടിക വിരിച്ച നിരത്തുകൾക്ക് അന്തിവെയിൽ കടും ചുവപ്പു രാശിവീഴ്ത്തിത്തുടങ്ങി. വലിയൊരു മരത്തിനു താഴെ ചെറിയൊരു കൂട്ടം. ഇരുട്ടു വീണതോടെ പഴയമയുടെ ഓർമപ്പെടുത്തലായ വിളക്കു കാലുകളിൽ മെഴുകുതിരി വെട്ടം പോലെ വെളിച്ചം വന്നു. 7.30 ആകാറായതോടെ നൂറ്റാണ്ടുകൾക്ക് പിന്നിൽ നിന്നെത്തിയതുപോലെ ഒരു വനിത. പഴയ വേഷവിധാനങ്ങൾ. കയ്യിലൊരു റാന്തൽ. കാതറിൻ എന്നു സ്വയം പരിചപ്പെടുത്തിയ ശേഷം അലക്സാൻഡ്രിയയെപ്പറ്റി ലളിതമായ ഒരു വിവരണം. പതിനാറാം നൂറ്റാണ്ടു മുതൽ ഇന്നേക്കു നൂറു കൊല്ലം മുമ്പു വരെയുള്ള ചരിത്രം ചുരുക്കി പറഞ്ഞിട്ട് കാതറിൻ നടന്നു തുടങ്ങി. ജോർജ് വാഷിങ്ടണടക്കമുള്ള ചരിത്രപുരുഷന്മാർ നടന്ന അതേ ഇഷ്ടിക പാതകളിലൂടെ ഞങ്ങൾ പുറകെ നീങ്ങി. വിദേശിയായി ഈ ചെറു സംഘത്തിൽ ഇന്നു ഞാൻ മാത്രമേയുള്ളൂ.

ഗാഡ്സ്ബിസ് ടവേൺ

ഗാഡ്സ്ബിസ് ടവേൺ
ഗാഡ്സ്ബിസ് ടവേൺ

1785 ലും 1792 ലും പണിത രണ്ടു കെട്ടിടങ്ങളാണിത്. ടവേൺ എന്നാൽ നമ്മുടെ നാട്ടിലെ സത്രങ്ങൾക്കു സമാനമായ ആദ്യകാല ഹോട്ടലുകളാണ്. ഭക്ഷണവും താമസവും നൽകുന്ന കെട്ടിടങ്ങൾ. ഗാഡ്സ്ബിസ് ടവേൺ ഇവിടുത്തെ ആദ്യ സത്രമൊന്നുമല്ല. എന്നാൽ പ്രമുഖ സത്രങ്ങളിലൊന്നാണ്. ജോർജ് വാഷിങ്ടണും തോമസ് ജെഫേഴ്സനുമടക്കമുള്ള പ്രസിഡൻറുമാർ ടവേണിൽ പലതവണ തങ്ങിയിട്ടുണ്ട്. ആഭ്യന്തകലാപകാലത്തും അല്ലാതെയും ധാരാളം ദുർമരണങ്ങളും കൊലപാതകങ്ങളും ഇവിടെയുണ്ടായി. അവരുടെയൊക്കെ ഗതി കിട്ടാത്ത ആത്മാക്കൾ ഇവിടെയിപ്പോഴും അലഞ്ഞു നടക്കുന്നുണ്ടെന്നാണ് വിശ്വാസം. അത്തരമൊരു കഥയിലേക്ക് കാതറിൻ ഞങ്ങളെ നയിച്ചു.

‘അപരിചിത’യുടെ കഥ

കെട്ടിടത്തിന്റെ ഒരു ഭാഗം മ്യൂസിയമാണ്. മറ്റു ഭാഗങ്ങളിലേക്ക് ഞങ്ങൾ കടന്നു. എല്ലാം പഴയ കാലത്തെ അനുസ്മരിക്കുന്ന രീതീയിൽത്തന്നെയുണ്ട്. വെളിച്ചവും കുറവ്. ഭീതിപ്പെടുന്ന പരിസരങ്ങളിലുടെ കാതറിന്റെ റാന്തൽ വെളിച്ചത്തിൽ എട്ടാം നമ്പർ മുറിയിലെത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭർത്താവിനൊപ്പം സത്രത്തിൽ ഒരു രാത്രി തങ്ങിയ 23 കാരി ആകസ്മികമായി എന്തോ രോഗത്താൽ ഈ മുറിയിൽക്കിടന്നു മരിച്ചു. മരണത്തിനു തൊട്ടുമുമ്പ് അവർ അവിടെയുള്ളവരെക്കൊണ്ട് തന്റെ പേരും വിവരങ്ങളും ഒരിക്കലും വെളിപ്പെടുത്തരുതെന്ന് ഒരു പ്രതിജ്ഞയെടുപ്പിച്ചു. അതാരും തെറ്റിച്ചില്ല.

Gravestone
സെന്റ് പോൾസ് സെമിത്തേരി

തൊട്ടടുത്ത സെൻറ് പോൾസ് സെമിത്തേരിയിൽ അടക്കിയ അവരുടെ കുടീരത്തിൽ ‘അപരിചിത’ എന്ന് രേഖപ്പെടുത്തിയത് ഇന്നും കാണാം. എട്ടാം നമ്പർ മുറിയിൽ പിന്നീട് താമസിച്ച പലരും ‘അപരിചിത’യെ കണ്ടിട്ടുണ്ട്. സെമിത്തേരിക്കു സമീപം പഴയ കാല വേഷത്തിൽ സുന്ദരിയായ യുവതിയെ അടുത്ത കാലത്തും കണ്ടവരുണ്ടത്രെ. പേടിപ്പിക്കുന്ന കഥ പറഞ്ഞിട്ട് കാതറിൻ നാടകീയമായി അടുത്ത മുറിയിലേക്ക് അപ്രത്യക്ഷയായി. ഇരുട്ടിൽ തെല്ലു പതറിപ്പോയ ഞങ്ങൾ ഒരു നിമിഷമെങ്കിലും പറഞ്ഞറിയിക്കാനാവാത്ത ഭീതിയിലമർന്നു. കട്ടിലിനടുത്ത വലിയ നിലക്കണ്ണാടിയിൽ വെളുത്ത ഗൗൺ ധരിച്ച സുന്ദരിയുടെ പ്രതിഫലനമുണ്ടോ? തിടുക്കത്തിൽ കാതറിനു പിന്നാലെ ഓടിയെത്തി. ഇത്തരം കഥകൾ ഇനിയുമുണ്ടെന്ന് പറഞ്ഞ് കാതറിൻ അടുത്ത സ്ഥലത്തേക്കു നടക്കുകയാണ്.

ഈ വീടീനു പറയാനുണ്ട് ഒരു തീരാ പ്രണയം

കാർലൈൽ ഹൗസ്
കാർലൈൽ ഹൗസ്

കാർലൈൽ ഹൗസ് എന്ന കൊട്ടാരത്തിലേക്കാണ് ഇനി. സ്കോട്ടിഷ് കച്ചവടക്കാരനായ ജോർജ് കാർലൈൽ 1751 ൽ പണിത വീടാണിത്. ടവേണിന് രണ്ടു ബ്ലോക്ക് മാത്രം അകലെയാണ് ഈ മനോഹര സൗധം. കാർലൈലും ഭാര്യ സാറാ ഫെയർഫാക്സും പ്രണയിച്ചതും ജീവിച്ചതും 7 മക്കളെ പെറ്റു വളർത്തിയതും ഇവിടെയാണ്. പ്രണയം തീരുംമുമ്പ് ഒരു പ്രസവത്തോടെ സാറാ മരിച്ചതും ഈ ബംഗ്ലാവിൽത്തന്നെ. ഇവിടുത്തെ മനോഹരമായ പൂന്തോട്ടത്തിലും കെട്ടിടത്തിലെ ഓരോ മുറികളിലും പത്തു വർഷം മാത്രം നീണ്ട ആ പ്രണയത്തിന്റെ ശേഷിപ്പുകളുണ്ട്. പ്രണയം ബാക്കി വച്ചു മരിച്ച സാറയുടെ പ്രേതം ജീവിതാസക്തിയോടെ ഇവിടെയൊക്കെയുണ്ടെന്നും പലരും പലകാലത്തും ആ സാന്നിധ്യം കണ്ടറിഞ്ഞിട്ടുണ്ടെന്നുമാണ് കഥകൾ. ഭീതിയുടെ മറ്റൊരു കഥയും സന്ദർഭവും ശേഷിപ്പിച്ച് കാതറിൻ വിളക്കുമായി അടുത്തയിടത്തേക്കു നീങ്ങി. കഥ പറഞ്ഞു ഫലിപ്പിക്കാനും പേടിപ്പിക്കാനുമുള്ള അവരുടെ കഴിവ് അഭിന്ദനാർഹം.

കടൽത്തീരത്തെ അടക്കം പറച്ചിലുകൾ

Ghost Ship
Ghost Ship

പൊട്ടോമാക്ക് നദിക്കരയിലെ പഴയ വാർഫ് പ്രദേശത്തു കൂടിയാണ് ഇപ്പോൾ നടപ്പ്. കാറും കോളുമുള്ള ദിനങ്ങളിൽ കപ്പലുകൾ തീരത്ത് നിയന്ത്രണമില്ലാതെ ഇടിച്ചു തകർന്നതിന്റെയും നാവികർ തീയിൽ ദയനീയമായി എരിഞ്ഞമർന്നതിന്റെയും കഥകൾ പൊടിപ്പും തൊങ്ങലുമിട്ട് കാതറിൻ പറയുന്നു. ഏതാനും നൂറ്റാണ്ടുകൾ പിന്നോട്ടു പോയതു പോലെ കാണപ്പെടുന്ന പഴയ വാർഫിൽ അന്നത്തെ കാലഘട്ടത്തിലെ കപ്പലുകളുടെ രൂപങ്ങളുമുണ്ട്. ഇവിടെ ദുർമരണടഞ്ഞ ആയിരക്കണക്കിനു നാവികരുടെ രോദനം കാറ്റിൽ അടക്കം പറച്ചിൽ പോലെ കേൾക്കാറുണ്ടെന്ന് അവർ പറഞ്ഞു സമർഥിക്കുമ്പോൾ വിശ്വസിക്കാതിരിക്കാൻ പറ്റില്ല. തീരത്തേക്ക് ആഞ്ഞടിക്കുന്ന കാറ്റിന്റെ മൂളക്കത്തിൽ ആ ശബ്ദങ്ങൾക്കായി ചെവിയോർത്തു.

ഈ കെട്ടിടങ്ങളിൽ പ്രേതങ്ങൾ കുടികൊള്ളുന്നു

പഴയ നഗരത്തിലെ പൗരാണിക കെട്ടിടങ്ങൾക്കിടയിലൂടെ അരണ്ട വെളിച്ചത്തിൽ ഞങ്ങൾ നടക്കുമ്പോൾ കാതറിൻ അനേകം പ്രേതകഥകൾ പറഞ്ഞു. തകർന്ന പ്രണയവും ദുർമരണങ്ങളും ആത്മഹത്യകളും നിർദ്ദയം കൊല്ലപ്പെട്ട അടിമകളുടെ കഥകളും മറ്റും. അവരൊക്കെ ഇവിടെ ഇന്നും രാവിന്റെ മറവിൽ ഇറങ്ങി ഗതികിട്ടാതെ അലയുന്നുണ്ടെന്നാണ് കാതറിന്റെ വിശ്വാസം. വർഷങ്ങളുടെ പഴക്കമുള്ള ലീഡ് ബീറ്റർ അപോത്തിക്കരി കടയിലെ മരുന്നു കുപ്പികളിൽപ്പോലും പ്രേതങ്ങൾ കുടികൊള്ളുന്നുണ്ടത്രെ. അതു കൊണ്ട് അതുവഴി രാത്രി കടന്നു പോകുമ്പോൾ അദൃശ്യ രൂപങ്ങൾ അമാനുഷിക ശബ്ദങ്ങളുണ്ടാക്കുന്നതു കേൾക്കാം. കാതോർത്തപ്പോൾ അതും ശരിയെന്നു തോന്നി...

വരൂ... നമുക്കു വിർജീനിയയിൽ പോയി രാപാർക്കാം– യാത്രാവിവരണം ഒന്നാം ഭാഗം

ലുറേ കവേൺസ് ഗുഹയല്ല, ചാർലോട്​സ് വിൽ നഗരവുമല്ല – യാത്രാവിവരണം രണ്ടാം ഭാഗം

സ്നേഹിക്കാനൊരു വിർജീനിയ – യാത്രാവിവരണം മൂന്നാം  ഭാഗം

വിദ്യയുടെ ഇടനാഴികൾ, വാഷിങ്ടൺ എന്ന പ്രസ്ഥാനം...നാലാം ഭാഗം

അലക്സാൻ‍ഡ്രിയ, നിന്നെ ഞാൻ പ്രണയിക്കുന്നു...അഞ്ചാം ഭാഗം


പേടിപ്പിക്കുന്ന മടക്കം

Ghost-and-Graveyard-Tour
Alexandria Ghost Tour, Representative Image.

ടൂർ അവസാനിച്ചു. കാതറിൻ നന്ദി പറഞ്ഞു ഇരുളിൽ ലയിച്ചു. എന്തൊരനുഭവം... വലിയ മരങ്ങൾ അതിരിടുന്ന പാതയിലൂടെ തിരിച്ച് ഹോട്ടലിലേക്ക് നടക്കുമ്പോൾ തോന്നി, ആരെങ്കിലും അനുഗമിക്കുന്നുണ്ടോ? തിരിഞ്ഞു നോക്കാതെ ചരിത്ര പാതയിലൂടെ ഒരു മൈൽ ഒറ്റയ്ക്കു നടന്ന് ഹയാത് സെൻററിന്റെ ലോബിയിലെത്തിയപ്പോഴേക്കും ഒരു ദുസ്വപ്നം കണ്ടു തീർന്ന പ്രതീതി. ഇനി അത്താഴം കഴിഞ്ഞുറങ്ങാം. നാളെ രാവിലെ ഈ മനോഹര, പൗരാണികതയോടു വിട.

Content Summary : Virginia is a beautiful state with a rich history and culture, there are many reasons to visit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com