ADVERTISEMENT

ആരോഗ്യകരമായ ഒരു ബന്ധമെന്നാല്‍ ഒരു വ്യക്തിക്ക് സ്വയം വളരാനും സന്തോഷമായിരിക്കാനും സാധിക്കുന്നതായിരിക്കണം. ടോക്‌സിക്കായ ബന്ധങ്ങള്‍ എപ്പോഴും തലവേദനതന്നെയാണ്. ബന്ധങ്ങളില്‍ നിന്നുളള ഇറങ്ങിപ്പോക്ക് എളുപ്പം സാധ്യമല്ലാത്തതുകൊണ്ടുതന്നെ അത്തരം ബന്ധങ്ങള്‍ ഓരോ നിമിഷവും വേദനിപ്പിച്ചും സമ്മര്‍ദ്ദത്തിലാക്കിയും ദുരിതം വിതച്ചുകൊണ്ടിരിക്കും. എന്നാല്‍ മിക്കവര്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാനും അതിനോട് പ്രതികരിക്കാനും സാധിക്കില്ല. അതിനുപുറമെ ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താന്‍ എന്തിനിങ്ങിനെ പോരാടുന്നുവെന്നതിനുളള ഉത്തരവും അവരുടെ കയ്യിലുണ്ടാവില്ല. 

മിക്കവരും ജീവിതത്തില്‍ ഒരുതവണയെങ്കിലും ഇത്തരം ടോക്‌സിക് ബന്ധങ്ങളുടെ കയ്പുനീര് കുടിച്ചവരായിരിക്കും. എന്നാലോ നിങ്ങള്‍ സ്വയം ടോക്‌സിക്കായി പെരുമാറുന്ന ആളാണോ എന്ന് പലപ്പോഴും ചിന്തിക്കാറില്ല എന്നതാണ് സത്യം. ആരോഗ്യകരമായ ബന്ധത്തിന് സ്വയം അവബോധമുണ്ടാക്കുക എന്നതുമാത്രമാണ് ഏക പോംവഴിയെന്ന് തെറാപ്പിസ്റ്റായ എലിസബത്ത് ഫെഡ്രിക് പറയുന്നു. ഒരു ബന്ധം ടോക്‌സിക്കാണോ എന്നു തിരിച്ചറിയാനും സ്വയം തിരിച്ചറിയാനും ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍ ഡോക്ടര്‍ എലിസബത്ത് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

''എത്രമാത്രം ടോക്‌സിക് ബന്ധങ്ങളെ കുറിച്ച് നമ്മള്‍ ചര്‍ച്ചചെയ്താലും ദിനം പ്രതി അത്തരം ബന്ധത്തില്‍ അകപ്പെട്ടരുമായി സംസാരിക്കാന്‍ ഇടവരുന്നു. എന്നാല്‍ അതില്‍ പലര്‍ക്കും താന്‍ മറ്റൊരാളോട് ചെയ്യുന്ന ടോക്‌സിക് കാര്യങ്ങളെ കുറിച്ച് അവബോധമില്ലെന്നതാണ് സത്യം. നമ്മളെല്ലാം ഇത്തരം ടോക്‌സിക് സ്വഭാവങ്ങളുടെ അംശങ്ങള്‍ പേറി നടക്കുന്നവര്‍തന്നെയാണ്. അതുകൊണ്ടുതന്നെ സ്വയം തിരിച്ചറിയുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് '' എലിസബത്ത് പറയുന്നത്.

Read also: 'വിൽ യു മാരി മീ?' എയർപോർട്ടിൽ വച്ച് വിവാഹാഭ്യർഥന, കാമുകന്റെ സർപ്രൈസ് കണ്ട് അമ്പരന്ന് യുവതി

ഡോക്ടര്‍ എലിസബത്തിന്റെ അഭിപ്രായത്തില്‍ ഇത് തിരിച്ചറിയാന്‍ നമുക്ക് സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കാം. 

എന്തെല്ലാം ടോക്‌സിക് സ്വഭാവങ്ങളാണ് തനിക്കുളളത്?

എപ്പോഴെല്ലാമാണ് അത്തരത്തില്‍ പെരുമാറുന്നത്? അതും എത്രത്തോളം ആഴത്തില്‍?

അത്തരത്തില്‍ ടോക്‌സിക്കായി പെരുമാറുന്നതിന് ഇടയാക്കുന്ന സാഹചര്യങ്ങള്‍?

ടോക്‌സിക്കായി പെരുമാറുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ അത് മാറ്റാനുളള ശ്രമങ്ങള്‍ നടത്താറുണ്ടോ?

ഇത്തരം പെരുമാറ്റ വൈകല്യങ്ങള്‍ മാറ്റാനും ബന്ധം നല്ല രീതിയില്‍ കൊണ്ടുപോകാനും ശ്രമിക്കാറുണ്ടോ?

ഈ ചോദ്യങ്ങള്‍ക്കുളള ഉത്തരങ്ങളിലുണ്ട് നിങ്ങള്‍ക്ക് സ്വയം തിരിച്ചറിയാനും ഒരു ബന്ധത്തെ തിരിച്ചറിയാനുമുളള മാര്‍ഗ്ഗങ്ങള്‍. ഏതൊരു ആരോഗ്യകരമായ ബന്ധത്തിനും തിരുത്തലുകളാണ് പരിഹാരമെന്ന് എലിസബത്ത് അടിവരയിടുന്നു. നമ്മള്‍ ടോക്‌സിക്കാണോ എന്ന് തിരിച്ചറിയാനായി മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ ചോദിക്കുന്നതിനൊപ്പം ചില പെരുമാറ്റങ്ങള്‍ തനിക്കോ തന്റെ പങ്കാളിക്കോ ഉണ്ടോ എന്നുകൂടി ശ്രദ്ധിക്കേണ്ടതാണ്. അത് സ്വയം തിരിച്ചറിയാനും ബന്ധം ടോക്‌സിക്കാണോ എന്ന് മനസിലാക്കാനും വളരെയധികം സഹായിക്കും.  

മാറ്റം

തെറ്റു ചെയ്യാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ ചെയ്തത് തെറ്റാണെന്ന് മനസിലാക്കിയാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തിരുത്താനുളള ശ്രമങ്ങള്‍ നടത്തണം. പകരം നമ്മള്‍ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ അത് ചൂണ്ടിക്കാണിക്കുന്ന വ്യക്തിയുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നത് ടോക്‌സിക് സ്വഭാവത്തിന്റെ ഉദാഹരണമാണ്. 

ഗ്യാസ് ലൈറ്റിംഗ്

ഒരു വ്യക്തിയുടെ ചിന്താശേഷിയേയും യാഥാര്‍ത്ഥ്യബോധത്തെയും പലമാര്‍ഗങ്ങളിലൂടെയും സംശയത്തിലാക്കുക. പിന്നീട് അതുവഴി അവരുടെ മേല്‍ പൂര്‍ണ ആധിപത്യം നേടിയെടുക്കുക. ഇതാണ് ഗ്യാസ് ലൈറ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദാമ്പത്യത്തിലും സൗഹൃദത്തിലും മാതാപിതാക്കളും കുട്ടികളും തമ്മിലെല്ലാം ഈ ഗ്യാസ് ലൈറ്റിംഗ് കാണാന്‍ സാധിക്കും. ഇത്തരത്തില്‍ ഗ്യാസ് ലൈറ്റിംഗ് ചെയ്യുന്ന സ്വഭാവം നിങ്ങള്‍ക്കോ നിങ്ങളുടെ ബന്ധങ്ങളിലോ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. 

Read also: ഓട്ടിസം തളർത്തിയില്ല; പ്രതിസന്ധിയിലും പാട്ടുപാടി റെക്കോർഡുകൾ നേടിയ മകൻ, തുണയായി അമ്മയും

കൃത്രിമത്വം

വാക്കൊന്ന് പ്രവര്‍ത്തി മറ്റൊന്ന് എന്ന് സാധാരണ പറയും. അതുതന്നെയാണ് ഈ കൃത്രിമത്വമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വ്യക്തിയുടെ പ്രവര്‍ത്തിയും സംസാരവും തമ്മില്‍ യോജിക്കാത്ത അവസ്ഥ. വാക്കുകളിലൂടെ സ്വയം ഒരു ഇമേജ് ഉണ്ടാക്കിയെടുക്കുകയും തുടര്‍ന്ന് അതില്‍ വിശ്വസിക്കുന്നവരെ മുതലെടുക്കുകയും ചെയ്യുക. ഒട്ടും സത്യസന്ധതയില്ലാതെ ബന്ധങ്ങളെ കൈകാര്യം ചെയ്യുന്നവരാണോ എന്ന് സ്വയം തിരിച്ചറിയാം. 

ന്യായീകരണം

എന്ത് തെറ്റുചെയ്താലും താന്‍ പിടിച്ച മുയലിന് നാലു കൊമ്പെന്ന് വാദിക്കുന്നവരുണ്ട്. അവര്‍ മറ്റൊരാള്‍ക്കു മുന്നില്‍ താഴ്ന്ന് തരാന്‍ മടിക്കും. ഒരു തെറ്റുചെയ്താല്‍ അത് സമ്മതിക്കാതെ സ്വയം ന്യായീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യും. സ്വന്തം പ്രവൃത്തി ശരിയായിരുന്നുവെന്ന് സമ്മതിപ്പിക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുക. ഇത്തരം പ്രവൃത്തികള്‍ ടോക്‌സിക് പെരുമാറ്റത്തില്‍പെട്ടതുതന്നെയാണ്. 

ഇരയുടെ മാനസികാവസ്ഥ

ചെറിയ കാര്യങ്ങള്‍ക്കുപോലും മറ്റൊരാളെ കുറ്റപ്പെടുത്തി സ്വയം ഒരു ഇരയെ പോലെ പെരുമാറുക. പല സാഹചര്യത്തിലും ഇരയുടെ മാനസികാവസ്ഥയിലെന്ന പോലെ നിസഹായമായി പെരുമാറുക. ഇത്തരത്തില്‍ നിങ്ങളോ നിങ്ങളുടെ പങ്കാളിയോ പെരുമാറാറുണ്ട്. ഉണ്ടെങ്കില്‍ അത് തിരുത്തേണ്ട സമയം അതിക്രമിച്ചു. കാരണം മറ്റൊരാളെ കീഴ്‌പ്പെടുത്താനുളള തന്ത്രം മാത്രമാണ് ഇതെന്ന് തിരിച്ചറിയുക.

Read also: 33 വർഷം മുടി വെട്ടിയില്ല!, നീളൻ തലമുടിയിൽ 58 കാരിക്ക് ലോകറെക്കോർഡ്

ലൗ ബോംബിംഗ്

അമിതമായ ശ്രദ്ധയും കരുതലും സമ്മാനങ്ങളും നല്‍കി ബന്ധത്തില്‍ തുടരാന്‍ പ്രേരിപ്പിക്കുന്ന അവസ്ഥയാണ് ലൗ ബോംബിംഗ്. ടോക്‌സിക് ബന്ധങ്ങളില്‍ എപ്പോഴും ഉപയോഗിക്കപ്പെടുന്ന ഒരു രീതിയാണിത്. ഇത്തരത്തില്‍ അമിതമായ ശ്രദ്ധയും കരുതലും സമ്മാനങ്ങളും ലഭിക്കുന്നത് സ്‌നേഹമാണെന്ന് തെറ്റിദ്ധരിക്കപ്പെടും. ഈ തെറ്റിദ്ധാരണ ബന്ധം തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. 

ബ്രഡ്ക്രമ്പിംഗ്

അമിതശ്രദ്ധ നല്‍കുകയും എന്നാല്‍ ഒട്ടും സ്‌നേഹമില്ലാതെയും പെരുമാറുന്ന ഒരു അവസ്ഥയാണിത്. ഒരു ബന്ധത്തില്‍ തുടരുന്നതിനായി പലരും എടുക്കുന്ന രീതിയാണിത്. സ്‌നേഹമില്ലാത്ത ഇത്തരം ബന്ധങ്ങള്‍ കാലില്‍ ചങ്ങലകളിട്ട പോലെയായിരിക്കും. നിങ്ങള്‍ ബ്രഡ് ക്രമ്പിംഗ് ചെയ്യുന്ന ആളാണോ? അല്ലെങ്കില്‍ നിങ്ങളുടെ പങ്കാളി? ആണെങ്കില്‍ എത്രയും പെട്ടെന്ന് അത് തിരിച്ചറിഞ്ഞ് മാറ്റാന്‍ ശ്രമിക്കുന്നത് ആരോഗ്യകരമായ ബന്ധത്തിന് പ്രധാനമാണ്.

സ്റ്റോണ്‍വോളിംഗ്

ഒരു വഴക്കുണ്ടായാല്‍ അതിനെകുറിച്ച് സംസാരിക്കാനോ ആ വ്യക്തിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടാനോ ഒട്ടും താത്പര്യമില്ലാതിരിക്കുന്നത് പുറമെ അവരുമായുളള ആശയവിനിമയം പൂര്‍ണമായും അവസാനിപ്പിക്കുന്ന അവസ്ഥയാണ് സ്റ്റോണ്‍വോളിംഗ് എന്ന് പറയുന്നത്. അതായത് ബന്ധങ്ങള്‍ക്കിടയില്‍ മതില്‍കെട്ടുക. മറ്റൊരാള്‍ക്ക് പറയാനും കേള്‍ക്കാനുമുളള അവസരം നിഷേധിക്കുക. ഇത്തരത്തില്‍ പൂര്‍ണമായി ആശയവിനിമയം അവസാനിപ്പിക്കുന്നത് ഒരു ശിക്ഷയെന്ന പോലെയാണ് ഇത്തരക്കാര്‍ കരുതുന്നത്. ഇത് വളരെ ഗുരുതരമായ ഒരു ടോക്‌സിക് പെരുമാറ്റമാണെന്ന് തിരിച്ചറിയുക.

Read also: 'ഞങ്ങൾ കണ്ടുമുട്ടിയതു മരത്തിന്റെ മുകളിൽ വച്ച്'; ആദ്യം സുഹൃത്തുക്കളായിരുന്നു, പ്രണയം പറഞ്ഞത് ഭര്‍ത്താവ്

മുകളില്‍ പറഞ്ഞ ഈ പെരുമാറ്റങ്ങള്‍ നിങ്ങള്‍ക്കോ നിങ്ങളുടെ പങ്കാളിക്കോ ഉണ്ടോ എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. അത് മനസിലാക്കിയാല്‍ തിരുത്താനുളള വഴികള്‍ നോക്കാന്‍ ഒരിക്കലും മടിക്കരുത്. ആകെയുളള ഒരു ജീവിതം സന്തോഷകരമായി കൊണ്ടുപോവുന്നതിന് തിരുത്തലുകള്‍ മാത്രമാണ് വഴി.

Content Summary: Tips to make your relationship healthy and Peaceful

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com