sections
MORE

ഗർഭഛിദ്രനിരോധനം ചർച്ചയാകുമ്പോൾ; സ്ത്രീകളുടെ നിലപാടിങ്ങനെ

Abortion
പ്രതീകാത്മക ചിത്രം
SHARE

അമ്മയാകാൻ ശരീരം തയാറെടുക്കുന്ന എന്നു തിരിച്ചറിയുമ്പോഴാകും ഒരു പക്ഷേ ഒരു സ്ത്രീ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുക. ഗര്‍ഭം അകാലത്തില്‍ അവസാനിപ്പിക്കാന്‍ പൊതുവെ ഒരു സ്ത്രീയും ഒരിക്കലും ഇഷ്ടപ്പെടുകയുമില്ല. പക്ഷേ, ദുരനുഭവങ്ങളുടെ ഭാഗമായി ഗര്‍ഭിണിയാകുകയും അറിയാന്‍ വൈകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗര്‍ഭം അവസാനിപ്പിക്കാനുള്ള സാധ്യത കൂടി സ്ത്രീ ആഗ്രഹിക്കുന്നുണ്ട്. അതവരുടെ മൗലിക അവകാശം കൂടി ആണ്. അങ്ങനെ ആയിരിക്കുകയും വേണം എന്നാണ് ഭൂരിപക്ഷം സ്ത്രീകളുടെയും നിലപാട്. അക്കാര്യത്തില്‍ ഇരകള്‍ എന്നോ മറ്റുള്ളവര്‍ എന്നോ വ്യത്യാസമില്ല. 

അലബാമ ഉള്‍പ്പെടെ അമേരിക്കയിലെ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഗര്‍ഭഛിദ്രനിരോധന നിയമമാണ് ഗര്‍ഭം അവസാനിപ്പിക്കാന്‍ സ്ത്രീക്ക് അവകാശം നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ വീണ്ടും ഒരു ചര്‍ച്ചയുടെ വാതില്‍ തുറന്നിട്ടിരിക്കുന്നത്. കര്‍ശനമായ നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും അരങ്ങേറുന്നുണ്ട്. ഒരു പ്രക്ഷോഭകയുടെ വാക്കുകള്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് മുന്നോട്ടുവയ്ക്കുന്നു. അതിതാണ്: ''ഞാന്‍ ഗര്‍ഭഛിദ്രത്തിന്റെ ഇരയല്ല. പക്ഷേ, അത്യാവശ്യഘട്ടില്‍ ഗര്‍ഭം അവസാനിപ്പിക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് ലഭിക്കണം. അതിനുവേണ്ടിയാണ് എന്റെ പോരാട്ടം''. 

നിയമപരമായ ഗര്‍ഭഛിദ്രം എന്നതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്; അമേരിക്കയിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും. അമേരിക്കന്‍ സംസ്ഥാനമായ അലബാമ അടുത്തിടെ പാസ്സാക്കിയത് പൂര്‍ണ ഗര്‍ഭഛിദ്ര നിരോധന നിയമമാണ്. ഓഹിയോ, ജോര്‍ജിയ, കെന്റുക്കി, മിസ്സിസ്സിപ്പി തുടങ്ങിയ സംസ്ഥാനങ്ങളാകട്ടെ ആറാഴ്ചയ്ക്കുശേഷമുള്ള ഗര്‍ഭഛിദ്രത്തെയും വിലക്കുന്നു. ഈ സാഹചര്യത്തിലാണ് നിയമപരമായ ഗര്‍ഭഛിദ്രം എന്ന ആശയത്തിന്റെ  പ്രാധാന്യം വര്‍ധിക്കുന്നതും. 

നിയമപരമായ ഗര്‍ഭഛിദ്രം അനുവദിക്കുക എന്നാല്‍ സ്ത്രീയെ ഒരു വ്യക്തിയായി അംഗീകരിക്കുക എന്നതാണ്. അവകാശങ്ങളുള്ള വ്യക്തിയായി സ്ത്രീയെ അംഗീകരിക്കുക. പീഡനത്തിന്റെ ഫലമായി ഗര്‍ഭിണിയാകുകയും ആദ്യഘട്ടത്തില്‍ അതേക്കുറിച്ച് അറിയാതിരിക്കുകയും ചെയ്താലും ഗര്‍ഭം അവസാനിപ്പിക്കാന്‍ അവകാശമുണ്ടായിരിക്കുക. കാന്‍സര്‍ ഉള്‍പ്പെടെ മാരകമായ അസുഖങ്ങളുടെ ഇരകളായാല്‍ ഗര്‍ഭം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ചികില്‍സ നിഷേധിക്കപ്പെടാതിരിക്കുകയും ചെയ്യുക.  പുരുഷന്‍മാരെപ്പോലെ താരതമ്യേന ബുദ്ധിമുട്ടുകള്‍ കുറഞ്ഞ ലൈംഗിക ജീവിതം നയിക്കാന്‍ അവസരമുണ്ടാകുക. ഒരു ദുരന്തം ഉണ്ടായാലും അതിനെ അതിജീവിച്ച് പുതിയൊരു ജീവിതത്തെക്കുറിച്ചു സ്വപ്നം കാണാന്‍ അവസരമുണ്ടായിരിക്കുക. 

1970-കളില്‍ വിവാഹിതരാകുന്ന അമേരിക്കന്‍ യുവതികളുടെ ശരാശരി പ്രായം 22 വയസ്സായിരുന്നു. ഇപ്പോഴത് കൂടിയിരിക്കുന്നു. സാമ്പത്തികമായി സുരക്ഷിതയായതിനുശേഷം മാത്രമാണ് ഇപ്പോള്‍ അമേരിക്കന്‍ യുവതികള്‍ വിവാഹത്തിനു തയാറാകുന്നത്. കുട്ടികളുണ്ടാകുന്ന പ്രായവും സാഹചര്യത്തിനനുസരിച്ച് ക്രമപ്പെടുത്താന്‍ അവര്‍ തയാറാകുന്നു. ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിലും കുറവുണ്ട്. ഈ സാഹചര്യത്തില്‍ ഗര്‍ഭം നിലനിര്‍ത്താനും അവസാനിപ്പിക്കാനുമുള്ള അവകാശവും സ്ത്രീകള്‍ക്ക് സ്വാഭാവികമായും ലഭിക്കേണ്ടതല്ലേ എന്നതാണു ചോദ്യം. 

ഗര്‍ഭഛിദ്ര നിയമം കര്‍ശനമായി നടപ്പാക്കുന്ന സംസ്ഥാനങ്ങളുടെ കാര്യമെടുത്താല്‍ അവിടങ്ങളിലെ സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം ഇപ്പോഴും താഴെയാണ്. ജോലിസ്ഥലങ്ങളില്‍, ശമ്പളം ലഭിക്കുന്നതില്‍ ഒക്കെ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ പിന്നിലാണ്. നിയമം നിര്‍മിക്കുന്നതിലും നിയമം നടപ്പാക്കിക്കിട്ടാന്‍ വാദിക്കുന്ന അഭിഭാഷകരുടെ എണ്ണത്തിലുമെല്ലാം സ്ത്രീകള്‍ പിന്നിലാണ്. സ്ത്രീവിരുദ്ധ നിയമം നടപ്പാക്കുന്നതിന്റെ ഒരു കാരണവും സ്ത്രീകളുടെ പിന്നാക്കാവസ്ഥ തന്നെയാണെന്നു കാണാം. 

മറ്റൊരു വസ്തുത കൂടിയുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെയാണ് കര്‍ശനമായ നിയമങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും. മറ്റൊന്ന്, ഒരിക്കലും ഗര്‍ഭഛിദ്രത്തിന് വിധേയയാകേണ്ടിവന്നിട്ടില്ല എന്നതുകൊണ്ടുമാത്രം സ്ത്രീകള്‍ കര്‍ശന നിയമത്തെ പിന്തുണയ്ക്കുന്നു എന്ന വാദം തെറ്റാണെന്നുമാണ്. സ്വന്തം കാര്യത്തിലല്ലെങ്കില്‍ നാളെ സ്വന്തം മകളുടെ കാര്യത്തിലെങ്കിലും അവര്‍ക്ക് ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോള്‍ ആരുടെ ഭാഗത്തായിരിക്കും സ്ത്രീ നില്‍ക്കുക: മകളുടെ ഭാഗത്തോ കണ്ണില്ലാത്ത നിയമത്തിനുവേണ്ടിയോ ? 

നിയമപരമായ ഗര്‍ഭഛിദ്രം എന്ന ആശയത്തിനു പ്രാധാന്യം കൂടിക്കൊണ്ടിരിക്കുന്നു. നാളത്തെ ലോകത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടാന്‍പോകുന്നതും ഈ ആശയം തന്നെയായിരിക്കും. ചര്‍ച്ച ആത്യന്തികമായി സ്ത്രീകള്‍ക്കു ഗുണകരമായി മാറുമെന്നു പ്രതീക്ഷിക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA