ADVERTISEMENT

രസകരമായ നിരവധി നിമിഷങ്ങൾക്ക് സാക്ഷിയാകാറുണ്ട് ഓരോ വിവാഹവേളയും. കുസൃതി നിറഞ്ഞ നോട്ടങ്ങളും കുറുമ്പ് കലർന്ന നിമിഷങ്ങളുമൊക്കെയായി മനോഹരമായ ഒരുപിടി മുഹൂർത്തങ്ങൾ അവിടെ പിറന്നുവീഴും. അത് ഒപ്പിയെടുക്കാൻ മാത്രമായി ക്യാമറകളുമായി കുറച്ച് മിടുക്കരും ഉണ്ടാകും. അത്തരത്തിൽ ഒരു വിവാഹവേദിയിലെ രസകരമായ മുഹൂർത്തമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. 'എന്നെ നോക്കണ്ട ഉണ്ണി, ഇത് ഞാനല്ല' എന്ന അടിക്കുറിപ്പിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ആണ് നിമിഷനേരം കൊണ്ട് വൈറലായി മാറിയത്.

വിവാഹത്തിനു ശേഷമുള്ള റിസപ്ഷൻ സമയത്താണ് മനോഹരമായ ഈ വിഡിയോ പിറന്നത്. വധുവരൻമാരെ കാത്ത് സ്റ്റേജിൽ കേക്കും വൈനും എല്ലാമുണ്ടായിരുന്നു. ഒരു കൊച്ചു കുസൃതിക്കുടുക്കയുടെ കണ്ണിലുടക്കിയത് വേദിയിലെ കുഞ്ഞുമേശയിൽ വൈൻ സെറിമണിക്കായി വധൂവരൻമാരെ കാത്തിരിക്കുന്ന വൈനാണ്. ഗ്ലാസിൽ പകുതിയോളം നിറഞ്ഞിരിക്കുന്ന വൈൻ കണ്ടപ്പോൾ ചക്കരക്കുട്ടന്റെ കൺട്രോൾ പോയി. വേദിയിൽ റിസപ്ഷന്റെ ചടങ്ങുകൾ  പുരോഗമിക്കുന്നു. വധൂവരൻമാർ അതിന്റെ തിരക്കിലാണ്. അതിനിടയിലാണ് അവരുടെ കണ്ണു വെട്ടിച്ച് മിന്നായം പോലെ അവരുടെ മുന്നിലൂടെ നമ്മുടെ കുസൃതിക്കുടുക്ക ഓടി വരുന്നത്. ലക്ഷ്യം മേശയിലെ വൈൻ ഗ്ലാസ് തന്നെ. പക്ഷേ, ആരെങ്കിലും കണ്ടാൽ മോശമല്ലേ. അതുകൊണ്ട് ആദ്യം ഇടംകണ്ണിട്ട് ഒന്ന് നോക്കി. അതുകഴിഞ്ഞ് പതിയെ വലത്തേക്ക് തിരിഞ്ഞൊരു നോട്ടം. ശേഷം വേദിയിൽ ഉള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഇടത്തേക്കും തിരിഞ്ഞൊരു നോട്ടം. പതിയെ കൈ നേരെ വൈൻ ഗ്ലാസിലേക്ക്. ഒന്ന് രുചിച്ചു നോക്കി, അവിടെ തന്നെ വച്ച് ഒറ്റയോട്ടം. ആ ഓട്ടത്തിന് കൊടുക്കണം പ്രത്യേകം മാർക്ക്.

വെള്ള ഷർട്ടും ഇളം നീല നിറത്തിലുള്ള പാന്റ്സും ഷൂസും ആയിരുന്നു മിടുക്കന്റെ വേഷം. വൈൻ രുചിച്ചു നോക്കിയതിനു ശേഷം പടികൾ ചാടിച്ചാടി ഒറ്റ ഓട്ടമാണ്. കുറുമ്പ് കലർന്ന നോട്ടങ്ങളും ആരും കാണാതെ വൈൻ കുടിക്കാനുള്ള ശ്രമവും വൈൻ കൈയിലെടുക്കുമ്പോഴുള്ള കുഞ്ഞന്റെ ഭാവപ്രകടനങ്ങളുമെല്ലാമാണ് വിഡിയോ ഇത്രയധികം പ്രിയങ്കരമാക്കിയത്. ഫൊട്ടോഗ്രഫറായ അനിൽ തലക്കോട്ടുകരയാണ് വിഡിയോ പങ്കുവച്ചത്. ഇതുവരെ 48 ലക്ഷം വ്യൂസ് ആണ് വിഡിയോയ്ക്ക് ലഭിച്ചത്.

രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'ഭാഗ്യം, ക്യാമറ ഒഴിച്ച് വേറെ ആരും കണ്ടില്ല', 'ഇത് ഒപ്പിയെടുത്ത ക്യാമറമാന് ലൈക്ക്', 'പാവം ടേസ്റ്റ് നോക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ', 'ആ കള്ളനോട്ടം' എന്നിങ്ങനെ പോകുന്നു കമന്റുകൾ.   അതേസമയം, വിഡിയോയിലെ കുസൃതിക്കുടുക്ക ആരാണെന്ന് വ്യക്തമാക്കി കുഞ്ഞിന്റെ പിതാവ് തന്നെ കമന്റ് ബോക്സിൽ എത്തി. റോഷൻ തോമസ് മാളിയേക്കലിന്റെ മകനായ ഹെസെക്കിയേൽ റോഷൻ ആണ് ഈ കുഞ്ഞുതാരം. ഏതായാലും ഒരു വട്ടം കണ്ടവർ വീണ്ടും വീണ്ടും ഈ വിഡിയോ കണ്ടുപോകും. വേറൊന്നും കാണാൻ വേണ്ടിയല്ല, ആ കുഞ്ഞുമുഖത്ത് മിന്നിമായുന്ന ഭാവഭേദങ്ങൾ ഒന്നുകൂടി കാണാൻ.

English Summary:

The wine intended for the newlyweds was tasted by a boy without anyone seeing it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com