ഈസ്റ്റർ മുട്ട കൊണ്ടുവരുന്നതു മുയലുകൾ; എറിയുന്നതെല്ലാം പൊട്ടൂല്ലാ...
![W2 W2](https://img-mm.manoramaonline.com/content/dam/mm/mo/children/padhipurra/images/2024/3/27/W2.jpg?w=1120&h=583)
Mail This Article
ലോകമെങ്ങും കുട്ടികൾക്ക് ഈസ്റ്റർ എന്നാൽ ഈസ്റ്റർ ബണ്ണിയും ഈസ്റ്റർ മുട്ടയുമാണ്. കൈനിറയെ സമ്മാനങ്ങളും മുട്ടകളുമായി എത്തുന്ന ഈസ്റ്റർ ബണ്ണിയെന്ന തടിയൻ മുയലിന്റെ ‘ജനനം’ ജർമനിയിലാണ്. വർഷത്തിൽ പല തവണയായി ഒട്ടേറെ കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നതിനാലാണു മുയലുകൾ ഈസ്റ്റർ വിശ്വാസത്തിന്റെ ഭാഗമായതെന്നു കരുതുന്നു; ഒപ്പം, ജീവന്റെ പ്രതീകമായി മുട്ടയും. ഈസ്റ്റർ ബണ്ണിയെയും മുട്ടയെയും കുറിച്ചു പല നാടുകളിൽ പല വിശ്വാസങ്ങളാണ്. ഈസ്റ്റർ മുട്ട കൊണ്ടുവരുന്നതു മുയലുകളെന്നാണു യുഎസിലും കാനഡയിലും വിശ്വസിക്കുന്നത്. പള്ളിമണികൾ മുട്ടകൾ കൊണ്ടുവരുമെന്നാണ് ഇറ്റലി, ബൽജിയം, ഫ്രാൻസ് തുടങ്ങിയിടങ്ങളിലെ കുട്ടികൾ കരുതുന്നത്. പുരാതന കാലത്തു മെസപ്പെട്ടോമിയയിലാണ് ഈസ്റ്റർ മുട്ടകൾ അലങ്കരിച്ചുതുടങ്ങിയത്. തിളപ്പിച്ച മുട്ടയുടെ പുറന്തോട് പഴങ്ങളുടെയും പച്ചക്കറികളുടെയും ചാറുകൊണ്ട് ആകർഷകമാക്കും. അകം പൊള്ളയായ മുട്ടയ്ക്കുള്ളിൽ ചോക്‌ലേറ്റും പലഹാരങ്ങളും നിറച്ച് കൈമാറുന്നവരുമുണ്ട്. ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെൻറി എട്ടാമൻ വെള്ളിമുട്ടകളാണ് ഈസ്റ്റർ ദിനത്തിൽ സമ്മാനിച്ചിരുന്നത്.
![easter-celebrations-around-the-globe-from-bells-to-bunnies-and-beyond1 easter-celebrations-around-the-globe-from-bells-to-bunnies-and-beyond1](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
മുഴങ്ങും മണി, പറക്കും മണി
ഫ്രാൻസിൽ കുട്ടികൾക്കായുള്ള സമ്മാനങ്ങൾ ഈസ്റ്റർ ബെൽ കൊണ്ടുവരുമെന്നാണു വിശ്വാസം. പെസഹ വ്യാഴം മുതൽ ശനി വരെ പള്ളിമണികൾ മുഴങ്ങാറില്ല. ഈ ദിവസങ്ങളിൽ ചിറകുമുളച്ച മണികൾ മാർപാപ്പയുടെ അനുഗ്രഹം തേടി റോമിലേക്കു പറക്കുമെന്നാണു വിശ്വാസം. ഈസ്റ്റർ ദിനത്തിൽ ഇവ തിരികെയെത്തും, കൈനിറയെ സമ്മാനങ്ങളുമായി!
45,000 മുട്ടകൾ ഉപയോഗിച്ച് ഭീമൻ ഓംലറ്റ് ഉണ്ടാക്കി ആയിരത്തോളം പേർ ചേർന്നു കഴിക്കുന്നതും പ്രധാന ചടങ്ങുകളിലൊന്ന്. നെപ്പോളിയൻ ചക്രവർത്തി സൈന്യത്തിനൊപ്പം ഓംലറ്റ് കഴിച്ചതിന്റെ ഓർമപുതുക്കൽ.
ഹീറോയാണ് ബിൽബി
ഓസ്ട്രേലിയയിൽ ബണ്ണി മാത്രമല്ല ഈസ്റ്റർ ബിൽബിയുമുണ്ട്. മുയലിന്റേതു പോലുള്ള ചെവിയും എലിയുടെ രൂപവുമുള്ള ബിൽബി വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ്. ബിൽബിയുടെ നാശത്തിന് ഒരു കാരണം മുയലുകളുടെ കടന്നുകയറ്റമാണ്. 1991ൽ ആന്റി റാബിറ്റ് റിസർച് ഫൗണ്ടേഷൻ ആരംഭിച്ച ക്യാംപെയ്നെത്തുടർന്നാണ് ഈസ്റ്ററിൽ ബിൽബിക്കും സ്ഥാനം ലഭിച്ചത്.
എറിയുന്നതെല്ലാം പൊട്ടൂല്ലാ...
മുട്ടയേറാണ് ഇംഗ്ലണ്ടിലെ പ്രധാന ഈസ്റ്റർ വിനോദങ്ങളിലൊന്ന്. പുഴുങ്ങിയ മുട്ടകൾ 2 പേർ പരസ്പരം എറിയും. ആരുടെ മുട്ടയാണോ കൂടുതൽ നേരം പൊട്ടാതെ നിൽക്കുന്നത്, അയാൾ വിജയിയാകും. ഗ്രീസിലാകട്ടെ ഈസ്റ്ററിനു മുന്നോടിയായി ആളുകൾ കളിമൺപാത്രങ്ങൾ വീടിനു പുറത്തേക്കു വലിച്ചെറിയും. വസന്തത്തെ വരവേൽക്കുന്നതിനു മുന്നോടി കൂടിയാണ് ഈ ചടങ്ങ്.
ഈസ്റ്റർ ദ്വീപ്
ചിലെയിലെ റാപ നുയി ദ്വീപാണ് ഈസ്റ്റർ ദ്വീപെന്ന് അറിയപ്പെടുന്നത്. ഡച്ച് സഞ്ചാരി ജേക്കബ് റോഗവീൻ 1722ൽ ഈസ്റ്റർ ദിനത്തിലാണ് ഈ ദ്വീപ് കണ്ടെത്തിയത്.