ADVERTISEMENT

എലികളും അണ്ണാനും മറ്റും ഉൾപ്പെടുന്ന റോഡന്റ് സസ്തനികളിലെ ഏറ്റവും വലുപ്പമുള്ള ജീവികളിലൊന്നാണു ബീവറുകൾ‌. വടക്കൻ അമേരിക്ക, യൂറോപ്പ്, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. കരയിലും വെള്ളത്തിലും ജീവിക്കുന്ന ആംഫീബിയൻ ജീവികളാണ് ഇവ. കാനഡയുടെ ദേശീയമൃഗവും ബീവറാണ്. പകലുറങ്ങി സന്ധ്യയ്ക്കും രാത്രിയിലും പുറത്തിറങ്ങുന്ന ജീവികളാണ് ഇവ.

പ്രകൃതിയിലെ എൻജിനീയർമാർ എന്നറിയപ്പെടുന്ന ഇവ ഡാമുകൾ നിർമിക്കുന്നതിലൂടെയാണു ജന്തുലോകത്തു പ്രശസ്തി നേടിയത്. മരക്കൊമ്പുകളാണ് തങ്ങളുടെ അണക്കെട്ടുകളിൽ ബീവറുകൾ പ്രധാനമായി ഉപയോഗിക്കുന്നത്. ഇതിനായി മരങ്ങളിൽ നിന്നു കൊമ്പുകളെടുക്കാൻ തങ്ങളുടെ നീളമേറിയ മുൻപല്ലുകൾ ഇവ ഉപയോഗിക്കും. ബീവറുകൾ ഇതുകൊണ്ടു തന്നെ മരങ്ങളും കൃഷിയിടങ്ങളും നശിപ്പിക്കാറുണ്ടെന്ന് പലരും പരാതിപ്പെടാറുണ്ട്.

  • Also Read

തങ്ങളെ വേട്ടയാടുന്ന കരടികളിൽ നിന്നും കുറുക്കൻമാരിൽ നിന്നും രക്ഷനേടാനും തണുപ്പ് കാലത്ത് ഭക്ഷണം ലഭിക്കാനുമൊക്കെയായാണു ബീവറുകൾ ഡാം നിർമാണത്തിൽ ഏർപെടുന്നത്. പലപ്പോഴും ഇതു പ്രകൃതിയിൽ ഗുണകരമായ മാറ്റങ്ങൾ വരുത്തുന്നതിനാൽ ഇവയെ കീസ്റ്റോൺ സ്പീഷീസ് എന്ന വിഭാഗത്തിലാണു പെടുത്തുന്നത്. നൂറുമീറ്റർ വരെയൊക്കെ നീളമുള്ളവയാണ് ബീവർ ഡാമുകൾ. ഏറ്റവും വലുപ്പമുള്ള ബീവർ ഡാം സ്ഥിതി ചെയ്യുന്നത് കാനഡയിലെ ആൽബർട്ടയിലുള്ള വുഡ് ബഫലോ ദേശീയോദ്യാനത്തിലാണ്. 850 മീറ്ററാണ് ഇതിന്റെ നീളം.

ഒരു കാലത്ത് അനധികൃത തുകലെടുപ്പിന്റെ ഫലമായി അമേരിക്കയിൽ ബീവറുകളുടെ എണ്ണത്തിൽ വൻ കുറവ് സംഭവിച്ചിരുന്നു. എന്നാൽ പിന്നീട് അതു കൂടി. ഇപ്പോൾ ഒരു കോടിയിലധികം ബീവറുകൾ യുഎസിലുണ്ട്. ഇവ ഒരു സ്ഥലത്ത് ഡാമുണ്ടാക്കാൻ തുടങ്ങിയാൽ പിന്നീട് ഇവയെ അവിടെ നിന്നു മാറ്റുക പ്രയാസമുള്ള കാര്യമാണ്.

ബീവറുടെ ഡാമുണ്ടാക്കൽ കാരണം പണി കിട്ടിയവരുമുണ്ട്. ഒരിക്കൽ യുഎസിലെ കണക്ടിക്കറ്റിലുള്ള ഒരു കർഷകൻ ബീവറിൽ നിന്നു രക്ഷിക്കണമെന്നാവശ്യപ്പെട്ട് അധികാരികൾക്ക് പരാതി നൽകി. കുളത്തിൽ ബീവറുകൾ അണക്കെട്ട് നിർമിച്ചതിനാൽ തന്റെ വീട്ടിലും പുരയിടത്തിലും വെള്ളം കയറുന്നെന്നായിരുന്നു പരാതി.

English Summary:

Beavers: The Natural Engineers Building Dams and Shaping Ecosystems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com