ആകാശദുരന്തം കവർന്ന മഹാനായ ഭരണാധികാരി: ഫിലിപ്പീൻസിന്റെ ഹൃദയമായിരുന്ന മാഗ്സസെ

Mail This Article
ഒട്ടേറെ ഭരണാധികാരികളുടെയും പ്രശസ്ത വ്യക്തിത്വങ്ങളുടെയുമൊക്കെ ജീവിതം വിമാനാപകടങ്ങളും ഹെലികോപ്റ്റർ അപകടങ്ങളും അടങ്ങിയ ആകാശദുരന്തങ്ങളിൽ പൊലിഞ്ഞിട്ടുണ്ട്. ഏഴാമത്തെ ഫിലിപ്പീൻസ് പ്രസിഡന്റായ രമൺ മാഗ്സസെ ഇക്കൂട്ടത്തിലൊരാളായിരുന്നു. 1957 മാർച്ച് 17നാണ് അദ്ദേഹം വിമാനം തകർന്നു മരിച്ചത്.ഫിലിപ്പീൻസിലെ സെബു ദ്വീപിൽനിന്നു തലസ്ഥാനമായ മനിലയിലേക്കു പോകുന്നതിനിടെ വിമാനം തകർന്നായിരുന്നു മരണം. ഫിലിപ്പീൻസിനെ ചരിത്രത്തെ തന്നെ മാറ്റിമറിച്ചയാളെന്ന നിലയിൽ പ്രശസ്തനായിരുന്ന മാഗ്സസെയുടെ മരണം ലോകത്തെ ഞെട്ടിച്ചു.
ഏഴാമത്തെ ഫിലിപ്പീൻസ് പ്രസിഡന്റായി 1953-ലാണ് മാഗ്‌സസെ തെരഞ്ഞെടുക്കപ്പെട്ടത്. 15 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു അദ്ദേഹത്തിന്റെ വിജയം. ഭരണമേറ്റ കാലയളവു മുതൽ തന്നെ ഫിലിപ്പീൻസിലെ ജനങ്ങളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അഴിമതിക്കെതിരെ അദ്ദേഹം വലിയ ക്യാംപെയ്നുകൾ നടത്തി. അഴിമതിയും സ്വജന പക്ഷപാതിത്വവും അക്കാലത്ത് ഫിലിപ്പീൻസിലെ പ്രധാന പ്രശ്നമായിരുന്നു. അഴിമതിക്കു തടയിടുന്നതിനായി ഉദ്യോഗസ്ഥരുമായി നേരിട്ടു സംസാരിക്കാനും മാഗ്സസെ ശ്രമിച്ചു.
മൂന്നു വർഷവും മൂന്നുമാസവുമാണ് പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചത്. രാവിലെ അഞ്ചരയ്ക്ക് ജോലി തുടങ്ങുന്നതായിരുന്നു മാഗ്സസെയുടെ ശൈലി. രാവിലെ ഒൻപതു മണി മുതൽ ഒരു മണി വരെ അദ്ദേഹം പൊതുജനങ്ങളോടൊപ്പം സമയം ചെലവിടുകയും അവരുടെ പ്രശ്നങ്ങളും പരാതികളും കേൾക്കുകയും പരിഹാരമാർഗങ്ങൾ തേടുകയും ചെയ്തു. നേരിൽ വന്നു കാണാൻ കഴിയാത്തവർക്ക് തപാൽ വഴി പരാതി അയയ്ക്കാനുള്ള സംവിധാനവും അദ്ദേഹം തുടങ്ങി. പാവപ്പെട്ടവർക്ക് പരാതി അയയ്ക്കാനായി സ്റ്റാംപുൾപ്പെടെയുള്ള തപാൽച്ചെലവും അദ്ദേഹം സ്വന്തം പോക്കറ്റിൽ നിന്നു നൽകി. ഇക്കാരണങ്ങളാൽ മാഗ്സസെ വമ്പിച്ച ജനപ്രീതിയും പിന്തുണയും സ്വന്തമാക്കി.
1907 ഓഗസ്‌റ്റ് 31-നു ഫിലിപ്പീൻസിലെ ഇബായിലാണു മാഗ്‌സസെ ജനിച്ചത്. ഇരുമ്പുപണിക്കാരനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്, മാതാവ് ഒരു അധ്യാപികയും. ആദ്യകാലത്ത് ഒരു ഓട്ടമൊബീൽ മെക്കാനിക്കായിരുന്നു മാഗ്സസെ. ഇതിനിടെ മനിലയ്ക്ക് സമീപമുള്ള ജോസ് റിസാൽ കോളജിൽ നിന്ന് കൊമേഴ്സിൽ അദ്ദേഹം ബിരുദം നേടുകയും മനില ട്രാൻസ്പോർട് കോർപറേഷന്റെ ജനറൽ മാനേജരായി പ്രവർത്തിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി 1941 മുതൽ 45 വരെ നടന്ന പസിഫിക് പോരാട്ടത്തിൽ അദ്ദേഹം സൈനികനായി. അക്കാലത്ത് ഫിലിപ്പീൻസ് യുഎസിന്റെ അധീനതയിലായിരുന്നു. പസിഫിക് യുദ്ധ സമയത്ത് ഫിലിപ്പീൻസിൽ ജപ്പാൻ അധിനിവേശം നടത്തി.
ഗറില്ലാ യുദ്ധമുറകളിൽ പ്രാവീണ്യമുണ്ടായിരുന്ന മാഗ്സസെ ധീരത കൊണ്ടും കഴിവുകൊണ്ടും പ്രശസ്തനായി. 1946ൽ ഫിലിപ്പീൻസ് സ്വതന്ത്രരാഷ്ട്രമായി. മിലിട്ടറി ഗവർണറായി ആയിടെ മാഗ്സസെ നിയമിക്കപ്പെട്ടിരുന്നു. തുടർന്ന് ലിബറൽ പാർട്ടിയുടെ അംഗമായി മാഗ്സസെ പ്രതിനിധി സഭയിലെത്തി. 1950 പ്രതിരോധ സെക്രട്ടറിയെന്ന ഉന്നത സ്ഥാനത്തേക്ക് അദ്ദേഹം നിയമിതനായി. ഫിലിപ്പീൻസിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയപ്പാർട്ടിയായ നാഷനലിസ്റ്റ് പാർട്ടിയുടെ അംഗമായാണ് അദ്ദേഹം ഫിലിപ്പീൻസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടതും വിജയിച്ചതും. ഏഷ്യയുടെ നോബൽ എന്നറിയപ്പെടുന്ന ഉന്നത പുരസ്കാരമാണ് മാഗ്സസെ അവാർഡ്. 1958 മുതലാണ് ഈ പുരസ്കാരം നൽകിത്തുടങ്ങിയത്. ഫിലിപ്പീൻസ് സർക്കാരും റോക്ഫെല്ലർ ബ്രദേഴ്സ് ഫണ്ട് ട്രസ്റ്റികളും ചേർന്നാണ് പുരസ്കാരം നൽകുന്നത്. എല്ലാ വർഷവും ഓഗസ്റ്റ് 31നാണ് പുരസ്കാര ദാനച്ചടങ്ങ്. ഇതുവരെ മുന്നൂറോളം ആളുകളും സംഘടനകളും ഈ പുരസ്കാരം നേടിയിട്ടുണ്ട്.