ADVERTISEMENT

അബഹ ∙ കാരുണ്യത്തിന്റെയും നന്മയുടെയും ഉറവകൾ ഒഴുകുമ്പോൾ ഭാഷയുടെയും ദേശത്തിന്റെയും അതിർത്തികൾ മാഞ്ഞുപോകുന്നതിന് കാരണമായിരിക്കുകയാണ് സൗദി പൗരൻ ഹാദി ബിൻ ഹമൂദ് ബിൻ ഹാദി അൽ ഖഹ്താനി. അൽ റീൻ ഗവർണറേറ്റിൽ ഉൾപ്പെടുന്ന അൽ ഹസയിലെ ജയിലറയിൽ എരിഞ്ഞു തീരുമായിരുന്ന ഇന്ത്യക്കാരനു ദയാധനമെന്ന മോചനദ്രവ്യ തുകയായ ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപ സ്വരൂപിച്ചു നൽകി മോചിതനാക്കുകയാണ് ഹാദി ബിൻ ഹമൂദ്. സമൂഹമാധ്യമത്തിലൂടെ നടത്തിയ വിഡിയോ പോസ്റ്റുകളിലൂടെ സൗദികളിൽ നിന്ന് മോചന ദ്രവ്യത്തിനാവശ്യമായ തുക ശേഖരിച്ചാണ് അദ്ദേഹം വാഹനാപകട കേസിൽ നാലു വർഷക്കാലത്തിലേറെയായി ജയിലഴികളിലായിരുന്ന ഉത്തർപ്രദേശ് ബീജാപൂർ സ്വദേശി അവതേഷ് സാഗറി (52) ന്‍റെ മോചനത്തിന് ദേശാതീതമായ ജീവകാരുണ്യം നടത്തിയത്.

Read Also: കോവിഡ് നിയമ ലംഘനം: പിഴത്തുകയിൽ 50 % ഇളവ് പ്രഖ്യാപിച്ച് യുഎഇ

റിയാദ് തായിഫ് റോഡിൽ ബീഷക്ക് സമീപം ഖുവയ്യയിൽ അൽഹസാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ വാഹനാപകടത്തിലാണ് ഇയാൾ പ്രതിയായത്. ഗാർഹിക ഡ്രൈവർ വീസയിൽ വന്ന് വെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മതിയായ രേഖകളോ ലൈസൻസോ ഒന്നുമില്ലാതെയായിരുന്നു വാഹനം ഓടിച്ചിരുന്നതും സൗദിയിൽ ജീവിച്ചതും. ഒരു ദിവസം വൈകിട്ട് ഒറ്റവരി മാത്രമുള്ള റോഡിലൂടെ വണ്ടിയോടിച്ചു പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വളവിൽ എതിർ ദിശയിൽ നിന്നു അതിവേഗത്തിലെത്തിയ വാഹനങ്ങളുമായി കൂട്ടിയിടി ഒഴിവാക്കൻ അരികിലൊതുക്കിയ ഇയാളുടെ ലോറിയിലേക്ക് സൗദി യുവാവ് ഒാടിച്ച ഹൈലക്സ് പിക്കപ്പ് ഇടിച്ചുകയറി. അപകടത്തിൽ യുവാവും വാഹനത്തിലുണ്ടായിരുന്ന മൂന്നു സ്ത്രീകളും മരിച്ചു. ഒരു പെൺകുട്ടിക്ക് ഗുരുതര പരുക്കേറ്റു. മരണമടഞ്ഞ നാലുപേർക്കും പരുക്കേറ്റ പെൺകുട്ടിക്കുമുള്ള നഷ്ടപരിഹാര തുകയായി 9,45,000 റിയാൽ കോടതി വിധിച്ചു. ലൈസൻസും ഇഖാമയുമൊന്നുമില്ലാത്ത അവതേഷ് സാഗറിനെ പൂർണകുറ്റക്കാരനായി കണ്ടെത്തുകയും തടവ് ശിക്ഷ അനുഭവിക്കുകയുമായിരുന്നു. 

എന്തു ചെയ്യണമെന്നു അറിയില്ല, രക്ഷകനായി ഹാദി ബിൻ

നാട്ടിൽ ഭാര്യ സുശീലാദേവിയും 10 മക്കളും ഉൾപ്പടെയുള്ള അയാളുടെ കുടുംബത്തിനു തലചായ്ക്കാൻ പോലും സ്വന്തമായി ഒരിടം പോലുമില്ലാത്ത ജീവിത സാഹചര്യമായിരുന്നു. പ്രാരാബ്ധം നിറഞ്ഞ ദരിദ്ര കുടുംബത്തിൽ നിന്നു വന്ന അവതേഷ് സാഗറിന് ഇത്രയും വലിയ തുക ജീവിതത്തിൽ ഒരിക്കലും സംഘടിപ്പിക്കാനാവില്ലായിരുന്നു. വിധിയെന്നോർത്ത് തടവിൽ തുടരാനല്ലാതെ അയാൾക്ക് മുന്നിൽ മറ്റൊരു വഴിയുമില്ലായിരുന്നു. നാലു വർഷത്തിനിടെ രോഗബാധിതരായി അയാളുടെ രണ്ട് പെൺകുട്ടികൾ മരിച്ചു. ഇതിനിടയിലും അവതേഷിന്റെ മോചനത്തിനായി കുടുംബം അറിയാവുന്ന വാതിലുകളിലെല്ലാം മുട്ടിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല.

സൗദിയിൽ ഇയാളുടെ നിരപരാധിത്തം അറിയാമായിരുന്ന പൊലീസുകാരിൽ ചിലരാണ് അവിചാരിതമായി ഹാദി ബിൻ ഹമൂദ് ബിൻ ഹാദി അൽ ഖഹ്താനി എന്ന സാമൂഹികപ്രവർത്തകനെ ഇക്കാര്യം അറിയിക്കുന്നത്. പീന്നീട് അദ്ദേഹം ജയിൽ ചെന്നു അവതേഷിനെ കണ്ടു അയാളിൽ നിന്ന് വിവരങ്ങൾ അറിഞ്ഞു. ജീവിതകാലം മുഴുവനും കരാഗൃഹത്തിൽ കഴിഞ്ഞാലും ഇത്ര വലിയ തുക കണ്ടെത്താൻ കഴിയാനാവാത്ത നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞ ഹാദി ബിൻ ഹമൂദ് അവതേഷിനെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയവയിൽ അവതേഷിന്റെ സ്ഥിതിയെപ്പറ്റി ഹാദി ബിൻ ഹമൂദ് സഹായം അഭ്യർഥിച്ചു വിഡിയോ പോസ്റ്റുകൾ ചെയ്തു. സൗദികൾക്കിടയിൽ ഈ വിഡിയോ പോസ്റ്റുകൾ വൈറലായി.

ഇതോടെ സമൂഹമാധ്യമങ്ങൾ വഴി ഇദ്ദേഹം പിരിവ് നടത്തുകയാണെന്നാരോപിച്ച് ചിലരൊക്കെ പരാതി നൽകി. എന്നാൽ, സത്യാവസ്ഥ ബോധ്യമായതോടെ സൗദി അധികൃതർ അദ്ദേഹത്തിനു ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കാൻ അനുവാദം നൽകി. അതോടെ ചെറുതും വലുതുമായ തുകകൾ സഹായമായി സ്വദേശികൾ ബാങ്ക് മുഖാന്തിരം നൽകി. പ്രത്യേകം തുറന്ന അൽറജ്ഹി ബാങ്ക് അക്കൗണ്ടിലൂടെ സമാഹരിച്ച് കിട്ടിയ 9,45,000 റിയാൽ ഹാദി ബിൻ ഹമൂദ് കഴിഞ്ഞ ഞായറാഴ്ച കോടതിയിൽ കെട്ടിവച്ചു.

ദൈവം പ്രതിഫലം തരും, സന്തോഷമാണ് വലുത് 

ജയിലിൽ കിടക്കുന്ന ഒരു നിസ്സഹായനായ ഇന്ത്യക്കാരന്റെ അവസ്ഥയറിഞ്ഞ് സഹായിക്കാനിറങ്ങിയതാണ്. തനിക്ക് അവതേഷ് സാഗറിനെ യാതൊരു മുൻ പരിചയവുമില്ല ദൈവത്തിന്റെ പക്കൽ നിന്നുള്ള പ്രതിഫലമേ താൻ ആഗ്രഹിക്കുന്നുള്ളു. കുടുംബത്തോടൊപ്പം ആ മനുഷ്യൻ എത്തുമ്പോൾ കിട്ടുന്ന സന്തോഷമുണ്ടല്ലോ അതാണ് തനിക്ക് കിട്ടുന്ന ഏറ്റവും വലിയ സന്തോഷമെന്ന് ഹാദി ബിൻ ഹമൂദ് അൽ ഖഹ്താനി പറയുന്നു. സൗദി പൗരൻമാരുടെ മരണത്തിനിടയാക്കിയ കേസിൽ ജയിലിലായ തന്നെ രക്ഷിക്കാൻ വന്ന സൗദി സ്വദേശിയേയും സഹായിച്ചവരേയും ദൈവം അയച്ചതാവാമെന്നും അവതേഷ് തന്നെ സമീപിച്ച സാമൂഹിക പ്രവർത്തകരോട് പറഞ്ഞു. 

ഏറ്റവും അടുത്ത ദിവസം അവതേഷ് ജയിൽ മോചിതനാകും. ഖമീസ് മുഷൈത്തിലെ സാമൂഹികപ്രവർത്തകനായ അഷ്റഫ് കുറ്റിച്ചലാണ് ഈ കാരുണ്യ പ്രവർത്തനങ്ങൾ മലയാളി സമൂഹത്തിന് വെളിപ്പെടുത്തിയത്. അസീർ പ്രവിശ്യാ ഗവർണറേറ്റിൽ നിന്നുമാണ് തനിക്ക് ഇതിനെ സംബന്ധിച്ചുള്ള വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജയിൽ മോചിതനാവുന്ന മുറക്ക് അവിതേഷിനോടൊപ്പം ഹാദി അൽ ഖഹ്താനിയെ ഇന്ത്യൻ അംബാസഡറുടെ അരികിലെത്തിച്ച് അഭിനന്ദിക്കുമെന്നും അഷറഫ് പറഞ്ഞു.

English Summary: Saudi man helps pay Rs 2 cr to free Indian driver from jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com