ADVERTISEMENT

152 കിലോ ശരീര ഭാരത്തില്‍ നിന്ന്‌ വെറും രണ്ട്‌ വര്‍ഷം കൊണ്ട്‌ 71 കിലോ കുറച്ച്‌ 81 കിലോയിലേക്ക്‌ എത്തിയ അതിശയിപ്പിക്കുന്ന ഫിറ്റ്‌നസ്‌ കഥയാണ്‌ ഹൗസിങ്‌.കോം സിഇഒ ധ്രുവ്‌ അഗര്‍വാളയുടേത്‌. 2021 ഒക്ടോബറില്‍ സംഭവിച്ച നെഞ്ച്‌ വേദനയാണ്‌ ധ്രുവിന്‌ മാറി ചിന്തിക്കാനുള്ള പ്രേരണയായത്‌.

ഹൃദയാഘാതമെന്ന്‌ തോന്നിപ്പിച്ച അസ്വസ്ഥകളുമായാണ്‌ ധ്രുവ്‌ ആശുപത്രിയിലെത്തിയത്‌. വിശദ പരിശോധനയില്‍ അത്‌ വെറും നെഞ്ചെരിച്ചില്‍ മാത്രമാണെന്ന്‌ തെളിഞ്ഞെങ്കിലും ഇതുണ്ടാക്കിയ ഞെട്ടല്‍ ധ്രുവിനെ ഇരുത്തി ചിന്തിപ്പിച്ചു. പിന്നീടങ്ങോട്ട്‌ ഭാരം കുറയ്‌ക്കാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങളായിരുന്നു.

Representative Image. Photo Credit : Simpson33/ iStockPhoto.com
Representative Image. Photo Credit : Simpson33/ iStockPhoto.com

പ്രമേഹത്തിന്‌ മുന്‍പുള്ള പ്രീഡയബറ്റിക്‌ ഘട്ടത്തിലിരുന്ന ധ്രുവ്‌ കൊളസ്‌ട്രോളിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും മരുന്നും കഴിക്കുന്നുണ്ടായിരുന്നു. പോരാത്തതിന്‌ സ്ലീപ്‌ അപ്‌നിയയും ബാധിക്കപ്പെട്ടു. കരിയര്‍ പടുത്തുയര്‍ത്താനുള്ള ഓട്ടത്തിനിടയിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ദീര്‍ഘ നേരത്തെ ജോലി സമയവും ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദ്ദവും വ്യായാമമില്ലായ്‌മയുമാണ്‌ ധ്രുവിനെ അമിതവണ്ണത്തിലേക്ക്‌ നയിച്ചത്‌.

10,000 സ്റ്റെപ്പ്‌, സ്‌ട്രെങ്‌ത്‌ പരിശീലനം
കരുത്ത്‌ വര്‍ധിപ്പിക്കാനുള്ള സ്‌ട്രെങ്‌ത്‌ പരിശീലനത്തിലൂടെയാണ്‌ ധ്രുവ്‌ വ്യായാമം ആരംഭിച്ചത്‌. അഹമ്മദ്‌ സാക്കിയെന്ന ട്രെയ്‌നറിന്റെ മേല്‍നോട്ടത്തിലായിരുന്നു ആഴ്‌ചയില്‍ മൂന്ന്‌ തവണയുള്ള ഈ വ്യായാമം. ഇതിനൊപ്പം ദിവസവും 10,000 സ്റ്റെപ്പും നടക്കാനാരംഭിച്ചു. പിന്നീട്‌ പടിപടിയായി 12,000 സ്റ്റെപ്പിലേക്ക്‌ ഇതുയര്‍ത്തി. മസില്‍ മാസ്‌ വര്‍ധിപ്പിക്കാന്‍ പ്രൗളറും വെയ്‌റ്റുകളോട്‌ കൂടിയ പ്‌ളഷ്‌ സ്ലെഡും ഉപയോഗിച്ചു. സ്‌ക്വാട്ടുകള്‍, ലെഗ്‌, ഷോള്‍ഡര്‍ പ്രസ്സുകള്‍ തുടങ്ങിയവയും വ്യായാമത്തിന്റെ ഭാഗമായിരുന്നു. റോജര്‍ ഫെഡററിന്റെ ആരാധനകനായ ധ്രുവ്‌ തന്റെ ഇഷ്ട ചാംപ്യന്റെ ഫിറ്റ്‌നസ്‌ ശീലങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു.

Representative image. Photo Credit:prostockstudio/istockphoto.com
Representative image. Photo Credit:prostockstudio/istockphoto.com

ഭക്ഷണനിയന്ത്രണം
വ്യായാമത്തിനൊപ്പം ഭക്ഷണത്തിനും ധ്രുവ്‌ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നു. മുന്‍പ്‌ സമൂസയും ദോശയും ചീസ്‌ ടോസ്‌റ്റുകളുമെല്ലാം യഥേഷ്ടം കഴിച്ചിരുന്ന ശീലം നിര്‍ത്തി ദിവസം 1700ല്‍ താഴെ മാത്രം കലോറി അകത്താക്കാന്‍ തുടങ്ങി. ഇടവിട്ടുള്ള ഉപവാസം അടക്കമുള്ള പല ഡയറ്റ്‌ പ്ലാനുകളും ഇക്കാലയളവില്‍ പരീക്ഷിച്ചു. കുറച്ച്‌ മാത്രം കഴിക്കുകയാണെങ്കില്‍ എന്തും കഴിക്കാമെന്ന്‌ ഇതിലൂടെ ധ്രുവ്‌ തിരിച്ചറിഞ്ഞു.

സംസ്‌കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ സമ്പൂര്‍ണ്ണമായും ഒഴിവാക്കിയ ഭക്ഷണക്രമത്തില്‍ ദിവസം 120 ഗ്രാം പ്രോട്ടീന്‍ ഉള്‍പ്പെടുത്തി. പ്രഭാതഭക്ഷണം ഒഴിവാക്കിയ ധ്രുവ്‌ ജിം സെഷനുകള്‍ക്ക്‌ ശേഷം പ്രോട്ടീന്‍ ഷെയ്‌ക്കുകള്‍ കുടിച്ചു. 200 മുതല്‍ 300 മില്ലി പരിപ്പ്‌, 150 മുതല്‍ 180 ഗ്രാം പാകം ചെയ്‌ത പച്ചക്കറികള്‍, കടലമാവ്‌ കൊണ്ടുള്ള റൊട്ടി എന്നിവ അടങ്ങിയതായിരുന്നു ഉച്ചഭക്ഷണം. ആല്‍മണ്ട്‌, വാള്‍നട്ട്‌, സാലഡ്‌ വെള്ളരി, കാരറ്റ്, യോഗര്‍ട്ട്‌ എന്നിവയാണ്‌ സ്‌നാക്‌സ്‌ ആയി ഉപയോഗിച്ചത്‌. മുള്ളങ്കി അല്ലെങ്കില്‍ ശതാവരി കൊണ്ടുള്ള സൂപ്പും ഗ്രില്‍ ചെയ്‌ത ചിക്കനോ മീനോ അടങ്ങുന്നതാണ്‌ ധ്രുവിന്റെ രാത്രി ഭക്ഷണം.


Representative image. Photo Credit:OlegEvseev/istockphoto.com
Representative image. Photo Credit:OlegEvseev/istockphoto.com

ശീലങ്ങള്‍ക്ക്‌ മാറ്റം
മദ്യപാനത്തിന്റെ അളവിലും ഇക്കാലയളവില്‍ ധ്രുവ്‌ മാറ്റം വരുത്തി. മുന്‍പ്‌ സുഹൃത്തുക്കളുമായി ചേര്‍ന്ന്‌ ആഴ്‌ചയില്‍ പത്തോ പന്ത്രണ്ടോ ഡ്രിങ്ക്‌ കുടിക്കുമായിരുന്നു. റെഡ്‌ വൈനും വിസ്‌കിയുമായിരുന്നു പ്രിയപ്പെട്ട മദ്യങ്ങള്‍. ഫിറ്റ്‌നസ്‌ പരിശ്രമം നടത്തിയ 18 മാസങ്ങളില്‍ മദ്യം പൂര്‍ണ്ണമായും ഒഴിവാക്കി. ഇപ്പോള്‍ ആഴ്‌ചയില്‍ പരമാവധി ഒന്നോ രണ്ടോ ഡ്രിങ്കായി മദ്യപാനം പരിമിതപ്പെടുത്തി.

ധ്രുവിന്റെ ശരീരഭാരത്തിലെ മാറ്റം കണ്ട്‌ പലരും കരുതിയിരുന്നത്‌ ബേറിയാട്രിക്‌ സര്‍ജറിയുടെയോ ഭാരം കുറയ്‌ക്കാനുള്ള മരുന്നുകളുടെയോ മായാജാലമാണ്‌ ഇതെന്നാണ്‌. എന്നാല്‍ തന്റെ വ്യായാമങ്ങള്‍ തുടര്‍ന്ന ധ്രുവ്‌ 2023ല്‍ ഓട്ടവും നീന്തലും കൂടി വ്യായാമത്തില്‍ ഉള്‍പ്പെടുത്തി.

ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം: വിഡിയോ

English Summary:

The Secret Diet & Workout Plan That Led to a 71kg Weight Loss Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com