അര്‍ബുദത്തിന് വാക്‌സീന്‍ വൈകാതെ റഷ്യയില്‍ തയാറാകും; പ്രഖ്യാപനവുമായി വ്ലാഡിമിര്‍ പുടിന്‍
Mail This Article
അര്‍ബുദത്തിനുള്ള വാക്‌സീന്‍ വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്നും ഈ നിര്‍ണ്ണായക നേട്ടത്തിന് തൊട്ടരികിലാണ് റഷ്യയിലെ ശാസ്‌ത്രജ്ഞരെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. എന്നാല്‍ ഏതെല്ലാം അര്‍ബുദങ്ങള്‍ക്കുള്ള വാക്‌സീനാണ് തയ്യാറായി വരുന്നതെന്ന് പുടിന്‍ പ്രഖ്യാപിച്ചില്ല.
പലതരത്തിലുള്ള അര്‍ബുദങ്ങള്‍ക്ക് കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരെ നിലവില്‍ ആറ് ലൈസന്‍സ് നേടിയ വാക്‌സീനുകള്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതിന് പുറമേ കരളിന്റെ അര്‍ബുദത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് ബിക്കെതിരെയുളള വാക്‌സീനുകളും ലഭ്യമാണ്.
അര്‍ബുദ വാക്‌സീനുകള്‍ നിര്‍മ്മിക്കാന്‍ റഷ്യ മാത്രമല്ല ലോകത്തിലെ പല രാജ്യങ്ങളിലും പല കമ്പനികളുടെയും ആഭിമുഖ്യത്തില്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. വ്യക്തിഗത അര്‍ബുദ ചികിത്സകള്‍ ലഭ്യമാക്കുന്നതിനുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് കഴിഞ്ഞ വര്‍ഷം യുകെ സര്‍ക്കാര്‍ ജര്‍മ്മനി അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്ന ബയോഎന്‍ടെക്കുമായി ധാരണപത്രം ഒപ്പിട്ടിരുന്നു. 2030 ഓട് കൂടി 10,000 രോഗികളെയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
ചര്‍മ്മത്തെ ബാധിക്കുന്ന മെലനോമ എന്ന അതി മാരക അര്‍ബുദം മൂലമുള്ള മരണത്തിന്റെയും ഈ അര്‍ബുദത്തിന്റെ പുനരാഗമനത്തിന്റെയും സാധ്യത കുറയ്‌ക്കുന്ന പരീക്ഷണ അര്‍ബുദ വാക്‌സീന്‍ മൊഡേണയും മെര്‍ക് & കമ്പനിയും വികസിപ്പിക്കുന്നുണ്ട്.
2022ല്‍ 20 ദശലക്ഷം പേര്‍ക്ക് പുതുതായി അര്‍ബുദ രോഗം നിര്‍ണ്ണയിച്ചെന്നും 97 ലക്ഷം പേര്‍ ഇത് മൂലം മരണപ്പെട്ടെന്നും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഏറ്റവുമധികം പേരെ ബാധിക്കുന്ന അര്‍ബുദം ശ്വാസകോശ അര്‍ബുദമാണ്. സ്‌തനാര്‍ബുദം, കൊളോറെക്ടല്‍ അര്‍ബുദം, പ്രോസ്‌ട്രേറ്റ് അര്‍ബുദം, ഉദര അര്‍ബുദം എന്നിവ അടുത്ത സ്ഥാനങ്ങളില്‍ നില്‍ക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
കാൻസറിനെ തോൽപ്പിച്ച കൊച്ചുമിടുക്കി: വിഡിയോ