ADVERTISEMENT

പ്രിയപ്പെട്ടവരില്‍ നിന്നുള്ള ഒരു കെട്ടിപിടുത്തം. ഒരു കൈകൊടുക്കല്‍. നല്ലൊരു മസാജ്‌. നവജാതശിശുക്കളാണെങ്കില്‍ അമ്മയുടെയോ അച്ഛന്റെയോ നെഞ്ചിലൊരു ഉറക്കം. വിവിധ തരത്തിലുള്ള ഇത്തരം ചെറു സ്‌പര്‍ശനങ്ങള്‍ക്ക്‌ വിഷാദവും വേദനയും ഉത്‌കണ്‌ഠയുമൊക്കെ കുറയ്‌ക്കാനുള്ള കഴിവുണ്ടെന്ന്‌ ജര്‍മ്മനിയിലെയും നെതര്‍ലാന്‍ഡ്‌സിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

137 പഠനങ്ങളില്‍ നിന്നുള്ള 13,000 മുതിര്‍ന്നവരുടെയും കുട്ടികളുടെയും നവജാതശിശുക്കളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ്‌ ഗവേഷകര്‍ വിശകലനം നടത്തിയത്‌. ഏതെങ്കിലും തരത്തില്‍ ശാരീരിക സ്‌പര്‍ശനത്തിനു വിധേയരാക്കപ്പെട്ടവരാണ്‌ ഇവരെല്ലാവരും.

memory-Daisy-Daisy-istockphoto
Representative image. Photo Credi: Daisy Daisy/Shutterstock.com

ദിവസവും 20 മിനിട്ടത്തേക്ക്‌ ആറാഴ്‌ചക്കാലം മൃദുവായി മസാജ്‌ ചെയ്യുന്നത്‌ മറവിരോഗം ബാധിച്ച പ്രായമായവരിലെ ആക്രമണോത്സുകതയും സമ്മര്‍ദ്ദവും കുറയ്‌ക്കുന്നതായി ഇതിലെ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. സ്‌തനാര്‍ബുദരോഗികളുടെ മൂഡ്‌ മെച്ചപ്പെടുത്താന്‍ മസാജിനു കഴിയുമെന്നാണ്‌ മറ്റൊരു പഠനത്തിലെ കണ്ടെത്തല്‍.

മുതിര്‍ന്നവരെ സംബന്ധിച്ച്‌ അടുപ്പമുള്ളവരോ ആരോഗ്യപ്രവര്‍ത്തകനോ ആര്‌ സ്‌പര്‍ശിച്ചാലും മാനസികാരോഗ്യ ഗുണങ്ങളുള്ളതായി ഗവേഷകര്‍ നിരീക്ഷിച്ചു. എന്നാല്‍ നവജാതശിശുക്കളെ സംബന്ധിച്ച്‌ അപരിചിതരുടെ സ്‌പര്‍ശനത്തേക്കാള്‍ മാതാപിതാക്കളുടെ സ്‌പര്‍ശനത്തില്‍ നിന്നാണ്‌ ഗുണം ലഭിക്കുകയെന്നും ഗവേഷകര്‍ പറയുന്നു. മാസം തികയാതെ ജനിക്കുന്ന നവജാതശിശുക്കള്‍ക്ക്‌ അച്ഛന്റെയോ അമ്മയുടെയോ സ്‌പര്‍ശനം വളരെ ഗുണപ്രദമാണെന്ന്‌ ഇവരുടെ അഭിപ്രായം.

പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌പര്‍ശനത്തിന്റെ ഗുണഫലങ്ങള്‍ കൂടുതല്‍ ലഭിക്കുന്നത്‌ സ്‌ത്രീകള്‍ക്കാണെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. സ്‌പര്‍ശനത്തിന്റെ ആവർത്തനങ്ങളും പ്രധാനമാണ്‌. രണ്ട്‌ വര്‍ഷം കൂടുമ്പോള്‍ ഒരു സ്‌പര്‍ശനം ലഭിച്ചിട്ട്‌ ഗുണമില്ലെന്നും ഇടയ്‌ക്കിടെ നല്ല സ്‌പര്‍ശനങ്ങള്‍ എല്ലാവര്‍ക്കും ആവശ്യമാണെന്നും റിപ്പോര്‍ട്ട്‌ കൂട്ടിച്ചേര്‍ക്കുന്നു. കോവിഡ്‌ കാലത്ത്‌ പ്രിയപ്പെട്ടവരെ കാണാനോ അവരുടെ സ്‌പര്‍ശനം ഏല്‍ക്കാനോ സാധിക്കാത്തവര്‍ക്ക്‌ വിഷാദരോഗം, ഉത്‌കണ്‌ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായതായും ഗവേഷകര്‍ നിരീക്ഷിച്ചു.

എവിടെ തൊടുന്നു എന്നതും പ്രധാനമാണെന്ന്‌ ഡേറ്റ വ്യക്തമാക്കുന്നു. ഉടലില്‍ തൊടുന്നതിനെക്കാള്‍ പ്രയോജനം ലഭിക്കുന്നത്‌ തലയില്‍ തൊടുമ്പോഴാണ്‌. കാരണം മുഖത്തും തലയോട്ടിയിലുമൊക്കെയുള്ള നാഡീവ്യൂഹ തുമ്പുകളുടെ എണ്ണം അധികമാണ്‌. എന്നാല്‍ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെല്ലാം സന്തോഷകരമായ അനുഭവം നല്‍കുന്ന സ്‌പര്‍ശനങ്ങള്‍ മാത്രമാണ്‌. ഒരാള്‍ക്ക്‌ ഇഷ്ടപ്പെടാത്ത സ്‌പര്‍ശനങ്ങള്‍ വിപരീതഫലം ഉണ്ടാക്കി സമ്മര്‍ദ്ദം വര്‍ധിപ്പിക്കാമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഒരാൾ ഡിപ്രഷനിലാണോ എന്ന് എങ്ങനെ തിരിച്ചറിയാം: വിഡിയോ

English Summary:

How Physical Contact Can Boost Mental Health and Ease Pain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com