പ്രോസ്റ്റേറ്റ് അര്‍ബുദത്തിന് ചികിത്സ തേടുന്നവരുടെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്താന്‍ സസ്യാധിഷ്‌ഠിത ഭക്ഷണക്രമം
Mail This Article
മെഡിറ്ററേനിയന്‍ ഡയറ്റ് പോലുള്ള സസ്യാധിഷ്‌ഠിത ഭക്ഷണക്രമങ്ങള്‍ രോഗസാധ്യതയും അകാല മരണസാധ്യതയും കുറയ്‌ക്കുമെന്ന് നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്. സസ്യാധിഷ്‌ഠിത ഭക്ഷണങ്ങള്‍ പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യതയും കുറയ്‌ക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇത് മാത്രമല്ല പ്രോസ്‌റ്റേറ്റ് അര്‍ബുദം സ്ഥിരീകരിക്കപ്പെട്ട് ചികിത്സ തേടുന്നവരില്‍ ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും സസ്യാധിഷ്‌ഠിത ഭക്ഷണം നല്ലതാണെന്ന് പുതിയ പഠനം തെളിയിക്കുന്നു.
പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്റെ പാര്‍ശ്വഫലങ്ങളായ ഉദ്ധാരണമില്ലായ്‌മ, അറിയാതെ മൂത്രം പോകല്‍ പോലുള്ള പ്രശ്‌നങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്‌നുകളും അടങ്ങിയ ഭക്ഷണക്രമം സഹായിക്കുമെന്ന് എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. പ്രോസ്‌റ്റേറ്റ് അര്‍ബുദത്തിന് ചികിത്സിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സസ്യഭക്ഷണത്തിനാകുമെന്നാണ് കണ്ടെത്തല്‍.
മരണകാരണമായേക്കാവുന്ന പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത 19 ശതമാനം കുറയ്‌ക്കാന്‍ സസ്യാധിഷ്‌ഠിത ഭക്ഷണക്രമത്തിന് സാധിക്കുമെന്ന് 47,000ല്‍ പേരില്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. അഞ്ച് സംഘങ്ങളായി ഇവരെ തരം തിരിച്ചാണ് പഠനം നടത്തിയത്. മാംസാധിഷ്‌ഠിത ഭക്ഷണം വളരെ കുറച്ചും സസ്യാധിഷ്‌ഠിത ഭക്ഷണം കൂടിയ അളവിലും കഴിച്ച സംഘത്തില്‍പ്പെട്ടവരുടെ ലൈംഗിക ആരോഗ്യവും മൂത്രസംബന്ധമായ ആരോഗ്യവും മറ്റ് സംഘങ്ങളിലുള്ളവരെ അപേക്ഷിച്ച് മെച്ചപ്പെട്ടതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇവരുടെ വയറിന്റെയും കുടലുകളുടെയും ആരോഗ്യത്തിലും പുരോഗതി കണ്ടെത്തി.
ഓരോ രോഗിയുടെയും പോഷണാവശ്യങ്ങള്‍ വ്യത്യസ്‌തമായതിനാല്‍ ചികിത്സിക്കുന്ന ഡോക്ടറോട് ചര്‍ച്ച ചെയ്‌ത് ഭക്ഷണക്രമം തീരുമാനിക്കുന്നതാകും ഉചിതം. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ജേണല്‍സിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
കുടവയർ അകറ്റാൻ ഇക്കാര്യങ്ങൾ ചെയ്യാം: വിഡിയോ