മലബന്ധം രോഗലക്ഷണമാകാം; കാരണം കണ്ടെത്തിയില്ലെങ്കിൽ അപകടം, പിന്തുടരാം എച്ച്എംഎഫ് നിയമം
Mail This Article
ഒരു പ്രായം കഴിഞ്ഞാല്‍ പലരെയും വലയ്ക്കുന്ന ദഹനസംബന്ധമായ പ്രശ്നമാണ് മലബന്ധം. പല കാരണങ്ങള്‍ കൊണ്ട് മലബന്ധം വരാമെന്നതിനാല്‍ ഇതിന്റെ കാരണം കണ്ടെത്തേണ്ടത് രോഗനിവാരണത്തില്‍ നിര്‍ണ്ണായകമാണ്.
മലബന്ധം മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായകമായ ഒരു പരിഹാരമാര്‍ഗ്ഗം മുന്നോട്ട് വയ്ക്കുകയാണ് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പ്രമുഖ ന്യൂട്രീഷനിസ്റ്റ് പൂജ മഖിജ. എച്ച്എംഎഫ് റൂള്‍ എന്നാണ് ഈ മാര്‍ഗ്ഗത്തിന്റെ ചുരുക്കപ്പേര്.
എച്ച് ഫോര്‍ ഹൈഡ്രേഷന്
ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് ശരീരത്തിന് നിര്‍ജലീകരണം ഉണ്ടാകാതിരിക്കാനും മലം സുഗമമായി പുറത്ത് പോകാനും അത്യാവശ്യമാണ്. കാപ്പി, ചായ പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നവര്‍ ഇത് മൂലമുണ്ടാകുന്ന നിര്‍ജലീകരണം പരിഹരിക്കാന്‍ അധികമായി രണ്ട് കപ്പ് വെള്ളം കുടിക്കേണ്ടതാണെന്ന് പൂജ പറയുന്നു.
എം ഫോര്‍ മൂവ്മെന്റ്
ശരീരം അനങ്ങേണ്ടത് മലബന്ധം പരിഹരിക്കാന്‍ അത്യാവശ്യമാണ്. നടത്തം, ഓട്ടം, സുംബ ഡാന്‍സ് എന്നിങ്ങനെ ശരീരം അനങ്ങുന്ന വ്യായാമങ്ങള്‍ നിത്യവും പിന്തടരുന്നത് നല്ല മലശോധനയ്ക്ക് സഹായകമാണ്.
എഫ് ഫോര്‍ ഫൈബര്‍
നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനസംവിധാനത്തെ സഹായിക്കും. ചീര പോലുള്ള ഇലക്കറികളും മറ്റ് പച്ചക്കറികളും പഴങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും ഹോള്‍ ഗ്രെയ്നുകളും സമൃദ്ധമായി കഴിക്കേണ്ടതാണ്. പച്ചക്കറി ജ്യൂസും ദഹനത്തിനും മലശോധനയ്ക്കും സഹായകമാണ്.
ഇത്തരം ജീവിതശൈലി മാറ്റങ്ങള്‍ കൊണ്ട് മാത്രം മലബന്ധം മാറുന്നില്ലെങ്കില്‍ ഒരു ഗ്യാസ്ട്രോഎന്ററോളജിസ്റ്റിനെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്താന്‍ വൈകരുത്. സാധാരണ ചികിത്സ കൊണ്ടും മാറാത്ത മലബന്ധത്തിന്റെ കാരണമറിയാന്‍ അബ്ഡോമിനല്‍ എക്സ്റേ, ഡെഫെകോഗ്രഫി, അനോറെക്ടല്‍ മാനോമെട്രി, കൊളോണിക് ട്രാന്‍സിറ്റ് പഠനങ്ങള്‍ എന്നിങ്ങനെയുള്ള പരിശോധനകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. കൊളോണോസ്കോപി പരിശോധനകള്‍ കുടലിലെ അര്‍ബുദം പോലുള്ള സങ്കീര്‍ണ്ണമായ രോഗങ്ങള്‍ തിരിച്ചറിയാന്‍ ചിലപ്പോള്‍ വേണ്ടി വന്നേക്കാം.