ADVERTISEMENT

'പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ്' എന്ന ‍ഡയലോഗ് കേൾക്കാത്തവരില്ലല്ലോ. പ്രതിസന്ധികളോടു പടവെട്ടി സ്വന്തം കുഞ്ഞിനെ വളർത്തി വലുതാക്കുന്ന അമ്മമാർ തന്നെയാണ് ഏറ്റവും വലിയ പോരാളികൾ എന്നതിൽ സംശയമില്ല. പക്ഷേ അതിൽതന്നെ ഒന്നാം സ്ഥാനത്ത് ആരാണെന്ന് ചോദിച്ചാൽ വിവിധതരം വളർച്ചക്കുറവുകൾ അനുഭവിക്കുന്ന കുട്ടികളുടെ അമ്മമാരാണെന്ന് പറയാൻ ഒരു നിമിഷം പോലും ആലോചിക്കേണ്ടി വരില്ല. തന്റെ പൊന്നോമനകൾക്കുണ്ടായ വൈകല്യങ്ങളെ പൊരുതി തോൽപ്പിക്കുകയാണവർ. ഭിന്നശേഷിക്കാരായ കുട്ടികൾ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന അനാവശ്യ അനുകമ്പയും മറുവശത്തു നിന്നുള്ള കുത്തുവാക്കുകളും കേട്ട് നെടുവീർപ്പിട്ട് കരയുകയല്ല അവർ ചെയ്യുന്നത്. കുട്ടിയെ വീട്ടിൽ അടച്ചിരുത്താനും അവർ ഒരുക്കമല്ല. കുട്ടിയുടെ കഴിവ് കണ്ടെത്തി വളർത്തിക്കൊണ്ട് വരാനാണ് അവരുടെ ശ്രമം.  അത്തരത്തിലുള്ള മുഴുവൻ അമ്മമാരെയും ശാക്തീകരിക്കാനുള്ളതാകട്ടെ ഈ മാതൃദിനം.

* കുട്ടികളുടെ വഴികാട്ടി
മറ്റ് കുട്ടികളെ അപേക്ഷിച്ച് വളർച്ചക്കുറവുകൾ നേരിടുന്ന കുട്ടികളുടെ യഥാർത്ഥ വഴികാട്ടി അവരുടെ അമ്മമാരായിരിക്കും. തലച്ചോറിലെ പ്രവർത്തനങ്ങളുടെ ഏറ്റക്കുറച്ചിലുകൾ കാരണമാണ് വളർച്ചക്ക് പോരായ്മകൾ ഉണ്ടാകുന്നത്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് ഓട്ടിസം. കുട്ടിയുടെ പ്രശ്നങ്ങൾ ആദ്യം കണ്ടെത്തുന്നത് അമ്മമാരായിരിക്കും. ആദ്യമാദ്യം ഇതിനോട് പൊരുത്തപ്പെടാൻ കഴിയില്ലെങ്കിലും അമ്മമാർ മക്കളുടെ പ്രത്യേകതകളെ കുറിച്ച് മനസിലാക്കുകയും വിദഗ്ധ സഹായം തേടുകയും ചെയ്യാറുണ്ട്. തന്റെ മക്കളുടെ കഴിവുകളും കുറവുകളും എന്താണെന്ന് മനസിലാക്കി അവർ ആഗ്രഹിക്കുന്ന വഴിയിലേക്ക് നയിക്കുന്നതും പലപ്പോഴും അമ്മമാർ തന്നെയാണ്.  

Representative image. Photo Credit: PonomarenkoNataly/Shutterstock.com
Representative image. Photo Credit: PonomarenkoNataly/Shutterstock.com

* മക്കൾക്കായി ജീവിതം മാറ്റിവെക്കുന്നവർ
സ്വന്തം മക്കൾക്കായി ജീവിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. എന്നാൽ മക്കൾക്കു വേണ്ടി തന്റെ കരിയറും  ജീവിതവും തന്നെ മാറ്റിവെക്കുന്നു എന്നതാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരെ വ്യത്യസ്തമാക്കുന്നത്. സാധാരണ പോലെ വളരുന്ന കുട്ടികളിൽ നിന്ന് വ്യത്യസ്തമായി ഇവർക്ക് കൂടുതൽ ശ്രദ്ധ അത്യാവശ്യമാണ്. നല്ല ജോലി ഉള്ളവരാണെങ്കിൽ കൂടിയും മക്കളുടെ ബുദ്ധമുട്ടുകൾ ബോധ്യപ്പെട്ടാൽ ജോലി രാജിവെക്കുന്നവരാണ് മിക്കവരും. എന്നാൽ മക്കളുടെ പേര് പറഞ്ഞ് കരിയർ  അവസാനിപ്പിക്കേണ്ടതില്ല എന്നാണ് ഇവരോട് പറയാനുള്ളത്. 

* ജോലി സമയം ക്രമീകരിക്കാം
മക്കളുടെ വളർച്ച പോരായ്മകൾ ശ്രദ്ധയിൽ പെട്ടാൽ ആദ്യ നാളുകളിൽ ജോലിയിൽ നിന്ന് എടുക്കുന്ന ഇടവേള പതിയെ ഒഴിവാക്കുകയും ചുരുങ്ങിയത് പാർട്ട് ടൈം അടിസ്ഥാനത്തിലെങ്കിലും ജോലിക്ക് പോകുന്നതാണ് നല്ലത്. ഇതിനായി മക്കളുടെ സ്കൂൾ സമയത്തിനും മറ്റും അനുസൃതമായി ജോലി ക്രമീകരിക്കാവുന്നതാണ്. ഇത് മാനസിക പിരിമുറക്കം ഒഴിവാക്കാൻ സഹായിക്കും. കുട്ടിയെ പരിപാലിക്കുന്ന കാര്യത്തിൽ പിതാവും മറ്റ് കുടുംബാംഗങ്ങളും കൂടി ഭാഗവാക്കാകണം. ഇത് കുട്ടിയുടെയും അമ്മയുടെയും ജീവിതം കൂടുതൽ സന്തോഷകരമാക്കും. 

* കുടുംബാംഗങ്ങളെയും ഭാഗവാക്കാക്കാം
ഭിന്നശേഷിക്കാരായ കുട്ടികളുടെ വളർച്ചയിൽ ഏറ്റവും നിർണായക സ്വാധീനം ചെലുത്തുന്നത് അവരുടെ അമ്മമാരാണല്ലോ. പിതാവും സഹോദങ്ങളും മറ്റ് അടുത്ത കുടുംബാംഗങ്ങളും കുട്ടികളെ നോക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ മുന്നിട്ടിറങ്ങിയാൽ അത് അമ്മയ്ക്കും കുഞ്ഞിനും മാനസികമായും സാമൂഹ്യമായും വലിയ ഗുണം ചെയ്യും. ബന്ധുക്കളുമായി ഇടപഴകുന്നത് കുട്ടികളുടെ മാനസിക വളർച്ചക്കും മാതാവിന്റെ മാനസിക പിരിമുറുക്കം കുറയ്ക്കാനും വലിയ സഹായം ചെയ്യും. ഇതിനായി മക്കളുമായി ബന്ധപ്പെട്ട ചുമതലകൾ അടുത്ത ബന്ധുക്കളുമായി പങ്കുവെക്കാൻ അമ്മമാർ ശ്രദ്ധിക്കേണ്ടതുണ്ട്. 

ഇത്തരം കുട്ടികളുടെ കാര്യത്തിൽ അച്ഛന്മാർക്ക് പലപ്പോഴും വലിയ അറിവുണ്ടായിരിക്കണമെന്നില്ല. അത് കൊണ്ട് തന്നെ അവരെയും ഉൾപ്പെടുത്തുന്നതിനായി വിവിധങ്ങളായ സമീപനങ്ങൾ സ്വീകരിക്കേണ്ടി വരും. ഇതിനായി വിദഗ്ധസഹായം സ്വീകരിക്കാവുന്നതാണ്. കുട്ടികൾക്ക് വേണ്ട ബിഹേവിയറൽ തെറാപ്പി, ഒക്ക്യുപ്പെഷണൽ തെറാപ്പി തുടങ്ങിയ വിവിധ തെറാപ്പി സെൻ്ററുകളിൽ മാതാപിതാക്കളും ബന്ധുക്കളും പങ്കെടുക്കുന്നത് കുട്ടിയുടെ പുരോഗതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. 

* ഈ ഉരുക്കുവനിതകളെ അറിയാം
ഈ മാതൃ ദിനത്തിൽ ഇങ്ങനെ ഒരു ലേഖനം എഴുതുമ്പോൾ നിരവധി വനിതകളുടെ മുഖം മനസിലൂടെ മിന്നി മറിയുന്നുണ്ടെങ്കിലും ഓർമയിൽ തങ്ങി നിൽക്കുന്ന ഒരാളാണ് അടുത്ത സുഹൃത്തായ നബീല.  മെക്കട്രോമിക്‌സ്ന്റെ എം ഡി യും മോട്ടിവേഷനൽ സ്പീക്കറുമായ നബീല യഥാർത്ഥത്തിൽ ഒരു ഉരുക്കു വനിതയാണ്. മൂന്ന് മക്കളായിരുന്നു അവർക്ക് ഉണ്ടായിരുന്നത്. അവരുടെ ഭാഷയിൽ പറഞ്ഞാൽ "മൂന്ന് അമേസിംഗ് ചിൽഡ്രൻ". ഡിസ്‌ലക്സിയ എന്ന പഠന വൈകല്യത്തെ പൊരുതി തോൽപ്പിച്ചവരായിരുന്നു അവരുടെ രണ്ട് മക്കൾ. വായിക്കാനും പഠിക്കാനും ബുദ്ധിമുട്ട് നേരിടുന്ന നേരിടുന്ന രോഗമാണ് ഡിസ്ലെക്സിയ. ഇത് മൂലം ഇരുവരും പഠനത്തിൽ പിന്നോട്ട് പോകുന്ന സ്ഥിതിയായിരുന്നു. കുട്ടികളുടെ പഠന നിലവാരത്തെ ചൊല്ലി പരിഹസിക്കുന്നവരുടെയും കുറ്റപ്പെടുത്തുന്നവരുടെയും ഇടയിലായിരുന്നു നബീലയുടെ ജീവിതം. എന്നാൽ അവയെല്ലാം അവഗണിച്ച് മക്കൾക്ക് താങ്ങും തണലുമൊരുക്കി കൂടെ നിന്നതോടെ കരിയറിൽ ഉയർച്ചകൾ കീഴടക്കാനും മികച്ച ജോലി നേടാനും ഇരുവർക്കും കഴിഞ്ഞു. 

എറണാകുളം സ്വദേശിനിയായ മറ്റൊരു മാതാവിന്റ് അനുഭവം കൂടി പറയാം. വിവിധ തരം വളർച്ച ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് ചികിത്സ നൽകുന്ന സ്ഥാപനമാണ് കൊച്ചിയിലെ പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡവലപ്മെന്റ്. ഓട്ടിസം ബാധിതനായ കുട്ടിക്ക് വേണ്ടി വിവിധ തരം ട്രെയിനിങ്ങുകളിൽ പങ്കെടുക്കാൻ ഇവിടെയെത്തിയ വനിത പിന്നീട് വളർച്ചാ വൈകല്യം നേരിടുന്ന കുട്ടികളുടെ നൈപുണ്യ വികസനത്തിനായി ഒരു സ്ഥാപനം തന്നെ ആരംഭിക്കുകയായിരുന്നു. 

കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രയത്നയിലെത്തിയ ഒരു യുവതി വിഷാദ രോഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടായിരുന്നു. തുടർന്ന് ഈ യുവതി ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടേയും നിർദ്ദേശപ്രകാരം കേക്ക് നിർമ്മിക്കാൻ ആരംഭിച്ചു.  ഇത് പിന്നീട് അവർക്ക് തന്നെ ഉപജീവനമാർഗമായി മാറുകയുണ്ടായി. ഈ ലോകത്തെ ഇത്രമേൽ മനോഹരമാക്കുന്നത് ഇതുപോലെ കരുത്തരായ നിരവധി അമ്മമാരാണ്. അവർക്കാകട്ടെ ഈ മാതൃദിനം.

(ലേഖകൻ കൊച്ചി പ്രയത്ന സെൻ്റർ ഫോർ ചൈൽഡ് ഡെവലപ്മെൻ്റ് സി.ഇ.ഒ യും പീഡിയാട്രീക് ഒക്ക്യുപ്പെഷണൽ തെറാപ്പി വിദഗ്ധനുമാണ്)

English Summary:

Mothers Day Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com