ADVERTISEMENT

കാലാവസ്ഥാമാറ്റമാണ് ഇപ്പോൾ എല്ലാ കർഷകരുടെയും ഒരു പേടിസ്വപ്നം. അപ്രതീക്ഷിതമായി പ്രളയമോ വരൾച്ചയോ ഉണ്ടായാൽ വിളനാശത്തിനു സാധ്യതയേറെ. അതിനാല്‍ കാലാവസ്ഥാമാറ്റത്തെ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങൾക്കൊപ്പം അതിജീവിക്കുന്നതിനുള്ള വഴികളും തേടേണ്ടതുണ്ട്.

അപ്രതീക്ഷിത കാലാവസ്ഥദുരന്തങ്ങളിൽനിന്നു രക്ഷപ്പെടാൻ കൃഷിക്കാർ സ്വീകരിക്കുന്ന മുൻകരുതലുകളിലൊന്നാണ് ഹ്രസ്വകാല വിളകള്‍ കൃഷിയിറക്കുകയെന്നത്. എത്രയും നേരത്തെ വിളവെടുത്താൽ അത്രയും നന്ന്. മഴയെത്തും മുൻപേ മരച്ചീനി വിളവെടുത്താൽ പ്രളയത്തെ പേടിക്കേണ്ടല്ലോ? ഉണക്കാകും മുൻപ് നെല്ല് കൊയ്താൽ വരൾച്ചയെയും ഭയപ്പെടേണ്ട. നെല്ലിലും മരച്ചീനിയിലുമൊക്കെ ഹ്രസ്വകാല ഇനങ്ങൾ പലതുണ്ടെങ്കിലും നേന്ത്രവാഴക്കൃഷിയിൽ അങ്ങനെയൊരു സാധ്യത അപൂര്‍വം. എന്നാല്‍ കോഴിക്കോട് മാവൂരിൽ വാഴക്കൃഷി ചെയ്യുന്ന ശ്രീധരൻ കുഴിയാട്ടുകുറായിൽ നേന്ത്രന്‍കൃഷിയിലും ഇത്തരമൊരു സാധ്യത കണ്ടെത്തിക്കഴിഞ്ഞു.

Read also: ഇടനാട്ടിൽ വിളവ് ഇരട്ടി, ഹൈറേഞ്ചിൽ ഇരട്ടിയിലും അധികം: തിങ്ങിനിറഞ്ഞ് വിളവേകി കര്‍ഷകരുടെ പുതിയ കാപ്പിയിനം

പരമാവധി ഏഴു മാസംകൊണ്ടു വിളവെടുക്കാവുന്ന നേന്ത്രവാഴയാണ്  ശ്രീധരന്‍ കൃഷിചെയ്യുന്നത്. കുള്ളൻ നേന്ത്രൻ എന്നറിയപ്പെടുന്ന ഈയിനം 3 വർഷം മുന്‍പ് തമിഴ്നാട്ടില്‍നിന്ന് മുക്കത്തെ ഒരു നഴ്സറിയുടമ വഴി വാങ്ങിയതാണ്.  4 പടലകളിലായി ശരാശരി 10 കിലോ തൂക്കമുള്ള നേന്ത്രക്കുലകൾ പ്രതീക്ഷിക്കാം. മേട്ടുപ്പാളയം പോലുള്ള നേന്ത്രൻ ഇനങ്ങളെക്കാൾ ഉയരം കുറവായിരിക്കും.  സൂര്യപ്രകാശം സമൃദ്ധമായ കൃഷിയിടങ്ങളിൽ പരമവാധി എട്ടടി ഉയരം മാത്രം. എന്നാൽ തണലുണ്ടെങ്കിൽ ഉയരം കൂടും. രുചിയും മധുരവും കൂടുതലുള്ള  ഈയിനത്തിന്റെ കന്നിന് മറ്റിനങ്ങളെക്കാൾ 2 രൂപ കൂടുതൽ നൽകിയാണ് വാങ്ങിയത്.

മറ്റു നേന്ത്രൻ ഇനങ്ങളെക്കാൾ നേരത്തേ വെട്ടിയെടുക്കുമ്പോൾ രണ്ടു മെച്ചമുണ്ടെന്നു ശ്രീധരൻ ചൂണ്ടിക്കാട്ടി. രണ്ടു മാസം നേരത്തേ കൃഷി പൂർത്തിയാകുന്നതിനാൽ അത്രയും അധ്വാനം ലാഭിക്കാം. എന്നാൽ നൽകേണ്ട വളത്തിന്റെ അളവിൽ കുറവുണ്ടാകില്ല. മറ്റു നേന്ത്രൻ ഇനങ്ങൾക്ക് 5 മാസം വരെ വളവും പരിപാലനവും നൽകാറുണ്ട്. എന്നാൽ കുള്ളൻ നേന്ത്രന്റെ കൃഷിപ്പണികൾ 3 മാസംകൊണ്ടു പൂർത്തിയാക്കാം. സാധാരണ നൽകുന്ന അത്രയും വളം ഒരാഴ്ച വീതം ഇടവേള നൽകി 3 മാസത്തിനുള്ളിൽ കൊടുക്കും. 

Read also: മൂന്നു ഗുണങ്ങൾ ഒത്തുചേർന്ന കശുമാവ്; ഒരു കിലോയ്ക്ക് 80-90 കശുവണ്ടി; സ്റ്റാറായി ജിജുവിന്റെ കിങ് 

നേരത്തേ വിളവെടുക്കാമെന്നതിനാല്‍ പാട്ടത്തിനു സ്ഥലമെടുത്ത് കൃഷി ചെയ്യുന്നവർക്ക് മറ്റു കൃഷികളിൽ കൂടുതല്‍ ശ്രദ്ധിക്കാൻ സമയം ലഭിക്കുമെന്നു ശ്രീധരൻ ചൂണ്ടിക്കാട്ടി. അതിലുപരി പ്രളയം, വരൾച്ച തുടങ്ങിയ കാലാവസ്ഥാദുരന്തങ്ങളെത്തും മുന്‍പ് കൃഷി പൂർത്തിയാക്കാം എന്നതാണ്  പ്രധാന മെച്ചം.

പാട്ടത്തിനെടുത്ത ഒരേക്കറിലാണ് ശ്രീധരന്റെ നേന്ത്രൻകൃഷി. 2033 നവംബറിൽ നട്ട 350 കുള്ളൻ നേന്ത്രന്‍വാഴകളാണ് ഇപ്പോൾ കുലച്ചത്. ബാക്കി സ്ഥലത്ത് മേട്ടുപ്പാളയം ഇനമാണ് നട്ടത്. എല്ലാറ്റിനും കൂടി 3 മാസത്തിനുള്ളിൽ മുഴുവൻ വളവും വാങ്ങാനുള്ള പ്രയാസം മൂലമാണ് കൃഷി പൂർണമായും കുള്ളനിലേക്കു മാറ്റാത്തത്. മൂപ്പെത്തിത്തുടങ്ങിയവ ഈ മാസംതന്നെ വിളവെടുത്തു തീരുമെന്ന് ശ്രീധരൻ പറഞ്ഞു.  

പാടംപോലെ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങൾക്ക് യോജിച്ച ഇനമാണ് കുള്ളൻ നേന്ത്രനെന്ന് ശ്രീധരൻ പറയുന്നു. ജൂണിൽ കാലവർഷമാരംഭിക്കുന്നതോടെ പാടത്ത് വെള്ളക്കെട്ടുണ്ടാകും. തന്മൂലം കുല വെട്ടിത്തീരുന്നതുവരെ പ്രളയത്തെ പേടിക്കണം. എന്നാൽ കുള്ളൻ നേന്ത്രനില്‍ മുടക്കിയ പണവും ലാഭവും നേരത്തേതന്നെ കൈവശമെത്തും– ശ്രീധരൻ ചൂണ്ടിക്കാട്ടി.

ഫോൺ: 9388546584

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT