ADVERTISEMENT

കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ആദായം നേടിത്തരുന്ന കാടവളർത്തലിന് കേരളത്തിൽ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങൾക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നൽകുന്നതായി അനുഭവസ്ഥർ പറയുന്നു.

ഹ്രസ്വ ജീവിതചക്രവും കുറഞ്ഞ തീറ്റച്ചെലവുമാണ് കാടപ്പക്ഷിയുടെ പ്രത്യേകതകൾ.  മുട്ട വിരിയുന്നതിന് 16 മുതൽ 18 ദിവസങ്ങൾ മതിയാകും. വലുപ്പം കുറവായതിനാൽ ഇവയെ വളർത്താൻ കുറച്ചു സ്ഥലം മതി. ടെറസ്സിലും വീടിന്റെ ചായ്പിലും ഇവയെ വളർത്താം. ഒരു കോഴിക്കാവശ്യമായ സ്ഥലത്ത് 8-10 കാടകളെ വളർത്താൻ സാധിക്കും. 6 ആഴ്ച പ്രായമാകുമ്പോൾ മുട്ടയിട്ടു തുടങ്ങുന്നു. മാംസത്തിനു വേണ്ടി വളർത്തുന്നവയെ 5-6 ആഴ്ച പ്രായത്തിൽ വിപണിയിലിറക്കാം. വർഷത്തിൽ ശരാശരി 300 മുട്ടകൾ ലഭിക്കും. മാംസവും മുട്ടയും ഔഷധഗുണമുള്ളതും പോഷക സമൃദ്ധവുമാണ്. മാത്രമല്ല മറ്റു വളർത്തുപക്ഷികളെക്കാൾ രോഗങ്ങൾ കുറവാണ്.

ഇനങ്ങൾ

ജാപ്പനീസ് കാടകൾക്ക് പുറമേ, സ്റ്റബിൾബോബ് വൈറ്റ്, ഫാറൊ ഈസ്റ്റേൺ തുടങ്ങിയ ഇനങ്ങളുണ്ട്. ഇറച്ചിക്കും മുട്ടയ്ക്കും വേണ്ടി വളർത്തുന്ന വെവ്വേറെ ഇനങ്ങളേയും ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാടകളെ ഡീപ് ലിറ്റർ സമ്പ്രദായത്തിലും കേജ് സമ്പ്രദായത്തിലും വളർത്താം.

1. ഡീപ് ലിറ്റർ സമ്പ്രദായം

ഷെഡിലെ സിമന്റ് തറയിൽ ഈർപ്പമില്ലാത്ത ലിറ്റർ 8-10 സെ.മീ കനത്തിൽ വിരിച്ച് കാടകളെ വളർത്താം. ഒരു കാടയ്ക്ക് 200-250 ച.സെ.മി. സ്ഥലം വേണം. 200 ച. അടി വിസ്തീർണമുള്ള ഷെഡിൽ 900 കാടകളെ വളർത്താം. വായു സഞ്ചാരം ലഭിക്കാൻ വശങ്ങളിൽ കമ്പിവലകൾ ഘടിപ്പിക്കണം. കൂടിനുള്ളിൽ 5 അടി ഉയരത്തിൽ നൈലോൺ വല വിരിക്കുന്നത് കാടകൾ പറന്നുയർന്ന് മേൽക്കൂരയിലും വശങ്ങളിലും ഇടിച്ചു ചാകുന്നത് തടയും, ഒരു കാടയ്ക്ക് 3 സെ.മീ. തീറ്റസ്ഥലവും 15 സെ.മീ. വെള്ളസ്ഥലവും വേണം. 

quail-jose-6

2. കേജ് സമ്പ്രദായം

കമ്പിവലക്കൂടുകൾക്കുള്ളിൽ തട്ടുകളായി കാടകളെ വളർത്തുന്നു. 25 കാടകൾക്ക് 60 x 60 X 25 സെ.മീ. വലുപ്പമുള്ള കൂടും 50 കാടകൾക്ക് 60 X 120 x 25 സെ.മീ. കൂടും വേണം. ഇത്തരം കുടുകൾ 6 ഇഞ്ച് അകലത്തിൽ ഒന്നിനുമുകളിൽ ഒന്നായി ഉറപ്പിക്കാം. കാഷ്ഠം ശേഖരിക്കുന്നതിന് തട്ടുകൾക്കിടയിൽ പ്ലാസ്റ്റിക് ചാക്കുകൾ വിരിച്ചാൽ മതിയാവും.

Read also: കാട, കോഴി, ടർക്കി... പ്രതിമാസം ലാഭം 80,000 പറന്നുവരും; യുകെ, ഓസ്ട്രേലിയ പിന്നെ എന്തിന്?

quail-farming-1

മുട്ടയുൽപ്പാദനം 

പെൺകാടകൾ 6-7 ആഴ്ച പ്രായത്തിൽ മുട്ടയിട്ടു തുടങ്ങും. എട്ട് ആഴ്ച പ്രായം മുതൽ 25 ആഴ്ച പ്രായം വരെയുള്ള സമയം മുട്ടയുൽപാദനത്തിന്റെ ഉന്നത സമയമാണ്. കാടപ്പക്ഷികൾ സാധാരണയായി വൈകിട്ട് മൂന്നു മുതൽ ആറു വരെയുള്ള സമയത്താണ് 75 ശതമാനവും മുട്ടയിടുന്നത്. 25 ശതമാനം രാത്രികാലങ്ങളിലും ഇടുന്നു. ഒരു വർഷത്തിൽ 250-300 മുട്ടകൾ വരെ ലഭിക്കും. 8-12 മാസം വരെ മുട്ടയുൽപാദനം തുടരും. മുട്ടകൾക്ക് 8-10 ഗ്രാം വരെ തൂക്കമുണ്ടാകും.

quail-jose-1
മുട്ടവിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾ

കാടമുട്ടകൾ അട വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

അടയിരിക്കുന്ന സ്വഭാവം കാടകൾക്കില്ല. അതിനാൽ കൃത്രിമമായി വിരിയിച്ചെടുക്കുകയോ അടയിരിക്കുന്ന കോഴികളെ ഉപയോഗിച്ച് മുട്ട വിരിയിച്ചെടുക്കുകയോ ചെയ്യണം. കാടമുട്ട കൾ 16-18 ദിവസം കൊണ്ട് വിരിയും. ഏത് കാലാവസ്ഥയിലും ഏതവസരത്തിലും കാടമുട്ടകൾ വിരിയിച്ചെടുക്കാം. എന്നാൽ അടവയ്ക്കാനായി മുട്ടകൾ ശേഖരിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേ ണ്ടതുണ്ട്.

  1. 10 മുതൽ 23 ആഴ്ച വരെ പ്രായമുള്ള പിടകളുടെ മുട്ടകളാണ് ശേഖരിക്കേണ്ടത്.
  2. മൂന്നോ അതിൽ കുറവോ പിടകൾക്ക് ഒരു പൂവൻ എന്ന അനുപാതത്തിൽ പ്രജനനം നടത്തുന്ന കൂട്ടിൽ നിന്നും എടുക്കുന്ന മുട്ടകൾക്ക് വിരിയൽ ശേഷി കൂടുതലായിരിക്കും.
  3. പിടകളുടെ ഇടയിൽ ഒരു പൂവനെ വിട്ടാൽ നാലു ദിവസം കഴിഞ്ഞതിനു ശേഷം ലഭിക്കുന്ന മുട്ടകളും പൂവനെ മാറ്റുകയാണെങ്കിൽ അതിനു ശേഷം മൂന്നു ദിവ സത്തിനുളളിൽ ലഭിക്കുന്ന മുട്ടകളുമാണ് വിരിയിക്കുന്നതിന് നല്ലത്.
  4. പ്രജനനത്തിനായി വളർത്തുന്ന കാടകൾക്ക് പ്രത്യേകം പോഷകാഹാരം നൽകണം.
  5. മുട്ട ശേഖരിച്ചു കഴിഞ്ഞാൽ ഏഴു ദിവസത്തിനുള്ളിൽ തന്നെ അവ അടവയ്ക്കേണ്ടതാണ്.

കുഞ്ഞുങ്ങളുടെ പരിചരണം ( ബ്രൂഡിങ്)

quail-jose-10
ബോക്സ് ബ്രൂഡിങ് രീതി

വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് അന്തരീക്ഷത്തിലെ ചൂട് മതിയാവില്ല. കുഞ്ഞുങ്ങൾക്ക് 3 ആഴ്ച പ്രായം വരെ കൃത്രിമ ചൂട് നൽകുന്നതിനെ ബ്രൂഡിങ് എന്ന് പറയുന്നു. ചൂട് നൽകുന്നതിനുള്ള സംവിധാനമാണ് ബ്രൂഡർ. സാധാരണ 100 കാടക്കുഞ്ഞുങ്ങൾക്ക് ചൂട് നൽകുന്നതിന് 60 വാട്ടിന്റെ ഒരു ഇലക്ട്രിക് ബൾബ് ഉപയോഗിക്കാം.

Read also: 45 ദിവസത്തിൽ 70 രൂപ നേട്ടം; ലാഭം കൊണ്ടുവരും ഇറച്ചിത്താറാവുകൾ: കർഷകന്റെ അനുഭവം

കാടത്തീറ്റയും തീറ്റക്രമവും

കാട വളർത്തലിൽ മൊത്തം ചെലവിന്റെ 10 ശതമാനം തീറ്റയ്ക്കാണ് ചെലവാകുക. സമീകൃതാഹാരം നൽകേണ്ടതിനാൽ സ്റ്റാർട്ടർ തീറ്റയിൽ 27 ശതമാനം മാംസ്യവും 27 ശതമാനം കലോറിയും വേണം. ഗ്രോവർ തീറ്റയിൽ 24 ശതമാനം മാംസ്യവും ലേയർ തീറ്റയിൽ 22 ശതമാനം മാംസ്യവും വേണം. മുട്ടയിടാൻ ആരംഭിക്കുന്ന കാടകൾക്ക് തീറ്റയിൽ കക്കപ്പൊടി ചേർത്ത് നൽകുന്നത് നല്ല കട്ടിയുളള തോടോടു കൂടിയ മുട്ട ലഭിക്കുന്നതിനു സഹായിക്കും. ക്വയിൽ ലേയർ മാഷ് തീറ്റയിൽ കക്കാപ്പൊടി അടങ്ങിയിട്ടുള്ളതിനാൽ കക്കാപ്പൊടി കൊടുക്കേണ്ട കാര്യമില്ല. ഏതു ബ്രാൻഡ് തീറ്റ നൽകുന്നുവോ അതു തന്നെ തുടരുന്നതാണ് നല്ലത്. ഇടയ്ക്കിടെ തീറ്റ മാറ്റുന്നത് ഉൽപാദനത്തെ ബാധിക്കും. ഒരു കാട 5 ആഴ്ച വരെ 400 ഗ്രാം തീറ്റയും പിന്നീട് ദിവസം 25 ഗ്രാം എന്ന കണക്കിൽ ഒരു വർഷം 8 കി.ഗ്രാം തീറ്റയും കഴിക്കാറുണ്ട്.

Read also: ടര്‍ക്കി വളര്‍ത്താം 3 രൂപ ചെലവില്‍; വിപണി ഉറപ്പാക്കിയാല്‍ മികച്ച ലാഭം

രോഗങ്ങൾ-പ്രതിരോധമാർഗങ്ങൾ

quail-jose-7

കാലാവസ്ഥാ വ്യതിയാനം കാരണം ആദ്യത്തെ രണ്ടാഴ്ചക്കാലം മരണനിരക്ക് കൂടുതലായി കണ്ടു വരുന്നു. അതിനാൽ രണ്ടാഴ്ചയ്ക്കു മുകളിൽ പ്രായമുള്ളവയെ വാങ്ങി വളർത്തുന്നതാണ് ഉചിതം. ശുചിത്വമാണ് രോഗങ്ങളെ അകറ്റി നിർത്താനുളള പ്രധാനഘടകം. കൂട്ടിൽ നല്ല വായു സഞ്ചാരവും വൃത്തിയും ഉണ്ടായിരിക്കണം തീറ്റപ്പാത്രവും വെളളപ്പാത്രവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം വീണ് ലിറ്റർ നനയാതെ സൂക്ഷിക്കണം. കോഴികളിൽ മാരകമായി കണ്ടു വരുന്ന കോഴിവസന്ത, രക്താതിസാരം എന്നീ രോഗങ്ങൾ കാടകളിൽ അപൂർവമായിട്ടേ കാണാറുള്ളു. എന്നാൽ താഴെ പറയുന്ന രോഗങ്ങൾ കാടകളെ ബാധിക്കാറുണ്ട്.

  1. ബ്രൂഡർ ന്യൂമോണിയ: കാടക്കുഞ്ഞുങ്ങളെ സാധാരണയായി ബാധിക്കുന്ന ഒരു രോഗമാണിത്. ബ്രൂഡറിലെ ജലാംശം കൂടുമ്പോൾ ‘ആസ്പർജില്ലസ്’ എന്ന പൂപ്പൽ രോഗാണു വളർന്നാണ് രോഗബാധയുണ്ടാകുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗം നിമിത്തം കുഞ്ഞുങ്ങൾ ചത്തു പോകുന്നു. ബ്രൂഡറിലെ ജലാംശം കുറച്ചും തീറ്റയിൽ പൂപ്പൽ വളർച്ച തടയുന്നതിന് കാത്സ്യം പ്രൊപ്പിയയോണേറ്റ് ചേർത്തും ഈ രോഗം തടയാം.
  2. ക്വയിൽ രോഗം: വെള്ള നിറത്തിലുളള വയറിളക്കം രോഗലക്ഷണം. കൂട്ട മരണം സംഭവിക്കുന്ന ഒരു ബാക്ടീരിയൽ രോഗമാണിത്. സ്ട്രെപ്റ്റോമൈസിൻ ഫലപ്രദം.
  3. കോളിബാസില്ലോസിസ്: മുട്ടക്കാടകളിൽ ഭക്ഷണ വിരക്തിയും നടക്കുമ്പോൾ തളർച്ചയും വിറയലും കാണിക്കുന്നു. ക്ലോറാംഫെനിക്കോൾ ഫലപ്രദമാണ്,
  4. സ്റ്റഫൈലോ കോക്കൽ രോഗം: ശരീരത്തിൽ പലയിടത്തും നിറഞ്ഞ കുരുക്കൾ കാണുന്നു.
  5. അഫ്ലാടോക്സിക്കോസിസ്: തീറ്റയിലെ പൂപ്പൽ വിഷബാധ കൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. വിഷം കരളിനെ ബാധിക്കുന്നതിനാൽ കാട ആഹാരം കഴിക്കാതെ മരണപ്പെടുന്നു. ടെഫ്രോളി തുള്ളിമരുന്ന് ഫലപ്രദമാണ്.

കാടമുട്ടയുടെയും കോഴിമുട്ടയുടെയും ആവശ്യകതയും വിലയും കൂടിയതോടെ ഇപ്പോൾ അനേകം കർഷകർ കാടവളർത്തൽ മുഖ്യതൊഴിലായും ഉപതൊഴിലായും സ്വീകരിച്ചിട്ടുണ്ട്. ശാസ്ത്രീയമായ പരിപാലനമുറകൾ അവലംബിക്കുക വഴി കാടവളർത്തൽ അധിക ആദായത്തിനു വഴിയൊരുക്കും. സർക്കാർ മൃഗസംരക്ഷണ പരിശീലനകേന്ദ്രങ്ങളിൽ കാടവളർത്തലിൽ സൗജന്യ പരിശീലനം (ഒരു ദിവസത്തെ) ലഭ്യമാണ്.

കാടകളെ ലഭിക്കുന്ന സ്ഥലങ്ങൾ 

1.  സെൻട്രൽ ഹാച്ചറി, ചെങ്ങന്നൂർ. 0479 - 2452277

2. യൂണിവേഴ്സിറ്റി പൗൾട്രി ഫാം, മണ്ണുത്തി, തൃശ്ശൂർ. 0487 - 23670344 (Extn 300) 

3. റീജിയണൽ പൗൾട്രി ഫാം, ചാത്തമംഗലം, കോഴിക്കോട്. 0495 - 2287481

വിവരങ്ങൾ: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്

English summary: Quail Farming- The best way to start your Quail Farm Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com