ADVERTISEMENT

പുതുവർഷത്തിൽ അടയ്ക്കാ സ്വപ്‌നതുല്യമായ വിലയിലേക്ക്‌ ഉയരാൻ ഉതകുന്ന പ്രഖ്യാപനങ്ങൾക്കായി കാർഷികമേഖല കാതോർക്കുന്നു. അനധികൃത മാർഗങ്ങളിലൂടെയുള്ള വിദേശ അടയ്‌ക്ക പ്രവാഹം പൂർണമായി തടയണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ കേരളത്തിലും കർണാടകത്തിനും നേട്ടം സമ്മാനിക്കുന്ന തീരുമാനങ്ങൾ കേന്ദ്രത്തിൽനിന്നും പുറത്തു വരുമെന്ന പ്രതീക്ഷയിലാണ്‌ ലക്ഷക്കണക്കിന്‌ വരുന്ന കമുക് കർഷകർ. 

കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്‌ധിയെ അതീവ ഗൗരവത്തിൽ തന്നെ വാണിജ്യ മന്ത്രാലയത്തെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽ ഇതിനകം എത്തിച്ചു. മംഗലാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ അരെക്കാനട്ട്, കൊക്കോ മാർക്കറ്റിങ് ആൻഡ്  പ്രോസസ്സിങ് കോ–ഓപ്പറേറ്റീവ്   (കാംപ്‌കോ)യുടെ നീക്കം അനുകൂല ഫലം ഉളവാക്കുമെന്നാണ്‌ വിലയിരുത്തുന്നത്‌.

വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും അനിയന്ത്രിതമായ അളവിലാണ്‌ അടയ്‌ക്ക ഇറക്കുമതി നടക്കുന്നത്‌. കർഷകർക്ക്‌ താങ്ങ്‌ പകരാൻ വിദേശ അടയ്ക്ക ഇറക്കുമതിക്ക്‌ കിലോ അഞ്ഞൂറ്‌ രൂപ നികുതി ഏർപ്പെടുത്തിയത്‌ തുടക്കത്തിൽ അനുകൂല ഫലം ഉളവാക്കി. ഇതിനിടെ വിപണിയും ഭരണകൂടവും അറിയാതെ ഇറക്കുമതി ലോബി ചുവടുമാറ്റി ചവിട്ടി. പാൻമസാല വ്യവസായികളിൽ നിന്നുള്ള വർധിച്ച ഡിമാൻഡ് അവസരമാക്കി വൻ ലോബി ഇറക്കുമതി നിയന്ത്രണം കൈപിടിയിലാക്കി. 

മ്യാൻമറിൽനിന്നും ഇന്തോനേഷ്യയിൽനിന്നുമുള്ള അടയ്ക്ക നിലവിൽ ഇന്ത്യൻ വിപണി കൈയടക്കിയ അവസ്ഥയിലാണ്‌. ബർമ്മയിൽ നിന്നും കിലോ 200 രൂപയ്‌ക്ക്‌ ശേഖരിക്കുന്ന അടയക്ക അവർ 410 രൂപയ്ക്ക്‌ ഇന്ത്യയിൽ എവിടെയും എത്തിക്കാമെന്ന വാഗ്‌ദാനവുമായി രംഗത്ത്‌ ഇറങ്ങിയത്‌ വ്യവസായികളെ ഏറെ ആകർഷിച്ചു. മ്യാൻമർ അടയ്ക്ക മണിപ്പുർ വഴിയാണ്‌ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതെങ്കിലും ഇന്തോനേഷ്യൻ ചരക്ക്‌ കപ്പൽ മാർഗ്ഗം രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ ഇറക്കുമതി നടത്തുന്നു.  

വിദേശ ചരക്കിന്‌ കിലോ 500 രൂപ ഡ്യൂട്ടി മറികടക്കാൻ ഈന്തപ്പഴമെന്നും കശുവണ്ടിയെന്നും വിവിധ പേരുകൾ രേഖപ്പെടുത്തിയാണ്‌ കള്ളകടത്തു നടക്കുന്നത്‌. കസ്‌റ്റംസ്‌ വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചുള്ള ഇറക്കുമതി തുടർന്നാൽ ആഭ്യന്തര വിപണി കനത്ത വില തകർച്ചയിലേക്കു നീങ്ങും. കർണാടകത്തിലെ കമുക് തോട്ടങ്ങൾ വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ്‌. ഡിസംബർ ആദ്യവാരത്തിൽ തന്നെ ചിക്കമംഗലൂർ, ഹസ്സൻ, ഉഡുപ്പി, ദക്ഷിണ–ഉത്തര കന്നടയിൽ നിന്നുമുള്ള പുതിയ ചരക്ക്‌ വിപണികളിലേക്ക്‌ നീങ്ങിത്തുടങ്ങും. വൈകാതെ ആസാമിൽ നിന്നുള്ള അടക്കയും വിൽപ്പനയ്‌ക്ക്‌ സജ്ജമാകും. 

Read also: കരിമ്പിനും ചന്ദനത്തിനും വിട; മറയൂരിൽ ഇപ്പോൾ അടയ്ക്കയാണ് താരം: 17 ടൺ വിപണിയിലെത്തിച്ച് കർഷകൻ

മറുവശത്ത്‌ കമുക് കർഷകർ ഇറക്കുമതിക്ക്‌ എതിരെ പ്രതികരിക്കുമ്പോൾ കടത്തി വിടുന്ന നൂറ്‌ ലോഡ്‌ അടയ്ക്കയിൽ ഒരെണ്ണം പിടികൂടി ഉൽപാദകരുടെ കണ്ണിൽ പൊടി ഇടുന്ന തന്ത്രമാണ്‌ പയറ്റുന്നത്‌. നേരത്തെ ഉത്തർപ്രദേശിലും കൊൽക്കത്തയിലുമായിരുന്നു ഇറക്കുമതി അടയ്ക്ക പ്രിയമെങ്കിൽ ഇപ്പോൾ രാജ്യത്തിന്റെ എതാണ്ട്‌ എല്ലാ ഭാഗങ്ങളിലും വിദേശ ചരക്കിന്‌ ആവശ്യക്കാരുണ്ട്‌. കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നുമുള്ള അടയ്ക്കയുടെ മുഖ്യ ഉപഭോക്താക്കൾ ഗുജറാത്തിലെ വ്യവസായികളായിരുന്നു. എന്നാൽ, ആ മേഖലയിലും ദക്ഷിണേന്ത്യൻ ചരക്കിന്‌ കാലിടറുകയാണ്‌. ഗുജറാത്തും വിദേശ ചരക്കിൽ താൽപര്യം കാണിക്കുന്നു.    

വടക്കൻ കേരളത്തിലെ വിപണികളിൽ അടയ്ക്ക വില താഴുന്ന പ്രവണതയാണ്‌. കിലോ 485–500 രൂപയ്‌ക്ക്‌ വരെ കൈമാറ്റം നടന്ന അടയ്ക്ക തളർച്ചയിലാണ്‌. കാഞ്ഞങ്ങാട്‌ 400 രൂപയിലും പയ്യനൂർ 390 രൂപയിലും തളിപറമ്പിൽ 381 രൂപയിലും ഇരിക്കൂർ 380 രൂപയിലും  കൈമാറുമ്പോൾ പെരുമ്പാവൂരിൽ നിരക്ക്‌ 370 ലേക്കു താഴ്‌ന്നു. നേരത്തെ ഷിമോഗയിൽ മികച്ചയിനങ്ങൾ കിലോ 845 രൂപ വരെ കയറി ഇടപാടുകൾ നടന്നിരുന്നു.  

നാടൻ അടയക്കയെ അപേക്ഷിച്ച്‌ വിലയുടെ കാര്യത്തിൽ മാത്രമല്ല, രുചിയിലും ഏറെ പിന്നിലാണ്‌ ഇന്താനേഷ്യയിൽ നിന്നും എത്തുന്ന ചരക്ക്‌. അതേ സമയം മ്യാൻമറിൽ നിന്നും നിലവാരം ഉയർന്ന ചരക്കാണ്‌ വരുന്നത്‌. ‌ഇറക്കുമതി ചരക്കും നാടൻ അടക്കയും കലർത്തി വിൽപ്പന നടത്തിയാൽ പെട്ടെന്ന്‌ തിരിച്ചറിയില്ല. അതുകൊണ്ടുതന്നെ ഏറ്റവും താഴ്‌ന്ന വിലയ്‌ക്ക്‌ ലഭിക്കുന്ന ചരക്കിലാണ്‌ സൂപ്പാരി, പാൻമസാല വ്യവസായികൾ താൽപര്യം കാണിക്കുന്നത്‌. ഈ രംഗത്തെ വൻ ശക്തികളായ വ്യവസായികളുടെ താൽപര്യം സംരക്ഷിക്കുന്നതിൽ വാണിജ്യമന്ത്രാലയം മുൻ തൂക്കം നൽകിയാൽ കമുകിനെ മാത്രം ആശ്രയിച്ച്‌ നിലകൊള്ളുന്ന ലക്ഷക്കണക്കിന്‌ വരുന്ന കർഷക കുടംബങ്ങളുടെ നില പരുങ്ങലിലാവും. 

റബർ

രാജ്യാന്തര തലത്തിൽ റബർ മുന്നേറാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ ഫണ്ടുകൾ വിൽപ്പനയ്‌ക്ക്‌ കാണിച്ച അമിതോത്സാഹം ഉൽപാദകരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുന്നു. പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളിൽ റബർ അൽപം മികവ്‌ കാഴ്‌ച്ചവയ്ക്കുന്ന വേളയിൽ തന്നെ ഊഹക്കച്ചവടക്കാർ സൃഷ്‌ടിക്കുന്ന ഷോട്ട്‌ പൊസിഷനുകൾക്ക്‌ മുന്നിൽ വിപണി പലപ്പോഴും പതറുകയാണ്‌. ജപ്പാനിലും ചൈനയിലും റബർ അഭിമുഖീകരിക്കുന്ന പ്രതിസന്ധി മൂലം സിംഗപ്പുർ മാർക്കറ്റിലും ഓപ്പറേറ്റർമാർ പുതിയ ലോങ്‌ പൊസിഷനുകളിൽ നിന്നും പലപ്പോഴും അകന്ന്‌ മാറുകയാണ്‌. രാജ്യാന്തര ക്രൂഡ്‌ ഓയിലിനൊപ്പം സഞ്ചരിക്കാൻ റബർ നടത്തുന്ന നീക്കങ്ങളും വിജയം കൈവരിക്കുന്നില്ല. 

Read also: വർഷം 40 ടാപ്പിങ്, പാൽ പൈപ്പിലൂടെ വീട്ടിലേക്ക്, ഷീറ്റടിക്കാനും നീക്കംചെയ്യാനും മോട്ടർ

കേരളത്തിൽ റബർ ടാപ്പിങിന്‌ എറ്റവും അനുകൂല സാഹചര്യമായതിനാൽ വലിയോരു വിഭാഗം തോട്ടങ്ങളിൽ പുലർച്ചെ തന്നെ ടാപ്പിങ് നടക്കുന്നുണ്ട്. നവംബറിലെ ശൈത്യം ഡിസംബറിലും തുടരാം. പുലർച്ചെ അന്തരീക്ഷ തണുത്ത അവസ്ഥ ആയതിനാൽ റബർ മരങ്ങളിൽ നിന്നുള്ള യീൽഡ്‌ ഉയരുന്നുണ്ട്. ടാപ്പിങ്‌ രംഗം സജീവമായതോടെ ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ മുഖ്യ വിപണികളിൽ നിന്നും പരമാവധി ഷീറ്റും ലാറ്റക്‌സും ശേഖരിക്കാൻ ഉത്സാഹിക്കുന്നത്‌ ഒരു പരിധി വരെ വിപണിക്ക്‌ ശക്തമായ താങ്ങ്‌ പകരുന്നുണ്ട്‌. 

നിലവിൽ നാലാം ഗ്രേഡ്‌ കിലോ 154 രൂപയിലും ലാറ്റക്‌സ്‌ 103 രൂപയിലുമാണ്‌ കൈമാറുന്നത്‌. ക്രിസ്‌മസ്‌ ആവശ്യങ്ങൾ മുന്നിൽക്കണ്ട്‌ കാർഷിക മേഖല അടുത്ത വാരത്തോടെ ഉൽപ്പന്നങ്ങൾ വിൽപ്പനയ്‌ക്ക്‌ ഇറക്കാൻ തുടങ്ങും. പുതിയ ചരക്കിൽ വലിയപങ്ക്‌ കരുതൽ ശേഖരത്തിലേക്ക് നീക്കാൻ ഏതാനും ആഴ്‌ച്ചകളായി കാർഷിക മേഖല ഉത്സാഹിച്ചിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com