ADVERTISEMENT

യൂറോപ്യൻ രാജ്യങ്ങൾ പുതുവത്സരാഘോഷ ലഹരിയിലെങ്കിലും ആഗോള കുരുമുളകു വിപണി താൽക്കാലിക ചരക്ക്‌ ക്ഷാമത്തിന്റെ പിടിയിൽ നീങ്ങുന്നത്‌ നിരക്ക്‌ ഉയർത്താൻ മുഖ്യ ഉൽപാദകരാജ്യങ്ങളെ പ്രേരിപ്പിക്കും. ഇന്ത്യയിലും ഉൽപ്പന്നത്തിന്‌ ദൗർലഭ്യം നേരിടുന്നതായാണ്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സൂചനകൾ.

വിപണി നിയന്ത്രണം ഇറക്കുമതി ലോബിയുടെ കരങ്ങളിലാണെങ്കിലും കേരളത്തിലും കർണാടകത്തിലും  ക്രിസ്‌മസിന്‌ മുന്നേ തന്നെ വിൽപ്പനക്കാർ കുറഞ്ഞത്‌ സ്റ്റോക്കിസ്റ്റുകൾക്ക്‌ വിപണിയിലെ സ്വാധീനം വർധിപ്പിക്കാൻ  അവസരം ഒരുക്കി. ഡിസംബർ അവസാനവാരത്തിൽ കേരളത്തിൽ കുരുമുളകുവില ക്വിന്റലിന്‌ 1100 രൂപ ഉയർന്നപ്പോൾ ഉത്തരേന്ത്യയിലെ പല വിപണികളിലും നിരക്ക്‌ 2500 രൂപ വരെ കയറി. കുരുമുളകിന്‌ പ്രദേശിക ആവശ്യം ഉയർന്നതിനൊപ്പം വ്യവസായിക ഡിമാൻഡും  വർധിക്കുന്നതായാണ്‌ സൂചന. 

ശൈത്യകാലമായതിനാൽ പൗഡർ യൂണിറ്റുകൾ പലതും 24 മണികൂറും പ്രവർത്തിക്കുന്നുണ്ട്‌. തണുപ്പു കാലത്ത്‌  കുരുമുളക്‌ പൊടിക്കുമ്പോൾ അന്തരീക്ഷത്തിലെ ഈർപ്പം മൂലം പൊടി നഷ്‌ടപ്പെടുന്നത്‌ കുറയ്ക്കാനാവുമെന്നത്‌ വ്യവസായികൾക്ക്‌ നേട്ടമാണ്‌. വ്യവസായിക ഡിമാൻഡ് കണക്കിലെടുത്താൽ ഉൽപ്പന്നം മികവ്‌ നിലനിർത്തുമെന്ന നിലപാടിലാണ്‌ ഒരു വിഭാഗം വ്യാപാരികൾ.

ഫെബ്രുവരിയിൽ വിളവെടുപ്പ്‌ കർഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ മുന്നേറാനുള്ള സാഹചര്യം ലഭിച്ചില്ലെങ്കിൽ ഹൈറേഞ്ച്‌ ചരക്കിന്‌ നേരിടുന്ന ക്ഷാമം വിട്ടുമാറില്ല. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദ ഫലമായി മലയോര മേഖലകളിൽ ചെറിയ തോതിൽ രാത്രി മഴയ്‌ക്ക്‌ സാധ്യതയുണ്ടെങ്കിലും പകൽ മൂടിക്കെട്ടിയ ആകാശം കുരുമുളക്‌ വിളവെടുപ്പിൽ നിന്നും ഒരു വിഭാഗം കർഷകരെ പിൻതിരിപ്പിക്കാം. 

വിളവെടുക്കുന്ന മുളകുമണികൾ ഉണക്കി സംസ്‌കരിക്കുന്നതിന്‌ നേരിടുന്ന തടസങ്ങൾ തന്നെയാണ്‌ അവരെ പിന്നോക്കം വലിക്കുക. തെളിഞ്ഞ കാലാവസ്ഥ ലഭ്യമായാൽ ഇടുക്കി, പത്തനംതിട്ട മേഖലകളിൽ വിളവെടുപ്പ്‌ പുരോഗമിക്കും. അതേസമയം വയനാടൻ ചരക്ക്‌ വരവ്‌ അൽപംകൂടി വൈകുമെന്നാണ്‌ സൂചന. അവിടെ വിളവെടുപ്പ്‌ അടുത്ത മാസം അവസാനത്തിൽ തുടക്കം കുറിക്കുമെങ്കിലും മാർച്ചിൽ മാത്രമേ വരവ്‌ ശക്തിപ്പെടാൻ ഇടയുള്ളൂ. 

വിളവെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഇക്കുറി കാര്യമായി കുരുമുളക്‌ വിൽപ്പനയ്‌ക്ക്‌ ഇറങ്ങില്ലെന്നാണ്‌ ഒരു വിഭാഗം മധ്യവർത്തികളുടെ വിലയിരുത്തൽ. കഴിഞ്ഞ സീസണിലെ ഉയർന്ന വിലയിൽ വലിയോരു വിഭാഗം സ്റ്റോക്കിസ്റ്റുകളും ചരക്ക്‌ വിറ്റു. അതുകൊണ്ടുതന്നെ ഈ വർഷം ആദ്യം ലഭിക്കുന്ന കുരുമുളക്‌ സംസ്‌കരണങ്ങൾ പൂർത്തിയാക്കി പത്തായങ്ങളിലേക്കു നീക്കാൻ വൻകിട–ചെറുകിട കർഷകർ ഉത്സാഹിക്കും. മറ്റൊരു വസ്‌തുത ഉൽപാദനം പല മേഖലകളിലും കുറയുമെന്നതും ചരക്കുപിടിക്കാൻ കാർഷിക മേഖലയ്‌ക്കു പ്രചോദനമാവും.

വിളവെടുപ്പ്‌ പൂർത്തിയാകുന്നതോടെ കുരുമുളക്‌ കൂടുതൽ കരുത്ത്‌ പ്രദർശിപ്പിക്കാനുള്ള അവസരം കർഷകർ ഉൽപ്പന്നത്തിൽ പിടിമുറുക്കിയാൽ ദൃശ്യമാകും. സീസൺ ആരംഭത്തിൽ തന്നെ ചില ആഭ്യന്തര വിദേശ വ്യാപാരികൾ ലഭ്യമാകുന്ന മുളക്‌ വാങ്ങിക്കൂട്ടാൻ ഉത്സാഹിക്കും.   

ഒഴിവുകാലം ആസ്വദിക്കാൻ രംഗം വിട്ട രാജ്യാന്തര ബയർമാർ വാരത്തിന്റെ രണ്ടാം പകുതിയിൽ വിപണികളിലേക്ക്‌ തിരിച്ചെത്തുന്നതോടെ മുഖ്യ ഉൽപാദകരാജ്യങ്ങൾ പുതിയ ക്വട്ടേഷനുമായി ഇറക്കുമതിക്കാരെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്‌. വിയറ്റ്‌നാമിലും ഇന്തോനേഷ്യയിലും സ്റ്റോക്ക്‌നില ചുരുങ്ങിയതും ബ്രസീലിൽ ആസ്‌റ്റ ക്വാളിറ്റി ചരക്കിന്‌ ക്ഷാമം അനുഭവപ്പെടുന്നതും നിരക്ക്‌ ഉയരാനുള്ള സാഹചര്യം ഒരുക്കാം. മലേഷ്യയിൽ സ്റ്റോക്ക്‌ കുറവായതിനാൽ അവർ ഉയർന്ന വിലയാണ്‌ ആവശ്യപ്പെടുന്നത്. ശ്രീലങ്ക രാജ്യാന്തര വിപണിയിൽ ഇറക്കാൻ ഉത്സാഹിക്കുന്നില്ല, അവരുടെ കണ്ണുകൾ ഇന്ത്യൻ മാർക്കറ്റിലാണ്‌. 

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ജനുവരി അവസാനതോടെ ഈസ്റ്റർ വരെയുള്ള കാലയളവിലേക്ക്‌ പുതിയ കച്ചവടങ്ങൾക്ക്‌ നീക്കം തുടങ്ങും. വിയറ്റ്‌നാമിൽ ഉൽപാദനം കുറയുമെന്ന സൂചനകൾ ഇറക്കുമതി രാജ്യങ്ങളെ മുൻകൂർ കച്ചവടങ്ങൾക്ക്‌ പ്രേരിപ്പിക്കാം. പുതുവർഷത്തിലെ ആദ്യ വ്യാപാര ദിനത്തിൽ ആകെ 12 ടൺ കുരുമുളക്‌ മാത്രമാണ്‌ കൊച്ചിയിൽ വിൽപ്പനയ്‌ക്ക്‌ വന്നത്‌, വരവിലെ കുറവ്‌ മൂലം വീണ്ടും 100 രൂപ ഉയർന്ന്‌ അൺ ഗാർബിൾഡ്‌ 59,800 രൂപയായി. 

ഏലം

ഏലം വിളവെടുപ്പ്‌ അവസാനഘട്ടത്തിലേക്കു നീങ്ങുന്നതിനാൽ ലഭ്യമായ ചരക്കത്രയും കൈക്കാലാക്കാൻ പ്രമുഖ ലേല കേന്ദ്രങ്ങളിൽ ഇടപാടുകാർ മത്സരിക്കുന്നു. ഡിസംബർ ആദ്യം മുതൽ ഉയർന്ന അളവിൽ ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ ഇറങ്ങുന്നത്‌ വ്യവസായികളും ഇതര ഇടപാടുകാരും അവസരമാക്കി ഉൽപ്പന്നം വാങ്ങിക്കൂട്ടി. ഉയർന്ന കാർഷികച്ചെലവുകൾ താങ്ങാനാവാതെ ചെറുകിട കർഷകരിൽ വലിയോരു പങ്ക്‌ വിളവെടുപ്പ്‌ വേളയിൽ തന്നെ ചരക്ക്‌ വിറ്റുമാറുന്നു. കാർഷിക മേഖലയിൽ പ്രതിദിനം രണ്ട്‌, രണ്ടര ലക്ഷം കിലോ ഏലക്കയുടെ നീക്കം നടക്കുന്നുണ്ട്‌. ഓൺലൈൻ ലേല കേന്ദ്രങ്ങളെയും ഉൽപാദകർ ആശ്രയിക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമാണ്‌ ഏലക്ക ഓൺലൈൻ ലേലങ്ങൾ പുരോഗമിക്കുന്നത്‌.  

കാലാവസ്ഥ അനുകൂലമെങ്കിലും മാസാവസാനതോടെ വിളവെടുപ്പ്‌ മന്ദഗതിയിലേക്ക്‌ നീങ്ങാം. അടുത്ത മാസം മുതൽ ഹൈറേഞ്ചിലെ ലേല കേന്ദ്രങ്ങളിൽ ലഭ്യത ചുരുങ്ങുന്നത്‌ നിരക്ക്‌ മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്‌ വൻകിട സ്റ്റോക്കിസ്റ്റുകൾ. ഇതിനിടെ മലയോര മേഖലയിൽ പുതുവൽത്സരദിനത്തിൽ മഴമേഘങ്ങളുടെ സാന്നിധ്യം ദൃശ്യമായെങ്കിലും ഇനിയും കാര്യമായി മഴ ലഭിച്ചിട്ടില്ല, കാലാവസ്ഥാ വിഭാഗം രാത്രിമഴ സാധ്യത പ്രവചിക്കുന്നു. ഈ അവസരത്തിൽ തുടർമഴ ലഭ്യമായാൽ വിളവെടുപ്പ്‌ അടുത്ത മാസം അവസാനം വരെ നീട്ടാനാവുമെന്ന്‌ വിലയിരുത്തുന്നവരും രംഗത്തുണ്ട്‌. 

ഒക്‌ടോബർ മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ പതിവിലും കൂടുതൽ മഴ ലഭിച്ചു. ഈ മൂന്നു മാസങ്ങളിൽ 624 മില്ലി മീറ്റർ മഴ പെയ്‌തു, അതായത്‌ 27 ശതമാനം കൂടുതൽ. ഇടുക്കിയെ അക്ഷേപിച്ച്‌ പത്തനംത്തിട്ടയിലാണ്‌ കൂടുതൽ മഴ ലഭ്യമായത്‌. അതേസമയം വയനാട്ടിൽ തുലാമഴ കുറവായിരുന്നു. കാലാവസ്ഥ നേട്ടമാക്കി ഉൽപാദനം ഉയർത്താൻ കാർഷിക മേഖല ശ്രമിച്ചെങ്കിലും ലേല കേന്ദ്രങ്ങളിൽ റീ പൂളിങ്‌ പതിവിലും കൂടുതലായി നടക്കുന്നത്‌ വിലക്കയറ്റത്തിന്‌ തടസം ഉളവാക്കുന്നതായി കർഷക സംഘടനകൾ. യഥാർഥ വാങ്ങലുകാർ മാത്രം രംഗത്ത്‌ ഇറങ്ങിയാൽ ശരാശരി ഇനങ്ങൾക്ക്‌ കിലോ രണ്ടായിരത്തിന്‌ മുകളിൽ ചുരുങ്ങിയ കാലയളവിൽ ഇടം പിടിക്കാനാവുമെന്നാണ്‌ അവരുടെ ഉറച്ച വിശ്വാസം.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com