ADVERTISEMENT

പടിഞ്ഞാറെ കൊല്ലം ഹരിതലക്ഷ്മിയിൽ തക്കാളിയുടെയും മുളകിന്റെയും വഴുതനയുടേയും വെണ്ടയുടെയും പയറിന്റെയും ഒക്കെ തൈകൾ വളരുന്നത് കൃഷിയിടങ്ങളിലേക്കു മാത്രമല്ല, ഒരു സ്വപ്നത്തിലേക്കു കൂടിയാണ്. സംഘാംഗങ്ങളായ 19 വനിതകൾ അടുത്തുതന്നെ തായ്‌ലന്‍ഡിലേക്കു നടത്തുന്ന യാത്രയുടെ ചെലവു കണ്ടെത്തുകയെന്ന വലിയ ലക്ഷ്യത്തിലേക്കും ഇവിടെ മുളയ്ക്കുന്ന തൈകളുടെ വേരു പൊടിക്കുന്നുണ്ട്. 30,000ൽ തുടങ്ങി പ്രതിവർഷം 15 ലക്ഷത്തോളം പച്ചക്കറിത്തൈകൾ ഉൽപാദിപ്പിച്ച് വിപണനം നടത്തുന്ന നിലയിലേക്കു വളർന്നിരിക്കുന്നു കൊല്ലം മേടമുക്കിലെ ഹരിതലക്ഷ്മി സ്വാശ്രയസംഘത്തിന്റെ നഴ്സറി സംരംഭം.

എട്ടു വർഷം കൊണ്ട് നിവർന്നു നിൽക്കാൻ തക്ക കരുത്തു നേടിയ ഈ വനിതാ കൂട്ടായ്മയുടെ പിറവി തന്നെ യാദൃച്ഛികം. സംഘം സെക്രട്ടറി എം.രാജശ്രീയുടെ വീടിന്റെ മട്ടുപ്പാവിലെ പച്ചക്കറിക്കൃഷിയിടം 2015 ഓഗസ്റ്റിൽ സന്ദർശിച്ച സ്ഥലം കൃഷിഭവനിലെ ഉദ്യോഗസ്ഥരാണ് ഈ ഹരിതവിജയത്തിനു വിത്തിട്ടത്. അവര്‍ നല്‍കിയ ആശയം അധ്യാപകരും വിരമിച്ച അധ്യാപകരും വീട്ടമ്മമാരും ഉൾപ്പെടുന്ന പെൺകൂട്ടായ്മയുടെ മനസ്സിലേക്കും തുടർന്ന് മണ്ണിലേക്കും രാജശ്രീ പറിച്ചുനട്ടതോടെ 2015 ഓഗസ്റ്റ് 22ന് ഹരിതലക്ഷ്മി പിറന്നു.

kudumbasree-sq

കൃഷിഭവന്റെ പിന്തുണയോടെ ആത്മ (അഗ്രികൾചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി) പദ്ധതിപ്രകാരം18 അംഗങ്ങളുമായി ആരംഭിച്ച ഹരിതലക്ഷ്മി സംഘം, 50 സെന്റ് തരിശുഭൂമി പാട്ടത്തിനെടുത്ത് വാഴ, കാച്ചിൽ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷിചെയ്താണ് തുടക്കമിട്ടത്. 2016ൽ തുണിസഞ്ചി നിർമാണവും തുടങ്ങി. തുടര്‍ന്ന്, തേങ്ങ സംഭരിച്ചു കൊപ്രയാക്കി വെളിച്ചെണ്ണയും ഉരുക്കുവെളിച്ചെണ്ണയും ഉൽപാദിപ്പിച്ചു വിപണിയിൽ എത്തിച്ചു. പിന്നാലെ ആയുർവേദക്കൂട്ടുകൾ ചേർന്ന ദന്തചൂർണം ഔഷധസോപ്പ്, ചക്കയുൽപന്നങ്ങൾ, ട്രൈക്കോ ഡെർമ സമ്പുഷ്ട ചാണകം, ഫിഷ് അമിനോ ആസിഡ്, മണ്ണിര കംപോസ്റ്റ് എന്നിവയും വിപണിയിലിറക്കി. കേറ്ററിങ് യൂണിറ്റും തുടങ്ങി. 

പ്രവർത്തനമണ്ഡലം ഇനിയും വിപുലപ്പെടുത്തണമെന്നു  ഹരിതലക്ഷ്മി പ്രസിഡന്റും അധ്യാപികയുമായ കെ.എസ്.ശ്രീരൂപയ്ക്കും സെക്രട്ടറി രാജശ്രീക്കും മറ്റംഗങ്ങൾക്കും തോന്നി. 2017ൽ പച്ചക്കറി വികസനപദ്ധതി പ്രകാരം കൃഷിവകുപ്പ് പച്ചക്കറിത്തൈ ഉൽപാദനകേന്ദ്രം തുടങ്ങാൻ 7 ലക്ഷം രൂപ ഹരിതലക്ഷ്മിക്ക് അനുവദിച്ചു. 5 ലക്ഷം രൂപ വിനിയോഗിച്ച് 3000 ചതുരശ്ര അടിയുടെയും 2000 ചതുരശ്ര അടിയുടെയും ഓരോ മഴമറ നിർമിച്ചു. ബാക്കി തുക വിനിയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി. ആദ്യവർഷം 30,000 പച്ചക്കറിത്തൈകൾ ഉൽപാദിപ്പിച്ച്  വിപണിയില്‍ പ്രവേശിച്ചു. അടുത്ത വർഷം 50, 000 ആയി ഉൽപാദനം കൂട്ടി. വാർഷിക ഉൽപാദനം ഒരു ലക്ഷത്തിലേക്കു കടന്നപ്പോഴാണു നാട് കോവിഡിന്റെ പിടിയിലായത്. മറ്റെല്ലാ രംഗത്തും കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ ഹരിതലക്ഷ്മിക്കു മുന്നിൽ വലിയൊരവസരം തുറന്നിടുകയായിരുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്ന ചിന്തയും കോവിഡ് കാലത്തെ അടച്ചിടലും വർക്ക് ഫ്രം ഹോമും ഒക്കെ കാരണം ലഭിച്ച അധിക സമയം പലരും കൃഷിക്കായി വിനിയോഗിച്ചു. എന്നാല്‍, രണ്ടു ചുവട് തക്കാളിയോ, നാലു ചുവട് വെണ്ടയോ, കുറച്ച് വഴുതനയോ, വീട്ടാവശ്യത്തിനുള്ള പച്ചമുളകോ തൊടിയിലോ, ഗ്രോബാഗിലോ, ചട്ടിയിലോ വളർത്തുന്നത്  ആദായവും ഒപ്പം സന്തോഷവും ലഭിക്കുമെന്നു ചിന്തിച്ചവര്‍ക്കു നല്ലയിനം തൈകളുടെ ലഭ്യതക്കുറവ് പ്രശ്നമായിരുന്നു. ഈ സാഹചര്യം ശരിക്കും പ്രയോജനപ്പെടുത്തിയ ഹരിതലക്ഷ്മി 2020 മുതലിങ്ങോട്ട് വളർച്ചയുടെ പാതയിലാണ്. 

ഇരവിപുരം കാർഷിക ബ്ലോക്കിനു കീഴിലെ 9 കൃഷിഭവനുകൾ വഴിയും ജനകീയാസൂത്രണം വഴിയും നടപ്പാക്കുന്ന പദ്ധതികൾക്കും പൊതുവിപണിക്കുമായി തൈ ഒന്നിന് രണ്ടര രൂപ നിരക്കിൽ 15 ലക്ഷത്തോളം തൈകളുടെ വിൽപനയാണു പ്രതിവര്‍ഷമുള്ളത്. ഇവയ്ക്കു പുറമേ, 5000 കുറ്റിക്കുരുമുളകും ഈ വർഷം വിൽപന നടത്തി. സർക്കാര്‍ പദ്ധതിപ്രകാരം ആയിരത്തോളം കണ്ടെയ്നറുകളുടെ (മൺചട്ടികളിലും ഗ്രോബാഗുകളിലും കൃഷി ചെയ്യാനുള്ള മിശ്രിതം തയാറാക്കി നിറച്ചു നൽകുക) വിൽപനയും നടത്തി. കൊല്ലം ജില്ലയ്ക്കു പുറത്തേക്കും ഹരിത ലക്ഷ്മി പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ഇപ്പോൾ. തൈകൾ കുറിയര്‍ വഴി എത്തിക്കുന്ന പദ്ധതിക്കു മികച്ച പ്രതികരണമാണുള്ളതെന്നു സംഘാംഗങ്ങൾ. 

kudumbasree-2

സാമൂഹികസേവനത്തിനും മുന്നിലുണ്ട് ഹരിതലക്ഷ്മി. 2018ലെ പ്രളയകാലത്ത് ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ വെള്ളം കയറിയ വീടുകൾ വൃത്തിയാക്കുകുകയും സന്നദ്ധ പ്രവർത്തകർക്കു ഭക്ഷണം തയാറാക്കി നൽകുകയും ചെയ്തു. അംഗങ്ങളുടെ ക്ഷേമകാര്യങ്ങളിലും അതീവശ്രദ്ധ നല്‍കുന്നുണ്ട്. 

നിലവിൽ 19 പേരുള്ള കൂട്ടായ്മയുടെ ട്രഷറർ രേഖ വി. നായര്‍. ദൈനംദിന കാര്യങ്ങളുടെ മേൽനോട്ടം മാനേജർ എസ്. ബിന്ദുവിനാണ്. അനിത, ശോഭ, ഗിരിജാഭായി, രമാദേവി, വിജയമ്മ, ലൈലബീവി, റീന, മായ, നസീയത്ത്, രാധമ്മ, സൗമ്യ, ഷീലാകുമാരി, ആൻസിയ, ഗായത്രി, ആതിര എന്നിവരും അംഗങ്ങള്‍.  9സ്ഥിര ജോലിക്കാരുണ്ട്. 600 രൂപയ്ക്കു മേൽ ദിവസക്കൂലി നല്‍കും. അത്യാവശ്യ ഘട്ടങ്ങളിൽ റിവോൾവിങ് ഫണ്ടില്‍നിന്ന് 60,000 രൂപ വരെ ഓരോ അംഗത്തിനും സഹായധനം നല്‍കും. ഓണത്തിനു ബോണസ്, മുൻകൂർ ശമ്പളം, ചികിത്സയ്ക്കും മറ്റും സഹായം തുടങ്ങിയവയെല്ലാം ഹരിതലക്ഷ്മി ഉറപ്പാക്കുന്നു. 

kudumbasree-3

കണക്കുകളിലെ കൃത‍്യതയും സുതാര്യതയുമാണ് 8 വ‍ർഷം കൊണ്ട് ഇത്രയും  മുന്നേറാൻ  സഹായിച്ചതെന്നു കൊല്ലം കൃഷിഭവനിലെ അഗ്രികൾച‍ർ ഫീൽ‍ഡ് ഓഫിസർ ടി. പ്രകാശ്. ഓരോ പ്രവ‍ൃത്തിക്കും പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്ന ഹരിതലക്ഷ്മിയുടെ ദൈനംദിന കണക്കുകൾ അംഗങ്ങൾക്കെല്ലാം വാട്സാപ് വഴി ലഭിക്കും. അതതുമാസം എല്ലാ അംഗങ്ങളും ഒത്തുചേർന്ന് എല്ലാ കണക്കുകളും ചർച്ചചെയ്ത് അംഗീകരിക്കും.  പണിത്തിരക്കുകൾക്കിടയിലും കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിപ്രകാരം സംഘാംഗങ്ങൾ ഇടയ്ക്കിടെ  വിനോദയാത്ര നടത്തും. മേടമുക്കിലെ ഹരിതലക്ഷ്മിയുടെ ആസ്ഥാനത്ത് നേരിട്ടു നടത്തുന്ന തൈവിൽപനയിലൂടെയാണ് ഇതിനു പണം കണ്ടെത്തുന്നത്. ഒരു വർഷം മുൻപെടുത്ത കൂട്ടായ തീരുമാനമാണ് തായ്‌ലൻഡ് യാത്ര. അതിനുള്ള ഒരുക്കത്തിലാണിപ്പോൾ. തൈകളുടെ ചില്ലറ വിൽപനവഴി കിട്ടുന്ന പണം ചിട്ടിക്ക് അടച്ചാണ് ഇതിലേക്കുള്ള ധനസമാഹരണം.

ഫോൺ: 9895462314

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com