ADVERTISEMENT

പച്ചക്കറി–പുഷ്പക്കർഷകർക്ക് പരിചിതമായ പേരാണ് ഇൻഡോ–അമേരിക്കൻ ഹൈബ്രിഡ് സീഡ്സ്. രാജ്യത്ത് ഹൈബ്രിഡ് വിത്തുകൾ പരിചയപ്പെടുത്തിയ ആദ്യകാല സംരംഭങ്ങളിലൊന്നാണ് ബെംഗളൂരുവിലെ രാജേശ്വരി നഗർ കേന്ദ്രമായി 1965ൽ സ്ഥാപിതമായ ഇൻഡോ–അമേരിക്കൻ കമ്പനി. താജ് പാവയ്ക്ക, സ്നോവൈറ്റ് വെള്ളരി, റോക്സ്റ്റാർ തണ്ണിമത്തൻ എന്നിങ്ങനെ സംസ്ഥാനത്തെ പച്ചക്കറിക്കർഷകർക്കു പരിചിതമായ ഒട്ടേറെ ഇനങ്ങൾ കമ്പനിയുടേതായുണ്ട്. പച്ചക്കറിവിത്തുകളുടെ മാത്രമല്ല, ഉദ്യാനച്ചെടികളുടെയും വിത്തുകളുടെയും രാജ്യത്തെ ഒന്നാം നിര ഉല്‍പാദകർ കൂടിയാണ്  ഇൻഡോ–അമേരിക്കൻ ഹൈബ്രിഡ് സീഡ്സ്. ഏതിനത്തിന്റെയും ചെടികളും വിത്തുകൾ ഏറ്റവും ചെറിയ അളവിൽപോലും ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കുമെന്ന സവിശേഷതയുമുണ്ട്.

ഓർക്കിഡ്, ആന്തൂറിയം, വാർഷിക പുഷ്പിണികൾ (സീസണൽ പ്ലാന്റ്സ്), ഇലച്ചെടികൾ എന്നീ 4 ഇനങ്ങളിലാണ് സ്ഥാപനം പ്രത്യേകം ശ്രദ്ധിക്കുന്നതെന്ന് അലങ്കാരച്ചെടി വിഭാഗത്തിന്റെ ചുമതലയുള്ള സി.ബിനോയ് പറയുന്നു. ഓർക്കിഡിൽ ഫലനോപ്സിസ് ഇനത്തിനാണ് ഏറ്റവും പ്രാധാന്യം. മുപ്പതോളം വ്യത്യസ്ത നിറങ്ങളിലായി ഈയിനത്തിന്റെ മാത്രം രണ്ടു ലക്ഷത്തോളം തൈകൾ വർഷം വിപണിയിൽ എത്തിക്കുന്നു. ഫലനോപ്സിസിന്റെ ആവശ്യക്കാരിൽ മലയാളികളാണ് ഏറെയും. ഒരു വർഷം പ്രായമായ പൂവിട്ട ഫലനോപ്സിസ് ഒന്നിന് മൊത്ത വില ശരാശരി 400 രൂപയും ചില്ലറ വില 550 രൂപ വരെയും എത്തും. കാറ്റ്ലിയ, വാൻഡ, ഡെൻഡ്രോബിയം എന്നിവയ്ക്കും മികച്ച വിപണിമൂല്യമുണ്ടെന്ന് ബിനോയ്.

ഇൻഡോ-അമേരിക്കനിലെ ആന്തൂറിയം ചെടികൾ
ഇൻഡോ-അമേരിക്കനിലെ ആന്തൂറിയം ചെടികൾ

ആകർഷകം ആന്തൂറിയം

പുഷ്പാലങ്കാരമേഖലയിൽ ആന്തൂറിയത്തിന്റെയും ജെർബറയുടെയുമെല്ലാം പ്രതാപം അവസാനിച്ചെങ്കിലും ‘പോട്ട് പ്ലാന്റ്’ എന്ന നിലയിൽ ആന്തൂറിയത്തിന് മികച്ച സ്വീകാര്യതയുണ്ട്. പുഷ്പാലങ്കാരത്തിനുപയോഗിക്കുന്ന ആന്തൂറിയത്തിൽനിന്നു പ്രകൃതത്തിൽ വ്യത്യസ്തമാണ് ടേബിൾ ടോപ്, പോട്ട് ആന്തൂറിയങ്ങൾ. ചെറിയ ഇലകളും ചെറിയ പൂക്കളുമായി കയ്യിയിലൊതുങ്ങുന്ന പരുവത്തിൽ ലഭ്യമാകുന്ന കുഞ്ഞൻ ആന്തൂറിയങ്ങളുടെ നാൽപതിലധികം വ്യത്യസ്ത നിറഭേദങ്ങളാണ് ഇൻഡോ–അമേരിക്കൻ ഹൈബ്രിഡ് സീഡ്സ് വിപണിയിലെത്തിക്കുന്നത്. ബെംഗളൂരു വിമാനത്താവളം ഉൾപ്പെടെ നഗരത്തിലെ ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങളെ വർണാഭമാക്കുന്നുണ്ട് ഇവിടടെനിന്നുള്ള ആന്തൂറിയങ്ങൾതന്നെ.

indo-american-2

വാർഷികപ്പൂച്ചെടികൾ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും മികച്ച ഇനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനം കൂടിയാണിത്. മനം മയക്കുന്ന നിറങ്ങളിൽ സാൽവിയ, ഇരുപതിലേറെ ഇനങ്ങളിൽ പെറ്റൂണിയ, എന്നു തുടങ്ങി കോളിയസ്, സെലോഷ്യ, സീനിയ, കലഞ്ചോ, ജെറേനിയം, മാരിഗോൾഡ്, പോയ്ൻസെറ്റിയ എന്നിങ്ങനെ വാർഷിക പുഷ്പിണികളുടെ മികച്ച ശേഖരമുണ്ട്. സീസണിൽ മാത്രമാണ് പൂവിടുകയെങ്കിലും ഇത്തരം പൂച്ചെടികൾക്ക് ഉദ്യാനപ്രേമികൾക്കിടയിൽ വൻ സ്വീകര്യതയുണ്ടെന്ന് ബിനോയ് പറയുന്നു. പുഷ്പോത്സവങ്ങളെ നിറച്ചാർത്തണിയിക്കാൻ ഏറ്റവും പ്രയോജനപ്പെടുന്നതും സീസണൽ പ്ലാന്റ്സ് തന്നെ. ഒരു ചട്ടിയിൽത്തന്നെ 2–3 തെടികൾ വളർത്തി അത്യാകർഷകമായാണ് അവ വിപണിയിലെത്തിക്കുന്നതും. 

indo-american-4

നാന്നൂറിലേറെ വരും ഇവിടെയുള്ള കാക്ടസ് വൈവിധ്യങ്ങൾ. അര നൂറ്റാണ്ടിലധികം പ്രായമുള്ള ഗോൾഡൻ ബാരൽ കാക്ടസ് പോലെ കൗതുകക്കാഴ്ചകളുമുണ്ട്. കോവിഡ് സമയത്ത് കാക്ടസ്–സക്കുലന്റ്സ് വിപണി കുതിച്ചു കയറിയെങ്കിലും തുടർന്നൽപം മന്ദഗതിയിലായി. അതേസമയം ഡിമാൻഡ് സുസ്ഥിരമായി തുടരുന്നുമുണ്ട്. കാലമെത്ര കഴിഞ്ഞിട്ടും ബൊഗെൻവില്ലയ്ക്കു മാത്രം തരിമ്പും ഭീഷണിയില്ലെന്നു ബിനോയ്. ബെംഗളൂരു ഉൾപ്പെടെ എല്ലായിടത്തും  ബൊഗെയ്ൻവില്ലയ്ക്ക് നിറയെ ആവശ്യക്കാരുണ്ട്.

indo-american-5

പൂന്തോട്ടത്തിലേക്ക് പൂമരങ്ങൾ

സമീപവർഷങ്ങളിൽ പൂമരങ്ങൾക്കും തണൽമരങ്ങൾക്കും ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. അഞ്ചും എട്ടും വർഷത്തെ വളർച്ചയുള്ള മുതിർന്ന മരങ്ങൾ വാങ്ങി പൂന്തോട്ടങ്ങളെ മനോഹരമാക്കുന്നവർ ഒട്ടേറെ. വലിയ ചട്ടികളിലും ഗ്രോബാഗുകളിലുമായി 15 അടി വരെ ഉയരമെത്തുന്ന മരങ്ങൾ വാങ്ങാനുണ്ട്. ചമ്പകം, രുദ്രാക്ഷം തുടങ്ങി വ്യത്യസ്ത ഇനങ്ങൾ. ഇൻഡോർ ഇലച്ചെടികൾതന്നെയാണ് നിലവിൽ ഇദ്യാനവിപണിയിൽ ഏറ്റവും ഡിമാൻഡുള്ള വിഭാഗം. അവയിൽത്തന്നെ ഫിലോഡെൻഡ്രോൺ ഇനങ്ങൾക്കു തന്നെയാണ് ഏറ്റവും ജനപ്രീതിയെന്നു ബിനോയ്. ഫേൺ, മണിപ്ലാന്റ് ഇനങ്ങളും തൊട്ടു പിന്നിലുണ്ട്. പഴയ പ്രതാപമില്ലെങ്കിലും സിങ്കോണിയത്തിനും ആവശ്യക്കാരുണ്ട്. 

ഇംഗ്ലിഷ്, മെഡിറ്ററേനിയൻ, ട്രോപ്പിക്കൽ എന്നിങ്ങനെ വിവിധ തീമുകളിൽ ചെറു പൂന്തോട്ടങ്ങളൊരുക്കുന്നവരുടെ എണ്ണം നഗരങ്ങളിൽ വർധിച്ചു വരുന്നുണ്ട്. ചെറു ബാൽക്കണികൾപോലും ഇങ്ങനെ വിവിധ തീം അടിസ്ഥാനത്തിൽ മനോഹരമാക്കാനാകും. ഇതിനാവശ്യമായ വ്യത്യസ്തയിനം ചെടികളുടെ പാക്കേജു തന്നെ കമ്പനി ലഭ്യമാക്കുന്നുമുണ്ട്. വിശാലമായ പൂന്തോട്ടങ്ങൾ ഉള്ളവർ, തുരുമ്പു കയറാത്ത, നിറം മങ്ങാത്ത അലുമിനിയം ഡൈകാസ്റ്റിൽ തയാറാക്കിയ ഗാർഡൻ ഫർണിച്ചറുകളും താൽപ്പര്യപ്പെടുന്നുണ്ട്.. 

indo-american-7

നഗരങ്ങളിൽ പൂന്തോട്ടങ്ങൾക്കൊപ്പം അടുക്കളത്തോട്ടങ്ങൾക്കും മികച്ച സ്വീകാര്യതയുണ്ടെന്ന് ബിനോയ്. കോവിഡ് കാലത്തിനുശേഷം  മൈക്രോഗ്രീൻസിന് ആവശ്യക്കാർ വർതോതിൽ വർധിച്ചു. ആരോഗ്യകാര്യങ്ങളിലുള്ള ഉത്കണ്ഠ തന്നെ കാരണം. മുളപ്പിച്ച വിത്തുകളുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് ആളുകൾക്കു മികച്ച അവബോധമുണ്ടിന്ന്. അവരെ മുന്നിൽക്കണ്ട് ഓരോ പായ്ക്കിലും മൂന്നിനം വിത്തുകളുള്ള 5 വ്യത്യസ്ത  മൈക്രോഗ്രീൻസ് പായ്ക്കുകളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. വിത്തു മുളപ്പിക്കാനുള്ള നടീൽമിശ്രിതം, ഗ്രോബാഗ് എന്നിവയും ഒപ്പമുണ്ട്. വിത്തു പാകി 9-ാം ദിവസം വിളവെടുക്കാം.

ഫോൺ: 9446205698

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com