ADVERTISEMENT

വിളവെടുപ്പുത്സവമായ പൊങ്കലിനൊപ്പം കാളകളെ ഉപയോഗിച്ചുള്ള കാർഷികകായികവിനോദമായ ജല്ലിക്കെട്ടിന്റെയും ആവേശത്തിമിർപ്പിലാണ് തമിഴ്നാടിപ്പോൾ. പൊങ്കൽ ആഘോഷങ്ങൾക്കു വീര്യവും ആവേശവും പകരുന്നത് ജല്ലിക്കെട്ടിന്റെ ആരവമാണ്. ജല്ലി എന്നാല്‍ നാണയമെന്നും കെട്ട് എന്നാല്‍ കിഴി എന്നുമാണ് അർഥം. നാണയ കിഴിക്കെട്ട് കൊമ്പില്‍ കെട്ടി, പാഞ്ഞു വരുന്ന കാളയുടെ മുതുകില്‍ തൂങ്ങിപിടിച്ച് ആ കിഴിക്കെട്ട് സ്വന്തമാക്കാന്‍ ധൈര്യപൂർവം തമിഴ്‌വീരന്മാരും കാളകളും തമ്മിൽ നടത്തുന്ന പോരാട്ടമാണ് ജല്ലിക്കെട്ട്. ഈ പോരാട്ടത്തിനിടയിൽ സംഭവിക്കുന്ന അപകടങ്ങളും ഏറെ. 

മധുരയിലെ പ്രശസ്തമായ അവനിയാപുരം ജല്ലിക്കെട്ട് കഴിഞ്ഞ ദിവസം നടന്നു. 800 കാളകളും 500 വീരന്മാരുമാണ് അവനിയാപുരം ജല്ലിക്കെട്ടിൽ അണിനിരന്നത്. അരലക്ഷത്തോളം ആളുകൾ മത്സരം കാണാനെത്തിയെന്നാണ് കണക്ക്. പാലമേട് ജല്ലിക്കെട്ട്, രാജ്യാന്തര പ്രശസ്‌തമായ അളങ്കാനല്ലൂർ ജല്ലിക്കെട്ട് തുടങ്ങിയവയൊക്കെ വരും ദിവസങ്ങളിൽ നടക്കാനുണ്ട്. തമിഴ്നാട് സർക്കാർ 44 കോടി രൂപ ചെലവിൽ സ്പെയിനിലെ കാളപ്പോര് സ്റ്റേഡിയങ്ങളെ ഓർമിപ്പിക്കുന്ന വിധത്തിൽ മധുര ജില്ലയിൽ അളങ്കാനല്ലൂരിനടുത്ത് നിർമിച്ച ജല്ലിക്കെട്ട് അരീന ഇതിനകം വാർത്തകളിലെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു.

കോടതിമുറിയിലെ ജല്ലിക്കെട്ട്

തമിഴ്നാട്ടിലെ ജല്ലിക്കെട്ട്, കർണാടകയിൽ നടന്നുവരുന്ന കമ്പള പോത്തോട്ട മത്സരം എന്നിവയെല്ലാം മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും അത് തടയാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ദേശീയ മൃഗസംരക്ഷണ ബോര്‍ഡ് നൽകിയ ഹർജിയിൽ 2014 മേയിലായിരുന്നു സുപ്രീം കോടതി ജല്ലിക്കെട്ട് പൂർണമായും നിരോധിച്ചത്. ജല്ലികെട്ടിന് നിയമ സംരക്ഷണം നൽകുന്നതിനായി തമിഴ്നാട് 2009ൽ കൊണ്ടുവന്ന തമിഴ്‌നാട് റെഗുലേഷൻ ഓഫ് ജല്ലിക്കെട്ട് നിയമം വിധിയിൽ സുപ്രീം കോടതി റദ്ദാക്കി. 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം അനുസരിച്ച് മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്ക് ശിക്ഷ നൽകേണ്ടിവരുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കാളകളെ നിയമപരിധിയിൽ കൊണ്ടുവരാൻ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമം ഭേദഗതി ചെയ്യാനും സുപ്രീം കോടതി വിധിച്ചു. ഈ വിധി തമിഴ്നാടിനെയാകെ പിടിച്ചുകുലുക്കി. രാഷ്ട്രീയമായും സാമൂഹ്യമായും വലിയ പ്രക്ഷോഭങ്ങളുണ്ടായി. ബന്ദുകളും ഹർത്താലുകളും ആക്രമണങ്ങളും പ്രതിഷേധ സമരങ്ങളും നിരവധിയുണ്ടായി. രാഷ്ട്രീയ കക്ഷി ഭേദമന്യേ തമിഴ്‌ജനത തെരുവിലിറങ്ങി.  

കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് ജല്ലികെട്ട് നിരോധന വിഷയത്തിൽ പിന്നീട് നടന്നത്. പ്രതിഷേധങ്ങളെത്തുടർന്ന് 2017 ജനുവരി 21ന് തമിഴ്‌നാട് ഗവർണർ ജല്ലിക്കെട്ട് പരിപാടികൾ തുടരുന്നതിന് അനുമതി നൽകുന്ന പുതിയ ഓർഡിനൻസ് പുറപ്പെടുവിച്ചു. 2017 ജനുവരി 23ന് തമിഴ്‌നാട് നിയമസഭ ഒരു ഉഭയകക്ഷി ബിൽ പാസാക്കി. സുപ്രീം കോടതി വിധിയെ പോലും മറികടന്ന് ജല്ലികെട്ട് നിയമവിധേയമാക്കി തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ നിയമനിർമാണം വൻ ചർച്ചയായി. തമിഴ്നാട് സർക്കാറിന്റെ ഈ നടപടിക്കെതിരെ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയും പീറ്റ എന്ന മൃഗക്ഷേമ സംഘടനയും വീണ്ടും പരാതിയുമായി സുപ്രീം കോടതിയിലെത്തി. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും 2018 ഫെബ്രവരിയിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു.

ഈ വിഷയത്തിൽ 2018 മുതൽ സുപ്രീംകോടതിയിൽ ഭരണഘടന ബഞ്ചിന് മുന്നിൽ നടന്ന കനത്ത നിയമയുദ്ധം നടന്നു. ഇതിന് ഒടുവിലാണ് ജല്ലിക്കെട്ടിന് നിയമാനുസൃത അനുമതി നൽകികൊണ്ട് സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ചിന്റെ സുപ്രധാന വിധി ഇക്കഴിഞ്ഞ വർഷം മേയ് മാസത്തിൽ വന്നത്. 

മധുരയിൽ ഇന്നലെ നടന്ന അളങ്കാനല്ലൂർ ജല്ലിക്കെട്ടിൽ കാളക്കൂറ്റനെ കീഴടക്കാൻ പരിശ്രമിക്കുന്ന  
വീരന്മാർ
മധുരയിൽ ഇന്നലെ നടന്ന അളങ്കാനല്ലൂർ ജല്ലിക്കെട്ടിൽ കാളക്കൂറ്റനെ കീഴടക്കാൻ പരിശ്രമിക്കുന്ന വീരന്മാർ

തങ്ങൾക്ക് അനുകൂലമായ വിധി നേടിയെടുക്കാൻ അതിവൈകാരികമായ പോരാട്ടമാണ് തമിഴ്നാട് കോടതിക്കകത്തും പുറത്തും നടത്തിയത്. ചരിത്രവസ്തുതകളും പ്രാചീന തമിഴ് സാഹിത്യരചനകളും പൗരാണിക രേഖകളുമെല്ലാം തങ്ങളുടെ സാംസ്കാരിക അവകാശവും പൈതൃകവുമായ ജല്ലിക്കെട്ട് പുനസ്ഥാപിച്ച് കിട്ടാനുള്ള തമിഴ്നാടിന്റെ പോരാട്ടത്തിൽ വിലപ്പെട്ട തെളിവുകളായി കോടതിയിലെത്തി. ജല്ലിക്കെട്ടിന്‌ 3500ലധികം വർഷത്തെ പഴക്കമുണ്ടെന്ന് പ്രാചീന ഗുഹാചിത്രങ്ങളിൽ നടത്തിയ പഠനത്തിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഇതെല്ലാം വസ്തുനിഷ്ഠമായി ഭരണഘടന ബഞ്ചിന് മുന്നിൽ തെളിയ്ക്കാൻ തമിഴ്‌നാടിനായി. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട ഒട്ടേറെ നിയമപോരാട്ടങ്ങൾ മാറ്റിവച്ച് പരിശോധിച്ചാൽ ജല്ലിക്കെട്ട് കേവലം ഒരു കാർഷിക കായികവിനോദം മാത്രമല്ല മറിച്ച് അതിന് പിന്നിൽ മഹത്തായ ഒരു ജൈവപൈതൃക സംരക്ഷണത്തിന്റെ എട് മറഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്താൻ കഴിയും. വംശനാശമടഞ്ഞ് സ്‌മൃതികളിൽ മാത്രമായി വീണുപോവുമായിരുന്ന നാടൻ കാലിവർഗത്തെ വംശനാശത്തിന് വിട്ടുനൽകാതെ സംരക്ഷിച്ച കരുതലിന്റേതാണത്.

ജല്ലിക്കെട്ട് എന്ന  ജൈവവൈവിധ്യസംരക്ഷണ പരിശ്രമം

കാലിത്തൊഴുത്തുകളിൽനിന്ന് കശാപ്പുശാലകളിലേക്കും അവിടെ നിന്ന് നമ്മുടെ തീന്മേശകളിലേക്കുമുള്ള മരണയാത്രയിൽനിന്നും രക്ഷപ്പെടുത്തി, ജീവിക്കാനുള്ള മിണ്ടാപ്രാണികളുടെ അവകാശം അംഗീകരിച്ചു കൊടുക്കലിന്റെ മാനവികതയാണ് ഓരോ ജല്ലികെട്ടും  വിളിച്ചു പറയുന്നത്. കാങ്കയം കാളകൾ പ്രത്യേകിച്ച് വിത്തുകാളകൾ, പുലിക്കുളം കാളകൾ, തിരുചെങ്ങോട് കാളകൾ, ബാർഗുർ കാളകൾ  / സീമറായി കാളകൾ, പളമളായി കാളകൾ, ഉമ്പളചേരി കാളകൾ, അളംബാദി കാളകൾ തുടങ്ങിയ തമിഴ്‌നാട്ടിലെ പ്രാദേശിക കാളയിനങ്ങളുടെ സംരക്ഷണത്തിൽ ജല്ലിക്കെട്ട് ഉത്സവത്തിന് വലിയ പങ്കുണ്ടെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 

പൊങ്കൽ ഉത്സവത്തിന്റെ ഭാഗമായി മാട്ടുപ്പൊങ്കൽ നാളിലാണ് ജല്ലിക്കെട്ട് പ്രധാനമായും അരങ്ങേറുന്നത്. പണ്ടുകാലത്തെ അപേക്ഷിച്ച് നിലം ഉഴുതുമറിക്കാൻ അത്യാധുനിക ട്രാക്ടറുകളും, ചരക്കുകടത്തലിനും യാത്രകൾക്കും വിവിധ വാഹനങ്ങളും ലഭ്യമായ ഈ കാലത്തു കാളകൾ ഒരു അനിവാര്യതയല്ല, മാത്രവുമല്ല അവയെ സംരക്ഷിക്കൽ വലിയ ചെലവുള്ള കാര്യവുമാണ്. എന്നാൽ ജല്ലിക്കെട്ടിനെ മാത്രം ലക്ഷ്യംവച്ചുകൊണ്ട് നൂറുകണക്കിന് നാടൻ കാളകളെ കർഷകർ  സംരക്ഷിക്കുന്നു. നല്ലയിനം നാടൻ കാളകൂറ്റന്മാരെ ഉൽപാദിപ്പിക്കാൻ നാടൻ ജനുസ്സിൽപ്പെട്ട പശുക്കളും സംരക്ഷിക്കപ്പെടുന്നു. ജെല്ലിക്കെട്ടിനുപയോഗിക്കുന്ന കാളകളെ ഉൽപാദിപ്പിക്കുന്നതിനും,  ഗവേഷണത്തിനും മാത്രമായി തമിഴ്‌നാട്ടിലെ ഈറോഡ്‌ ജില്ലയിൽ സേനാപതി കാങ്കേയം കാറ്റിൽ റിസർച്ച്‌ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ബ്രഹത് സ്ഥാപനം പോലും പ്രവർത്തിക്കുന്നുണ്ട്. കാർഷികകായികോത്സവങ്ങൾ ജൈവവൈവിധ്യസംരക്ഷണത്തിന്റെ, പ്രത്യേകിച്ച് ഉറവിടങ്ങളിൽ തന്നെയുള്ള ജനിതക സംരക്ഷണത്തിന്റെ ( In-situ conservation) മാതൃകയാവുന്നതിന്റെ ഏറ്റവും മികച്ച മാതൃകകളിൽ ഒന്നാണിത്.

Image credit: Priya darshan/iStockPhoto
Image credit: Priya darshan/iStockPhoto

കംബളയും കാളപ്പൂട്ടും- കാലി ജനുസ്സുകളെ കാത്ത കരുതൽ

സമാനമായി കർണാടകയുടെ തീരപ്രദേശങ്ങളിൽ നടന്നുവരുന്ന പോത്തോട്ട മത്സരമായ കംബള  ഉത്സവം “ദക്ഷിണ കന്നഡ” എന്നയിനം പോത്തുകളുടെ സംരക്ഷണത്തിലും നിലനിൽപിലും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉഡുപ്പി, ഷിമോഗ, ദക്ഷിണ കന്നഡ മേഖലകളിലെ കര്‍ഷകരാണ് കമ്പളകാര്‍ഷികോത്സവത്തിന്റെ സ്വന്തം പോത്തുകളായ ദക്ഷിണ കാനറ/സൗത്ത് കാനറ പോത്തുകളെയും എരുമകളേയും പ്രധാനമായും പരിരക്ഷിക്കുന്നത്. ഉഡുപ്പി, ദക്ഷിണ കന്നട തുടങ്ങിയ തീരമേഖലകളില്‍ ഉരുത്തിരിഞ്ഞ മെയ്യഴകും ശരീരക്ഷമതയും കായികകരുത്തുമെല്ലാം ഒത്തുചേര്‍ന്ന തുളുനാടിന്റെ തനത് ഇനങ്ങളാണ് സൗത്ത് കാനറ പോത്തുകള്‍. കമ്പള മത്സരത്തിനായി ഉപയോഗിക്കുന്ന ദക്ഷിണ കാനറ പോത്തുകളെ പരിപാലിക്കുന്നതും രാജകീയമായി തന്നെ. കമ്പള ലക്ഷ്യമാക്കി  ചെറുപ്രായത്തില്‍  തന്നെ നല്ല പോത്തിന്‍ കിടാക്കളെ കണ്ടെത്തി മികച്ച പരിചരണം നല്‍കി വളർത്തുന്നതിനായി പ്രത്യേക സ്ഥാപനങ്ങള്‍ പോലും ദക്ഷിണ കന്നടയിലുണ്ട്.

bull-race
കാളയോട്ട മത്സരം

ഈയൊരു മാതൃകയെ നമ്മുടെ നാട്ടിലെ കാളപൂട്ടുകളുമായും ബന്ധപെട്ടും കണ്ടെത്താൻ  സാധിക്കും. കാർഷികമേഖലയിൽ ഏതാവശ്യങ്ങൾക്കും അത്യധുനികയന്ത്രങ്ങൾ നാട്ടിൻ പുറത്തുപോലും സുലഭമായ ഈ കാലത്ത് കാളകളെ വളർത്തുന്നത് എന്തിനാണ്? എന്നാൽ കാളപൂട്ടിനു മാത്രമായി നൂറുകണക്കിന് നാടൻ കാളകളാണ് അവയുടെ ജനിതകമേന്മയിൽ പോലും കോട്ടം വരാതെ പൊന്നുപോലെ നമ്മുടെ നാട്ടിൽ സംരക്ഷിക്കപ്പെടുന്നത്. കാളപൂട്ടിനു വേണ്ടി ഒരുക്കുന്ന കന്നുകൾക്ക് മികച്ച പരിചരണം തന്നെയാണ് കർഷകർ നൽകുന്നത്. പ്രത്യേകം പണികഴിപ്പിച്ച തൊഴുത്തുകളും തീറ്റക്രമവും പരിശീലനവും എല്ലാമുണ്ട്.  തീറ്റപ്പുല്ലിനും വൈക്കോലിനും പുറമെ കരുത്തുകൂട്ടുന്നതിനായി മുതിര, കോഴിമുട്ട, പൊടിച്ച കോഴിയിറച്ചി, കോഴി സൂപ്പ് എന്നിവയെല്ലാം തീറ്റയിൽ ഉൾപ്പെടുത്തും. വർഷത്തിൽ അഞ്ചോ ആറോ തവണ, കേവലം പതിനഞ്ചോ ഇരുപതോ സെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന മത്സരങ്ങൾക്കായി വളർത്തുന്ന കാളകളുടെ പരിചരണത്തിനായി പ്രതിദിനം വലിയ തുകയാണ് കാളപൂട്ട് പ്രേമികൾ ചെലവഴിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com