ADVERTISEMENT

ഉടമയുടെ കണ്ണൊന്ന് തെറ്റിയാൽ മിണ്ടാപ്രാണികൾ ചെന്നുചാടുന്ന അപകടങ്ങളും അത്യാഹിതങ്ങളും ഏറെയുണ്ട്. അങ്ങനെയൊരു അപകടമാണ് കഴിഞ്ഞദിവസം കണ്ണൂർ ജില്ലയിൽ ഇരട്ടിക്കടുത്ത് പടിയൂർ പഞ്ചായത്തിലെ ക്ഷീരകർഷകൻ മണ്ണേരി ഓടക്കടവ് തറക്കിനാൽ ജോമോന്റെ പശുവിന് സംഭവിച്ചത്. പറമ്പിൽ മേയാനായി രാവിലെ ജോമോൻ കൊണ്ടുകെട്ടിയ പശുവിന്റെ കയർ ഇടയ്ക്ക് എങ്ങനെയോ അഴിഞ്ഞു. കയർ അയഞ്ഞതോടെ 'പൂർണസ്വാതന്ത്ര്യം' കിട്ടിയ പശു കണ്ണുവെട്ടിച്ച് പറമ്പുകൾ തോറും കയറിയിറങ്ങി വിരാജിച്ചു. പക്ഷേ, ആ മിണ്ടാപ്രാണിയെ ഒരത്യാഹിതം കാത്തിരിക്കുന്നുണ്ടായിരുന്നു.

കണ്ണൂരിന്റെ മലയോര മേഖലയിപ്പെട്ട പടിയൂർ റബർത്തോട്ടങ്ങൾ ഏറെയുള്ള പ്രദേശമാണ്. കയറഴിഞ്ഞുള്ള കറക്കത്തിനിടെ റബർത്തോട്ടത്തിലെത്തിയ പശു അവിടെ ബക്കറ്റിൽ സൂക്ഷിച്ചിരുന്ന റബർ പാൽ രുചിയോടെ അകത്താക്കി.ഒന്നും രണ്ടും ലീറ്ററായിരുന്നില്ല, ബക്കറ്റിൽ വച്ചിരുന്ന 20 ലീറ്ററിലധികം പാലാണ് ഒറ്റയടിക്ക് അകത്താക്കിയത്. വക്കറ്റിൽ വച്ചിരുന്ന റബർ പാൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പശു തന്നെയാണ് 20 ലീറ്റർ റബർ പാലും കുടിച്ചുതീർത്തതെന്ന് ഉറപ്പിച്ചത്.

റബർ പാലിലെ അമ്ലരുചിയും മണവും പശുക്കളെ പൊതുവെ എളുപ്പം അകർഷിക്കും. എന്നാൽ അത് അകത്താക്കിയാൽ ഉണ്ടാവാൻ ഇടയുള്ള അപകടത്തെ പറ്റി അവയ്ക്ക് അറിയില്ലല്ലോ? അകത്തെത്തുന്ന റബർ പാൽ പശുവിന്റെ നാലറകളുള്ള ആമാശയമായ പണ്ടത്തിൽ എത്തി ക്രമേണ ഉറച്ച് കട്ടിയായി പണ്ടത്തിന്റെ പ്രവർത്തനങ്ങളും ദഹനവും സ്തംഭിപ്പിക്കും. പണ്ടത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതോടെ പശു ക്രമേണ തീറ്റയെടുക്കാൻ കഴിയാതെ തളരുകയും അവശയായി വീണ് ജീവൻ നഷ്ടമാകുകയും ചെയ്യും. 20 ലീറ്ററോളം റബർ പാൽ അകത്തായതോടെ ക്രമേണ പശു പണ്ടം സ്തംഭിച്ചതിന്റേതടക്കം അസ്വസ്ഥതകൾ ഒന്നൊന്നായി കാണിച്ചു തുടങ്ങി. പശു ഏഴു മാസം ഗർഭിണി കൂടിയാണ്. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലായതോടെ ഉടനെ തന്നെ ജോമോൻ തൊട്ടടുത്ത പടിയൂർ വെറ്റിനറി ഡിസ്‌പൻസറിയിലെ സർജൻ ഡോ. ടി.അഭിലാഷിനെ വിവരം അറിയിച്ചു. പ്രശ്നം ഗുരുതരമായതിനാൽ പശുവിനെ അടിയന്തര ശസ്ത്രകിയയ്ക്ക് വിധേയമാക്കാനായിരുന്നു ഡോക്ടറുടെ തീരുമാനം.

latex-and-cow-2
വയറിന്റെ ഇടതു ഭാഗം തുറക്കുന്നു

റബർത്തോട്ടം ഓപ്പറേഷൻ തീയറ്റർ: പണ്ടം തുറന്ന് സർജറി

പശുവിന്റെ ശരീരത്തിലെ വലിയ അറയായ പണ്ടാശയം തുറന്നുള്ള റൂമിനോട്ടമി എന്ന ശസ്ത്രക്രിയ നടത്തി പണ്ടാശയത്തിൽ നിറഞ്ഞിരിക്കുന്ന റബർ പാൽ പുറത്തുകളയലാണ് അടിയന്തരപരിഹാരം. ഇത്രയുമധികം റബർ പാൽ അകത്തുചെന സാഹചര്യത്തിൽ ഈ ശസ്ത്രക്രിയ അല്ലാതെ മറ്റൊരു മാർഗമില്ല. തന്റെ ജീവനോപാധിയായ പശുവിന്റെ ജീവൻ കാക്കാൻ അതാണ് മാർഗമെന്ന് ബോധ്യമായതോടെ കർഷകനും സമ്മതം. പിന്നെ വൈകിയില്ല, പണ്ടാശയശസ്ത്രക്രിയക്കുള്ള  ഒരുക്കങ്ങളെല്ലാം പശു അപകടത്തിൽപ്പെട്ട റബർ തോട്ടത്തിൽ തന്നെ ഒരുക്കി.  

Read also: ‘പണ്ടം’ സർജറിക്കായി തുറന്ന ഡോക്ടർമാരും കണ്ടുനിന്നവരും ഞെട്ടി; നടത്തിയത് ഇരട്ട ശസ്ത്രക്രിയ

ജോമോന്റെ റബർത്തോട്ടം ചുരുങ്ങിയ നേരം കൊണ്ട് സങ്കീർണ പണ്ടാശയ ശസ്ത്രക്രിയയ്ക്ക് തയാറായി ഒരു ഓപ്പറേഷൻ തീയേറ്ററായി രൂപം മാറി. 

latex-and-cow-3

കണ്ണൂർ മയ്യിൽ വെറ്റിനറി ആശുപത്രിയിലെ സർജനും പ്രമുഖ വെറ്ററിനറി ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ആസിഫ് എം. അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പടിയൂർ വെറ്റിനറി ഡിസ്‌പൻസറിയിലെ സർജൻ ഡോ. ടി.അഭിലാഷും, പുല്ലൂപ്പി മൃഗാശുപത്രിയിലെ ഡോ. റിൻസി തെരേസയും ശസ്ത്രക്രിയാ സ്ക്വാഡിൽ സഹായികളായി. വലിയ മൃഗങ്ങളുടെ റൂമിനോട്ടമി, സിസേറിയൻ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകളിൽ ഒരു സ്ക്വാഡായി നടത്തുന്ന ടീം വർക്കിന് പ്രാധാന്യം ഏറെയുണ്ട്. 

പശുവിന്റെ ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം അണുവിമുക്തമാക്കുകയും അനസ്തീഷ്യ നൽകുകയും ചെയ്തതോടെ ശസ്ത്രക്രിയയ്ക്ക് തുടക്കമായി. പശു ഏഴു മാസം ഗർഭിണി കൂടിയായതിനാൽ അനസ്തീഷ്യ നൽകുന്നതിൽ സങ്കീർണതകളുണ്ടായിരുന്നു, എന്നാൽ, അവയെല്ലാം മറികടന്ന് ശസ്ത്രക്രിയ നടത്താൻ സർജറി ടീമിന്റെ വൈദഗ്ധ്യത്തിനായി.

Read also: പശുവിനെ മയക്കാതെ ശസ്ത്രക്രിയ നടത്തുന്നത് എന്തുകൊണ്ട്?

വയറിന് ഇടതു ഭാഗത്ത് മുറിവുണ്ടാക്കി നൂറു ലീറ്ററിലധികം ഭാരം വഹിക്കാവുന്ന പണ്ടാശയം തുറന്നായിരുന്നു ശസ്ത്രക്രിയ.  അനക്കമില്ലാതെ സ്തംഭിച്ച് കിടക്കുന്ന പണ്ടം സർജറിക്കായി തുറന്ന ഡോക്ടർമാരും സർജറി കണ്ടുനിന്ന ജോമോനും അദ്ഭുതപ്പെട്ടു, പണ്ടം നിറയെ ലീറ്റർ കണക്കിന് റബർ പാൽ, അകത്തെത്തി അധികം സമയം ആയിട്ടില്ലാത്തതിനാൽ പാൽ ഉറച്ച് തുടങ്ങിയിരുന്നില്ല. പാൽ അകത്തെത്തി ഉറച്ചിരുന്നെങ്കിൽ പ്രശ്നം കൂടുതൽ ഗുരുതരമായേനെ. മൂന്നു ഡോക്ടർമാരും ചേർന്ന് നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി പശുവിന്റെ വയറ്റിൽനിന്ന് ലീറ്റർ കണക്കിന് റബർ പാലും 50 കിലോയോളം പുല്ലും പുറത്തെടുത്തു.

കോടാനുകോടി മിത്രാണുക്കളുടെ സഹായത്തോടെ തീറ്റയുടെ ദഹനം നടത്തി, മിനിറ്റിൽ ഒരു തവണവച്ച് ചുരുങ്ങുകയും വികസിക്കുകയും ചെയ്യാൻ കഴിവുള്ള പണ്ടമാണ് പശുക്കൾക്കുള്ളത്. ആമാശയവ്യൂഹത്തിലെ ആദ്യ അറയായ റൂമനില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടത്തുന്നതിനായി അനേകലക്ഷം സൂക്ഷ്മാണുക്കളാണ് ഇടതടവില്ലാതെ പണിയെടുക്കുന്നത്. ദഹനത്തെയും പോഷകനിര്‍മാണത്തെയും സഹായിക്കുന്ന ഈ മിത്രാണുക്കളില്‍ 80 ശതമാനത്തോളം ബാക്ടീരിയകളാണ്. ബാക്കി 20 ശതമാനം പ്രോട്ടോസോവ ഇനത്തില്‍പ്പെട്ട സൂക്ഷ്മാണുക്കളും മിത്രാണുകുമിളുകളുമാണ്. പൂർണാരോഗ്യമുള്ള ഒരു പശുവിന്റെ പണ്ടത്തിൽ നിന്നും ശേഖരിക്കുന്ന ഒരു മില്ലി ദ്രാവകത്തില്‍ ഒരു ലക്ഷം കോടിയിലധികം മിത്രാണുക്കളായ ബാക്റ്റീരിയകളും ഒരു ദശലക്ഷത്തിലധികം പ്രോട്ടോസോവകളും ഉണ്ടാവും എന്നാണ് ഏകദേശകണക്ക്. 200ൽപ്പരം ഇനം ബാക്ടീരിയകളും ഇരുപതിലേറെ ഇനം പ്രോട്ടോസോവകളും ഈ ലക്ഷോപലക്ഷം സൂക്ഷ്മാണുക്കളിലുണ്ട്. പണ്ടത്തില്‍ വച്ച് ഈ സൂക്ഷ്മാണുക്കള്‍ പെരുകുകയും പുതുക്കുകയും ചെയ്യും. നാരും പിണ്ണാക്കും ദഹിപ്പിക്കാൻ മാത്രം കഴിവുള്ള മിത്രാണുക്കളുള്ള ഈ പണ്ടത്തിലേക്ക് റബർ പാൽ എത്തിയാൽ ദഹനം നടക്കാതെ സ്തംഭനം ഉണ്ടാവുമെന്നത് ഉറപ്പാണല്ലോ. പണ്ടത്തിൽ അങ്ങോട്ടോ ഇങ്ങോട്ടോയില്ലാതെ ദ്രാവകരൂപത്തിൽ തങ്ങിനിന്നിരുന്ന റബർ പാലും അതിനൊപ്പം കെട്ടുപിണഞ്ഞു കിടന്നിരുന്ന പുല്ലും നീക്കി പണ്ടം  പൂർവനിലയിൽ തുന്നി അകത്താക്കിയതോടെ സർജറി നാലു മണിക്കൂർ പിന്നിട്ടിരുന്നു. 

Read also: കുഞ്ഞിക്കിടാവിനെ കാത്തിരുന്ന ക്ഷീരകർഷകന്റെ മുന്നിലെത്തിയത് പശുവിന്റെ ഗർഭാശയഭാഗങ്ങളും വൻകുടലും; സംഭവിച്ചത്

റബർ പാലിനൊപ്പം പണ്ടത്തിൽ ഉണ്ടായിരുന്ന പുല്ലും ദ്രാവകങ്ങളും എടുത്ത് കളഞ്ഞ് പണ്ടം പൂർണമായി ക്ലീൻ ചെയ്തതിനാൽ പണ്ടത്തിനുള്ളിലെ സൂക്ഷ്മാണുക്കൾ വലിയ തോതിൽ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവും. ഇതൊഴിവാക്കാൻ പശുവിന്റെ പണ്ടം വ്യത്തിയാക്കിയ ശേഷം പുതിയതായി 20 കിലോ പച്ചപ്പുല്ല് വയറിൽ നിറച്ചതിനു ശേഷം മാത്രം മുറിവു തുന്നികൂട്ടാൻ ഡോക്ടർമാർ മറന്നില്ല. പച്ചപ്പുല്ല് അകത്ത് എത്തുന്നതോടെ പണ്ടത്തിൽ ബാക്കിയുള്ള സൂക്ഷമാണുക്കൾ എളുപ്പം പെരുകും. മാത്രമല്ല, നഷ്ടമായ ജീവാണുക്കളെ തിരികെ പശുവിന്റെ വയറ്റിൽ എത്തിക്കുന്നതിനായി അടുത്തുള്ള കശാപ്പു കടയിൽ നിന്ന് കശാപ്പുചെയ്ത പശുക്കളുടെ വയറിൽ അവശേഷിച്ച പുല്ല് കൊണ്ടുവന്നു പിഴിഞ്ഞ് കിട്ടിയ ദ്രാവകം പശുവിനെ കുടിപ്പിക്കുകയുമുണ്ടായി. ഇനിയുള്ള മൂന്ന് ദിവസവും ഇതേ രീതിയിൽ കശാപ്പുകടയിൽ നിന്ന് എത്തിക്കുന്ന പുല്ലു പിഴിഞ്ഞു നൽകും. ആവശ്യത്തിനു ജീവാണു ലഭിക്കുന്നതു വരെ നിരീക്ഷണവും തുടരും. കാരണം പശുവിന്റെ ആരോഗ്യം ഉറപ്പാക്കുന്നതിൽ അത്രയും പ്രധാനമാണ് റൂമനിലെ സൂക്ഷാമാണുക്കളുടെ സാന്നിധ്യം. 

Read also: ചവിട്ടേറ്റ് പശുവിന്റെ മുലക്കാമ്പ് അറ്റു, രക്തവും പാലും ഒഴുകി; നിലത്തു കിടന്ന് തുന്നിപ്പിടിപ്പിച്ച് ഡോക്ടർ

പണ്ടത്തിനുള്ളിലെ സൂക്ഷ്മാണുക്കളുടെ സേവനങ്ങൾ തീറ്റയുടെ ദഹനപ്രവർത്തനത്തിലും പോഷകനിർമാണത്തിലും മാത്രമായി ഒതുങ്ങുന്നതല്ല. ദഹനവ്യൂഹത്തിൽ ഉപദ്രവകാരികളായ അണുക്കളുടെ പെരുപ്പം തടയൽ, ദഹനവ്യൂഹത്തിലെ ശ്ലേഷ്മസ്തരങ്ങളെ ഉപദ്രവകാരികളായ അണുക്കളിൽ നിന്നും സംരക്ഷിക്കൽ, ആമാശയവ്യൂഹത്തിലെത്തുന്ന വിഷവസ്തുക്കളെ നിർവീര്യമാക്കൽ, ജീവകം ബി, ജീവകം കെ തുടങ്ങിയവയുടെ തുടർച്ചയായ ഉൽപാദനം, ശരീരത്തിന് പ്രതിരോധ ശേഷി നൽകൽ തുടങ്ങി മിത്രാണുക്കൾ കന്നുകാലികൾക്ക് നൽകുന്ന സേവനങ്ങളുടെ പട്ടിക വിപുലമാണ്. 

പശുവിനെ കിടക്കാൻ അനുവദിക്കാതെ നിന്ന നിൽപ്പിൽ തന്നെ അനസ്തീഷ്യ നൽകിയായിരുന്നു ശ്രമകരമായ ദൗത്യം. പശു കിടന്നാൽ ശസ്ത്രക്രിയയും അതിജീവനവും കൂടുതൽ പ്രയാസകരമാവും. തള്ളപ്പശുവിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരുടെ കൃത്യസമയത്തുള്ള ഇടപെടലിനായി. പണ്ടാശയസ്തംഭനത്തിന്റെവേദനയെല്ലാം മാറി പശുവിപ്പോൾ സുഖമായിരിക്കുന്നു. ദിവസവും ഡോക്ടറുടെ മേൽനോട്ടത്തിൽ ശസ്ത്രക്രിയാനന്തര ചികിത്സയും പരിചരണവും പശുവിനുണ്ട്.

കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com