ADVERTISEMENT

ഞാനൊരു യാത്രക്കാരി മാത്രമാണ്. ഭൂതം ചികയുന്നതും ഭാവി പ്രവചിക്കുന്നതും എന്റെ കാഴ്ചകളിലില്ല. ഞാൻ വർത്തമാനം മാത്രം പറയുന്നു. അതും ഞാൻ നടന്ന വഴികളിൽ വന്നുവീണത്, വീണുകിടന്നത്, വീണ്ടുകിട്ടിയത്, വരണ്ടു പൊട്ടിയത്, വക്കു ചിതറിയത്, വാറ്റിയെടുത്തത്, വാറു തേഞ്ഞത്...

ഇന്ത്യയിലെ ഏറ്റവും വലുതും അതിപുരാതനവുമായ ആദിവാസി മേഖലയാണ് ഏഴു ജില്ലകൾ ഒന്നിച്ചുചേരുന്ന ബസ്തർ ഡിവിഷൻ. അവിഭക്ത മധ്യപ്രദേശിലായിരുന്ന ഈ സ്ഥലം 2000 ലെ വിഭജനത്തെത്തുടർന്ന് ഛത്തീസ്ഗഡിന്റെ ഭാഗമായി. ബസ്തർ, ദന്തേവാദ, കൊണ്ടെഗാവ്, നാരായൺപുർ, കാംകേർ, സുക്മ, ബിജാപൂർ തുടങ്ങിയവയാണ് ബസ്തർ ഡിവിഷനുള്ളത്. ഒഡിഷ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു. ഐതിഹാസികമായും നരവംശ ശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും ഏറെ പ്രത്യേകതകളുള്ള ഈ മേഖലകളിലൂടെ ഒരിക്കൽ നടന്ന ഒട്ടേറെ യാത്രക്കാരുണ്ട്. വീ‌ണ്ടും വരാമെന്നവർ ആരോടും വാക്കു കൊടുത്തുകാണില്ല. അങ്ങനെ വാക്കു കൊടുത്തവർ പാലിച്ചും കാണില്ല. കണ്ടവരും കേട്ടവരും തിരിച്ചുപോകുന്നു. കാഴ്ചവസ്തുക്കൾ അവശേഷിക്കുന്നു. വീണ്ടും കഥ പറയാൻ. അവരുടെ ജീവിതം വലിയ മാറ്റങ്ങളില്ലാതെ തുടരുന്നു. എന്നാൽ, നന്ദിനി മേനോൻ ബസ്തറിലൂടെ യാത്ര ചെയ്തത് ഒരിക്കലല്ല. അഞ്ചു വർഷത്തിനിടെ പലവട്ടം, യാത്രികയായിട്ടായിരിക്കാം ആദ്യം എത്തിയത്. എന്നാൽ, മുജ്ജൻമ ബന്ധത്തിന്റെ നീണ്ടു പോകുന്ന സിരാപടലങ്ങളാണോ വീണ്ടും ബസ്തറിലെത്താൻ  നന്ദിനിയെ പ്രേരിപ്പിച്ചതെന്ന ചോദ്യത്തിന് അല്ല എന്ന് ഉറപ്പിച്ചു പറയാം. മുജ്ജൻമ ബന്ധത്തേക്കാളും ശക്തമായ ഈ ജൻമത്തിലെ മനുഷ്യബന്ധങ്ങൾ. പ്രകൃതിബന്ധങ്ങൾ. ആചാരങ്ങൾ. അനുഷ്ഠാനങ്ങൾ, ജീവിതരീതി. എണ്ണമറ്റ ദൈവങ്ങൾ. കാട്, മണ്ണ്. വിളിക്കുന്നു. വീണ്ടും വിളിക്കുന്നു. നന്ദിനി തിരിച്ചെത്തി. ഒരിക്കലല്ല പലവട്ടം. ബസ്തർ നന്ദിനിക്ക് വെറുമൊരു ഭൂപ്രദേശമല്ല. ജീവിതത്തിന്റെ തന്നെ അനിവാര്യ ഭാഗം. അതുകൊണ്ടുതന്നെ, ബസ്തറിനെക്കുറിച്ച് എഴുതാതിരിക്കാനുമാവില്ല. വെറുമൊരു യാത്രാ വിവരണം എന്ന നിലയിൽ ആംചൊ ബസ്തർ വായിക്കരുത്. യാത്രാവിവരങ്ങളിൽ നിന്ന് ലഭിക്കുന്നതൊക്കെ ഈ പുസ്തകത്തിൽ നിന്ന് ലഭിച്ചേക്കാം. എന്നാൽ അതിൽ കൂടുതലായി ബസ്തറിനെ അനുഭവിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. അതിന്, ഈ പുസ്തകം വായിക്കണം. സൂക്ഷ്മമായി. ശ്രദ്ധയോടെ. ഒരു വരിപോലും വിട്ടുപോകാതെ. 

ഇനിയും, ഇനിയെന്നുവന്നാലും, എനിക്കൊരു കുമ്പിൾ ചോറു തരാൻ ഇവിടെ ചിലരൊക്കെയുണ്ട്. തിണ്ണയിലൊരു പായ, മുറ്റത്തൊരു കട്ടിൽ, ഇഞ്ചി മണക്കുന്ന ചായ എനിക്കിവിടെയുണ്ട്. ഇനിയും വരില്ലേ, ഞങ്ങളെ മറക്കുമോ, ദീദിക്കിഷ്ടമായോ, എത്ര കുറച്ചാണ് കഴിക്കുന്നത്, മകനെ എപ്പോൾ കാണിച്ചുതരും, എന്റെ കല്യാണത്തിനു വരുമോ, ഇനി വരുമ്പോൾ ഞാനുണ്ടാവുമോ, സൂക്ഷിച്ചു നടക്കണം, കരിങ്കണ്ണിന് ഉഴിഞ്ഞിടണം, ഞാനൊന്നു പ്രാർഥിക്കട്ടെ, ഞങ്ങളെക്കുറിച്ചെഴുതുമോ, ഞങ്ങളെക്കാണാനിത്രദൂരം, ഞങ്ങളിവിടെയുണ്ടെന്ന് എങ്ങനറിഞ്ഞു, രാത്രിയാത്ര വേണ്ട, എന്റെ കയ്യിൽ പിടിച്ചോളൂ, കുറച്ചു മഹുവ പകരട്ടെ എന്നൊക്കെ ചോദിക്കാനാളുണ്ട്. 

അകലങ്ങളിൽ എനിക്കൊരുപാടു കൂട്ടുകാരുണ്ട്. 

അതിവിദൂര ദേശങ്ങളിലേക്ക് യാത്ര ചെയ്യുകയും അവയെക്കുറിച്ച് പൊലിപ്പിച്ചെഴുതുകയും ചെയ്തപ്പോൾ എസ്.കെ.പൊറ്റെക്കാട്ട് അദ്ഭുതം തന്നെയായിരുന്നു ഒരിക്കൽ. എന്നാൽ, യാത്രകൾ അതിസാധാരണമാവുകയും യാത്രാ പുസ്തകങ്ങൾ സുലഭമാവുകയും ചെയ്തപ്പോൾ നല്ലതു തിരഞ്ഞെടുക്കാനാണ് ബുദ്ധിമുട്ട്. 

ഏറ്റവും പ്രിയപ്പെട്ടൊരാളെക്കറിച്ചെഴുതുന്ന അലിവോടെയാണ് നന്ദിനി ഈ പുസ്തകം രചിച്ചിരിക്കുന്നത്. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകുന്ന ഒരാളുടെ ഇടത്താവളം എന്ന് ഒരിക്കൽപ്പോലും തോന്നുന്നില്ല. സ്നഹവും അടുപ്പവും തൊട്ടെടുക്കാവുന്ന ഭാഷ. 

ഒരു കാഴ്ച പോലും എഴുത്തുകാരിക്ക് നിസ്സാരമല്ല, ഒരു വ്യക്തിയും അവഗണിക്കപ്പെടേണ്ടവരുമല്ല. എല്ലാവരെയും ചേർന്നുനിർത്തിയാണ് നന്ദിനി നടക്കുന്നത്. കാത്തിരുന്ന ഒരാളോടെന്നപോലെ അവർ തുറന്നു പറയുന്നു; പരമരഹസ്യങ്ങൾ പോലും. ഒരുവേള വ്യക്തികൾ മാത്രമല്ല, കല്ലും മണ്ണും പുഴയും നീർച്ചാലും വെള്ളച്ചാട്ടവും ഘോരകാനനം പോലും ഈ എഴുത്തുകാരിയോട് സംസാരിക്കുന്നു എന്നു തോന്നിപ്പോകും. ഓരോ ചുവടും ഓരോ വാക്കും ഓരോ നോട്ടവും സ്പർശവും പോലും അർഥപൂർണമായി ഒപ്പിയെടുത്താണ് ആംചൊ ബസ്തർ പുരോഗമിക്കുന്നത്. ചരിത്രം ഇവിടെ ജഡവസ്തുവല്ല. പഴയ കാലം എന്നോ കേട്ടുമറന്ന കഥയല്ല. വർത്തമാനം പത്രവാർത്തയുമല്ല. ബസ്തറിന്റെ പൊള്ളുന്ന രാഷ്ട്രീയം സാധാര‌ണക്കാരിൽ നിന്നു മാത്രമല്ല പീപ്പിൾസ് വാർ ഗ്രൂപ്പ് കമ്മാൻഡറിൽ നിന്നു നേരിട്ടുപോലും മനസ്സിലാക്കിയാണ് അവതരിപ്പിക്കുന്നത്. ദളം പ്രവർത്തകരുടെയും സാധാരണക്കാരുടെയും ഈ നാടകങ്ങൾക്കെല്ലാം സാക്ഷിയാകുന്ന കാലത്തിന്റെയും ചോദ്യങ്ങൾ നന്ദിനി ചോദിക്കുന്നു. ഉത്തരങ്ങൾ തേടുന്നു. ചിന്തിക്കാനും വിശകലനം നടത്താനും ബസ്തറിന്റെ മുറിവുകളിൽ സ്നേഹത്തിന്റെ മരുന്നു പുരട്ടാനും ശ്രമിക്കുന്നു. 

ആന്റിക്ക് ഞങ്ങളെ പേടിയില്ലേ? 

ഞാനെന്തിന് പേടിക്കണം? നമ്മൾ കൂട്ടുകാരല്ലേ? 

എന്റെ വാക്കുകൾ എന്നെത്തന്നെ പരിഹസിക്കുന്നു. 

അതല്ല. അവൾക്കും വാക്കു മുട്ടുന്നു. 

നിങ്ങളെല്ലാവരും എന്നെ ഓർക്കുമോ? ഞാൻ വിഷയം മാറ്റുന്നു. 

ഞങ്ങളെക്കാണാൻ ഇനിയും വരുമോ? അവർ ഉത്സാഹഭരിതരാവുന്നു. 

ഇനി വരുമ്പോൾ നിങ്ങളുടെ ചിത്രമുള്ള പുസ്തകവും കൊണ്ടുവരും. ഞാൻ വാഗ്ദാനം നൽകുന്നു.

ഞങ്ങളുടെ ചിത്രമോ. മത്തങ്ങക്കുഞ്ഞുങ്ങൾ വാ പൊത്തി ചിരിക്കുന്നു. 

ഭക്ഷണസമയമായി. എല്ലാവരും ചേർന്ന് ആന്റിയെ യാത്രയാക്കൂ. 

അവരൊന്നിച്ച് എഴുന്നേറ്റുനിന്ന് യാത്രമംഗളം പറഞ്ഞു. മക്കളേ, മക്കളേ എന്നുരുകിക്കൊണ്ട് ഞാൻ പടിയിറങ്ങി. 

അവരിപ്പോൾ നിൽക്കുന്നത് എത്ര ദൂരെയാണ്. എനിക്കും അവർക്കുമിടയിൽ എത്ര കമ്പിവേലികളാണ്, എത്ര നിരീക്ഷണപ്പൊത്തുകളാണ്, എത്ര കിടങ്ങുകളാണ്, എത്ര സംശയങ്ങളും ഭയങ്ങളും ആശങ്കകളുമാണ്. 

മഴ ചാറാൻ തുടങ്ങി. തുറന്ന കു‌ടയ്ക്കുള്ളിൽ എന്നെ മറച്ച് ഞാൻ നടന്നുതുടങ്ങി...

English Summary:

Nandini Menon's exploration of Bastar's natural relations and rituals and political significance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com