ആ ലോറി എല്ലാം തകർത്തു; മകള് മിണ്ടാതെയായി, സ്നേഹത്തോടെ ‘നാവിനു വിലങ്ങിട്ട്’ അച്ഛനും
Mail This Article
മനുഷ്യൻ ഒരു മഹാത്ഭുതമാണ്. അവന്റെ ഉള്ളിൽ എന്തൊക്കെയാണ് നടക്കുന്നത്, ചിന്തകളുടെ എത്രയെത്ര യുദ്ധങ്ങളാണ് ഒരേ സമയം നടക്കുന്നത് എന്ന് കണ്ടെത്തുക അപ്രാപ്യമാണ്. വിമാനത്തിൽ എപ്പോഴും നടക്കുന്ന ഇടനാഴിയോട് ചേർന്നിരിക്കാനാണ് ഗിരിക്ക് ഇഷ്ടം. ജനാലക്കരികിൽ ഇരുന്ന് പുറം കാഴ്ചകൾ കാണാൻ ഇഷ്‌മില്ലാതെയല്ല, മറിച്ചു ശൗചാലയത്തിൽ പോകാനുള്ള സൗകര്യം ഓർത്താണ്, അതും നീണ്ട യാത്രക്കിടയിൽ പലതവണ പോകേണ്ടി വരും. ധാരാളം വെള്ളം കുടിക്കുന്ന പ്രകൃതമായതിനാൽ അതൊഴിവാക്കാനാകില്ല. തനിക്ക് എഴുന്നേറ്റ് പോകാൻ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്നതും അയാളുടെ ജീവിതത്തിന്റെ ഭാഗമാണ്. കൈയ്യിലുള്ള ബാഗ് വിമാനത്തിന്റെ മുകളിലെ അലമാരിയിൽ വെക്കാൻ അടിപിടികൂടാതിരിക്കാൻ അയാൾ നേരത്തെ തന്നെ വിമാനത്തിൽ കയറും. അത് കഴിഞ്ഞാൽ വിമാനത്തിലേക്ക് പ്രവേശിക്കുന്നവരെ സാകൂതം ശ്രദ്ധിക്കും.
അപ്പോഴാണ് പഴയകാല സിനിമയായ ദി മാസ്ക് ഓഫ് സോറോയിലെ നായകനായ അന്റോണിയോ ബാൻഡാറാസിനെപോലെ സുന്ദരനും ഉയരംകൂടിയതും ആയ ഒരു ചെറുപ്പക്കാരൻ കടന്നു വന്നത്, അയാളുടെ അരയിൽ കെട്ടിപ്പിടിച്ചുകൊണ്ട് ഒരു കൊച്ചു പെൺകുട്ടി തൊട്ടുപിന്നിൽ, അതിന് പിന്നിൽ ഒരു കുഞ്ഞു മകൻ, ഭാര്യ, അച്ഛൻ, അമ്മ. ഒരു കുടുംബം മുഴുവൻ ഉണ്ട്. ഗിരിയുടെ മുന്നിലെ സീറ്റുകളിൽ അവർ നിന്നു. കുഞ്ഞു മകന് ജനലരികിൽ ഇരിക്കണം, അവൻ ഓടി ജനലരികിലെ സീറ്റിൽ ഇരുന്നു. മകൾ നടുക്കിലെ സീറ്റിൽ ഇരുന്നു. ആ ചെറുപ്പക്കാരൻ അവരുടെ ബാഗുകൾ തുറന്ന് രണ്ടുപേരുടെയും ഹെഡ്സെറ്റുകൾ വെച്ചുകൊടുത്തു, കണ്ടാൽ അറിയാം എല്ലാം വിലകൂടിയവ തന്നെ, ഒപ്പം അവരുടെ ടാബുകൾ എടുത്തു ഓൺ ചെയ്തു കൊടുത്തു, രണ്ടുപേർക്കും ഉമ്മ കൊടുത്തു അയാൾ അപ്പുറത്തെ സീറ്റിൽ ഇരുന്നു, ഭാര്യ മക്കളുടെ തൊട്ടടുത്തും.
അവർ ആരും തന്നെ സംസാരിക്കുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് ഗിരി ശ്രദ്ധിച്ചത്, അയാൾ, തീർച്ചയായും അച്ഛനായിരിക്കണം, ആംഗ്യങ്ങൾക്കൊണ്ടും മുഖഭാവംകൊണ്ടും ആണ് മക്കളുമായി സംസാരിക്കുന്നത്! തള്ളവിരൽ മുകളിലേക്കാക്കി, മറ്റുവിരലുകൾ മടക്കി, എല്ലാം ഒക്കെയല്ലേ എന്ന് ചോദിക്കുന്നു, മക്കളും അതേപോലെ ആംഗ്യം കാണിക്കുന്നു. അയാളുടെ ശ്രദ്ധമുഴുവൻ മക്കളിലാണ്. പുറകിലേക്ക് ചാരിയിരുന്നു വിശ്രമിക്കാൻ കാണിക്കുന്നു. അയാളുടെ ബാഗ് തുറന്നു, അവർക്കായി ചോക്ലേറ്റ് കൊടുക്കുന്നു. മകൾ ഒന്നുകൂടി ചോദിക്കുമ്പോൾ, ഇപ്പോഴല്ല എന്ന് ചൂണ്ട് വിരൽ കൊണ്ട് കാണിക്കുന്നു. അവരുടെ അമ്മ മുഖം മറച്ചു ഒന്നും സംഭവിക്കാത്തപോലെ അതിനിടയിൽ ഇരിക്കുന്നു. ആ അച്ഛന്റെയും മക്കളുടെയും ആംഗ്യഭാഷയിലുള്ള സംഭാഷണങ്ങളിൽ അവർ ഇടപെടാതെയിരിക്കുന്നു, അതിശയം തോന്നി.
അയാളുടെ മുഖത്ത് മിന്നിമറയുന്ന അനേകായിരം ഭാവങ്ങൾ ഗിരിക്ക് കാണാം, ഒരു സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ ഇതിലും നന്നായി ആർക്കും പ്രകടിപ്പിക്കുവാൻ കഴിയില്ല. സംവേദനത്തിന് ഭാഷയില്ലെങ്കിൽ, ശബ്ദമില്ലെങ്കിൽ, മനുഷ്യന്റെ ഭാവാഭിനയം എത്ര ഭംഗിയായി വളരുമെന്ന് ഗിരി ആ നിമിഷത്തിൽ തിരിച്ചറിഞ്ഞു. ജീവിത സാഹചര്യങ്ങൾ മനുഷ്യനെ എന്തൊക്കെ സ്വയം പഠിപ്പിക്കുന്നു. വിമാനം പുറപ്പെടാൻ സമയമായെന്ന് സന്ദേശം വന്നു. അച്ഛൻ മക്കളോട് സീറ്റുകൾ മുന്നോട്ട് ആക്കുവാൻ ആംഗ്യം കാട്ടി, സീറ്റ് ബെൽറ്റ് കെട്ടാനും, ചോക്ലേറ്റ് വെച്ചിരുന്ന ട്രേ ഉയർത്തിവെക്കുവാനും ആംഗ്യം കാണിച്ചു. മകൾ അത് ഉയർത്താൻ വൈകി, എയർ ഹോസ്റ്റസ് വന്നു പറഞ്ഞപ്പോൾ, അമ്മ ചോക്ലേറ്റ് എടുത്തുമാറ്റി പെട്ടെന്നനെ ട്രേ അടച്ചു, അത് മകളെ അൽപ്പം വിഷമിപ്പിച്ചെന്ന് തോന്നി, എന്നാൽ അച്ഛൻ ചിരിച്ചു, വിഷമിക്കണ്ട എന്ന് തലയാട്ടി കാണിച്ചു, മകൾ വീണ്ടും പുഞ്ചിരിച്ചു, കുഞ്ഞു മകനും അവരുടെ ചിരിയിൽ ചേർന്നു. വിമാനം ഉയരാൻ തുടങ്ങിയപ്പോൾ അച്ഛൻ പ്രാർഥിക്കാൻ അവരോട് കൈകൾ ഉയർത്തി കാണിച്ചു.
ഗിരി അവരെ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. അവരെല്ലാവരും ആംഗ്യഭാഷയിൽ തന്നെയാണ് സംസാരിച്ചുകൊണ്ടിരുന്നത്. അയാളുടെ അച്ഛനും അമ്മയുംപോലും ഇടക്കിടക്ക് സീറ്റിൽ നിന്ന് മുന്നോട്ട് നീങ്ങി കുഞ്ഞുങ്ങളോട് ആംഗ്യഭാഷയിൽ സംസാരിക്കും. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അയാൾ അവരോട് ഉറങ്ങാൻ ആംഗ്യം കാണിച്ചു. അപ്പുറത്തെ സീറ്റിൽ ഇരുന്ന് അയാളുടെ കണ്ണുകൾ മക്കളെ സാകൂതം വീക്ഷിച്ചുകൊണ്ടിരുന്നു. അയാളുടെ ആകാരഭാവം, അസൂയപ്പെടുത്തുന്ന വ്യക്തിത്വം, മക്കളോടുള്ള അയാളുടെ പ്രതിബദ്ധത കണ്ടപ്പോൾ അസൂയ തോന്നി. ഇങ്ങനെയും ഒരു മനുഷ്യൻ, അതും ആംഗ്യഭാഷയിൽ യാത്രയുടെ ഓരോ നിമിഷവും മക്കൾ രണ്ടുപേരെയും ശ്രദ്ധിക്കുന്നു. എന്നാൽ മക്കൾക്കരികിൽ ഇരിക്കുന്ന അമ്മ മറ്റൊരു ലോകത്തിലാണെന്ന് തോന്നി.
പ്രധാന നഗരത്തിലിറങ്ങി ഗിരി വണ്ടി കാത്തിരിക്കുകയായിരുന്നു. തുടർ യാത്രക്കായി അടുത്ത ടെർമിനലിലേക്ക് പോകുവാൻ എയർപോർട്ട് വണ്ടികാത്ത് അവരുടെ കുടുംബവും അവിടെ വന്നിരുന്നു. ആ അച്ഛന്റെ കൈകളിൽ തൂങ്ങി കളിച്ചു ചിരിച്ചു രണ്ട് മക്കളും വരുന്നു. അവരുടെ ബാഗുകൾ അയാളുടെ തോളിൽ തൂക്കിയിട്ടിരിക്കുന്നു. കസേരയിൽ ഇരുന്ന് അയാൾ കുട്ടികളോട് ആംഗ്യത്തിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അതിമനോഹരമായ ചിരിയായിരുന്നു അയാളുടേത്, കുഞ്ഞുങ്ങളുടേത് പോലെ, വളരെ നിഷ്കളങ്കമായ ചിരി. ആ ചിരി ലോകത്തിനുള്ള ഒരു സമ്മാനമായി ഗിരിക്ക് തോന്നി. അത്ര നിഷ്കളങ്കം, ഇനി ഇങ്ങനെയൊരു ചിരി കാണാനേ കിട്ടില്ല. അവർക്ക് പോകാനുള്ള ബസ്സ് വന്നു. തിരക്കായിരുന്നു. അയാളുടെ അമ്മ തിരക്കിൽ നിന്ന് മാറി നിന്നു, അടുത്ത വണ്ടിക്ക് വരാം എന്ന് ആംഗ്യം കാണിച്ചു. ഓരോ അഞ്ച് മിനിട്ടിലും ബസ്സുണ്ട്. തിരക്കിൽ നിന്ന് മാറി അവർ വീണ്ടും സീറ്റിൽ വന്നിരുന്നു. അവർ ഗിരിയുടെ തൊട്ടടുത്താണ് ഇരുന്നത്. അവർ ഗിരിയോട് ചിരിച്ചു.
"എന്താ ബസ്സ് വന്നിട്ടും പോകാതിരുന്നത്" അവർ ഗിരിയോട് ചോദിച്ചു. ഗിരി അതിശയപ്പെട്ടു. "കൂട്ടുകാരന്റെ വണ്ടി കാത്തിരിക്കുകയാണ്, ഞാനിവിടെ വരെയേ ഉള്ളൂ". "നിങ്ങൾ സംസാരിക്കുമോ? വിമാനത്തിൽ ആരും സംസാരിക്കുന്നതായി കണ്ടില്ല, മകനോ മകളോ ആരാണ് കൂടെയുള്ളത്" ഗിരി ആകാംക്ഷാഭരിതനായി. നീണ്ട ഒരു ശ്വാസം എടുത്തു അവർ പറഞ്ഞു. "മകൻ, കണ്ടില്ലേ എത്ര സുന്ദരൻ, പഠിക്കുമ്പോൾ കോളജിലെ ഹീറോ, വിവാഹം കഴിക്കാൻ ഒരുപാട് പെൺകുട്ടികൾ വരി നിന്നിരുന്നു, അവനെ കാണാൻ മാത്രം എത്രയോപേർ വഴിയരികിൽ കാത്തുനിന്നിരുന്നു, അവന്റെ ചെല്ലപ്പേര് പോലും സോറോ എന്നാണ്. എന്നിട്ടും അവൻ അവന്റെ തൊട്ടടുത്ത കളികൂട്ടുകാരിയെ തന്നെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞതുമുതൽ ആ കുട്ടിക്ക് അവനെ സംശയമാണ്, അത്രയൊന്നും സുന്ദരിയല്ലാത്ത അവൾ മകനെ നഷ്ടപ്പെടുമോ എന്ന് സംശയിച്ചിരുന്നു. എന്നാൽ അവൻ സ്നേഹത്തിന്റെ നിറകുടം ആണ്.
മകൾ പിറന്നപ്പോൾ അതിരു കവിഞ്ഞ ആഹ്ലാദമായിരുന്നു. അവളുടെ അഞ്ചാം പിറന്നാൾ ഒരു വലിയ റിസോർട്ടിൽ ആഘോഷിച്ചു വരുമ്പോൾ അവനും മകളും പാട്ടുപാടി വണ്ടിയോടിക്കുകയായിരുന്നു. പുറകിലുള്ള മകളെ അവൻ ഇടയ്ക്കിടെ തിരിഞ്ഞുനോക്കികൊണ്ടിരുന്നു. നേരെനോക്കി വണ്ടിയോടിക്കാൻ ഭാര്യ പറഞ്ഞു, എന്നാൽ അവൻ ഇടയ്ക്കിടെ തിരിഞ്ഞുനോക്കികൊണ്ടിരുന്നു. എപ്പോഴോ എതിരെ വന്ന ഒരു ലോറി ഞങ്ങളുടെ കാറിനെ ഇടിച്ചു തെറിപ്പിച്ചു. എല്ലാവർക്കും പരിക്കുണ്ടായിരുന്നു. എന്നാൽ ഞങ്ങളെ ഞെട്ടിച്ചത് മകൾക്ക് സംസാരശേഷി നഷ്ട്ടപെട്ടു എന്ന വാർത്തയാണ്. അന്നത്തോടെ ഞങ്ങളുടെ സംസാരങ്ങൾ കുറഞ്ഞു വന്നു. മകൾ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഞങ്ങൾ എല്ലാവരും ആംഗ്യഭാഷയിൽ സംസാരിക്കാൻ തുടങ്ങി. അവൾ കൂടെയുള്ളപ്പോൾ ആരും ഒരക്ഷരം സംസാരിക്കില്ല. ഒരു മകൻകൂടി പിറന്നെങ്കിലും മകന്റെ ഭാര്യ മകളുടെ ഇന്നത്തെ അവസ്ഥക്ക് കാരണം ഭർത്താവാണെന്ന് ഇന്നും വിശ്വസിക്കുന്നു.
ആദ്യമൊക്കെ ഒരു ഞെട്ടലിൽ ആയിരുന്നെങ്കിലും മകൻ അതിവേഗം ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഒരു ഡോക്ടർ ആയ അവൻ മക്കളുടെ സന്തോഷം എങ്ങനെ നിലനിർത്താമെന്ന് ഓരോരുത്തർക്കും കാണിച്ചുകൊടുക്കുന്നു. മകളുടെ സാന്നിധ്യത്തിൽ സംസാരശേഷിയുള്ള മകനോടുപോലും അവൻ സംസാരിക്കില്ല, മകൾക്ക് ഒരു കുറവും തോന്നാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇതൊന്നുമല്ല എന്റെ ആധി. മകൻ എന്നോട് മാത്രം പങ്കുവെച്ച ഒരു സത്യമുണ്ട്. ചികിൽസിച്ചാൽ ഭേദമാകാത്ത ഒരു രോഗിയാണവൻ. ആ ശരീരം കണ്ടാൽ അങ്ങനെ ആരെങ്കിലും പറയുമോ? ഇല്ല, എന്നിട്ടും ആരോടും ഒന്നും പറയാതെ മക്കളുടെ ജീവിതം വളരെ ആനന്ദകരമാക്കി അവരോടൊപ്പം ഓരോ നിമിഷവും അവൻ ജീവിതം ആഘോഷിക്കുന്നു. ജീവിതത്തിൽ നിന്ന് മടങ്ങിപ്പോകുന്നതിന് മുമ്പ് ഇതുമാത്രം മതിയെന്നാണ് അവൻ പറഞ്ഞത്, ആരും ഈ കഥകൾ അറിയരുതെന്നും.
എന്തോ, നീയും എന്റെ മകനാണെന്ന് ഒരു തോന്നൽ, അല്ലെങ്കിൽ എന്റെ ഹൃദയഭാരം ഇറക്കിവെക്കാൻ ദൈവം എന്റെ മുന്നിലെത്തിച്ച ഒരാൾ". ഗിരി ആ അമ്മയുടെ കൈകൾ മുറുകെപ്പിടിച്ചു. അവർ ചിരിച്ചു, "മക്കൾക്കെല്ലാം ഒരേ മുഖമാണല്ലേ, നീയും അവനെപ്പോലെ തന്നെ ചിരിക്കുന്നു". അമ്മക്ക് പോകാനുള്ള ബസ്സ് വന്നു, ഗിരി അവരെ ബസ്സിൽ കയറാൻ സഹായിച്ചു. ബസ്സിലിരുന്നു അവർ ഗിരിയെ നോക്കി ചിരിച്ചു.