ഓർലിയെ ചാർമ വന്ന നാൾ: മാജിക് ഓഫ് ലവ് ആൻഡ് ലെറ്റേഴ്സ്
Mail This Article
എഴുതാൻ കൊതിക്കുന്നവരാണ് വായനക്കാരാകുന്നത്. വായിക്കുന്ന പ്രിയപ്പെട്ട വാക്കുകൾ അവർക്ക് നഷ്ടപ്പെട്ട സുഹൃത്തുക്കളാണ്. മോഹിപ്പിക്കുന്ന ഭാവനകൾ അകന്നുപോയ കാമുകിമാരാണ്. കണ്ണാടി പോലെ തെളിയും, മേഘം മൂടിയ ആകാശം പോലെ മറയ്ക്കും, മഴവില്ല് കാട്ടി അടുത്തേക്കു വിളിക്കും. കളയാൻ മനസ്സ് വരാത്ത കണ്ണാടി കൂടിയാണ് ഇഷ്ടപ്പെട്ട ഓരോ പുസ്തകവും. സ്വയം കൂടുതൽ തെളിയും തോറും ഇഷ്ടവും കൂടും. വീണ്ടും വായിക്കണം; വായിച്ചു കഴിഞ്ഞാലും. പെട്ടെന്നു തീരരുത്. ഇടയ്ക്കിടെ മടങ്ങിയെത്തണം; എത്ര ദൂരേക്കു പോയാലും. എന്നും കൂടെയുണ്ടാകണം; സ്വന്തമായി. വായനക്കാരന്റെ ഈ ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന പുസ്തകമാണ് മിണ്ടാട്ടം; ആഗ്രഹിച്ചിട്ടും എഴുതാതെ പോയ പുസ്തകം. ഓരോ വരിയിലുമുണ്ട് ഒരോർമപ്പെടുത്തൽ. സൗമ്യമെങ്കിലും ശക്തമായി. ലളിതമെങ്കിലും ആഴത്തിൽ.
കണ്ടിട്ടും ശ്രദ്ധിക്കാത്ത കാഴ്ചകൾ. ഓർമിക്കാതിരുന്ന മുഖങ്ങൾ. തിരിച്ചുനടക്കാൻ കൊതിച്ച ഇടവഴികൾ. എത്ര ശ്രമിച്ചിട്ടും ഓർമയ്ക്കു പിടികൊടുക്കാത്ത ഇഷ്ടപാട്ടിലെ വരികൾ പെട്ടെന്നു തിരിച്ചു കിട്ടിയ ആഹ്ലാദം. ഒന്നൊന്നായി ഓർത്തെടുത്ത്, കഴുകിത്തുടച്ച മഞ്ചാടിമണികൾ പോലെ വിനോദ് നായർ കാഴ്ചവയ്ക്കുന്ന ലോകം നമ്മുടെ സ്വന്തമാണ്. അതുകൊണ്ടാണ്, ഒരു വരിയിൽ നിന്ന് അടുത്ത വരിയിലേക്കു സഞ്ചരിക്കാൻ സമയമെടുക്കുന്നത്. പുസ്തകത്താളിൽ നിന്ന് ജീവിതത്തിലേക്കും തിരിച്ചും നിരന്തരം സഞ്ചരിക്കുന്നത്. കഥയോ കവിതയോ അനുഭവമോ എന്ന് അദ്ഭുതപ്പെടുന്നത്. ഒരു വാക്യം തന്നെ ഒരു ചിത്രമാണ്. ഒരു നിമിഷമോ മണിക്കൂറോ ദിവസങ്ങൾ തന്നെയോ ആലോചിക്കാനും വീണ്ടും ഓർത്തെടുത്ത് മണക്കാനും മാത്രം മണമുള്ള കുടമുല്ലപ്പൂക്കൾ പോലെ.
കാഴ്ചയുടെ വാതിലുകൾ തുറക്കുന്ന കാറ്റാണ് ഇവിടെ വാക്കുകൾ. കേൾവിയുടെ ഈണങ്ങളിലേക്ക് ഓൺ ചെയ്യുന്ന ടേപ്പ് റിക്കോർഡറാണ് വാക്യങ്ങൾ. ബലം പിടിക്കാതെ വിട്ടുകൊടുക്കുക; കരിയില പോലെ, മേഘ ശകലം പോലെ, ഓളങ്ങൾ പോലെ. പെട്ടെന്നു തെളിയുന്ന വെയിലിൽ വിടരുന്ന ചിരി. ഉള്ളിലേക്ക് ഇരച്ചുകയറുന്ന സന്തോഷം. മുന്നറിയിപ്പില്ലാതെ മേഘം മൂടി പെയ്യുന്ന കണ്ണീർമഴ. ഭാരം കൂടുന്ന മനസ്സ്. തൊട്ടുപിന്നാലെ, ഞാനിതാ ഇവിടെയുണ്ടെന്ന് ഓർമിപ്പിച്ചെത്തുന്ന കുളിർകാറ്റ്. മഴയിൽ കൂമ്പിയ മൊട്ടിൽനിന്ന് തുടുത്ത ചിരിയോടെ ഒരു പൂവു കൂടി.
റോബർട് ബ്രൗണിങ്ങിന്റെ ദ് ലാസ്റ്റ് റൈഡ് ടുഗെദർ എന്ന കവിത പ്രണയികളുടെ അവസാന യാത്രയാണ്. ഇനി ഉദിക്കുന്നത് അവരുടെ സൂര്യനല്ലെന്ന തിരിച്ചറിവിൽ ഒരു യാത്ര കൂടി. കാമുകന്റെ ആത്മഭാഷണത്തിലൂടെ നെഞ്ചിൽ കിനിയുന്ന ചോരയും കണ്ണീരും പടർന്ന വരികൾ. യാത്ര തീരാതിരുന്നെങ്കിൽ എന്ന വ്യാമോഹം. ദിവസം അവസാനിക്കുന്നു എന്ന തിരിച്ചറിവ്. പതിവില്ലാത്ത വേഗത്തിൽ സമയം കടന്നുപോകുന്നതിന്റെ അദ്ഭുതം, അങ്കലാപ്പ്.
കൂട്ടിൽ നിന്ന് ഒരാൾ എന്ന മിണ്ടാട്ടം മുട്ടിക്കുന്ന അനുഭവത്തിൽ നിറയുന്നത് പ്രണയത്തിനു പകരം സൗഹൃദമാണ്. ആണും പെണ്ണും തമ്മിലാവുമ്പോൾ രണ്ടും തമ്മിലുള്ള അതിർവരമ്പ് എവിടെ, എങ്ങനെ വരയ്ക്കുമെന്ന തീർത്താൽ തീരാത്ത പ്രശ്നമുണ്ട്. അതിനെ ആരെങ്കിലും കൃത്യമായി ഇതുവരെ കൃത്യമായി നിർവചിച്ചിട്ടുണ്ടോ. സൗഹൃദം പ്രണയത്തിലേക്കു മിഴി തുറക്കുന്ന ആ നിമിഷം. പ്രണയം സൗഹൃദമാക്കുന്ന ‘തേപ്പ്’. എവിടെയായിരിക്കും ഇപ്പോൾ എന്ന ആകുലത രണ്ടിലുമില്ലേ. ഞാൻ കാണുന്ന നിലാവ് അവളും അറിയുന്നുണ്ടോ എന്ന ആകാംക്ഷ. അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്ന മോഹം. രണ്ടും രണ്ടാണോ അതോ ഒന്നോ.
മിണ്ടാട്ടത്തിൽ അവരുടേത് സൗഹൃദം തന്നെയെന്ന് ഉറപ്പിച്ചുപറയുന്നുണ്ട്. എന്നാൽ, അവർ കൈമാറിയ കത്തുകൾക്ക് കണക്കുണ്ടോ. അതിലൊരു കത്ത് ഒരിക്കൽ അച്ഛൻ പൊട്ടിച്ചു. ചേച്ചിയുടെ കത്തായിരിക്കുമെന്ന ജാമ്യത്തിൽ. രണ്ടും രണ്ടു കയ്യക്ഷരമാണ്. വിവരം അറിഞ്ഞപ്പോൾ അവൾ ചിരിച്ചു: മോന്റെ കാമുകിയുടേതാണെന്നു പേടിച്ചുകാണും. പാവം അച്ഛൻ!
ഇനി എഴുത്തുകാരന്റെ തന്നെ വാക്കുകൾ:
സൗഹൃദങ്ങളുടെ മരണം രണ്ടു രീതിയിലാണ്. ഹാർട് അറ്റാക്ക് മരണം പോലെ ഒറ്റ നിമിഷം കൊണ്ട്. ഠ്ഠേന്നൊരു പൊട്ടൽ!
രണ്ടാമത്തേത് സാവധാനമാണ്. വാർധക്യത്തിൽ മെല്ലെ മെല്ലെ വരുന്ന മരണം പോലെ. കത്തുകളും സംസാരവും കുറഞ്ഞു കുറഞ്ഞുവരും. പിന്നെപ്പോഴെങ്കിലും കാണുമ്പോൾ ചുണ്ടു വക്രിച്ചുള്ള ഒരു പുഞ്ചിരി കൊണ്ട് പഴയ സൗഹൃദത്തിന്റെ ജഡത്തിനു പരസ്പരം പുഷ്പചക്രം.
മരണകാരണം ഹാർട് അറ്റാക്ക് തന്നെ. എന്നാൽ ഒരു സംശയം ബാക്കിവച്ചാണ് അവർ യാത്ര പറഞ്ഞത്.
തന്റെ ജീവിതത്തിലേക്കു സ്ഥിരമായി കടന്നുവരുന്ന ആ ചെറുപ്പക്കാരനോട് തീർന്നുപോയ ഈ സൗഹൃദത്തെപ്പറ്റി അവൾ എന്തു പറയും?
എണ്ണിപ്പറഞ്ഞാൽ 42 കുറിപ്പുകൾ. കൂടുതലെഴുതാതെ, ചുരുക്കെഴുത്തിന്റെ ചെപ്പിൽ ഒളിപ്പിക്കുന്ന രചനാകൗശലം കനിഞ്ഞനുഗ്രഹിച്ചവ. ഓരോ തുടക്കവും അന്യാദൃശമാണ്. പിടിച്ചടുപ്പിക്കുന്ന ഉള്ളടക്കം. അമ്മയെപ്പറ്റിയായാലും ചേച്ചിയെക്കുറിച്ചായാലും അമ്പലമുറ്റത്ത് അഭയം തേടിയ അനാഥനെക്കുറിച്ചായാലും വരയ്ക്കുന്നതെല്ലാം മിഴിവുള്ള ചാരുചിത്രങ്ങൾ.
വിഷുവിന് കൈനീട്ടം കൊടുക്കാൻ ഒരാളുമില്ലാതെ ഒരു പാവം കണിക്കൊന്ന നിൽപ്പുണ്ടായിരുന്നു എന്റെ അയൽവീട്ടിലെ പറമ്പിൽ എന്നു പറഞ്ഞാണ് നിന്റെ ഓർമ തുടങ്ങുന്നത്.
സുഖക്ഷതങ്ങളിൽ ഗുരുവായൂരമ്പലം തെളിഞ്ഞുവരുന്നു. നടപ്പന്തലിൽ വീണുപോയ തുളസിമാല പോലെ വളഞ്ഞുപുളഞ്ഞ് ഗുരുവായൂരമ്പലത്തിലെ ക്യൂ.
കുളിമുറികളിൽ മഴ പെയ്യാൻ തുടങ്ങിയതോടെ അരീപ്പറമ്പിലെ അമ്പലക്കുളം തനിച്ചായെന്ന് എഴുതാൻ ഒരു വായനക്കാരന് കഴിയില്ലെങ്കിലും എഴുത്തുകാരനു കഴിയും. അതു തന്നെയാണ് ഇരുവരും തമ്മിലുള്ള അകലവും അടുപ്പവും. മിണ്ടാട്ടം നല്ല വായനക്കാരുടെ പുസ്തകമാണ്; മികച്ച എഴുത്തുകാരന്റേതും.
മിണ്ടാട്ടം
വിനോദ് നായർ
ഡിസി ബുക്സ്
വില 230 രൂപ