ADVERTISEMENT

വ്യക്തി ആയിരിക്കെ നിരുപദ്രവകാരിയും നിസ്സഹായനുമാകുന്ന ആൾ തന്നെ ആൾക്കൂട്ടത്തിന്റെ ഭാഗമാകുമ്പോൾ അപാര ശക്തിയുള്ള മറ്റൊരു വ്യക്തിത്വത്തിന്റെ ഉടമയാകും. അദ്ഭുതകരമാണ് പരിണാമം. ആളിന്റെ മനസ്സല്ല ആൾക്കൂട്ടത്തിന്; മനഃശാസ്ത്രവും വ്യത്യസ്തമാണ്. ആൾക്കൂട്ടം ചരിത്രത്തിൽ സൃഷ്ടിപരമായി ഇടപെട്ടിട്ടുണ്ട്; സംഹാരാത്മകമായും. എന്നാൽ, ലോകഗതി മാറ്റിമറിച്ചവർ പോലും ആൾക്കൂട്ടത്തെ  നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്. ആൾക്കൂട്ടത്തിന്റെ ഊർജത്തെ യുഗപരിണാമങ്ങൾക്ക് ഇന്ധനമാക്കിയവരുമുണ്ട്. അപ്രതീക്ഷിത ആക്രമണങ്ങളിലേക്കും ചോര ചൊരിച്ചിലിലേക്കും നിരപരാധികളുടെ നിലവിളികളിലേക്കും നയിച്ചിട്ടുണ്ട്. പുതിയ കാലത്തും ആൾക്കൂട്ടം സൃഷ്ടിക്കുന്ന അക്രമങ്ങൾക്കു കുറവില്ല.

അഭ്യൂഹത്തിന്റെ, കിംവദന്തിയുടെ, ശരിയായതോ തെറ്റായതോ ആയ സൂചനയുടെ ചുവടുപിടിച്ച് നിരപരാധികളുടെ അന്തകരുമായിട്ടുണ്ട്. ശിക്ഷ കടുപ്പിച്ചിട്ടും നിയമങ്ങൾ ശക്തമാക്കിയിട്ടും ആൾക്കൂട്ടവും വിനാശകരമായ അക്രമങ്ങളും ആവർത്തിക്കുന്നു. ഈ പ്രവണതയുടെ സാഹിത്യത്തിലെ സർഗാത്മകമയ ഇടപെടലാണ് ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്. സഹരു നുസൈബ കണ്ണനാരി എന്ന മലയാളി യുവാവിന്റെ ആദ്യ ഇംഗ്ലിഷ് നോവൽ.

hour-and-half

ആൾക്കൂട്ടത്തെക്കുറിച്ചുള്ള ഈ നോവൽ, ആൾക്കൂട്ടത്തിൽ നിന്നാണ് എഴുതിയത്. ആൾക്കൂട്ടം എഴുതിയ നോവൽ എന്നുപോലും വിശേഷിപ്പിക്കാം. ഏതു ഗ്രാമത്തിലും നടക്കാവുന്ന ഒരു അവിഹിത ബന്ധത്തിന്റെ പശ്ചാത്തലത്തിൽ, സമൂഹത്തിലുണ്ടാകുന്ന ചലനങ്ങൾ ആൾക്കൂട്ടത്തെ സൃഷ്ടിക്കുന്നതും ആ ആൾക്കൂട്ടം ഗ്രാമത്തിന്റെയും ഒന്നിലധികം കുടുംബങ്ങളുടെയും ചരിത്രം മാറ്റിയെഴുതുന്നതുമാണ് നോവലിന്റെ ഇതിവൃത്തം. ഒപ്പം, ഏതു സമൂഹത്തിലും ഇരകൾ സ്ത്രീകൾ തന്നെയെന്ന ദുരന്തത്തിന്റെ ശക്തമായ ആവിഷ്ക്കാരവും. എന്നാൽ, എഴുത്തുകാരൻ ഈ നോവലിന്റെ ഒരു പേജിൽപ്പോലുമില്ല. പകരം ആൾക്കൂട്ടം തന്നെയാണു സംസാരിക്കുന്നത്. അവരുടെ പ്രതിനിധികൾ. അവർ കുറെയധികം പേരുണ്ട്. ഇരകളും അക്രമികളും കാഴ്ചക്കാരും കുട്ടികളും മുതിർന്നവരുമായി ഒരു ഗ്രാമത്തിന്റെ മനസ്സു മുഴുവൻ കഥാപാത്രങ്ങളാകുന്ന പുസ്തകം. 

പ്രളയ ഭീഷണിയുയർത്തി നിലയ്ക്കാതെ പെയ്യുന്ന മഴ. പേട‌ിപ്പെടുത്തുന്ന കാറ്റ്. അതിനൊപ്പം ഒരു ഗ്രാമം മുൾമുനയിൽ നിന്ന ഒന്നര മണിക്കൂർ. മാറിമറിഞ്ഞ ജീവിതങ്ങൾ. കഥകളും ഉപകഥകളും.ഒന്നര മണിക്കൂറിന്റെ കഥ തീരുമ്പോൾ അവശേഷിക്കുന്നത് ജീവിതത്തെക്കുറിച്ചുള്ള അഗാധമായ ബോധ്യം. സമൂഹ മനസ്സിന്റെയും ആൾക്കൂട്ടത്തിന്റെയും പ്രവർത്തനത്തിന്റെ സൂക്ഷ്മ പരിശോധനയും. 

ഈ ലോകം പുരുഷൻമാരുടേതാണ്. അവർ അവർക്കു വേണ്ടി നിർമിച്ചതും അവരുടെ സന്തോഷങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നതും ആസ്വദിക്കുന്നതുമാണ്. റെയ്ഹാനയ്ക്ക് ഇങ്ങനെ പറയാൻ എന്താണ് അർഹത എന്ന് ക്രോണിക്കിൾ വായിച്ച ആരും ചോദിക്കില്ല. സ്വന്തം ജീവിതമാണ് ഈ സത്യം ആ യുവതിയെ പഠിപ്പിച്ചത്. ലോകത്തെ നിലനിർത്തുന്ന സൂര്യൻ പോലും പുരുഷനാണെന്നു തോന്നിപ്പിക്കുന്ന അനുഭവങ്ങൾ. കാണുന്നില്ല എന്നേയുള്ളൂ. സൂര്യനു പോലും പുരുഷന്റെ ലൈംഗികാവയവമുണ്ട്. കൂട്ടുകാരിയാണങ്ങനെ പറഞ്ഞത്. സത്യമാണെന്ന് വൈകിയാണെങ്കിലും റെയ്ഹാനയ്ക്കു ബോധ്യപ്പെട്ടു. സ്തീയെ സ്ത്രീയാക്കുന്ന അവയവങ്ങളേക്കാൾ വലിയൊരു ദുർവിധി വേറെയില്ലെന്നും സുഹൃത്ത് പറഞ്ഞിരുന്നു. സത്യമാണതും.

ചോര വീണ കിടക്കവിരിയുമായി എഴുന്നേൽക്കുന്ന ആ ദിവസം. അന്നു മുതലാണ് ജീവിതം മാറിമറിയുന്നത്. അന്നു തന്നെ സ്ത്രീയുടെ സ്വാതന്ത്ര്യം, അവകാശങ്ങൾ, ആഗ്രഹങ്ങൾ, ആസക്തികൾ എന്നിവയും മരിക്കുന്നു. അഥവാ കൊല്ലപ്പെടുന്നു. സ്വന്തം ശരീരത്തിന്റെ താഴ്‌വാരങ്ങളിൽ അസംതൃപ്ത മോഹങ്ങളും അടിച്ചമർത്തപ്പെട്ട വികാരങ്ങളുമായി അലയാൻ വിധിക്കപ്പെട്ടും പുരുഷനേക്കാൾ താഴെയാണെന്ന ബോധത്തിന്റെ കയ്പുനീർ കുടിച്ചും തള്ളിനീക്കുന്ന ദിവസങ്ങൾ. എന്നെങ്കിലും തല ഉയർത്തി നോക്കിയാൽ, ആഗ്രഹങ്ങളെയും ആസക്തികളെയും നേരിട്ടാൽ, സ്വന്തം ജീവിതം ഇഷ്ടപ്രകാരം ജീവിക്കാൻ തുടങ്ങിയാൽ പൊട്ടുന്ന ബോംബുകൾക്ക് ഇന്നും കണക്കില്ല എന്ന ദുഃഖസത്യം. 

റെയ്ഹാന മാത്രമല്ല ഇര. ആൾക്കൂട്ടത്തിന്റെ ഇരയായ യുവാവിന്റെ അമ്മ വിവാഹിതയായ നിമിഷത്തെ തന്നെ ശപിക്കുന്നുണ്ട്. ഒന്നിനു പിന്നാലെ ഒന്നായി 5 ആൺകുട്ടികളെ പ്രസവിച്ച നിമിഷത്തെയും അവരെ മൂലയൂട്ടി വളർത്തിയ ദിവസങ്ങളെയും. ഒറ്റയ്ക്കു ജീവിച്ചിരുന്നെങ്കിൽ എന്നവർ വിഫലമായി ചിന്തിക്കുമ്പോൾ, ഭർത്താവിനും രണ്ടു പെൺമക്കൾക്കുമിടയിൽ ആശുപത്രിക്കിടക്കയിൽ കിടക്കുന്ന റെയ്ഹാന ചിന്തിക്കുന്നത് തന്റെ ജീവിതത്തിൽ പുതിയൊരു അധ്യായം തുടങ്ങുന്നതിനെക്കുറിച്ചാണ്.

എല്ലാറ്റിന്റെയും അവസാനം എന്നു കരുതിയ നിമിഷം മറ്റൊരു തുടക്കമാകുന്ന വൈരുധ്യത്തെക്കുറിച്ച്. വിധവയായില്ലെങ്കിലും വിധവയെപ്പോലെ ജീവിക്കേണ്ടിവരുന്ന ജീവിതത്തെക്കുറിച്ച്. നിഷേധിക്കപ്പെടുന്ന പുറം ലോകത്തെക്കുറിച്ച്. കാഴ്ചക്കാരുടെ കണ്ണുകളിൽ കൗതുകവും പുശ്ഛവും നിറയ്ക്കുന്ന തന്റെ തന്നെ ശരീരത്തെക്കുറിച്ചും ആ ശരീരത്തിന് നിഷേധിക്കപ്പെട്ട സന്തോഷങ്ങളെക്കുറിച്ചും. 

സഹരു നുസൈബ കണ്ണനാരി, Image Credit: Instagram.com/platformagazine
സഹരു നുസൈബ കണ്ണനാരി, Image Credit: Instagram.com/platformagazine

25 വയസ്സുള്ള യുവാവും 40നു മേൽ പ്രായമുള്ള  വിവാഹിതയും രണ്ടു പെൺകുട്ടികളുടെ അമ്മയുമായ സ്ത്രീയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ തുടങ്ങുന്നത്. സ്വന്തം മകളേക്കാൾ രണ്ടു വയസ്സ് മാത്രം മുതിർന്ന യുവാവിനൊപ്പം കിടക്കുമ്പോഴും ആരോ തങ്ങളെ കാണുന്നു എന്ന ഭീതിയിൽ ബന്ധം അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോഴും നിസ്സഹായയായി വീണ്ടും തുടങ്ങുമ്പോഴും ആത്മഹത്യയ്ക്കു ശ്രമിക്കുമ്പോഴും വീണ്ടും വീണ്ടും പരാജയപ്പെടുമ്പോഴും തോൽപ്പിക്കപ്പെടുന്നത് വീട്ടമ്മയല്ല, സ്ത്രീയാണ്. സ്ത്രീയായി ജനിച്ചു എന്ന ദൗർഭാഗ്യമാണ് അവരെ വേട്ടയാടുന്നത് ജീവിതം മുഴുവൻ. 

യുവാവിന്റെ അമ്മയിൽ നിന്നു തുടങ്ങുന്ന നോവൽ, യുവതിയുടെ ആശുപത്രി വാസത്തിൽ അവസാനിക്കുമ്പോൾ, ഈ നോവൽ ഉയർത്തുന്ന ചോദ്യങ്ങളെ അവഗണിക്കാനാവില്ല. അഭിമാനത്തിന്റെയും ദുരഭിമാനത്തിന്റെയും ആശങ്കകൾക്കു മുകളിൽ, ചില വ്യക്തികളിലൂടെ ഉയർത്തപ്പെടുന്ന പ്രശ്നങ്ങൾ കാലികമാണെന്നു മാത്രമല്ല, ഇരുത്തിച്ചിന്തിപ്പിക്കുന്നതുമാണ്. 

ദുരഭിമാനത്തിന്റെ ഇരയായി കൊല്ലപ്പെടുന്നവർ ഇരകൾ എന്ന വിശേഷണത്തിന് എത്രമാത്രം അർഹരാണ്. ഇരകൾ തന്നെ അക്രമികളുമാണ്. ആദർശങ്ങളല്ല ആരെയും നയിക്കുന്നത്. വില കുറഞ്ഞ വികാരങ്ങൾ മാത്രം. അവ, ഒരേ വ്യക്തിയെത്തന്നെ ഇരയും അക്രമിയുമാക്കുന്നു. ആക്രമിക്കപ്പെടുമ്പോൾ ഒറ്റപ്പെടുന്ന വ്യക്തി തന്നെ ആൾക്കൂട്ടത്തിന്റെ ഭാഗമാകുമ്പോൾ അക്രമി കൂടിയാണ്. ആരാണ് ഇര എന്ന ചോദ്യം തന്നെയാണ് ഈ നോവൽ ഉയർത്തുന്നത്. 

വായനയിൽ ഒരു നിമിഷത്തേക്കു പോലും വിരസതയ്ക്ക് ഇടകൊടുക്കുന്നില്ല സഹരു നുസൈന കണ്ണനാരിയുടെ നോവൽ. ആദ്യ പേജ് മുതൽ അവസാന പേജ് വരെ ആവേശം നിലനിർത്തുന്നതിനൊപ്പം ചിന്തയിൽ പ്രകോപനങ്ങൾ സൃഷ്ടിക്കുന്നു. ജീവിതം എന്ന ദുരൂഹത വീണ്ടും വെല്ലുവിളിക്കുന്നു. കഥ തുടരുമ്പോൾ, അക്ഷരങ്ങൾ മഹായാനം തുടരുന്നു. ഇനിയും കണ്ടെത്താനുള്ള രഹസ്യങ്ങൾക്കു പിന്നാലെ. ആഴങ്ങളിലേക്ക് ഒരു തരി വെളിച്ചത്തിന്റെ ചിറകിലേറി. 

Chronicle of an hour and a half 

Saharu Nusaiba Kannanari 

Westland Books 

Price Rs 599 

English Summary:

Chronicle of an hour and a half book written by Saharu Nusaiba Kannanari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com