ADVERTISEMENT

കാസർകോടിന്റെ ഹൃദയ ഭാഗത്തു നിന്നും അകലെ പൊതിയൂർ എന്ന ഗ്രാമത്തിൽ നടക്കുന്ന ഒരു കഥ പറയുകയാണ് ഡോ. പ്രേം രാജ് കെ. കെ. തന്റെ 'കായാവും ഏഴിലം പാലയും' എന്ന നോവലിലൂടെ. രണ്ട് ചെറുകഥാ സമാഹാരങ്ങൾക്ക് ശേഷം പ്രേം രാജ് എഴുതുന്ന ആദ്യ നോവൽ കൂടിയാണിത്.

ഒരു ഗ്രാമത്തിൽ നടക്കുന്ന ഈ കഥയിലെ കഥാപാത്രങ്ങൾ നമുക്ക് പരിചിതരെന്നു തോന്നാം. പൊതിയൂർ എന്ന ഗ്രാമത്തിന് ആ പേര് വരാനുണ്ടായ കാരണം പറയുന്നുണ്ട്. പണ്ട് ആ നാട്ടിൽ നിന്ന് മറ്റു നാടുകളിലേക്ക് മേൽത്തരം നെൽ വിത്തുകൾ വൈക്കോലിന്റെ പൊതികളിൽ ആയിരുന്നുവത്രെ അയച്ചിരുന്നത്. ഏറെക്കാലം ഇത് കേടുകൂടാതെയിരിക്കും.

പരിഷ്കാരങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ എത്തിനോക്കിയിട്ടില്ലാത്ത പൊതിയൂരിലെ നായനാർ എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് നോവൽ പുരോഗമിക്കുന്നത്. സസ്പെൻസ് ഒളിപ്പിച്ചു വയ്ക്കുന്ന നോവൽ ചിലയിടങ്ങളിലെങ്കിലും ഒരു ത്രില്ലർ സ്വഭാവം പുലർത്തുന്നുണ്ട്. കായാവും ഏഴിലം പാലയും യഥാക്രമം കൃഷ്ണൻ, മരണം എന്നീ ബിംബങ്ങളെ കുറിക്കുന്നു. ഈ നോവലിലെ സ്ത്രീ കഥാപാത്രങ്ങൾ ശക്തരും നിലപാടുള്ളവരുമാണ്. നായനാരുടെ ഭാര്യയായ പാർവതി അമ്മയുടെ കഥാപാത്രം വായനയ്ക്ക് ശേഷവും മനസ്സിൽ തങ്ങി നിൽക്കുന്നതാണ്. വളരെ സൂക്ഷ്മതയോടെ ആണ് ഈ പാത്രസൃഷ്ടി നടത്തിയത് എന്ന് കരുതാം.

തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും അയാളോട് അതെപ്പറ്റി ചോദിക്കുക പോലും ചെയ്യാതെ ഇവർ കൂടെ  നിൽക്കുന്നുണ്ട്. പിന്നീട് വർഷങ്ങൾക്ക് ശേഷം മുന വച്ചുള്ള സംസാരങ്ങളിൽ തന്റെ അമർഷം ഒതുക്കുന്നുണ്ട് പാർവതി അമ്മ. മൗനം കൊണ്ടാണ് നായനാർ അതിനു മറുപടി പറയുന്നത്. ദാമ്പത്യം എത്ര മാത്രം പ്രധാനമാണെന്നും അത് പൊട്ടിച്ചെറിയാതെ പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്നതിന്റെ സൗന്ദര്യവും നോവലിൽ കാണാം. ഭർത്താവിന്റെ രണ്ടാം ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാൻ ആവശ്യപ്പെടുന്ന, അവരോട് സഹോദരിയെപ്പോലെ പെരുമാറുന്ന പാർവതിയമ്മയോട് നായനാർക്ക് സ്നേഹത്തേക്കാൾ ഉപരി ബഹുമാനമാണ്. നായനാർക്ക് തന്റെ വളർത്തുനായയോടുള്ള സ്നേഹവും എടുത്തു പറയേണ്ടതാണ്.

ഒഴുക്കോടെ വായിച്ചു പോകാവുന്ന നോവലിൽ കഥയുടെ നിയന്ത്രണം ഒരു ഘട്ടം എത്തുമ്പോൾ പാർവതിയമ്മയുടെ കൈകളിലാവുന്നുണ്ട്. കുടുംബത്തെയും കുട്ടികളെയും തങ്ങളുടെ പറമ്പിൽ പണി എടുക്കുന്നവരെയും മൃഗങ്ങളെയും ചെടികളെയും എല്ലാം ഇവർ ശ്രദ്ധയോടെ, സ്നേഹത്തോടെ നോക്കുന്നു. ജോലിക്കാരനെ സ്വന്തം മകനെ പോലെ സ്നേഹിക്കുന്ന നായനാരും ഭാര്യയും ചുറ്റും ഉള്ളവർക്കെല്ലാം നന്മ ചെയ്യുന്നവരാണ്.

അവർക്ക് ആഘോഷങ്ങൾ പോലും എല്ലാവരും ചേർന്നതാണ്. ജാതിയുടെയോ മതത്തിന്റെയോ അതിർ വരമ്പുകൾ ഒന്നുമില്ലാതെ എല്ലാവരും ചേർന്ന് എല്ലാം ആഘോഷമാക്കുന്നു. നായനാരുടെ ആശ്രിതർക്ക് ഒന്നിനും ഒരു മുട്ടും ഉണ്ടാവില്ല. സ്വന്തം തൊടിയിൽ വിളയുന്ന പച്ചക്കറികൾ ഉൾപ്പെടെ എല്ലാവർക്കും ഉള്ളതാണ്. വികസനം എത്തി നോക്കാത്ത പൊതിയൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ റോഡ്, ബസ് സർവീസ്, സ്കൂൾ ഇവയെല്ലാം നായനാരുടെ ഉത്സാഹത്തിൽ നടപ്പിലാവുന്നുണ്ട്.

ഉത്തര കേരളത്തിൽ ആഘോഷിക്കുന്ന പൂരോത്സവത്തെക്കുറിച്ച് നോവലിൽ ദീർഘ വിവരണം തന്നെയുണ്ട്. നോവൽ വായിക്കുന്ന, മറ്റിടങ്ങളിൽ ഉള്ളവർക്ക് ഒരു പക്ഷേ ഇത് ഒരു പുതിയ അറിവായിരിക്കും. ദീപാവലിയും വിഷുവും എല്ലാം അതിന്റെ ചിട്ടയോടെ ആഘോഷിക്കപ്പെടുന്നതിന്റെ ചിത്രം വായനക്കാരന് മുന്നിൽ തെളിഞ്ഞു വരും.മകരക്കൊയ്ത്തിന് ശേഷം നടത്തുന്ന പൂക്കളുടെ ഉത്സവമാണ് പൂരോത്സവം. ഒറ്റക്കോല മഹോത്സവവും കോൽക്കളിയും എല്ലാം നോവലിൽ പ്രതിപാദിക്കപ്പെടുന്നു. തലമുറതോറും വാമൊഴിയായി പകർന്നു കിട്ടിയ ചില വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന മനുഷ്യരുടെ കഥ കൂടിയാണിത്. ഏറെ ലളിതമായി കഥ പറഞ്ഞു പോകുന്ന ഈ പുസ്തകം ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്നതാണ്.

ഒരു ദൃശ്യഭാഷ ചമയ്ക്കാവുന്ന ഒരു നോവൽ ആണിത്. വായനയോടൊപ്പം ഓരോ കഥാപാത്രവും പ്രകൃതിയും നമുക്ക് മുന്നിൽ ദൃശ്യങ്ങളായി തെളിയുന്നു. പൂക്കളുടെ ഗന്ധം, ഭക്ഷണങ്ങളുടെ രുചി, മണം ഇവയെല്ലാം വായനക്കാരന് അനുഭവിക്കാനാകുന്നു. പ്രേം രാജ് ഈ നോവലിലൂടെ ആവിഷ്കരിക്കുന്നത് മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും ആണ്. പ്രകൃതിയോട് അവൻ എത്ര മാത്രം ഇഴുകി ചേർന്നിരിക്കുന്നു എന്ന് ഈ കഥ നമ്മെ ബോധ്യപ്പെടുത്തുന്നു. നോവൽ കാസർകോട്ടെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് നടക്കുന്നത് എങ്കിലും ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നത് അച്ചടി ഭാഷയിൽ ആണ് എന്നത് ഒരു പോരായ്മ ആയി തോന്നി. ഭാഷയിൽ കൂടി ഒരു പുതുമ, നാട്ടുഭാഷയുടെ സൗന്ദര്യം കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കൂടുതൽ ഭംഗിയായേനെ എന്ന് വായിച്ചു പോകുമ്പോൾ തോന്നി. നോവൽ  വായിച്ചു തീരുമ്പോൾ ഒരു ചലച്ചിത്രം കണ്ടു തീരുന്ന അനുഭൂതി ലഭിക്കും.

ചില ഇടങ്ങളിൽ എങ്കിലും ഭ്രമാത്മകമായ ചിന്തകളും മിത്തും കടന്നുവരുന്നു. നോവൽ അവസാനിക്കുന്നതും ഇത്തരത്തിലാണ്. കായാമ്പൂ പൂത്ത മണം, അതോ ഏഴിലം പാലയോ... ആ മണത്തോടൊപ്പം ഉയരുന്ന ഓടക്കുഴൽ നാദം... അത് നമ്മളും കേൾക്കുകയാണ്. പരസ്പരസ്നേഹത്തോടെ ജീവിച്ച രണ്ട് പേർ ഒരുമിച്ച് ഭൂമി വിടുന്നത് അവരുടെ സ്നേഹം അത്രത്തോളം ആഴത്തിൽ ഉള്ളത് കൊണ്ട് ആയിരിക്കാം.

നോവൽ വായിച്ചു തുടങ്ങുമ്പോൾ പൊതിയൂരിലെത്തുന്ന നാം നോവൽ അവസാനിക്കുമ്പോഴേക്കും അവിടുത്തെ ഒരു ഗ്രാമവാസി ആയി മാറുകയാണ്. പാലപ്പൂവിന്റെ മണവും കായാമ്പൂ പൂത്തു നിൽക്കുന്നതും നമ്മൾ അറിയുകയാണ്... അനുഭവിക്കുകയാണ്. ആഖ്യാനരീതിയിൽ മികച്ചു നിൽക്കുന്ന ഒരു നോവൽ ആണ് പ്രേം രാജിന്റെ കായാവും ഏഴിലം പാലയും.

കായാവും ഏഴിലംപാലയും 

ഡോ. പ്രേംരാജ് കെ. കെ.

അഡോർ പബ്ലിഷിങ് ഹൗസ് 

വില : 200 രൂപ

English Summary:

Malayalam Book ' Kaayavum Eezhilam Palayum ' by Dr. Premraj K. K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com