ADVERTISEMENT

ആദ്യമുണ്ടായതെന്തായിരിക്കും; എഴുത്തോ വായനയോ? വേർതിരിക്കാനാവാത്ത പാരസ്പര്യമുണ്ട് രണ്ടിനും. എഴുതുന്നോ ഇല്ലയോ എന്നതല്ല. എഴുതാൻ ആഗ്രഹിക്കുന്നോ ഇല്ലയോ എന്നുമല്ല. വായിക്കുമ്പോൾ എഴുതുന്നുമുണ്ട്. എഴുതുന്നവർക്കു വായിക്കാതിരിക്കാനാവുമോ? കേവലം പുസ്തകങ്ങൾ മാത്രമല്ല. ചുറ്റുമുള്ളവരെ. അറിയാത്തവരെയും അകലെയുള്ളവരെയും. അല്ലെങ്കിൽ എങ്ങനെയാണ് വികാരങ്ങൾ മോഷ്ടിക്കാനാവുക. അനുഭവങ്ങൾ മാത്രമല്ല അനുഭൂതികൾ പോലും സ്വായത്തമാക്കാനാവുക. എഴുതുക എന്നാൽ വായിക്കുക തന്നെയാണ്; വായിക്കുകയെന്നാൽ എഴുതുകയും. പകരം വയ്ക്കാനാവാത്ത ഈ രണ്ട് ആത്മഹർഷങ്ങളും ഒരേ തരംഗ ദൈർഘ്യത്തിൽ പകരുന്ന അപൂർവം പുസ്തകങ്ങളേയുള്ളൂ. അതിലൊന്നാണ് അജയ് പി. മങ്ങാട്ടിന്റെ വെളിച്ചമന്യോന്യം.

ഭാഷയുടെ അപൂർണതയാണ് എഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ അനുഗ്രഹിക്കപ്പെട്ട നിമിഷങ്ങളിൽ ഇരുട്ട് വെളിച്ചമാവുംപോലെ ഭാഷയിൽ പുതിയ വീടൊരുങ്ങുന്നു. വീടിനു മുന്നിൽ വാടിവീഴാത്ത പൂക്കളുടെ ഉദ്യാനമുണ്ടാവുന്നു. നിഴലും നിലാവും നീർച്ചോലയുമുണ്ടാവുന്നു. തണലൊരുങ്ങുന്നു; അഭയവും ആശ്വാസവുമാവുന്നു. അപൂർണത തന്നെ പൂർണതയാവുമ്പോൾ പ്രതിഭ പ്രസരിക്കുന്നു. ആ വെളിച്ചത്തിൽ, മുന്നേ മങ്ങിക്കണ്ടതും കാണാത്തതും പോലും തെളിയുന്നു. വിരിഞ്ഞുനിന്നിട്ടും അതുവരെയും ശ്രദ്ധിക്കാതിരുന്ന, പെട്ടെന്നു മുന്നിൽ പൊട്ടിവിരിഞ്ഞ പൂവ് പോലെ. നാടും നഗരവും ചുറ്റുന്ന കലാകാരൻമാരുടെ സംഘത്തിലെ യുവാവിനെ ഓർമിയില്ലേ. പ്രണയിനിയെക്കുറിച്ച് ഒരു സ്വപ്നമുണ്ടായിരുന്നു ആ മനസ്സിൽ. വേദിയിൽ കലയ്ക്ക് ആത്മാവിനെ സമർപ്പിച്ച് കയ്യടി വാങ്ങുമ്പോഴും ആ കണ്ണുകൾ അലയുന്നുണ്ടായിരുന്നു; സ്വപ്നത്തിൽ കണ്ട നീലത്തലമുടിക്കും വെള്ളാരങ്കണ്ണുകൾക്കും തന്നെ നോക്കുമ്പോൾ പ്രകാശം ചൊരിയുന്ന മുഖത്തിനും വേണ്ടി. ഓരോ വൈകുന്നേരവും പ്രതീക്ഷയുടേതായിരുന്നെങ്കിൽ ഓരോ രാത്രിയും നിരാശയുടേതായിരുന്നു. എത്ര നാടുകളും എത്ര നഗരങ്ങളും എത്ര വേദികളും വേണ്ടിവന്നു തനിക്കൊപ്പം വേദിയിൽ നിറയുന്ന നായികയെത്തന്നെയാണ് താൻ തേടിനടന്നതെന്ന് തിരിച്ചറിയാൻ. ആ വെളിപാടിന്റെ നിമിഷത്തിൽ കണ്ണുകളെ മറന്ന് അയാൾ ഉൾക്കണ്ണായി. അതുവരെയും തുറക്കാതിരുന്ന കണ്ണാണു പിന്നെ അയാളെ നയിച്ചത്. അവരെ നയിച്ചത്. അവരെ വായിക്കുന്ന നമ്മളെയും.

book-velichamanyonyam-by-ajay-p-mangatt

സ്വന്തം മുറിയിലെ ജനാലയിലൂടെ ലോകം കണ്ടു എമിലി ഡിക്കൻസൺ. നാലു ചുവരുകൾക്കുള്ളിലിരുന്ന് ജീവിതവും മരണവും അറിഞ്ഞു. നൊബേൽ സമ്മാനം നേടിയ ലൂയിസ് ഗ്ലൂക്ക് എമിലി ഡിക്കിൻസനെ ഓർമിപ്പിച്ചു. പൊതുവേദികളേക്കാൾ ഏകാന്തത ഇഷ്ടപ്പെട്ടു ഗ്ലൂക്കൂം. വിഷാദ മധുരമായ വാക്കുകളിൽ ഏകാന്തതയും വേർപാടിന്റെ വേദനയും വരച്ചിട്ടു. സ്നേഹം നേടുന്നതിന്റെ നിർവൃതിയും നഷ്ടപ്പെടുന്നതിന്റെ നരകവും പാടി. മരണം കൊണ്ടെഴുതുന്ന കാലത്തെ അനുഭവിപ്പിച്ചു. മരിച്ചുപോയ സഹോദരിയുടെ ഓർമകളിലൂടെ ജീവിതത്തിന്റെ മഹാവ്യാധിക്കുമേൽ വാക്കുകളുടെ വേദനാ സംഹാരിയായി. മരിച്ച കുട്ടിയെ ആർക്കും സ്നേഹിക്കാം; അസാന്നിധ്യത്തെ അറിയുന്നപോലെ എന്നെഴുതി. ഇല്ലാത്ത കാമുകിയെ. നഷ്ടമായ സാഹോദര്യത്തെ. അകന്നുമറഞ്ഞ സൗഹൃദത്തെ. ഓരോ വേർപാടിനു ശേഷവും ഓരോ വേദനയ്ക്കു ശേഷവും ഗ്ലൂക്ക് ചോദിക്കുന്നത് ജി. ശങ്കരക്കുറുപ്പിന്റെ വരികൾ തന്നെയല്ലേ എന്ന് അജയ് സംശയിക്കുന്നു...

എങ്ങനെ ഞാനീയന്തരംഗം ഹാ, സൂക്ഷിക്കേണ്ടൂ, 

മങ്ങൽ പറ്റാതേ, പാടും വടുവും തടവാതെ... 

പ്രേമ രക്ഷയ്ക്കായി മരണത്തോടും ദുർവിധിയോടും പൊരുതുന്ന ലൂയിസ് ഗ്ലൂക്കിന്റെ കവിതാ ലോകം സാക്ഷ്യപ്പെടുന്ന ജിയുടെ തന്നെ മറ്റു രണ്ടു വരികൾ കൂടി അജയ് ഓർമിപ്പിക്കുന്നു. 

മരണത്തിന്റെ ഫണം തോറും മത്താടിക്കൊണ്ടു ജീവിതം 

അമൃതത്തിന്റെ സംഗീതമാലപിക്കുമനാകുലം... 

എം.ടിയുടെ മഞ്ഞ് എന്ന നോവലിന്റെ ആമുഖത്തിൽ ‘ഞാൻ എന്റെയും എന്റെ പിൻപേയുള്ളവരുടെയും മരണം മരിക്കുന്നു’ എന്ന വരികൾ വായിച്ചപ്പോൾ അസാധാരണ ആനന്ദം തോന്നി എഴുത്തുകാരനും. അത് ആവേശത്തോടെ നോട്ടുബുക്കിൽ എഴുതിവയ്ക്കുകയുമുണ്ടായി. ആ ഉദ്ധരണി എവിടെനിന്നാണ് എന്നു നോവലിൽ പറഞ്ഞിരുന്നില്ല. പിന്നീട് ടി.എസ്. എലിയറ്റിന്റെ ഒരു കവിതയിലൂടെ കടന്നുപോകുമ്പോൾ അതേ വരികളിൽ ചെന്നുമുട്ടി. 

I am tired with my own life and the lives of those after me 

I am dying my own death and the deaths of those after me

എലിയറ്റിന്റെ കവിതയിൽ നിന്നു പുറപ്പെട്ട് എം.ടിയുടെ നോവലിൽ എത്തിയപ്പോൾ ആ വരികൾ ആകെ മാറിപ്പോയിരുന്നു. അതു മറ്റൊരു ഭാവമാണ് ഉണർത്തിയത്. കവികളെക്കുറിച്ചു പറയുമ്പോഴെല്ലാം എലിയറ്റിനെ ഓർമ വരാൻ കാരണം എം.ടി ആ വരികൾക്കു കൊടുത്ത കാൽപനികത കൊണ്ടു കൂടിയാവാം എന്നതു നിഷേധിക്കാനാവില്ല. വൻകടലിലെ തുഴവള്ളക്കാരായി വാക്കുകൾ കാലം കടന്നുപോകുന്നു. ഒരു കാലത്തിൽ നിന്ന് മറ്റൊന്നിലേക്ക്. ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊന്നിലേക്ക്. അതിർത്തികളെ വക വയ്ക്കാത്തവർ. ആക്രമണങ്ങളെ കൂസാത്തവർ. ഭീഷണിയെ വെല്ലുവിളിക്കുന്നവർ. 

നല്ല എഴുത്തിന് വായനക്കാരനുണ്ട്; എഴുത്തുകാർക്കും. വായനക്കാർക്കോ. ആദ്യം ഉന്നയിച്ച അതേ ചോദ്യത്തിൽ വീണ്ടുമെത്തുന്നു. എഴുത്തോ വായനയോ ആദ്യമുണ്ടായതെന്ന അതേ ചോദ്യത്തിൽ. ‌എന്നാൽ ചോദ്യവും ഉത്തരവും ലയിക്കുന്നുണ്ട് വെളിച്ചമന്യോന്യം എന്ന കൃതിയിൽ. സ്നേഹത്തിൽ നിന്നു ദുഃഖത്തെ എടുത്തുമാറ്റാൻ കഴിയാത്തതുപോലെ, എഴുത്തിൽ നിന്നു വേർതിരിക്കാനാവാത്ത വായനയുടെ വിഷാദ മാധുര്യമാണ് ഈ കൃതിയിലെ ഓരോ അധ്യായവും പകരുന്നത്. വേർപിരിഞ്ഞ കാമുകി പോലും പകരുന്ന ഓർമയിലെ സ്നേഹം പോലെ വായന എഴുത്തിലേക്കു കൈ പിടിച്ചു നടത്തുന്നതിന്റെ സന്തോഷം. 

വായനയാൽ ആവേശിക്കപ്പെട്ട മനുഷ്യന്റെ ഇതുവരെയും എഴുതപ്പെടാത്ത മാനിഫെസ്റ്റോയാണ് വെളിച്ചമന്യോന്യം. ആഴത്തിൽ വേരുറപ്പിക്കാൻ ഒരിടം കിട്ടുന്നില്ലെങ്കിൽ ചെറുതും വലുതുമായ എല്ലാ മനുഷ്യാത്മാക്കളും കട‌പുഴകി വീണുപോകും. ഭാഷയിലും ഭാവനയിലും ആഴത്തിൽ ഉറച്ചുനിൽക്കുകയെന്നാൽ, ഏറ്റവും കഷ്ടം നിറഞ്ഞ കാലത്തു നീതിയുടെ പക്ഷത്തു നിൽക്കുക എന്നതുകൂടിയാണ്. നീതിയുടെ പൊരുൾ, തനിച്ചായിപ്പോകുന്ന, ബലഹീനരായ മനുഷ്യർക്കൊപ്പം നിൽക്കുക എന്നാണെന്നുകൂടി നാം ഓർമിച്ചുകൊണ്ടിരിക്കണം.

വായനയിലെ വേർതിരിവില്ലാത്ത ലോകത്തിന്റെ സന്തോഷവും സന്താപവും പകർത്തിവയ്ക്കുകയല്ല അജയ് ഈ പുസ്തകത്തിലൂടെ. പകരം വായിച്ച ഓരോ വാക്കും ഹൃദയാലുവായ ഒരു വായനക്കാരനെ എങ്ങനെ എഴുത്തുകാരനാക്കി എന്നതിന്റെ സാക്ഷ്യപത്രമാണ്. അതു ജീവിതത്തിലുടനീളം തുടരുന്ന നിരന്തരമായ ജ്ഞാനസ്നാനമാണ്. വായനക്കാരനും കൃതിയും ഇവിടെ തനിച്ചല്ല. കുട്ടിക്കാലം മുതൽ കൂടെക്കൂടിയ മനുഷ്യരും സ്നേഹങ്ങളും. സ്ഥലങ്ങളും  അസാന്നിധ്യങ്ങളും. സ്വാസ്ഥ്യവും അസ്വാസ്ഥ്യവും. പുസ്തകങ്ങളുടെ ചരിത്രരേഖ സ്നേഹ നിർഭരമായ ആത്മരേഖയും പിന്നിട്ട കാലത്തിന്‍റെയും ചരിത്രത്തിന്‍റെയും തന്നെ രൂപപ്പെടുത്തിയ മനുഷ്യരുടെയും സ്മൃതി ചിത്രങ്ങളുമാവുന്നു.

വെളിച്ചമാണ് എഴുത്ത്; വായനയും. ഒരു സ്നേഹവും ഉടൽ വിട്ടുപോകാനല്ല മിടിക്കുന്നത്; വിട്ടുപോകാതെ കഴിയില്ലെങ്കിലും.

വെളിച്ചമന്യോന്യം 

അജയ് പി. മങ്ങാട്ട് 

‌മനോരമ ബുക്സ് 

വില: 290 രൂപ

English Summary:

Malayalam book ' Velichamanyonyam ' written by Ajay P. Mangatt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com